25/10/2013

സംസ്കാരത്തിന്റെ സദാചാരം


സുഹൃത്തേ,
കക്കൂസില്‍ പോകുമ്പോള്‍നീ വാതിലടക്കുന്നതെന്ത് കൊണ്ട്?

അല്ലെങ്കില്‍ 

ചിലതൊക്കെ ഗോപ്യമായ് നിര്‍‌വ്വഹിക്കുന്നത് എന്തുകൊണ്ട്?
ചില നേരങ്ങളില്‍ മക്കളുറങ്ങാന്‍ കാക്കുന്നതെന്തിനു?
ചിലതൊക്കെ അമ്മയോട് പറയാത്തതെന്ത് ?
അച്ഛനോട് ചോദിക്കാത്തതെന്ത്?
പെങ്ങളോട് പെരുമാറുമ്പോള്‍
അതിരുകള്‍ വെക്കുന്നതെന്തിനു?

അമ്മയ്ക്കറിയാം,
കെട്ടിച്ച് കൊടുത്ത മകള്‍ക്ക്
കുഞ്ഞുണ്ടാവുന്നതെങ്ങനെയെന്ന് അച്ഛനുമറിയാം.
എന്നാലവരാരും അവരുടെ
ചിന്തകള്‍ക്ക് അവിടെ കുരുക്കിടാറില്ല.

കാരണം,
എല്ലാ അറിവുകളും പറയാനുള്ളതല്ല
എല്ലാ ചിന്തകളും പങ്കുവെക്കാനുള്ളതുമല്ല.
എല്ലാ സങ്കല്പ്പങ്ങളും പകര്‍ത്തപ്പെടാനുള്ളതുമല്ല
എല്ലാ കണ്ടെത്തലുകളും വിളിച്ച് കൂവാനുള്ളതുമല്ല

സദാചാര ബോധമെന്നത് ട്രാഫിക് സിഗ്നലിലെ വെളിച്ചം പോലെയാണ്.
അവ തെറ്റിച്ച് മുറിച്ച് മുന്നോട്ട് കുതിക്കുന്ന
ഉള്ളിലെ വണ്‍ മി.ഹൈഡിനെ
തല്ലിക്കൊല്ലാനാവാതെ
പരാജയപ്പെടുന്നുവെങ്കില്‍
നീ സൂക്ഷിക്കണം

നിന്റെ ശരീരത്തിലെ ചില ഭാഗങ്ങള്‍ മറക്കുന്ന പോലെ
നിന്റെ ദിനചര്യയിലെ ചില പ്രവര്‍ത്തികളും നീ മറക്കുന്ന പോലെ
നിന്റെ ചിന്തയുടേയും എഴുത്തിന്റേയും അല്പഭാഗം
നീ മറക്കേണ്ടിയിരിക്കുന്നു.
അത് പ്രകൃതി നിയമമാണ്..
അതല്ലാ,
ഒന്നും മറക്കാതെ നഗ്നനായി നടുറോഡില്‍ കാര്യം സാധിക്കുന്നത്
പ്രകീര്‍ത്തിക്കപ്പെടേണ്ട ഒരു സംഭവമായി നിനക്കു തോന്നുന്നുവെങ്കില്‍
അക്ഷരങ്ങള്‍കൊണ്ട് ഫേസ്ബുക്കില്‍ വെളിക്കിരിക്കുന്നതും
ഒരു മഹാസംഭവമായി ഗണിക്കേണ്ട ഗതികേട് വരും. തീര്‍ച്ച.

കടപ്പാട് എൻറെ പ്രിയ സുഹൃത്ത്‌  ധനേഷ് കരുവാറ്റ

No comments: