29/10/2013

ഒരു പ്രാർത്ഥന – എൻ. കുമാരനാശാൻ


ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളർക്കരശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു മീശനെ വാഴ്ത്തുവിൻ!

സാരമായ് സകലത്തിലും മതസംഗ്രഹം ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയർന്നു നിന്നിടുമൊന്നിനെ
സൌരഭോൽക്കട നാഭിയാൽ സ്വമൃഗംകണ ക്കനുമേയമായ്
ദൂരമാകിലുമാത്മ ഹാർദ്ദ ഗുണാസ്പദത്തെ നിനയ്ക്കുവിൻ!

നിത്യനായക, നീതിചക്രമതിൻ തിരിച്ചിലിനക്ഷമാം
സത്യമുൾക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും കരകോടിയിൽ
പ്രത്യഹം പ്രഥയാർന്ന പാവന കർമ്മ ശക്തി കുളിക്കുക!

സാഹസങ്ങൾ തുടർന്നുടൻ സുഖഭാണ്ഡമാശു കവർന്നുപോം
ദേഹമാനസ ദോഷസന്തതി ദേവദേവ, നശിക്കണേ
സ്നേഹമാം കുളിർപൂനിലാവു പരന്നു സർവവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്ത്വമുള്ളിൽ വിളങ്ങണേ.

ധർമ്മമാം വഴി തന്നിൽ വന്നണയുന്ന വൈരികളഞ്ചവേ
നിർമ്മലദ്യുതിയാർന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടൻ
കർമ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശർമ്മവാരിധിയിൽ കൃപാകര, ശാന്തിയാം മണിനൌകയിൽ.

No comments: