05/10/2013

ഗണപതി


ഗണപതിയെന്നാൽ കൂട്ടത്തിന്റെ നായകൻ എന്നർഥം. സകല കർമ്മങ്ങൾക്കും മുമ്പ് ഗണപതിയെ പ്രീതിപ്പെടുത്തേണ്ടതുണ്ട്. ഗണപതി വിഗ്നേശ്വരൻ കൂടിയാണ്. ശിവന്റെയും ( ശിവൻ എന്നാൽ നിത്യനായുള്ളവൻ എന്നർഥം ) ശക്തിയുടെ ( പർവ്വതി ) പുത്രനാണ്. കുട്ടിയാനയുടെ രൂപത്തിൽ ചുണ്ടെലിയെ വാഹനമാക്കിയവനാണ്. എത്ര തിന്നാലും മതിവരാത്തവനും എന്നാൽ ഒരു മലർ
കിട്ടിയപ്പോൾ തൃപ്തിയടഞ്ഞവനുമാണ്. കൊമ്പുകളിലൊന്ന് ഒടിക്കപ്പെട്ടിട്ടും അതു കയ്യിൽത്തന്നെ സൂക്ഷിച്ചിരിക്കുന്നു. അതു താഴെവെച്ചാൽ സകലതിനെയും നശിപ്പിക്കാൻ സാദ്ധ്യതയുള്ളതാണ്. ... അങ്ങനെ നീളുന്നു മഹാഗണപതിയെപ്പറ്റിയുള്ള വിശേഷണങ്ങൾ.

ഹൈന്ദവം സനാതന ധർമ്മത്തിലും അത് യുക്തിക്കും ശസ്ത്രത്തിലും അടിസ്ഥാനപ്പെടുത്തിയതും വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുകളിലും നിന്ന് ഉരുത്തിരിഞ്ഞതുമാണെങ്കിൽ എന്തിനാണ് യുക്തിക്കൊട്ടും നിരക്കാത്ത ചുണ്ടെലിയുടെ മുകളിൽ സഞ്ചരിക്കുന്ന ആനക്കുട്ടിയിലെ ദേവതാ സങ്കല്പം കെണ്ടുദ്ദേശിക്കുന്നത്?.

ത്രികാലജ്ഞാനികളും ജിതേന്ദ്രിയരും ദശാബ്ദങ്ങൾ ജലപാനം പോലുമുപേക്ഷിച്ച് തപസ്സനുഷ്ടിക്കുന്ന ഋഷിവര്യന്മാരാൽ സൃഷ്ടിക്കപ്പെട്ടതാണീ മഹാധർമ്മവും ദേവതാസങ്കല്പങ്ങളും. അപ്പോൾ ഇങ്ങനെയൊരു സങ്കല്പം എങ്ങനെയുണ്ടായി? അതിനുപിന്നിലെ തത്വങ്ങളും അന്വേഷിച്ചിറങ്ങിയപ്പോൾ പുരാണങ്ങളിൽ നിന്നും അത്യപൂർവ്വമായ ഗ്രന്ഥങ്ങളിൽ നിന്നും എനിക്കുകിട്ടിയ അറിവ് ഞാനിവിടെ പർകത്തുന്നു.

ഓരോ ദേവതാസങ്കല്പത്തിനും അതിന്റെ രൂപഭാവ സ്വഭാവ ഗുണത്തിനും പിന്നിൽ ചരങ്ങളെയും അചരങ്ങളെയും മനുഷ്യനെയും പ്രകൃതിയെയും അനന്തമായ പ്രപഞ്ചത്തെയും ഒക്കെ തമ്മിലിണക്കുന്ന ഒരു ആദ്ധ്യാത്മിക തത്വമുണ്ട്. പുരാണങ്ങൾ കഥകളിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ആദ്ധ്യാത്മിക തത്വങ്ങളാണ്. തത്വം ഗ്രഹിക്കാതെ കഥയെമാത്രമെടുത്ത് അതിനെ പിന്തുടരുമ്പോൾ യുക്തിയിൽ നിന്നും ശാസ്ത്രങ്ങളിൽ നീന്നും അകന്ന ഒരു അന്ധവിശ്വാത്തിലേക്കു മാറുകയും വിശ്വാസവും സത്യവും സമാന്തരമായി സഞ്ചരിക്കുന്ന ഒരിക്കലും ഒന്നിക്കാൻ ഒരു സാദ്ധ്യതയുമില്ലാത്ത ശാഖകളുമായിമാറുന്നു. ഇറക്കുമതി ചെയ്ത സിദ്ധാന്തങ്ങൾക്കു പിറകെ പായുന്നതിനു മുൻപ് സ്വന്തം പാരമ്പര്യവും ആചാരങ്ങളുമൊക്കെ എന്തായിരുന്നു എന്നറിയാൻ ശ്രമിക്കുന്നത് എപ്പോഴും നന്നായിരിക്കും.

അപ്പോൾ വിഘ്നേശ്വരനായ ഗണപതി എന്ന ആദ്ധ്യാത്മിക ദേവതാ സങ്കല്പം എന്താണെന്നു നോക്കാം.

ചുണ്ടെലിയുടെ പുറത്ത് സഞ്ചരിക്കുന്ന ആനക്കുട്ടി ! അതു സാദ്ധ്യമാവണമെങ്കിൽ ഒന്നുകിൽ ചുണ്ടെലി അതീവ ശക്തിയുള്ളതായിരിക്കണം അതല്ലെങ്കിൽ ആനക്കുട്ടിക്ക് ഭാരമുണ്ടാകരുത്. എന്നാൽ ഗണപതി സങ്കല്പത്തിൽ ഇതു രണ്ടും സത്യമാണ്. എത്രഭാരത്തിനെയും വഹിച്ചു കൊണ്ടു പോകുവാൻ കഴിവുള്ള ആകാംഷയെ, ഉത്കണ്ഠയെ, ആഗ്രഹത്തെ, സകലതിനെയും തുറന്നു കാണാനുള്ള രഹസ്യങ്ങളറിയാനുള്ള അന്വേഷണ ത്വരയെയും ചുണ്ടെലി പ്രതിനിധാനം ചെയ്യുമ്പോൾ എത്രകിട്ടിയാലും മതി വരാത്ത അഞ്ച് ഇന്ദ്രിയങ്ങളിലൂടെ സകലതും അനുഭവിക്കുന്ന അയ്ങ്കയ്യനായ ( അഞ്ചു കൈകളുള്ള ) നാം തന്നെയായ "ജീവാത്മാവിനെ" യാണ് ഗണപതിയെന്ന മഹാതത്വം പ്രതിനിധാനം ചെയ്യുന്നത്. കോടാനുകോടി കോശങ്ങളെ ഒരുമിപ്പിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ ജീവി എന്ന സത്യത്തെ നയിക്കുന്ന ജീവാത്മാവാണ് ഗണപതി. ഗണപതിയുടെ കയ്യിലെ നാളികേരം കട്ടിയുള്ള പുറംതോടും അകം നിറയെ മധുരവുമുള്ള മനസ്സാണ്. ഒടിഞ്ഞ കൊമ്പ് സകലതിനെയും നശിപ്പിക്കാൻ സാദ്ധ്യതയുള്ള "അഹംകാരത്തിന്റെയും" ഒടിയാത്ത മറ്റേക്കൊമ്പ് "ആത്മവിശ്വാസത്തിന്റെയും" പ്രതീകമാണ്. സകല വിഘ്നങ്ങൾക്കും കാരണം അവനവന്റെ മനസ്സു തന്നെയാണ്. എത്രകിട്ടിയാലും തൃപ്തിവരാത്ത മനസ്സ്. എന്നാൽ ആ അതൃപ്തമായ മനസ്സിനെ വെറുമൊരു ചെറു പുഞ്ചിരിക്കു പോലും സംതൃപ്തമാക്കാൻ കഴിയുമെന്നുള്ളതൊരു സത്യം തന്നെയാണ്. ഗണപതിപൂജക്കൊരുന്ന സകലതും ( നിലവിളക്കും, നിറപറയും, അവലും മലരും, കറുകയും, പുഷ്പങ്ങളും.... സ്വർണ്ണവും ധനവും... ) നമ്മുടെ ഉള്ളിലെ പോസിറ്റീവ് എനർജിയെ ഉണർത്തുന്നതും അതിലൂടെ ആത്മവിശ്വാസം തരുന്നതുമാണ്. അതു കൊണ്ടാണ് എന്തിനും മുമ്പ് ഗണപതിക്കൊരുക്കുന്നത് ഒരു ആചാരമായി മാറിയതും.

പരാശക്തിയായ പ്രകൃതിയിലൂടെ സകലതിന്റെയും തുടക്കവും ഒടുക്കവുമായ പരബ്രഹ്മപുത്രൻ തന്നെയാണ് നാമെന്ന നമ്മുടെ "സത്" ജീവാത്മാവ്. സത് പോയാൽ പിന്നെ ജഢം മാത്രമായി വീണ്ടും പ്രകൃതിയിലേക്കു തന്നെ ലയിക്കുന്നു.

അപ്പോൾ നമ്മുടെയുള്ളിലെ ഗണപതിയെ തിരിച്ചറിഞ്ഞ് അതിനെ പ്രീതിപ്പെടുത്തി വരുംകാലം ആത്മ സാക്ഷാത്കാരത്തിന്റെതാക്കി മാറ്റാൻ ശ്രമിക്കുക...

ഓം തത് സത്...

No comments: