28/05/2015

കൃഷിയും പഴഞ്ചൊല്ലുകളും

മുളയിലേ നുള്ളണമെന്നല്ലേ.അതുപോലെ,

'വിളയുന്ന വിത്തു മുളയിലറിയാം'


'വിത്തുഗുണം പത്തുഗുണം'

'മുളയിലറിയാം വിള'

കാലാവസ്ഥ അറിയാതെ കൃഷി ഉണ്ടോ? കാലാവസ്ഥാപ്രവചനം നടത്തുന്ന ചൊല്ലുകള്‍ സുലഭം.

'കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല.'
'തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ.'

വറുതിയുടെ കള്ളക്കര്‍ക്കിടകം ചില പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടു്‌. പക്ഷേ, കര്‍ക്കിടകപ്പട്ടിണി എന്നതു ഇക്കാലത്തു സങ്കല്പിക്കാനാവുമോ? .എങ്കിലും കര്‍ക്കിടകമാകുമ്പോള്‍ നിരത്തില്‍ ബോഡ് തൂങ്ങും - "കര്‍ക്കിടകക്കഞ്ഞി ഇവിടെക്കിട്ടും" .

ചില കര്‍ക്കിടകച്ചൊല്ലുകള്‍ ഇങ്ങനെ:-
'കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം.'
'കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌.'

ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അഭ്യാസക്കാര്‍ക്കു വേണ്ടിയും ചൊല്ലുകള്‍ ഉണ്ടു്‌.
'കണ്ടം വിറ്റു കാളയെ വാങ്ങുമോ'
'വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ'

'ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍' - ഇതിലും നന്നായി അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ വിവരിക്കാനാകുമോ?
ആ വ്യവസ്ഥിതിയുടെ ഇരകളല്ലേ ഇതു ചൊല്ലിയതു-
'ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ'

'വളമേറിയാല്‍ കൂമ്പടയ്ക്കും' - അധികമായാല്‍ അമൃതും വിഷമല്ലേ, പഴയ കൃഷിക്കാര്‍ക്കും അതറിയാമായിരുന്നു. രാസവളം യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചു മണ്ണിന്റെ സ്വാഭാവികത തന്നെ നഷ്ടപ്പെടുത്തുന്ന ഇന്നത്തെ ആള്‍ക്കാരോ?

പാശ്ചാത്യകുത്തകമുതലാളിമാര്‍ നമ്മുടെ വസുമതി(അതോ ബസ്മതിയോ?)ക്കു പേറ്റെന്റ് എടുത്തു അന്തകവിത്തുകള്‍ ഉണ്ടാക്കി തിരിച്ചിങ്ങോട്ടയയ്ക്കുന്നതോര്‍ക്കുമ്പോള്‍ ഈ ചൊല്ലു ഓര്‍മ്മ വരും - 'വിത്തുള്ളടത്തു പേരു.'

എത്രയെത്ര ചൊല്ലുകള്‍!!

'പതിരില്ലാത്ത കതിരില്ല.'
'വയലു വറ്റി കക്ക വാരാനിരുന്നാലോ'
അങ്ങനെയങ്ങനെ..

എന്തായാലും
'വിത്താഴം ചെന്നാല്‍ പത്തായം നിറയും'
വേണ്ടതോ
'ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ'

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു ചെയ്യേണ്ട രീതിയില്‍ നേരാംവണ്ണം ചെയ്യണം. കൃഷി മാത്രമല്ല, എല്ലാ പ്രവൃത്തിയും. അങ്ങനയേ ചെയ്യാവൂ.

ഇതാ കുറച്ചു കൊറിച്ചു നോക്കാന്‍

'കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം.'

'വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം'

'കാറ്റുള്ളപ്പോള്‍ തൂറ്റണം'

'നട്ടാലേ നേട്ടമുള്ളൂ'

'കാലം നോക്കി കൃഷി.'

'മണ്ണറിഞ്ഞു വിത്തു്‌ '

'വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം'

'വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട.'

'മുന്‍വിള പൊന്‍വിള'

'വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌ '

'വര്‍ഷം പോലെ കൃഷി'

'മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌'

'ആഴത്തില്‍ ഉഴുതു അകലെ നടണം'

'നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും.'

കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു

കർക്കടകത്തിൽ പത്തില കഴിക്കണം

കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌

കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം

ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല.

ചിങ്ങം ആദ്യം മഴയില്ലെങ്കില്‍ ആ ചിങ്ങം മഴയില്ല.

മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല.

മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല

കാലത്തു പെയ്യുന്ന മഴ വേഗം നില്‍ക്കും.

മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും.

മുച്ചിങ്ങം മഴ പെയ്താല്‍ മച്ചിങ്ങല്‍ നെല്ലുണ്ടാവില്ല.

ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി.

ചിങ്ങാറും ചീച്ചിലും.

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ്.

മഴ നട്ടുച്ചക്കു പെയ്താല്‍ എട്ടുച്ചക്കും പെയ്യും.

കടലില്‍ വില്ലു കണ്ടാല്‍ മഴ നീളും.

തുലാം പത്ത് കഴിഞ്ഞാല്‍ മരപ്പൊത്തിലും കിടക്കാം.

കര്‍ക്കിടകത്തില്‍ പത്തു വെയില്‍.

മഴയൊന്നു പെയ്താല്‍ മരമേഴു പെയ്യും.

തിരുവാതിരയില്‍ തിരിമുറിയാതെ.

അത്തം കറുത്താല്‍ ഓണം വെളുക്കും.

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം

ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല

മാസപ്പഴഞ്ചൊല്ലുകൾ

ചിങ്ങം
ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും.
ചിങ്ങമാസത്തിലെ മഴ ഇടവിട്ടിടവിട്ട് കുറച്ച്കുറച്ചായിട്ട് പെയ്യും. അതാണ് ഈ പഴഞ്ചൊല്ല്.

ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല.
ചിങ്ങത്തിൽ ആദ്യം തന്നെ മഴ പെയ്തു തുടങ്ങിയില്ലെങ്കിൽ, ആ മാസം മുഴുവൻ മഴയില്ല എന്നാണോ ഇതിനർത്ഥം? ആയിരിക്കും.

ചിങ്ങമാസത്തിൽ തിരുവോണത്തിന്നാൾ പൂച്ചയ്ക്കു വയറുവേദന.ഓണസദ്യയുടെ പങ്ക് പൂച്ചയ്ക്കും കിട്ടും. പക്ഷെ പൂച്ചയ്ക്ക് വയറുവേദനയായാൽ പിന്നെ എന്ത് കിട്ടിയിട്ടെന്ത്?

ചിങ്ങം ഞാറ്റിൽ ചിനിങ്ങിചീനി
കുറച്ചുകുറച്ചായിട്ടാണ് ചിങ്ങത്തിൽ മഴ പെയ്യുന്നത്.

കന്നി
കന്നിക്കാറു പൊന്നുരുക്കും.
കന്നിയിൽ ഭയങ്കര ചൂടാണ്.

കന്നിമാസത്തിലെ വെയിൽ കള്ളനും കൊള്ളില്ല.
കള്ളന്മാർക്ക് ഒന്നിനും ധൈര്യക്കുറവുണ്ടാവില്ല. പക്ഷെ ആ കള്ളനും കന്നിമാസത്തിലെ കൊടും വെയിൽ താങ്ങാനാവില്ല.

കന്നിവെയിൽ പാറപൊളിക്കും.
അത്രയും കടുത്ത വെയിലെന്നർത്ഥം.

തുലാം
തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം.
മഴയൊക്കെ കുറയുമെന്നർത്ഥം. പിന്നെ എവിടെ വേണമെങ്കിലും ജീവിക്കാം.

തുലാവർഷം കണ്ട് ഓടിയവനുമില്ല; കാലവർഷം കണ്ട് ഇരുന്നവനുമില്ല.
തുലാമാസത്തിൽ മഴക്കാറ് കണ്ടാലും കുറേക്കഴിഞ്ഞേ മഴ പൊഴിയൂ. കാലവർഷത്തിൽ പെട്ടെന്ന് മഴ വീഴും.

ധനു
ധനുപ്പത്തു കഴിഞ്ഞാൽ കൊത്താൻ തുടങ്ങാം.
കൃഷി തുടങ്ങാം എന്നർത്ഥം.

മകരം
മകരത്തിൽ മഴ പെയ്താൽ മരുന്നുകൂടി ഇല്ല.
മകരത്തിൽ മഴ പെയ്യാത്തതുകൊണ്ടാവും ഇങ്ങനെ ചൊല്ല്. പെയ്താൽ വിഷമം ആവും.

മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.
മഞ്ഞുണ്ടാവേണ്ട കാലത്ത് മഴ പെയ്താൽ കഷ്ടം ആവും.

മകരമഞ്ഞിനു മരം കോച്ചും.
കൊടും തണുപ്പായിരിക്കും.

കുംഭം
കുംഭത്തിൽ നട്ടാൽ കുടത്തോളം; മീനത്തിലായാൽ മീൻ‌കണ്ണിനോളം.
ചേന കുംഭത്തിൽ നട്ടുണ്ടാക്കിയാൽ വലുതാവുമെന്നായിരിക്കും അർത്ഥം.

കുഭത്തിൽ മഴപെയ്താൽ കുപ്പയിലും നെല്ല്.
കൃഷി നന്നാവും എന്നാണോ?

മീനം
മീനമാസത്തിൽ മഴ പെയ്താൽ മീനും എരയില്ല.

മീനമാസത്തിലെ ഇടി മീൻ‌കണ്ണിലും വെട്ടും.
ഇടിവെട്ടിയാൽ ചെറിയതിനെക്കൂടെ ബാധിക്കും എന്നായിരിക്കും.

മേടം
മേടം പത്തിനുമുമ്പെ പൊടിവിത കഴിയണം.

മേടം തെറ്റിയാൽ മോടോൻ തെറ്റി.

ഇടവം
ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴീലും വെള്ളം.
നല്ല മഴക്കാലം.

ഇടവം കഴിഞ്ഞു തുലാത്തോളം കുടകൂടാതെ നടന്നീടിൽ പോത്തുപോലെ നനഞ്ഞീടാം.
നല്ല മഴക്കാലത്ത് നടക്കുന്ന കാര്യം.

മിഥുനം
മിഥുനം തീർന്നാൽ വിഷമം തീർന്നു.
നല്ല മഴക്കാലം ആയതുകൊണ്ടാവുമോ ഈ ചൊല്ല്?

കർക്കിടകം
കർക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനു ദോഷം.
ഇടിയുടെ ശക്തിയെ കാണിക്കാൻ ആവും ഈ പഴഞ്ചൊല്ല്.

കർക്കടകത്തിൽ വാവു കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട.
കർക്കിടകമാസത്തിൽ “നിറ” നടത്തും. അതുപോലെ മുറപ്പെണ്ണിനെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട.

കർക്കടം കഴിഞ്ഞാൽ ദുർഘടം തീർന്നു.
കർക്കടകമാസത്തിനെ അല്ലേ പഞ്ഞമാസം ആയി കണക്കാക്കുന്നത്?

കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം.
അത്രയ്ക്കും സ്വാദാണെന്നർത്ഥം. ഗുണമുണ്ടെന്നുമാവാം.

19/05/2015

വെളിച്ചെണ്ണ - V Krishnan Nampoothiri

കഴിഞ്ഞ നൂറ്റാണ്ടിൽ കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ 50 വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു എണ്ണയാണ്‌ വെളിച്ചെണ്ണ. അതിന്‌ പിന്നിൽ ഏതെങ്കിലുമൊരു മലയാളിയുണ്ടോ എന്ന്‌ കരുതുന്നില്ല. പക്ഷേ, അറിഞ്ഞോ, അറിയാതെയോ നമുക്കേവർക്കും ഈ പാപത്തിൽ പങ്കുണ്ടെന്ന്‌ പറഞ്ഞാൽ അത്‌ തെറ്റാകില്ല.

അമ്മയുടെ മുലപ്പാലിൽ അടങ്ങിയിട്ടുള്ള ലാറിക്‌ ആസിഡ്‌ എന്ന പോഷകഘടകത്തോട്‌ സമാനമായ മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലമാണ്‌ വെളിച്ചെണ്ണയുടേയും രൂപം. എണ്ണകളെ പ്രധാനമായും ദീർഘ ശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ , മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ എന്നിങ്ങനെ രണ്ടായി, അതിന്‍റെ രൂപഘടന അനുസരിച്ച്‌ തരംതിരിച്ചിരിക്കുന്നു. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ്‌ 92 ശതമാനത്തോളം അടങ്ങിയിട്ടുള്ളതായും അതിൽ 60 ശതമാനത്തോളം മേൽസൂചിപ്പിച്ച മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങളാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇതിൽ 50 ശതമാനത്തോളം മുലപ്പാലിലേതു പോലെ ലാറിക്‌ അമ്ലം എന്ന ഘടകത്താലും നിർമ്മിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷിയെ നിലനിർത്താനും ഈ കൊഴുപ്പിനുള്ള കഴിവ്‌ വളരെ വലുതാണ്‌. കൂടാതെ ഈ ഘടകത്തിന്‌ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി പ്രോട്ടോസോവൽ ഗുണവിശേഷങ്ങൾ ഉള്ളതായും തെളിയിക്കപ്പെട്ടുണ്ട്‌.

വെളിച്ചെണ്ണയുടെ ഒരു സവിശേഷത, ഇതിന്‍റെ ഘടന മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലമാകയാൽ ദഹനത്തിനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌ തുടങ്ങിയ ഘടകങ്ങൾ ആവശ്യമില്ല എന്നതാണ്‌. കൂടാതെ ആഹാരത്തിലുള്ള വെളിച്ചെണ്ണയുടെ അംശം എളുപ്പത്തിൽ കരളിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു. മറ്റ്‌ എണ്ണകളും കൊഴുപ്പുകളും ദഹനവ്യവസ്ഥയിൽ ആമാശയം തുടങ്ങി സഞ്ചരിച്ച്‌ അന്തർകലകളിൽ ആഗിരണം ചെയ്യപ്പെട്ടശേഷം മാത്രമേ കരളിൽ എത്തിച്ചേരുന്നുള്ളുവേന്ന്‌ കാണാം. ഇതിനിടയിൽ ആവശ്യത്തിലധികം ആഗിരണം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്‌. എന്നാൽ വെളിച്ചെണ്ണ അതിന്റെ പ്രത്യേക സവിശേഷതയാൽ പോർട്ടൽ വെയിനിലൂടെ കരളിലേക്ക്‌ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും കൂടുതൽ ഊർജ്ജദായകമാവുകയും ചെയ്യുന്നു.

വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങൾ

പ്രധാനമായും അനാവശ്യമായി ട്രാൻസ്ഫാറ്റുകൾ ഉത്പാദിപ്പിക്കുന്നില്ല എന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വെളിച്ചെണ്ണയുടെ ഉപയോഗത്താൽ രക്തത്തിലെ നല്ല കൊഴുപ്പിന്‍റെ അളവ്‌ കൂടുകയും മോശമായ കൊഴുപ്പിന്‍റെ അളവ്‌ കുറയുകയും ചെയ്യുന്നു.

വെളിച്ചെണ്ണ ഉപാപചയ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനാൽ ശരീരത്തിൽ അമിതകൊഴുപ്പ്‌ അടിഞ്ഞ്‌ കൂടാതിരിക്കാൻ സഹായിക്കുന്നു. മാത്രവുമല്ല പൊണ്ണത്തടി കുറയ്ക്കാനും സവെളിച്ചെണ്ണ. വെറും പാചക ഏണ്ണ അല്ല. അത് ഔഷധമാണ് അത് മരുന്നായി സേവിക്കാം എന്ന്കൂടി ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ആയുര്‍വേദം ആരോഗ്യ വര്‍ധനയ്ക്ക് വെളിച്ചെണ്ണയ്ക്ക് നല്കിയിരിക്കുന്നത് പ്രധാനസ്ഥാനമാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ആളുകളുടെ ആയുസ്സ് കൂടുന്നതിന് ഉദാഹരണങ്ങളുണ്ട്.

നല്ലൊരു അണുനാശിനിയാണ് വെളിച്ചെണ്ണ. ചെറിയ മുറിവുകളില്‍ വെളിച്ചെണ്ണ പുരട്ടിയാല്‍ പഴുപ്പു വരില്ല. ക്ഷൗരം ചെയ്ത ശേഷം കുളിക്കാനായി മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്നത് പഴയ മലയാളി കാരണവന്മാരുടെ ശീലമായിരുന്നു. അന്നൊന്നും ആന്‍റിസെപ്റ്റിക് ലോഷനോ ഷേവിങ്ങ് ലോഷനൊ ഇല്ലായിരുന്നല്ലോ.

പുതിയ പരിഷ്കാരങ്ങള്‍ വന്നതില്‍ പിന്നെയാണ് ഷേവു ചെയ്താല്‍ മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്ന പതിവ് ഇല്ലാതായത്.

ശരീരത്തിന്‍റെ തടിയും തൂക്കവും കൂട്ടാനായി വെളിച്ചെണ്ണ കുടിക്കാമെന്ന് ആയുര്‍വ്വേദം ശുപാര്‍ശ ചെയ്യുന്നു. ശരീരഭാരം കുറയുന്നവര്‍ സിദ്ധൗഷധമായി ദിവസവും ഒരു സ്പൂണ്‍ വീതം വെളിച്ചെണ്ണ കുടി ച്ചാല്‍ മതി ഭാരം കുറഞ്ഞ കുട്ടികള്‍ക്കും വെളിച്ചെണ്ണ നല്കാന്‍ ആയുര്‍വേദം പറയുന്നു.

കേരളത്തില്‍ ഹൃദ്രോഗം കൂടാന്‍ ഒരു പ്രധാന കാരണം വെളിച്ചെണ്ണയുടെ അമിതോപയോഗമാണെന്ന് കൊട്ടിഘോഷിച്ചിരുന്നത് കേരളത്തിലെ ഹൃദ്രോഗവിദഗ്ധര്‍ തന്നെ. പൂരിതകൊഴുപ്പുണ്ടെന്നതിനാല്‍ മോശം കൊളസ്റ്ററോളിന്‍റെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കുന്നു എന്നതായിരുന്നു വെളിച്ചെണ്ണയ്ക്കെതിരായുണ്ടായിരുന്ന പ്രധാന പരാതി.

എന്നാല്‍ വെളിച്ചെണ്ണയിലെ പൂരിത കൊഴുപ്പ് അപകടകാരിയല്ല.അതിന്‍റെ രാസഘടന വ്യത്യസ്തമാണ്. സീറം കൊഴുപ്പ് കൂടുതലാവുന്നതാണ് ഹൃദയസ്തംഭനത്തിനും മറ്റും കാരണമാവുന്നത്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് സീറം കൊഴുപ്പ് കൂടാന്‍ കാരണമാവുന്നില്ല എന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്.

വെളിച്ചെണ്ണ ദഹിച്ച്‌ ആഗിരണം ചെയ്യപ്പെടാനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌ ആവശ്യമില്ല എന്നതിനാൽ പാൻക്രിയാസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും അതിലൂടെ പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു. ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണവിശേഷം ഉള്ളതിനാൽ ആന്തരികമായി ഉണ്ടാകുന്ന പല രോഗങ്ങളും ചെറുക്കാൻ വെളിച്ചെണ്ണയുടെ ഉപയോഗം സഹായിക്കുന്നു. ഉദാഹരണമായി ഹെലികോബാക്ടർ പെയിലോറി (ഒ. ജ്യഹീ‍ൃശ) എന്ന ബാക്ടീരിയയാൽ ഉണ്ടാകുന്ന നീണ്ടുനിൽക്കുന്ന ആമാശയവ്രണത്തിന്‌ പാൽവെളിച്ചെണ്ണ 15 മില്ലിവീതം രണ്ടുനേരം തുടർച്ചയായി 3 മാസം കുടിയ്ക്കുക മാത്രം മതിയാകും.

തൊലിപ്പുറത്തുണ്ടാകുന്ന വട്ടച്ചൊറി, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങി പലരോഗങ്ങൾക്കും വെളിച്ചെണ്ണ പുറമേ തിരുമ്മിയാൽ മതിയാകും.

വായ്നാറ്റം എന്ന അവസ്ഥയിൽ പല്ല്‌ തേച്ചതിനുശേഷം 15 മില്ലി വെളിച്ചെണ്ണ വായിൽ കവിൾ കൊള്ളുന്നത്‌ ഉത്തമമായ ചികിത്സയാണ്‌.

മുടികൊഴിച്ചിൽ മാറാൻ വെളിച്ചെണ്ണ പ്രത്യേകിച്ച്‌ വെർജിൻ വെളിച്ചെണ്ണ തലയിൽ തേച്ച്‌ കുളിയ്ക്കുന്നത്‌ മാത്രം മതിയാകും. ഔഷധഎണ്ണകൾ ധാരാളം പറയുന്നുണ്ടെങ്കിലും വെർജിൻ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചാൽ മതി. 100 ശതമാനം ഫലപ്രദമായ ഗുണം കിട്ടും.

കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ ത്വക്ക്‌ രോഗങ്ങൾക്കും വെർജിൻ വെളിച്ചെണ്ണ പുറമേ തിരുമ്മുന്നത്‌ വളരെ സവിശേഷമാണ്‌. പണ്ടുകാലങ്ങളിൽ പുറമേ ഉണ്ടാകുന്ന വ്രണങ്ങൾക്കും, മുറിവുകൾക്കും പച്ചവെളിച്ചെണ്ണ പുറമേ തിരുമ്മുക പതിവായിരുന്നു. കാലം മാറിയതോടെ ഇവയെല്ലാം പുതിയ ക്രീമുകൾക്ക്‌ വഴിമാറി.

വെളിച്ചെണ്ണയ്ക്ക്‌ ധാരാളം സവിശേഷതകളുണ്ട്‌. പഴയകാലത്തെപ്പോലെ അതുപയോഗിക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.


04/05/2015

'ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' -ചരിത്രം എഴുതാതെപോയ പേര് -നവീന്‍ ഗോപാല്‍

"..In memoriam of the great legendary hero ARATTUPUZHA VELAYUDHA PANICKER, I wish to publish an article written by Mr. Jijo John and published in the Sunday-supplement of Malayala Manorama of February 14, 2004."

This is our tribute to the very inimitable Arattupuzha Panicker, who had always fought for social justice and for the cause of the downtrodden:

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പ് മംഗലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.

ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌.

കായംകുളത്ത് വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്‍റെയടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.

അവര്‍ണര്‍ക്കുവേണ്ടി കായംകുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍.

ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്‍റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌. ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?"

പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു !! ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്‍റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.

വഴിയൊന്നാണെങ്കിലും ഗുരുദേവന്‍റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്‍റെടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു. ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹനങ്ങള്‍ .

മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു.വിവരം തിരക്കിയ രാജാവിനു മുന്നില്‍ "ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചുനിന്ന ആണായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.

എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല.1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്‍റെ നിഗൂഡമായ ബാല്യം!

1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും സഖാവെ എന്നുവിളിച്ചില്ല.

ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം

അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു. ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം. മുണ്ട്‌ ഇറക്കിയുടുത്ത ഈഴവസ്‌ത്രീയെ പരിഹസിച്ച കരപ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ സഖാവേ എന്നുവിളിച്ചില്ല.

മൂക്കുത്തിവഴക്ക്‌

ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌. കഥയിങ്ങനെയാണ്‌: അന്നു സ്വര്‍ണ്ണ മൂക്കുത്തിധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്നു. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്‍റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു. സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു. ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...

ഏത്താപ്പുസമരം

സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നു പണിക്കരുടെ ലഹളകളെല്ലാം. മൂക്കുത്തി വഴക്കിന്‍റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണസ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു.

കഥകളിയോഗം

പണ്ട്‌ ഈ നാട് സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു....എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌. 1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതാണ് വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവണ്‍മെന്റില്‍ ‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി. അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.

പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍ കൊള്ളക്കാര്‍ അപഫരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള 'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.

മാംബുഴക്കരിക്കാരന്‍ കരപ്രമാണി

കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍ ‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്‍റെ കറവ വറ്റുമ്പോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ, വാളുമായിചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റൊരു കഥ.

ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌, കുഞ്ഞുകൃഷ്ണന്‍. സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.

സഞ്ചാരസ്വാതന്ത്ര്യം

'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുമ്പോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്‍റെ മകന്‍ രാമന്‍ മേനോന്‍റെ എഴുന്നള്ളിത്താണ്‌. അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്‍റെ കല്‍പ്പന. രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി.... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടിമാറേണ്ടി വന്നില്ല.

മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളംകായല്‍ കടക്കുമ്പോഴാണ് വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു. ഒരു കോവുവള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി.നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി. കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.

ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം-- ശ്രീനാരായണഗുരു.

സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗലത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മറ്റെവിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ?.....

തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌- ഡോ. എം.എസ്‌. ജയപ്രകാശ്‌

ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന നിധിശേഖരമുള്ള പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധാകേന്ദ്രമായിരിക്കുകയാണല്ലോ. ഇതുസംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളിലും മറ്റും അബദ്ധജടിലമായ കാര്യങ്ങളാണ്‌ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ചരിത്രമറിയാത്ത ചരിത്രകാരന്മാരും സാംസ്‌കാരിക-സാഹിത്യ നായകരും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ നിരത്തുന്നതു വിചിത്രമാണ്‌. മലബാര്‍ചരിത്രം പോലെയാണു തിരുവിതാംകൂറും എന്ന മട്ടിലാണ്‌ ചില പ്രമുഖ ചരിത്രകാരന്മാര്‍പോലും കാര്യങ്ങള്‍ തട്ടിവിടുന്നത്‌.

ശ്രീപത്മനാഭനും രാജാക്കന്മാരും ഇത്രയധികം സ്വത്ത്‌ ജനങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നു എന്നും അത്‌ ആലോചിക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്നു എന്നും പറയുന്നവരുണ്ട്‌. അന്നു ജനദ്രോഹപരമായി ഭരണം നടത്തിയിരുന്നവരെ വാഴ്‌ത്തുകയും ചെയ്‌തിരിക്കുന്നു. ഇത്രയ്‌ക്കും കരുണാനിധിയായ പത്മനാഭസ്വാമിയുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജനങ്ങളെ നൂറ്റാണ്ടുകളോളം അനുവദിക്കാതിരുന്നതും ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമോ!

യഥാര്‍ഥത്തില്‍ പഴയ ബുദ്ധവിഹാരമായിരുന്നു ഇന്നത്തെ പത്മനാഭസ്വാമിക്ഷേത്രം. അതുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാണ്‌ അയിത്തം കല്‍പിച്ച്‌ പത്മനാഭദാസന്മാര്‍ മാറ്റിനിര്‍ത്തിയിരുന്നത്‌. ക്ഷേത്രപ്രവേശനം 1936ല്‍ നടന്നു. എന്നാല്‍ എന്നുമുതലാണ്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്നതെന്ന കാര്യം ആരും ചോദിക്കാറോ പറയാറോ ഇല്ല.

ഒമ്പതാം നൂറ്റാണ്ടിനുശേഷം നടന്ന കേരളത്തിലെ ആര്യവല്‍ക്കരണ ത്തെത്തുടര്‍ന്നാണ്‌ ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത്‌ ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റിയത്‌. പിന്നാക്ക- ദളിത്‌ വിഭാഗങ്ങള്‍ ഹിന്ദുക്കളായിരുന്നില്ല, ബുദ്ധമതക്കാരായിരുന്നു, അതുകൊണ്ടാണ്‌ അവരെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത്‌.

‘തിരുവിതാംകൂര്‍’ (മുമ്പ്‌ തിരുവിതാംകോടായിരുന്നു) എന്ന പദത്തിന്റെ അര്‍ഥംതന്നെ ബുദ്ധനെ സ്‌മരിക്കുന്നതാണ്‌. ഇക്കാര്യം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. തിരുവിതാംകൂര്‍ ചരിത്രം പറയുന്ന എം.ജി.എസിനെപ്പോലുള്ളവര്‍ അതു പറയട്ടെ. അപ്പോഴറിയാം അദ്ദേഹം പറയുന്ന അബദ്ധങ്ങളുടെയും അസംബന്ധകാര്യങ്ങളുടെയും ആഴം. എം.ജി.എസ്‌. ധര്‍മരാജ്യമായി കാണുന്ന തിരുവിതാംകൂറിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായിട്ടാണു കണ്ടത്‌.

പത്മനാഭസ്വാമിയുടെ നാടിനെപ്പറ്റി 1931ലെ സെന്‍സസ്‌ കമ്മിഷണര്‍ പറയുന്നത്‌ ഇങ്ങനെ: ”ഇന്ത്യയിലെതന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവുമധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌”. (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931, പുറം 364)

ഈ അമൂല്യസമ്പത്ത്‌ അന്നത്തെ ഭരണാധികാരികള്‍ നേടിയതു സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിക്കൊണ്ടായിരുന്നു. അവര്‍ണസമുദായങ്ങള്‍ നല്‍കിയ തലക്കരവും മുലക്കരവും ഇതില്‍ ഉള്‍പ്പെടും. പ്രജകളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നാണു ധര്‍മരാജ്യത്തിലെ പ്രജാക്ഷേമതല്‍പരര്‍ കരുതിയിരുന്നത്‌. ട്രഷറി കാലിയാവുന്ന പ്രശ്‌നമുണ്ടാകില്ല. ജനസംഖ്യ കൂടുന്തോറും വരുമാനവും കൂടും. ഇതായിരുന്നു ധര്‍മരാജ്യക്കാരുടെ സാമ്പത്തികശാസ്‌ത്രം.
സ്‌ത്രീകള്‍ക്ക്‌ രണ്ടു മുലകള്‍ ഉണ്ടെങ്കിലും ഒരു നികുതി നല്‍കിയാല്‍ മതിയായിരുന്നു. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്‌ത്രീ മുലക്കരം വാങ്ങാന്‍വന്ന ഉദ്യോഗസ്‌ഥന്റെ മുന്നില്‍ തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രമുണ്ട്‌. ഈഴവരുടെ രക്ഷകനായി അവതരിച്ചിരിക്കുന്ന ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ഇതൊന്നുമറിയാതെ ക്ഷേത്രസ്വത്ത്‌ തമ്പുരാന്റേതാണെന്നും ഹിന്ദുവിന്റേതാണെന്നും പറയുന്നത്‌ തികച്ചും അപലപനീയമാണ്‌. ഈ സ്‌ത്രീയുടെ സ്‌ഥലം ‘മുലച്ചിപറമ്പ്‌’ എന്നാണ്‌ ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതു ഫ്രാന്‍സിലോ റഷ്യയിലോ ആയിരുന്നെങ്കില്‍ നമ്മുടെ ചരിത്രകാരന്മാര്‍ പാഠപുസ്‌തകത്തിലാക്കി കുട്ടികളെ പ്രബുദ്ധരാക്കുമായിരുന്നു.

ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു; പ്രത്യേകിച്ചു തിരുവിതാംകൂറില്‍. രൂപാവരി, ആണ്ടക്കാഴ്‌ച, കുപ്പക്കാഴ്‌ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശേരി വേലികെട്ട്‌, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണു നികുതികള്‍പിരിച്ചിരുന്നത്‌. തലക്കരം വര്‍ഷത്തിലൊരിക്കലാണു പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസുള്ള അവര്‍ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു. സി.എം. ആഗൂര്‍ രചിച്ച ‘ചര്‍ച്ച്‌ ഹിസ്‌റ്ററി ഓഫ്‌ ട്രാവന്‍കൂര്‍’ എന്ന കൃതിയിലും സ്‌റ്റേറ്റ്‌ മാന്വലുകളിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. തലവരിയിനത്തില്‍ ഈഴവരില്‍നിന്നും ചാന്നാന്മാരില്‍നിന്നും പ്രതിവര്‍ഷം 88,044 രൂപയും മറ്റ്‌ ഏഴു ജാതികളില്‍നിന്ന്‌ 4,624 രൂപയും പിരിച്ചെടുത്തിരുന്നു. കുടില്‍ ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റു ഹീനജാതിക്കാരില്‍നിന്നു പിരിച്ചെടുത്തിരുന്നത്‌. 1861ല്‍ നാലു മണ്ഡപത്തും വാതില്‍ക്കലായി 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്‌ക്കാല്‍ പണം പിരിച്ചതായി കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകള്‍ ഈ കൊള്ള നീണ്ടുനിന്നു. ഈ നികുതിപ്പണവും ക്ഷേത്രസ്വത്തിലുണ്ട്‌.

”ചേരവംശപാരമ്പര്യവും ആയ്‌വംശ പാരമ്പര്യവും അവകാശപ്പെട്ട വേണാട്ട്‌ നാടുവാഴികള്‍ തിരുവനന്തപുരം തലസ്‌ഥാനമാക്കി തിരുവിതാംകൂര്‍ എന്നു പേരുള്ള രാജ്യം ഭരിച്ചുപോന്നു” എന്ന അഭിപ്രായവും പഠനാര്‍ഹമാണ്‌.
ചേരരാജാക്കന്മാരും ആയ്‌ രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ്‌ (ബ്രാഹ്‌മണാധിപത്യമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്‌ഥിതി അടിച്ചേല്‍പിച്ച പ്രക്രിയ) ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. കൊടുങ്ങല്ലൂരില്‍ ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍വരെ ആ പാരമ്പര്യം നീണ്ടുനിന്നു. ‘പെരുമാള്‍’ എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്‌ഥാനപ്പേരാണ്‌.

ബുദ്ധമതത്തെയും ചേരസംസ്‌കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്‌തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്‌. അതോടെ ‘പെരുമാള്‍’ സ്‌ഥാനം ഉപേക്ഷിച്ച്‌ ‘വര്‍മ’ എന്ന സ്‌ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്‌.

ചേരഭരണകാലത്ത്‌ ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണച്ചടങ്ങിന്‌ ആചാരമായി തലയില്‍ വയ്‌ക്കാറുണ്ടായിരുന്നു.

ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള ‘പള്ളി’ ശബ്‌ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത്‌ പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്‌. ‘പള്ളികൊള്ളുന്ന പത്മനാഭന്‍’ എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്‌. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്‌, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്‌. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു ‘താമര’ എന്നതും ശ്രദ്ധേയമാണ്‌. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്‌ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്‌.

ശബരിമലയ്‌ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. ‘അയ്യന്‍’ ബുദ്ധന്റെ പര്യായമാണ്‌. ‘എന്റയ്യോ’ എന്നു മലയാളി നിലവിളിക്കുന്നത്‌ അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്‌. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്‌. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്‌. ബുദ്ധവിഗ്രഹങ്ങളെ വിഷ്‌ണുവാക്കുന്ന വിദ്യ ജയദേവന്റെ ‘ഗീതഗോവിന്ദം’ എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്‌ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള്‍ അതിനെ അരയാലിന്‍ചുവട്ടില്‍ സ്‌ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു. 

വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ട കഥയില്‍ പറയുന്നതിങ്ങനെ: ”വിഗ്രഹത്തിന്റെ കിരീടമണിഞ്ഞ ശിരസ്‌ തിരുവല്ലത്തും മധ്യഭാഗം അനന്തന്‍കാട്ടിലും പാദങ്ങള്‍ തൃപ്പാദപുരത്തുമാണ്‌.” അനേകം ബുദ്ധമത കേന്ദ്രങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ ആളാണു വില്വമംഗലം. ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന കാര്യവും ഇവിടെ ഓര്‍ക്കുക. അനേകം ബുദ്ധമതാനുയായികളെ തീയിട്ടു കൊന്ന കാര്യവും ഈ ലേഖകന്‍ മുമ്പു പരാമര്‍ശിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്‌. ഇന്നത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹത്തെ മുഴുവനായി കാണാനാവില്ല. തല, മധ്യഭാഗം, കാലുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാവുന്ന തരത്തിലാണു വിഗ്രഹം കാണുന്നത്‌. ”കലിയുഗം ആരംഭിച്ച്‌ മൂന്നുവര്‍ഷവും ഇരുനൂറ്റിമുപ്പതു ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്യാസി വിഗ്രഹം പ്രതിഷ്‌ഠിച്ചു” എന്നു മതിലകം ഗ്രന്ഥവരിയില്‍ പറയുന്നുണ്ട്‌. ബുദ്ധവിഗ്രഹത്തെ വില്വമംഗലം വിഷ്‌ണുവാക്കിയതിന്റെ സൂചനയാണ്‌ ഇതില്‍ തെളിയുന്നത്‌. കോട്ടയ്‌ക്കകത്തു ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്ന തമിഴ്‌നാടുമായി ബന്ധമുള്ള ബ്രാഹ്‌മണ കുടുംബങ്ങളുടെ വരവും മേല്‍പറഞ്ഞ കാര്യവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്‌. മലയാള ബ്രാഹ്‌മണര്‍ എന്നറിയപ്പെടുന്ന നമ്പൂതിരിമാര്‍ അവിടെയില്ല. അയ്യര്‍, അയ്യങ്കാര്‍ വിഭാഗം ബ്രാഹ്‌മണര്‍ അഗ്രഹാരങ്ങളിലും നമ്പൂതിരിമാര്‍ ഇല്ലങ്ങളിലുമാണു താമസിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ചരിത്രവസ്‌തുതയാണ്‌. ഇതൊക്കെ തമസ്‌കരിച്ചുകൊണ്ടാണ്‌ എം.ജി.എസും മറ്റും ചരിത്രം പറയുന്നത്‌.

പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനും നായര്‍ സമുദായാംഗവുമായ സത്യവ്രത സ്വാമികള്‍ പറയുന്നത്‌ ഏറെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമാണ്‌. അതിങ്ങനെ: ”സംന്യാസികളില്‍ നായരും തിയ്യരും എന്ന വ്യത്യാസമില്ല. അതുകൊണ്ടു നിങ്ങള്‍ എന്നെ ‘നായര്‍’ എന്ന ദൃഷ്‌ടിവച്ചു നോക്കാതെയിരിക്കണം…. നാമെല്ലാവരും ബുദ്ധമതക്കാരായിരുന്നു എന്നുള്ളതിനും ഉത്തമലക്ഷ്യം നമ്മുടെ ‘മാമൂല്‍’ പ്രിയം തന്നെ. ബുദ്ധമതാചാര ഗ്രന്ഥത്തിനുള്ള പേര്‍ മാമൂല്‍ എന്നാണ്‌. തിരുവിതാംകൂര്‍ രാജ്യം ധര്‍മരാജ്യമാണെന്നു കേട്ടിരിക്കുന്നമല്ലോ. ”ധര്‍മാജ്യസ്‌തഥാഗതം” എന്നുള്ള അമരവാക്യം ”ധര്‍മ്മോമല്‍ കുലദൈവം” എന്നാണ്‌. (തഥാഗതന്‍ ബുദ്ധനാണ്‌). ധര്‍മ്മരാജാക്കന്മാരുടെ കുലദൈവമായ തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം ബുദ്ധ വിഗ്രഹമാണ്‌. അതുപോലുള്ള വിഗ്രഹം സിലോണിലെ ബുദ്ധവിഹാരങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇന്നത്തെ ശാസ്‌താംകോവിലില്‍ കാണുന്നതും ബുദ്ധവിഗ്രഹമാണ്‌. നമ്മുടെ ഭഗവതിമാരെല്ലാം ബുദ്ധഭിക്ഷുണിമാരായിരുന്നു….. കൊടുങ്ങല്ലൂര്‍ക്കു കോഴിയും കള്ളും മരലിംഗവുമായി പോകുന്നവര്‍ ഈ സദസില്‍ കാണുമെന്നറിയാം.” (1923 മാര്‍ച്ച്‌ 31-നു പാലക്കാട്‌ കുഴല്‍മന്ദത്തു നടത്തിയ പ്രസംഗം, ശിവഗിരി മാസിക പുനഃപ്രകാശനം ചെയ്‌തത്‌. വാല്യം 24, ലക്കം-15, മെയ്‌ 2002).

ഒന്‍പതാം നൂറ്റാണ്ടു മുതല്‍ക്കെങ്കിലും ആള്‍വാര്‍മാര്‍ എന്ന വൈഷ്‌ണവധാര ഇവിടെ എത്തിയെന്നും ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതിയ ‘മലൈനാട്ടു തിരുപ്പതികള്‍’ എന്ന കവിതാ സമാഹാരത്തില്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്‌ഥാനം പിടിച്ചുവെന്നും എം.ജി.എസ്‌. പറയുന്നു. 925 വരെ ഭരിച്ചിരുന്ന ആയ്‌ രാജാവായ വിക്രമാദിത്യ വരഗുണന്‍ ബുദ്ധവിഹാരങ്ങള്‍ക്കു സംഭാവന നല്‍കിയതായി രേഖയുണ്ട്‌. ചേരനാട്ടിലെ തിരുമൂലപാദം (ശ്രീമൂലവാസം) ബുദ്ധവിഹാരത്തിനു വന്‍തോതില്‍ ഭൂമി ഉള്‍പ്പെടെ ദാനം നല്‍കിയിട്ടുണ്ട്‌. കൊല്ലത്തെ തിരുമുല്ലവാരമാണു ‘തിരുമൂല പാദത്തിന്റെ’ കേന്ദ്രമെന്ന്‌ ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്‌. ശൈവ-വൈഷ്‌ണവധാരയിലെ ആള്‍വാര്‍മാരും നയിനാര്‍മാരും ചേരനാട്ടില്‍ (കേരളത്തില്‍) ശക്‌തിപ്പെടുന്നത്‌ 11, 12 നൂറ്റാണ്ടുകളിലാണ്‌. അതുവരെ ബുദ്ധമതമാണു ശക്‌തമായി നിലനിന്നിരുന്നത്‌, ചില പ്രദേശങ്ങളില്‍ ജൈനമതവും. അതായത്‌ എ.ഡി. ഒന്‍പതാം നൂറ്റാണ്ടു വരെ പത്മനാഭക്ഷേത്രം ബുദ്ധവിഹാരം തന്നെയായിരുന്നു എന്നാണ്‌ ഇവിടെ തെളിയുന്നത്‌. ആര്യവല്‍ക്കരണം ശക്‌തമായതും ഇക്കാലത്താണ്‌.

എ.ഡി. 9-ാം നൂറ്റാണ്ടു വരെയും ‘പത്മനാഭന്‍’ ബുദ്ധനാണെന്നാണല്ലോ ഇതു തെളിയിക്കുന്നത്‌. ക്ഷേത്രത്തിനു ചുറ്റും തമിഴ്‌ ബ്രാഹ്‌മണരെ കൊണ്ടുവന്നു കുടിയിരുത്തിയതും ബുദ്ധനെ വിഷ്‌ണുവാക്കിയതിന്റെ തെളിവാണ്‌. ക്ഷേത്രസ്വത്തില്‍ ഒരുഭാഗം ചേര-ബുദ്ധമത കാലത്തിന്റേതു കൂടിയാണെന്നും ഇതില്‍ നിന്നു മനസിലാക്കാം. അന്നു തലയ്‌ക്കും മുലയ്‌ക്കും നികുതിയുണ്ടായിരുന്നില്ല. ഗ്രീസ്‌, റോം, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടം നടന്നിരുന്ന കാലമായിരുന്നു അത്‌. രാജ്യത്ത്‌ സമ്പല്‍സമൃദ്ധി നിലനിന്നിരുന്നു. പില്‍ക്കാലത്ത്‌ ഇതൊക്കെ തകര്‍ത്ത ഹിന്ദുത്വ വാദികളാണു ചേരമാന്‍ പെരുമാളിനെയും പ്രജകളെയും ഇസ്ലാംമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്‌.

ചേരമാന്‍ പള്ളിയും കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ചാവക്കാട്‌ മേഖലയിലെ മുസ്ലിം ജനസംഖ്യയും ഇതാണു തെളിയിക്കുന്നത്‌. നല്ലൊരു ഭാഗം ഈഴവരായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്‌. ബാക്കി വന്നവരെയാണ്‌ ഇന്നു നാട്ടികയിലും മറ്റും കൂടുതലായി കാണുന്നത്‌. ക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുടുംബസ്വത്താണെന്ന വാദം വിഡ്‌ഢിത്തമാണ്‌. ഒന്‍പതാം നൂറ്റാണ്ടു വരെയും അതു ബുദ്ധവിഹാരമായിരുന്നെന്നു നാം കണ്ടുകഴിഞ്ഞു. ഇന്നത്തെ പിന്നാക്ക-ദളിത്‌-മതന്യൂനപക്ഷങ്ങളുടെ പൂര്‍വിക രുടേതാണു പത്മനാഭസ്വാമി ക്ഷേത്രം എന്നു വേണം കരുതാന്‍. മേല്‍പ്പറഞ്ഞ വസ്‌തുതകള്‍ അതാണു തെളിയിക്കുന്നത്‌.

‘മതിലകം രേഖകള്‍’ പറയുന്നതു ബുദ്ധക്ഷേത്രത്തെ തന്ത്രപൂര്‍വം ഹിന്ദു ക്ഷേത്രമാക്കിയതിനു ശേഷമുള്ള ചരിത്രമാണ്‌. ക്ഷേത്രം പലതവണ പുതുക്കിപ്പണിത കാര്യവും വിശദ വിവരങ്ങളുമാണ്‌ അതിലുള്ളത്‌. 1733-ല്‍ മാര്‍ത്താണ്ഡവര്‍മ പുതുക്കിപ്പണിതിട്ടുണ്ട്‌. എന്തിനെയാണു പുതുക്കിപ്പണിതതെന്ന ചരിത്രസത്യമാണു മുമ്പു പറഞ്ഞ കാര്യങ്ങളില്‍ തെളിയുന്നത്‌. ക്ഷേത്രം തീപിടിച്ച കാര്യവും ഇതില്‍ കാണാം. 1688 ഫെബ്രുവരിയില്‍ തീപിടിത്തമുണ്ടായതിന്റെ വര്‍ണനയിങ്ങനെ: ”വെള്ളിയും പൊന്നും ചെമ്പും തിരാമും (വെള്ളിനാണയം) വെങ്കലവും ഇരുമ്പും മരവും കല്ലും ഒന്നുപോലെ വെന്തുപോയി. തിരുമേനി (മുമ്പ്‌ ബുദ്ധന്‍) കിടന്നു തീയെരിയുന്നതുകണ്ട്‌ ഒക്കെക്കൂടി ചെന്നു വെള്ളം കോരി വീത്തി”.

രാജവാഴ്‌ചക്കാലത്തു രാജാവാണു രാഷ്‌ട്രത്തിന്റെ അധിപന്‍. എല്ലാം സംരക്ഷിക്കേണ്ടയാള്‍ അദ്ദേഹം തന്നെ. ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ക്ഷേത്രം സംരക്ഷിക്കാമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ക്ഷേത്ര സ്വത്ത്‌ ചാണ്ടി വകയാകുമെന്നല്ല. അതുപോലെയാണ്‌ അന്നത്തെ രാജാവു സംരക്ഷിച്ച രാഷ്‌ട്രത്തിന്റെ മുതല്‍ രാജാവിന്റെ കുടുംബസ്വത്താകുന്നില്ല. നിധി കാക്കുന്ന ഭൂതം നിധിയുടെ ഉടമയാകുമോ? ഭൂതകാലത്തിലും വര്‍ത്തമാനത്തിലും അതുതന്നെയാണു ചരിത്രഗതി. ഏതു ജാതി സ്‌ത്രീയായാലും രാജവാഴ്‌ചക്കാലത്ത്‌ അതു രാജാവിന്റെയും ശിങ്കിടികളുടെയും വകയാണെന്നു പറയുന്ന വെണ്‍മണി പ്രയോഗം പോലെയാണിത്‌.

തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലെ ക്ഷേത്രങ്ങളുടെ അവകാശം ഐക്യകേരള രൂപീകരണത്തോടെ ദേവസ്വം ബോര്‍ഡുകളുടേതായി. എന്നാല്‍, പത്മനാഭ സ്വാമി ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജാവിനു തന്നെ ലഭിച്ചു. 1991-ല്‍ ചിത്തിരതിരുനാള്‍ അന്തരിച്ചതോടെ ഭരണഘടനയുടെ 366(22) അനുഛേദപ്രകാരമുള്ള ഭരണാധികാരി എന്ന പദവി സര്‍ക്കാരിനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നിട്ടും ഭരണം നടത്താന്‍ മുന്‍ രാജാവിനെ അനുവദിച്ച സര്‍ക്കാര്‍ നിലപാട്‌ നിയമപരവും ന്യായവുമാണെന്നു കരുതാനാകില്ലെന്നു കോടതി വിധിച്ചിട്ടുണ്ട്‌.

അവസാന രാജാവിന്റെ സഹോദരന്‍ ക്ഷേത്രസ്വത്തുക്കളുടെയും മറ്റും ചിത്രങ്ങളെടുത്തതു വിവാദമായിരുന്നു. മാത്രമല്ല 2007 സെപ്‌റ്റംബര്‍ 15-നു പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ രാജകുടുംബത്തിന്റേതാണെന്നു പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരേ ഭക്‌തരും മറ്റും നല്‍കിയ നിരവധി സിവില്‍ കേസുകളും നിലവിലുണ്ട്‌. തിരുവനന്തപുരം സ്വദേശി അഡ്വ. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെയാണു സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്‌.

നൂറ്റാണ്ടുകളായി തുറക്കാതിരിക്കുന്ന ക്ഷേത്രത്തിലെ ‘ബി’ എന്ന ഉരുക്കറയ്‌ക്കു പിന്നില്‍ ഒരു രഹസ്യമുണ്ടാകാനാണു സാധ്യത. ശംഖുമുഖം കടലിലേക്കും പുലയനാര്‍ കോട്ടയിലേക്കുമുള്ള പണ്ടത്തെ തുരങ്കത്തിന്റെ പ്രവേശനകവാടമാണതെന്നു കരുതേണ്ടിയിരിക്കുന്നു. അറ തുറന്നാല്‍ കടല്‍ ഇരച്ചു കയറുമെന്നും വിഷപ്പാമ്പുകള്‍ ചീറി വരുമെന്നുമുള്ള ക്ഷേത്രകഥയിലെ പരാമര്‍ശങ്ങള്‍ മംഗളം കഴിഞ്ഞദിവസം ഒന്നാം പേജില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നല്ലോ. ഈ കഥയില്‍ ചരിത്രസത്യം മറഞ്ഞിരിക്കുന്നുണ്ട്‌.

ക്ഷേത്രം ബുദ്ധവിഹാരമായിരുന്ന കാലത്തു ശംഖുമുഖം കടല്‍ത്തീരത്തുനിന്നും പുലയനാര്‍ കോട്ടയില്‍ നിന്നും ക്ഷേത്രത്തിലെത്താനുള്ള തുരങ്കമുണ്ടായിരുന്നതായി ചില വിവരണങ്ങളില്‍ കാണുന്നുണ്ട്‌. ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന്‌ കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത്‌ എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്‌ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ്‌ ഇന്നു കാണുന്ന ‘പത്മനാഭന്‍’ എന്ന പേരു വന്നത്‌. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.

പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക്‌ ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു. 

കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതു കൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം ‘ബി’ അറയില്‍ കാണുന്നത്‌. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.

കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള ‘അനന്തപുരം’ ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്‌. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്‌. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ്‌ ‘അനന്തപുരത്തു’ വിഷ്‌ണുവായി ആരാധിക്കുന്നത്‌. അനന്തപുരത്തോട്‌ ‘തിരു’ ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും.