25/10/2013

"നിലയ്ക്കാത്ത ചങ്ങലക്കിലുക്കം" - നാറാണത്തു ഭ്രാന്തൻ എന്ന മഹർഷീശ്വരൻ.

‘ഉന്നതി വരുത്തുവാനെത്രയും പരാധീനം
തന്നത്താനധോഗതിക്കെത്രയുമെളുപ്പമാം’


രണരാഘവനെല്ലൂരില്‍ പൊട്ടിച്ചിരികള്‍ക്കൊപ്പം ഈ വരികള്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു. പെരുങ്കാലനക്കി ഇളകിത്തുള്ളുന്ന ഭ്രാന്തനും, അയാളുടെ അട്ടഹാസങ്ങളും നിലയ്ക്കാത്ത ചങ്ങക്കിലുക്കം പോലെ മാറ്റൊലി കൊള്ളുന്നു. രായിരനെല്ലൂരില്‍ മറ്റൊരു തുലാം ഒന്ന്‌ കൂടി കടന്നു പോകുമ്പോള്‍ കാലം കനത്ത പെരുങ്കാലിലെ മന്ത്‌ മറ്റേക്കാലിലാക്കിയെന്ന്‌ മാത്രം.

പട്ടാമ്പിയില്‍ നിന്ന്‌ വളാഞ്ചേരിയിലേക്ക്‌ പോകുന്ന വഴി പാലക്കാട്‌ ജില്ലാതിര്‍ത്തിയിലാണ്‌ രായിരനെല്ലൂര്‍ എന്ന രണരാഘവനെല്ലൂര്‍. എല്ലാ വര്‍ഷവും തുലാമാസം ഒന്നാം തിയ്യതി നാറാണത്തു ഭ്രാന്തന്റെ പാവനസ്മരണയില്‍ പതിനായിരങ്ങള്‍ ഈ മല ചവിട്ടാനെത്തും. മലമുകളിലെത്തുന്നവര്‍ക്ക്‌, പണ്ട്‌ ഭ്രാന്തന്‌ ദര്‍ശനമരുളിയ ദേവി ശാന്തിദുര്‍ഗയുടെ തീര്‍ത്ഥസന്നിധാനം ദര്‍ശിക്കാം. ശില്‍പി സുരേന്ദ്രകൃഷ്ണന്റെ കരവിരുതില്‍ ഉരുവം കൊണ്ട നാറാണത്ത്‌ ഭ്രാന്തശില്‍പത്തിന്‌ മുന്നില്‍ കാലം നിഷ്പന്ദമായി നില്‍ക്കുന്നതു കാണാം. തിരക്കില്‍ നിന്നൊഴിഞ്ഞ്‌ നില്‍ക്കുന്ന വലിയ ചെങ്കല്ലുകളിലൊന്നില്‍ ചെന്നിരുന്നാല്‍ താഴെ വള്ളുവനാടിന്റെ ആകാശക്കാഴ്ചയില്‍ അഭിരമിക്കാം.

സാമൂഹ്യസമരസതയുടെ സോദ്ദേശ്യ പാഠങ്ങളുമായി പാടിപ്രചരിപ്പിക്കപ്പെട്ട ഐതിഹ്യപ്പഴമ തന്നെയാണ്‌ രായിരനെല്ലൂര്‍ മലകയറ്റത്തിന്റെ പിന്നാമ്പുറത്ത്‌. പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയാണ്‌ നാറാണത്തു ഭ്രാന്തന്‍. വാ കീറിയ ദൈവം ഇരയുമായി നാരായണമംഗലത്തെ കാരണവരുടെ രൂപത്തിലാണ്‌ ഉപേക്ഷിക്കപ്പെട്ട ആ കുട്ടിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്‌. ചെത്തല്ലൂരിലെ തൂതപ്പുഴക്കരയിലുള്ള ഇല്ലത്ത്‌ കുട്ടി സംരക്ഷിക്കപ്പെട്ടു. വേദാധ്യയനത്തിനായി പേര്‍പെറ്റ തിരുവേഗപ്പുറയിലെ അഴവേഗപ്പുറ (അഴോപ്ര) മനയിലെത്തിയ കുട്ടി നാറാണത്തു ഭ്രാന്തനായി അറിയപ്പെട്ടു. അധ്യയനത്തിന്റെ പരകോടിയില്‍ അറിഞ്ഞതും, അറിയേണ്ടതും, അറിയുന്നവനും, തേടുന്നവനുമെല്ലാം ഒന്നാണെന്ന തിരിച്ചറിവിന്റെ ഭ്രാന്ത്‌ (ശുദ്ധബോധം) സിരകളില്‍ പടര്‍ന്നു.

ആത്മതത്വത്തിന്റെ വെള്ളിവലാഹകള്‍ക്കിടയിലൂടെ പൊങ്ങുതടിപോലെ പറക്കുമ്പോള്‍ ജീവിതത്തിന്റെ പെരുങ്കാല്‍ ഭാരം താഴോട്ട്‌ വലിക്കുന്നതും കണ്ടറിഞ്ഞു. ആത്മീയോന്നതിയിലേക്ക്‌ അക്ഷീണപരിശ്രമത്തിന്റെ ഉരുളന്‍ കല്ലുകള്‍ രായിരനെല്ലൂര്‍ മലയുടെ മുകളിലേക്കെന്ന പോലെ ഉരുട്ടിക്കയറ്റി. മുകളിലെത്തിച്ച കല്ലുകള്‍ നിരത്തി വെച്ച്‌ താഴേക്ക്‌ തട്ടിയുരുട്ടി പെട്ടിച്ചിരിച്ചു. ഉയര്‍ച്ചയുടെ പാത ദുര്‍ഘടമെന്നും അധോഗതി എളുപ്പമെന്നും ഉറക്കെപ്പാടി. ചിതയില്‍ നിന്നൂരിയെടുത്ത തീക്കൊള്ളിച്ചൂടില്‍ അന്നം പചിച്ചു. ചുടലകാളിയുടെ തീത്തുള്ളിയാട്ടങ്ങള്‍ക്ക്‌ചിലങ്കകെട്ടി താളക്കൊഴുപ്പേകി.

വാത്സല്യത്തിന്റെ നറുംപാല്‍ നിഷേധിക്കപ്പെട്ട ഉണ്ണിഭ്രാന്തന്റെ മുന്നില്‍ മഹാമാതാവായ ശാന്തിദുര്‍ഗ പ്രത്യക്ഷമായി. അന്ന്‌ ഒരു തുലാം ഒന്നായിരുന്നത്രേ. ഇഷ്ടവരം വരിക്കാമെന്നായപ്പോള്‍ ഭ്രാന്തന്‍ പറഞ്ഞു ‘അമ്മേ, എന്റെ ഇടംകാലിലെ മന്ത്‌ വലംകാലിലാക്കിയാല്‍ നന്ന്‌.’ ഭൗതികസുഖത്തിന്റെ മന്ത്‌ മാറ്റിക്കളിയുമായി താഴെ കാലം തിളച്ചു മറിഞ്ഞൊഴുകുന്ന കാഴ്ച രായിരനെല്ലൂര്‍ മലയില്‍ നിന്നാല്‍ നമുക്കിന്നും കാണാം. ‘പരഹിതകരണം’ എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവായി നാറാണത്തു ഭ്രാന്തന്‍ കരുതപ്പെടുന്നു.

നാലരനൂറ്റാണ്ടായി മുടങ്ങാതെ നടക്കുന്ന പൂജാവിധികളോടെ ഈ വരരുചിപ്പഴമയുടെ കാവലാളുകളായി നില്‍ക്കുന്ന നാരായണ മംഗലത്ത്‌ ആമയൂര്‍ മനയിലെ ഭട്ടതിരിമാരോട്‌ സാംസ്കാരികകേരളം കടപ്പെട്ടിരിക്കുന്നു. പഴമയും, ഗരിമയും, പ്രസക്തിയും ചോര്‍ന്നു പോകാതെ ആധുനികതയുടെ ഈ ആസുരകാലത്തും ഇവിടെ എല്ലാ ഉപാസനാ പദ്ധതികളും മുടക്കം കൂടാതെ നടക്കുന്നു. നാറാണത്ത്‌ ഭ്രാന്തന്‍ ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റ്‌ എന്ന സംവിധാനം അതിനായി രൂപീകരിച്ചിരിക്കുന്നു. സാധാരണയായി സപ്താക്ഷരീ മൂലത്താലും മറ്റും ഉപാസിക്കാറുള്ള ദുര്‍ഗയെ ഇവിടെ പന്ത്രണ്ട്‌ അക്ഷരങ്ങളുള്ള മൂലമന്ത്രത്താല്‍ ഉപാസിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ ഉപാസനാരീതി കേരളത്തില്‍ പിന്നെ കരഗതമായിട്ടുള്ളത്‌ തിരൂര്‍ കല്ലൂര്‍ തിരുമേനിമാര്‍ക്ക്‌ മാത്രമാണ്‌. കാര്യസാദ്ധ്യത്തിനായി മലര്‍പ്പറ സമര്‍പ്പണവും, സ്ത്രീ സന്താന ലബ്ധിക്കായി ഓടം സമര്‍പ്പിക്കലും, പുരുഷജനനത്തിനായി കിണ്ടിയില്‍ നെയ്‌ നിറച്ചു സമര്‍പ്പിക്കലും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്‌. വൃശ്ചികത്തിലെ കാര്‍ത്തികനാളില്‍ വാരം(സമൂഹസദ്യ) നടത്തി വരുന്നു. ഇല്ലത്തെ മുതിര്‍ന്ന കാരണവരായ മധുസൂദനന്‍ ഭട്ടതിരിപ്പാടാണ്‌ ഇപ്പോഴത്തെ ട്രസ്റ്റ്‌ ചെയര്‍മാന്‍.

രായിരനെല്ലൂരിനും, തിരുവേഗപ്പുറക്കും ഇടയിലാണ്‌ ശ്രീ ഭ്രാന്താചലക്ഷേത്രമെന്ന ഗുഹാക്ഷേത്രം. ഉയര്‍ന്നു നില്‍ക്കുന്ന ഒറ്റക്കല്ലില്‍ അജന്ത, എല്ലോറ മാതൃകയില്‍ മാന്തിയുണ്ടാക്കിയ ഗുഹാമുഖങ്ങള്‍ ഇവിടെ കാണാം. കേരളത്തിലെ പ്രധാനപ്പെട്ട ഒരു ജൈനസങ്കേതമായി ചരിത്രകാരന്‍മാര്‍ ഈ പാറയെ കാണുന്നു. അപൂര്‍ണ്ണമായ ഈ ഗുഹകള്‍ അജന്താ ഗുഹകളെ ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും. മുകളിലെ ക്ഷേത്രത്തില്‍ ശിവനും, നാറാത്തുഭ്രാന്തനും ആരാധിക്കപ്പെടുന്നു. ഇവിടുത്തെ കാഞ്ഞിര മരത്തില്‍ ചുറ്റിക്കിടക്കുന്ന ഒരു തുരുമ്പിച്ച ചങ്ങല ആരോ ചങ്ങലക്കിടാന്‍ ശ്രമിച്ച ഭ്രാന്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്നു തോന്നും.

നാല്‍പത്‌ ഏക്കറോളം ഇപ്പോള്‍ വിസ്തൃതിയുള്ള രായിരനെല്ലൂര്‍ മലയുടെ പല ഭാഗവും അന്യാധീനപ്പെട്ട നിലയിലാണ്‌. ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഭാഗമായി ഇല്ലത്തിന്റെ സ്വത്തുക്കളും നഷ്ടമായി. തീ വിലക്ക്‌ മലഞ്ചെരിവ്‌ വാങ്ങിക്കൂട്ടിയവര്‍ മണ്ണിടിച്ച്‌ മല തന്നെ അപ്രത്യക്ഷമാക്കുമോ എന്ന സന്ദേഹത്തിലാണ്‌ തീര്‍ത്ഥാടകര്‍. പരിസ്ഥിതിപ്രവര്‍ത്തകരുടേയും, വിശ്വാസികളുടേയും പ്രതിഷേധഫലമായി ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ‘സ്റ്റോപ്പ്‌ മെമ്മോ’ കേട്ട്‌ പ്രവര്‍ത്തനം നിറുത്തിയ മണ്ണുമാന്തികള്‍ പക്ഷേ അധികദൂരം പോയിട്ടില്ല.

അമ്മയേയും, ഉണ്ണിഭ്രാന്തനേയും കണ്ട്‌ വണങ്ങി നിര്‍വൃതിയോടെ മലയിറങ്ങുന്നവര്‍ക്ക്‌ മുമ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഒരു ഫലകം തലയുയര്‍ത്തി നില്‍ക്കുന്നതു കണ്ടു. ‘പര്‍വ്വതങ്ങള്‍ ഭൂമിയുടെ ആണികളാണ്‌-പരിശുദ്ധ ഖുര്‍ ആന്‍.’ വിവാഹപ്രായമടക്കം വേദപുസ്തകത്തില്‍ പറഞ്ഞതും, പറയാത്തതും വള്ളിപുള്ളി വിടാതെ നടപ്പാക്കണമെന്ന്‌ ശഠിക്കുന്നവര്‍ ഈ വരികള്‍ വായിച്ചിരിക്കില്ലേ. അല്ലെങ്കിലും വേദങ്ങളെല്ലാം സൗകര്യമനുസരിച്ച്‌ വായിക്കുന്നവരുടെ കാലത്താണല്ലോ നാം.

കടപ്പാട് ശിവകുമാര്‍ പടപ്പയില്‍ ജൻമഭൂമി

No comments: