04/07/2019

അഹൈതുകീഭക്തി

അനിശ്ചിതത്വത്തെ അറിയാതെ, തനിക്കറിയാമെന്ന് വിചാരിക്കരുത്. അങ്ങനെ വിചാരിക്കുമ്പോഴാകും അറിയാതെ അടി വരുന്നത്.

വീഴാന്‍ പാകത്തിന് ഉണങ്ങിയ തേങ്ങയോ മടലോ തെങ്ങിലില്ല എന്ന് ഉറപ്പിച്ചിട്ട്‌ തെങ്ങിന്‍റെ കീഴേ നിന്ന് പുളയുമ്പോഴാവും തേങ്ങാ തലയില്‍ വീഴുന്നത്!

ഉണക്കത്തേങ്ങയില്ല, മടലും ഇല്ല. ഉടയതമ്പുരാന്‍ തീരുമാനിച്ചാല്‍ എന്താണ് നടക്കാത്തത്? ഏതു തേങ്ങയാണ് വീഴാത്തത്? ഇല്ലാത്ത തെങ്ങിലെ ഇല്ലാത്ത തേങ്ങ വരെ വീഴും. പിന്നെയാണോ?

"കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും സമര്‍ത്ഥഃ ഈശ്വരഃ"

ഈശ്വരനിര്‍വ്വചനം അതാണ്‌.

കര്‍ത്തും സമര്‍ത്ഥഃ - ചെയ്യാന്‍ സമര്‍ത്ഥന്‍.
അകര്‍ത്തും സമര്‍ത്ഥഃ - ചെയ്യാതിരിക്കാന്‍ സമര്‍ത്ഥന്‍.
അന്യഥാ കര്‍ത്തും സമര്‍ത്ഥഃ - വേറൊന്നായി ചെയ്യാന്‍ സമര്‍ത്ഥന്‍.

ആതുകൊണ്ട് ഒരേയൊരു പണിയേ പറ്റൂ.

"അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ 
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം" 

എന്നറിഞ്ഞ് 

"സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ 
അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ"

യാതൊരു ജനങ്ങള്‍ അന്യചിന്ത കൂടാതെ എന്നെ ധ്യാനിച്ച്‌ എന്നെത്തന്നെ ഉപാസിക്കുന്നുവോ സദാ മനസ്സ് എന്നില്‍ ഉറപ്പിച്ചവരായ അവരുടെ യോഗക്ഷേമങ്ങളെ ഞാന്‍ വഹിക്കുന്നു എന്നറിഞ്ഞ് സകല ധര്‍മ്മങ്ങളെയും ഉപേക്ഷിച്ചിട്ട് നീ എന്നെത്തന്നെ ശരണം പ്രാപിക്കുക, ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാം, നീ വ്യസനിക്കേണ്ട!.

നിഷ്കാമവും നിഷ്കളങ്കവും നിര്‍വ്വികല്‍പ്പവുമായ ഭക്തി. അഹൈതുകീഭക്തി. മറ്റൊന്നു കൊണ്ടും രക്ഷപ്പെടില്ല.

"ഭഗവാനേ, നിന്നിലുള്ള അഹൈതുകീഭക്തി, അത് എന്നില്‍ നിന്ന് എടുത്തു കളയാതിരിക്കണം. ഈ ലോകത്തു നിന്നിലുള്ള ഭക്തി ഒന്നു മാത്രം മതി എനിക്ക്, മറ്റൊന്നും എനിക്ക് ആവശ്യമില്ല" എന്നു പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ പൊരുളായി. അരുളുമായി.

പൊരുളില്ലെങ്കില്‍ അരുളില്ല

അതാണ്‌ ഗീതയുടെ മര്‍മ്മരം.

അതാണ്‌ സുവിദിതമായ യജ്ഞസങ്കല്‍പ്പം.

[യോഗഃ അപ്രാപ്തസ്യ പ്രാപണം; ക്ഷേമഃ തദ്രക്ഷണം. പ്രാപിക്കാത്ത വസ്തുവിന്‍റെ പ്രാപ്തിയാണ് യോഗം. പ്രാപിച്ച വസ്തുവിന്‍റെ രക്ഷണം ക്ഷേമം]