29/10/2013

ബാല ശാപങ്ങൾ – പ്രൊഫസർ മധു സൂധനൻ നായർ


ഞാൻ കെട്ടിയ കളി വീടെന്തിനിടിച്ചു തകർത്തൂ നീ
ഞാൻ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാൻ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാൻ വിട്ടു പറത്തിയ പട്ട മറുത്തതുമെന്തിനു നീ
ഞാൻ വിട്ടു പറത്തിയ പട്ട മറുത്തതുമെന്തിനു നീ

ഞാൻ കേൾക്കും കഥകളിൽ വന്നു മറുത്തു പറഞ്ഞില്ലേ
ഞാൻ വീശിയ വർണ്ണച്ചിറകു മൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയോ രൂഞ്ഞാൽപ്പാട്ടു മുറിച്ചു കളഞ്ഞില്ലേ
ഞാൻ നട്ടൊരു പിച്ചക വള്ളി കുഴക്കിയെറിഞ്ഞില്ലേ

കണ്‍ പൊത്തിച്ചെന്നുടെ വായിൽ കയ്പ്പും കനലും നീ വെച്ചൂ
കാണാതെ യടുത്തു മറഞ്ഞെൻ കാതിൽ നീ പേടികൾ കൂകി
ഒരു കാര്യം കാണിക്കാമെന്നതി ദൂരം പായിച്ചെന്നെ
കരി മുള്ളിൻ കൂടലിലാക്കി കരയിച്ചതു നീയല്ലേ

ദൈവത്തെ യടുത്തു വരുത്തി വരം തരുവിക്കാമെന്നോതി
തലയിൽ തീ ചട്ടിയുമേന്തി തുള്ളിച്ചതു നീയല്ലേ
അമ്മയെനിക്കാദ്യം തന്നൊരു തൻ മൊഴിയും പാട്ടും താളവും
എൻ കനവും വെച്ചൊരു ചെല്ലവും എങ്ങോ നീ കൊണ്ടു കളഞ്ഞു

മണലിട്ടെൻ മനസ്സു നിറച്ചു
മണമാളും കുളിരു മറച്ചു
പുലരിയിൽ മഷി കോരിയൊഴിച്ചു
പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി യൂതിയണച്ചു
അമ്പിളിയു മിറുത്തു കളഞ്ഞു

നീ തന്നതു പെരുകും വയറും
കുഞ്ഞിത്തല നരയും മാത്രം
നീ തന്നതു യന്ത്ര ത്തലയും
പൊട്ടുന്ന ബലൂണും മാത്രം

നാലതിരും ചുമലും മാത്രം
നാദത്തിനു യന്ത്രം മാത്രം
ഓടാത്ത മനസ്സുകൾ മാത്രം
ഒഴിവില്ലാ നേരം മാത്രം
മായുന്ന വെളിച്ചം മാത്രം
മാറാത്ത മയക്കം മാത്രം …..

ഇനി ഈ പ്രേതങ്ങൾ നിന്നെ പേടിപ്പിക്കട്ടെ
കണ്ണുകളിൽ കാളമിശേതം കൊത്തി വലിക്കട്ടെ
തീ വെയിലിൻ കടുവകൾ നിന്നെ കീറി മുറിക്കട്ടെ
കളി മുറ്റത്താരും നിന്നെ കൂട്ടാതാകട്ടെ

നിന്റെ പുറത്തീയാകാശം ഇടിഞ്ഞു പതിക്കട്ടെ
എന്നരുവി യതിൻ മീതേ പാഞ്ഞെങ്ങും നിറയട്ടെ
എന്നരുവി യതിൻ മീതേ പാഞ്ഞെങ്ങും നിറയട്ടെ

No comments: