03/10/2013

ടിപ്പു സുൽത്താൻ - ടിപ്പുവിന്റെ ജന്മദിനത്തില്‍ വായിച്ചിരിക്കേണ്ട ഒരു ലേഖനം..

ഇക്കഴിഞ്ഞ നവമ്പറില്‍ ഞാന്‍ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, ചില
ചിത്രങ്ങള്‍ എടുക്കാനായി സന്ദര്‍ശിയ്ക്കുകയുണ്ടായി. പൌരാണികത കൊണ്ട് മഹത്തായ ആ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ തന്നെ തകര്‍ന്നടിഞ്ഞ ചില ഗോപുര അവശിഷ്ടങ്ങള്‍ കണ്ടു. ചില അന്വേഷണങ്ങള്‍ക്കൊടുവില്‍ അത് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന അറിവു കിട്ടി.

ചെറുപ്പത്തില്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ധീരനായ സ്വാതന്ത്ര്യ പോരാളിയായാണ് ചിത്രീകരിച്ചിരുന്നത്. “മൈസൂര്‍ കടുവ” എന്ന അപരനാമത്തില്‍ അറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ വിവരിയ്ക്കുന്ന ടി.വി.സീരിയലും ഉണ്ടായിരുന്നു. (ഞാനതു കണ്ടിട്ടില്ല). എങ്കിലും മഹാനായ ഒരു ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ പറ്റി മനസ്സില്‍ സൂക്ഷിച്ച ചിത്രം.

ഏതായാലും തളിപ്പറമ്പിലെ “ചരിത്ര ശേഷിപ്പ്” കണ്ടപ്പോള്‍ ടിപ്പു സുല്‍ത്താന്റെ കേരള ആക്രമണങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം തോന്നി. അതിനു പറ്റിയ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചു നടന്നു. അപ്പൊഴാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ: എ. ശ്രീധരമേനോന്റെ “കേരള ചരിത്രം” ലഭിച്ചത്. പുസ്തകത്തിന്റെ പുരം ചട്ടയില്‍ പറയുന്നുണ്ട്:
“ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ നിര്‍മ്മിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണായകമാണ്.”

ഈ പ്രസ്താവം നല്‍കിയ ആത്മവിശ്വാസത്തോടെ ടിപ്പുവിന്റെ ആക്രമണകാലത്തെ പറ്റിയുള്ള ഭാഗം തിരഞ്ഞു. 21-ആം അധ്യായത്തില്‍ “മൈസൂര്‍ ആക്രമണം” എന്ന തലക്കെട്ടില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെ കേരള ആക്രമണങ്ങളെ പറ്റി വിവരിയ്ക്കുന്നുണ്ട്. വിവരണങ്ങളില്‍ കൃത്യത കുറവെങ്കിലും അതില്‍ ടിപ്പുവിന്റെ ഭാഗം ഇങ്ങനെ സംക്ഷേപിയ്ക്കാം:

1782 ഡിസംബറില്‍ ഹൈദരാലി അന്തരിയ്ക്കുന്നതിനു മുന്‍പ് കേരളത്തിലെ അധികാരം പുന:സ്ഥാപിയ്ക്കുന്നതിനായി പുത്രന്‍ ടിപ്പുവിനെ നിയോഗിച്ചിരുന്നു. എങ്കിലും പിതാവിന്റെ മരണം മൂലം, കിരീട ധാരണത്തിനായി അദേഹത്തിനു തിരികെ പോകേണ്ടി വന്നു.

1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടന്നു. വഴിയില്‍ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ കോഴിക്കോട്ടേയ്ക്ക് നീങ്ങി. (കേരള ചരിത്രം . പേജ്: 297.)

“തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ എന്നും ഇതേ പേജില്‍ തന്നെ കാണുന്നു.

എന്താണ് ആ ജനവിരുദ്ധ നയങ്ങള്‍? അതേ പേജില്‍ പറയുന്നു:
“ മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.പടിഞ്ഞാറെ കോവിലകത്തെ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ നായന്മാര്‍ 1788 നവമ്പറില്‍ കോഴിക്കോട് ആക്രമിച്ചു. ”

നായന്മാരെ ചെറുക്കാന്‍ കോഴിക്കോട്ട് ഒരു സൈന്യത്തെ നിര്‍ത്തിയിട്ട് ടിപ്പു വടക്കോട്ട് പോയി. അവിടെയും വലിയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കണ്ണൂര്‍ വച്ച് തന്റെ പുത്രന്‍ അബ്ദുള്‍ ഖാലിക്കും അറയ്ക്കല്‍ ബീബിയുടെ മകളും തമ്മിലുള്ള വിവാഹം കൊണ്ടാടി” (കേരള ചരിത്രം. പേജ്- 298 )

1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. 1789 ഡിസംബര്‍ 29 നു, 7000 ഭടന്മാരോടു കൂടി തിരുവിതാംകൂര്‍ അതിര്‍ത്തിയിലുള്ള “നെടുങ്കോട്ട” ആക്രമിച്ചെങ്കിലും തകര്‍ക്കാനായില്ല. തുടര്‍ന്ന് 1790 ഏപ്രില്‍ 15-ആം തീയതി കോട്ട ഭേദിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ പുരകോട്ടോടിച്ചു. വഴിനീളെയുള്ള കോട്ടകള്‍ കീഴടക്കി അദ്ദേഹം ആലുവയില്‍ താവളമടിച്ചു. ഇതിനിടെ കാലവര്‍ഷം ആരംഭിച്ചതിനാല്‍ പടനീക്കം നിര്‍ത്തിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നു.” (പേജ്- 298).

ഈ വായനയിലൊന്നും ടിപ്പുസുല്‍ത്താന്റെ യശസ്സിനെ ബാധിയ്ക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ടിപ്പുവിന്റെ അധിനിവേശം മലബാറിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയ്ക്ക് “നേട്ട”മുണ്ടാക്കിയതായും തുടര്‍ന്നുള്ള വായനയില്‍ ശ്രീധരമേനോന്‍ പറയുന്നു. ഒപ്പം ചില കോട്ടങ്ങളെ പറ്റിയും പറയുന്നുണ്ട്. അവയെല്ലാം ഇവിടെ വിവരിയ്ക്കുന്നില്ല.

ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്.

വായിച്ചു. ഞാന്‍ തേടിയതെല്ലാം അതിലുണ്ടായിരുന്നു.

ശ്രീധരമേനോന്‍ വിട്ടുകളഞ്ഞതോ പറയാനാഗ്രഹിയ്ക്കാത്തതോ ആയ ചരിത്ര സത്യങ്ങള്‍ ലോഗന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. അവയിലെ ചില ഭാഗങ്ങള്‍ മാത്രം (എല്ലാമെഴുതണമെങ്കില്‍ മറ്റൊരു ഗ്രന്ഥം രചിയ്ക്കേണ്ടി വരും) ഞാന്‍ ഇവിടെ പങ്കു വെയ്ക്കാം.

ടിപ്പു എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ചെറിയൊരു ഉദാഹരണം. ഹൈദരാലിയുടെ വിശ്വസ്ഥ സേവകനായിരുന്നു ഷേഖ് ആയാസ്. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിനിടയില്‍ ചിറയ്ക്കലില്‍ നിന്നും പിടിച്ച ഒരു നായര്‍ അടിമയായിരുന്നു, പിന്നീട് മതം മാറ്റപെട്ട ആയാസ്. ഇയാള്‍ സുല്‍ത്താന്റെ പ്രീതിയ്ക്കു പാത്രമായതിനെ തുടര്‍ന്ന് ചിത്തല്‍ ദുര്‍ഗ് പ്രദേശത്തിന്റെ സിവില്‍-മിലിട്ടറി ഗവര്‍ണറായി നിയമിച്ചു. കിട്ടുന്ന ഏതവസരത്തിലും പുത്രനെയും വളര്‍ത്തു പുത്രനെയും താരതമ്യം ചെയ്യാന്‍ സുല്‍ത്താന്‍ മടിച്ചില്ല. ഒരിയ്ക്കല്‍ ചില കൊള്ളമുതലുകള്‍ സ്വകാര്യമായി ദുരുപയോഗം ചെയ്തതിന് സുല്‍ത്താന്‍ മകനെ ശാസിച്ചിട്ട് ഇങ്ങനെ പറഞ്ഞു:

“സ്വന്തം മുതലാണ് സ്വകാര്യമായി നീ അപഹരിയ്ക്കുന്നതെന്നറിയാനുള്ള സാമാന്യബുദ്ധി പോലും നിനക്കില്ലാതായല്ലോ..! ഇങ്ങനെയുള്ള നിനക്കു പകരം ആയാസാണ് എന്റെ മകനായി പിറന്നിരുന്നതെങ്കില്‍ എന്റെ ഭാഗ്യമായിരുന്നു.”

ഏതായാലും പിതാവിനു ശേഷം അധികാരത്തില്‍ വന്ന ടിപ്പു ആദ്യം ചെയ്തത് ബെദനൂറിന്റെ ഗവര്‍ണറായി നിയമിക്കപെട്ട ആയാസിനെ തട്ടിക്കളയാന്‍ ഉപഗവര്‍ണര്‍ക്ക് രഹസ്യാജ്ഞ നല്‍കലാണ്. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് ആയാസ് രക്ഷപെട്ടു എന്നത് മറ്റൊരു കാര്യം.

എന്താണ് ശ്രീധരമേനോന്‍ പറഞ്ഞ “ജനവിരുദ്ധനയങ്ങള്‍”? വെറും ബഹുഭര്‍തൃത്വ പ്രശ്നം മാത്രമാണോ? നമുക്ക് ലോഗന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍ നോക്കാം.

“1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“

1788-ലെ ആക്രമണത്തിനുശേഷം തന്റെ സൈനികരെ കോഴിക്കോട്ട് നിര്‍ത്തി ടിപ്പു തിരികെ പോയതായാണ് ലോഗന്റെ സൂചന. ആ ഘട്ടത്തിലായിരുന്നു രവിവര്‍മ്മയുടെ നേതൃത്തിലുള്ള നായര്‍കലാപം. അതിനെ തുടര്‍ന്നാണ് ടിപ്പു വീണ്ടും 1789-ല്‍ മലബാറിലെത്തുന്നത്. ഇത്തവണ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയം (മലബാര്‍) മുതല്‍ പാലക്കാട് വരെയുള്ള നായര്‍ ജാതിക്കാരെ മുഴുവന്‍ തിരഞ്ഞു പിടിയ്ക്കാനും ഉന്മൂലനം ചെയ്യാനുമാണ് ടിപ്പു സൈന്യത്തിനു നല്‍കിയ കല്‍പ്പന എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്.

“കടത്തനാട്ട് രാജകുടുംബത്തിന്റെ ആസ്ഥാനമായി വര്‍ത്തിച്ച കുറ്റിപ്പുറത്തു വച്ചാണ് ടിപ്പുവിന്റെ സൈന്യം രണ്ടായിരം നായന്മാരെയും കുടുംബാംഗങ്ങളെയും, അവര്‍ ദിവസങ്ങളോളം പിടിച്ചു നിന്ന പഴയ കോട്ടയില്‍ വളഞ്ഞിട്ടത്. പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്ത ഗതി വന്നപ്പോള്‍ അവര്‍ “സ്വമേധയാ മുഹമ്മദന്‍ മതം സ്വീകരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു വഴങ്ങി. അല്ലെങ്കില്‍ അവരെ നിരബന്ധപൂര്‍വം മതം മാറ്റിയ്ക്കുകയും നാടു കടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും “ത്വക്ച്ഛേദനം” നടത്തുകയും തുടര്‍ന്ന് ഗോമാംസ സദ്യയില്‍ പങ്കെടുപ്പിയ്ക്കുകയും ചെയ്തു.“

ശ്രീധരമേനോന്‍ പറയുന്ന ബഹുഭര്‍തൃത്വത്തെ പറ്റിയുള്ള വിളംബരം ഇതാണ്:

“ ......ഇനിയങ്ങോട്ട് നിങ്ങള്‍ മറ്റു വഴിയില്‍ സഞ്ചരിയ്ക്കണം. അടങ്ങിയൊതുങ്ങി ജീവിയ്ക്കണം. രാജാവിനുള്ള കരം കൃത്യമായി അടയ്ക്കണം. നിങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരെ പ്രാപിയ്ക്കുക എന്ന ദുഷിച്ച സമ്പ്രദായമുള്ളത് അവസാനിപ്പിയ്ക്കണം. നിങ്ങള്‍ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും അനിയന്ത്രിതമായ ദുര്‍വൃത്തികള്‍ ചെയ്യാന്‍ അനുവദിയ്ക്കുന്നു. അങ്ങനെ നിങ്ങളെല്ലാം ജാര സന്തതികളത്രെ. ലൈംഗീക ബന്ധങ്ങളില്‍ മൃഗങ്ങളെക്കാള്‍ അധ:പതിച്ചവരാണ് നിങ്ങള്‍. ഈ നീചപ്രവര്‍ത്തികള്‍ നിങ്ങള്‍ ഉപേക്ഷിയ്ക്കുകയും ഇതര മനുഷ്യരെ പോലെ ജീവിയ്ക്കുകയും ചെയ്യണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ കല്പനകള്‍ അനുസരിയ്ക്കതിരുന്നാല്‍ നിങ്ങളെ ഒന്നടങ്കം ഇസ്ലാം മതാവലംബികളാക്കി ബഹുമാനിയ്ക്കാനും നിങ്ങളുടെ നാട്ടു മുഖ്യന്മാരെ മുഴുവന്‍ എന്റെ ഗവണ്മെന്റ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് തെര്യപ്പെടുത്തുന്നു.”

1790-ല്‍ പാലക്കാട് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയ ശേഷം അവിടെ നിന്നു ലഭിച്ച ഒരു കല്പനയുടെ കൈയെഴുത്തു പ്രതിയില്‍ പറയുന്നത്:

“പ്രവിശ്യയിലെ ഓരോരുത്തരെയും സ്ത്രീ പുരുഷ വക ഭേദമില്ലാതെ, ഇസ്ലാം മതത്തിലേയ്ക്ക് കൊണ്ടുവന്ന് അനുഗ്രഹിയ്ക്കണം. ഈ ബഹുമതി സ്വീകരിയ്ക്കാതെ ഒളിച്ചോടി പോകുന്നവരുടെ പാര്‍പ്പിടങ്ങള്‍ ചുട്ടു നശിപ്പിയ്ക്കുകയും അവരെ തേടിപിടിച്ച് നല്ലതോ ചീത്തയോ ആയ ഏതു മാര്‍ഗം പ്രയോഗിച്ചും സാര്‍വത്രികമായ മതപരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതാണ്.“

1790 മാര്‍ച്ച് 26 രാത്രി ടിപ്പുവിന്റെ ആക്രമണം ഭയന്ന് ചിറയ്ക്കല്‍ രാജാവ് ഒളിച്ചോടി. തുടര്‍ന്ന്, സുല്‍ത്താന്റെ സന്നിധിയില്‍ നേരിട്ടു ഹാജരായാല്‍ ആപത്തു സംഭവിയ്ക്കില്ല എന്ന വാഗ്ദാനം വിശ്വസിച്ച് അദ്ദേഹം അങ്ങനെ ചെയ്തത്രെ. ടിപ്പു അദ്ദേഹത്തെ ഉപദ്രവിയ്ക്കാതെ വിട്ടു എന്നും പറയുന്നു. ഏതായാലും അല്പദിവസത്തിനകം ടിപ്പുവിന് മനം മാറ്റം വരുകയും ചിറക്കല്‍ കൊട്ടാരം ആക്രമിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജാവിന്റെ ശരീരം ആനകളെ കൊണ്ട് വലിച്ചിഴച്ച് തന്റെ ക്യാമ്പില്‍ കൊണ്ടു പോകുകയും, ജീവനോടെ പിടിയ്ക്കപെട്ട 17 നായന്മാരോടൊപ്പം കെട്ടിതൂക്കുകയും ചെയ്തു.

സഞ്ചാരിയായ ബര്‍ത്തോലോമിയോ ടിപ്പുവിന്റെ പടയൊരുക്കത്തെ പറ്റി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കുന്നുണ്ട്.

”തന്റെ എല്ലാ കടന്നാക്രമണങ്ങള്‍ക്കും ടിപ്പു സൈന്യങ്ങളെ അണിനിരത്തുന്നത് ഒരു നിശ്ചിതരൂപത്തിലായിരുന്നു. ആദ്യം മുപ്പതിനായിരം ഭീകരന്മാരുടെ ഒരു കൊലയാളി സംഘം. തങ്ങളുടെ വഴിയില്‍ കണ്ട എല്ലാവരെയും ഈ ഭീകരന്മാര്‍ കശാപ്പ് ചെയ്തു. തൊട്ട് പിറകേ ആനപ്പുറത്തു കയറി ടിപ്പു. അതിനു പിറകേ മറ്റൊരു മുപ്പതിനായിരം പേര്‍ വരുന്ന കാലാള്‍ പട. ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട്ട് അയാള്‍ അമ്മമാരെ കഴുവില്‍ കേറ്റി കൊല്ലുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തില്‍ കെട്ടി ഞാത്തുകയും ചെയ്തിരുന്നു. ആനകളുടെ കാലിനു കെട്ടി നഗ്നരാക്കിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളെയും വഴിനീളെ വലിച്ചിഴച്ച് കൊണ്ടുപോയി. ക്രിസ്ത്യന്‍-ഹിന്ദു സ്ത്രീകളെ മുഹമ്മദീയര്‍ക്കു നിര്‍ബന്ധ വിവാഹം ചെയ്തു കൊടുത്തു. കണ്ണില്‍ ചോരയില്ലാത്ത ജനമര്‍ദകന്റെ മുന്‍പില്‍ നിന്ന്‍ ജീവനും കൊണ്ടോടിയ ക്രിസ്ത്യന്‍-ഹിന്ദു അഭയാര്‍ത്ഥികളില്‍ നിന്നാണ് ടിപ്പു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ അഭയാര്‍ത്ഥികളെ വേറാപൊളി പുഴ കടക്കുന്നതിന് ബര്‍ത്തോലോമിയോ നേരിട്ട് സഹായിയ്ക്കുകയുണ്ടായി. അങ്ങനെ ചെയ്തതിന് ബര്‍ത്തോലോമിയോ താമസിയ്ക്കുന്നതിന് അടുത്ത് ചെന്ന് മൈസൂര്‍ കൊലയാളി സംഘം തിരക്കുകയുണ്ടായി. അപ്പോഴേയ്ക്കും സഞ്ചാരി അവിടെ നിന്നും വഴിമാറി പോയിരുന്നു. ”:
“വോയേജ് ടു ഈസ്റ്റ് ഇന്‍ഡീസ്” എന്ന ഗ്രന്ഥത്തിലാണിത് വിവരിച്ചിരിയ്ക്കുന്നത്.

മേല്‍ക്കൊടുത്ത വിവരങ്ങളെല്ലാം വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയതാണ്. അക്കാലത്തെ ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ പഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളെല്ലാം അവരുടെ കണ്ണിലൂടെ ഉള്ളതാണ്. ടിപ്പു ആക്രമിച്ച പ്രദേശങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ കൊള്ളയടിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്തു. ടിപ്പുവിന്റെ മതധ്വംസനം സ്പഷ്ടമായിരിയ്ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്. 1790 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുവിന്റെ കുറെ ആള്‍ക്കാരെ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ചിരുന്നു. ആ കൂട്ടത്തില്‍ ഒരു ബ്രാഹ്മണനും ഉള്‍പെട്ടിരുന്നു..!

ചിന്നിചിതറികിടന്ന മലബാര്‍ ഏകീകരിയ്ക്കപെട്ടു എന്നത് മൈസൂര്‍ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്. തുടര്‍ന്നു വന്ന ബ്രിട്ടീഷ് ഭരണത്തിലും അതു തുടര്‍ന്നു. എന്നാല്‍ ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്. പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു.

അന്നത്തെ സാമൂഹ്യക്രമത്തില്‍ നാടുവാഴികളായിരുന്ന നായന്മാരും മറ്റു സവര്‍ണരും സാധാരണക്കാരായ അവര്‍ണരോടും മുസ്ലീങ്ങളോടും തികഞ്ഞ അനീതിയും അക്രമങ്ങളുമായിരുന്നു നടത്തിയിരുന്നത്. ഒരു പക്ഷെ ഇതാവം ടിപ്പുവിന്റെ നായര്‍ വിരോധത്തിന്റെ അടിസ്ഥാനം. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. പിന്നാലെ വന്ന ബ്രിട്ടീഷ് അധിനിവേശം ടിപ്പുവിന്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ സഹിഷ്ണുതയുള്ളതും കുറേ കൂടി നീതിബോധമുള്ളതുമായിരുന്നു എന്നും കാണാം.
ഏതായാലും ടിപ്പു സുല്‍ത്താനെ ഒരു മഹാനായ “സ്വാതന്ത്ര്യപോരാളി”യായി കാണാന്‍ എനിയ്ക്കാവുന്നില്ല.

കടപ്പാട് :മിനി ബിജുകുമാര്‍

No comments: