11/10/2013

ആരാണ് ബ്രാഹ്മണന്‍ ?


ആരാണ് ബ്രാഹ്മണന്‍ ? ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന്‍ ആകുമോ ? 2 രൂപയ്ക്ക് കിട്ടുന്ന പൂണ്നൂല് ശരീരത്തില്‍ അണിഞ്ഞാല്‍ ബ്രാഹ്മണന്‍ ആകുമോ ?കുറെ മന്ത്രങ്ങള്‍ കാണാതെ പഠിച്ച് .. ദക്ഷിണ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങിച്ച്.. സഹജീവികളെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ ബ്രാഹ്മണരാണോ ? അല്ലേ.... അല്ല

"ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ്" എന്നാണ് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത് .. നിര്‍ഭാഗ്യവശാല്‍ ഇതു എപ്പോഴും ഹിന്ദു മതത്തെ പഴി ചാരാനാണ് യുക്തിവാദികളും മറ്റ് പല മത നേതാക്കളും ഉപയോഗിച്ചിട്ടുള്ളത് . എന്നാല്‍ ഈ വാക്യത്തിന്‍റെ യഥാര്ത്ഥ പൊരുള്‍ ആരും അറിയുന്നില്ല .. അറിയാന്‍ ശ്രമിക്കാറില്ല അതിനാല്‍ ഈ വാക്യം സനാതന ധര്‍മ്മത്തെയും അതിലൂടെ ഭാരത സംസ്കാരത്തെയും എതിര്‍ക്കുന്നവര്‍ക്ക് അവരുടെ ആശയങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും അത് വഴി അവരില്‍ തെറ്റിധാരണകളുടെ വിത്തുകള്‍ പാകാനും സഹായകമാകുന്നു

ചാതുര്‍വര്‍ണ്യം എന്നാല്‍ നാല് ജാതി എന്നല്ല ഭൂമിയില്‍ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങള്‍ ആണ്

1) സത്വഗുണം

സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍ .. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്‍മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

2) സത്വഗുണം + രജോഗുണം

ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുന്‍കോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേര്‍ന്നവര്‍ ആണ് ക്ഷത്രിയര്‍ .. ഏതൊരു നല്ല ഭരണകര്‍ത്താവും ജാതി വര്‍ണ്ണ മത ഭേദമെന്യേ ക്ഷത്രിയന്‍ ആണ്

3) രജോഗുണം + തമോഗുണം

ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാര്‍ത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേതമെന്യേ വൈശ്യന്‍ ആണ്

4) തമോഗുണം

അസത്യ ഗുണങ്ങള്‍ അടങ്ങിയവര്‍ ആണ് ശൂദ്രന്‍മാര്‍ , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തില്‍ ഉള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാര്‍ ആണ് അവരെ തൊട്ടാല്‍ എന്നല്ല തീണ്ടിയാല്‍ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിന്‍റെ അടുത്ത് കൂടിയുള്ള പാതകളില്‍ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ

എന്നാല്‍ കലികാലത്തിന്റെ മൂര്ചാവസ്ഥയില്‍ പല ബ്രാഹ്മണരായി പിറന്നവരും വൈശ്യന്‍മാരവുകയും പണത്തില്‍ മുങ്ങിക്കിടന്ന് അലസന്മാരായി സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ സുഹലോലുപന്മാരായി " കട്ടിലില്‍ ഏറി മുറുക്കി വെടി പറഞ്ഞ് ഒട്ടുമയങ്ങിടും ആലസ്യം" എന്ന് പണ്ടു കൃഷ്ണ വാരിയര്‍ പറഞ്ഞ പോലെ ജീവിക്കുകയും , ചിലര്‍ സഹജീവികളെ ഒന്നായി കാണാതെ അവരെ തലങ്ങും വിലങ്ങും ഉപദ്രവിച്ചും ദുഷ് കര്‍മങ്ങള്‍ ചെയ്തും ശൂദ്രന്മാര്‍ ആകുകയും ചെയ്തു .

എങ്കിലും അവരുടെ മാതാ പിതാക്കള്‍ കാരണവും കുടുംബ മഹിമ കാരണവും അവര്ക്കു സമൂഹത്തില്‍ ബ്രാഹ്മണരുടെ സ്ഥാനം ലഭിക്കുകയും പിന്നീട് അവരുടെ സന്തതികള്‍ക്കും സ്വന്തം തമോ ഗുണം പറഞ്ഞ് കൊടുക്കുകയും അങ്ങനെ കാലക്രമേണ ഭാരതത്തില്‍ നിരവധി ബ്രാഹ്മണ ക്ഷത്രിയ , ബ്രാഹ്മണ വൈശ്യ ബ്രാഹ്മണ ശൂദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്തു .

അതുപോലെ തന്നെ പല ശൂദ്ര കുടുംബങ്ങളിലും ബ്രാഹ്മണ ചിന്താഗതി ഉള്ളവര്‍ ഉടലെടുക്കുകയും അവരെ മുഴുവന്‍ ബ്രാഹ്മണ ശൂദ്രന്മാര്‍ അടിച്ചമര്‍ത്തിയപ്പോള്‍....അല്ലെങ്ങില്‍ ജന്മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ കര്‍മ്മം കൊണ്ടു ബ്രാഹ്മണര്‍ ആയവരെ അടിച്ചമര്‍ത്തിയപ്പോള്‍... ഭഗവാന്‍ പണ്ടു പാര്‍ത്ഥനോട് പറഞ്ഞതു ശരി വച്ച് കൊണ്ടു .. ഇവിടെ ജന്മിത്വത്തിന് എതിരെ പലരും അവതരിക്കുകയും അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു.

എങ്കിലും നിര്‍ഭാഗ്യ വശാല്‍ ഇന്നും നമ്മുടെ നാട്ടില്‍ കര്‍മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ തീരെ വിരളം ആണ് . എവിടെയും ബ്രാഹ്മണ വൈശ്യന്മാരും ബ്രാഹ്മണ ശൂദ്രന്മാരും തന്നെ .ഗണപതിയുടെ ജന്മനാള്‍ പോലും അറിയാതെ പലരും മഹാക്ഷേത്രങ്ങളുടെ തന്ത്രി ആയി അഹങ്കരിക്കുന്നു , മഹാ ഗണപതി ഹോമം വരെ നടത്തുന്നു. ജീവിതത്തില്‍ ഒരു തവണ പോലും ഗായത്രി മന്ത്രം ഉരുവിടാത്തവര്‍ പല അമ്പലങ്ങളിലും പൂജാരിമാരായി വിലസുന്നു എന്നത് എല്ലാം ബ്രാഹ്മണ ശൂദ്രന്മാരുടെ കേളി രംഗത്തിനു ചില ഉദാഹരണങ്ങള്‍ മാത്രം

ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന്‍ , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ശൂദ്ര ബ്രാഹ്മണന്‍ മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം

ഇതൊക്കെ ആണെങ്ങിലും ബ്രാഹ്മണര്‍ ആയി പിറന്ന് ബ്രാഹ്മണര്‍ ആയി കര്‍മങ്ങള്‍ അനുഷ്ടിച്ചു , ബ്രാഹ്മണര്‍ ആയി മരിച്ച എത്രയോ നല്ല മനുഷ്യരും ഈ ഭാരതത്തില്‍ ജീവിച്ചിരുന്നു

നമുക്കു പ്രാര്‍ഥിക്കാം ഭാരതത്തില്‍ അങ്ങനെ ഉള്ള ബ്രാഹ്മണരുടെ എണ്ണം കൂടട്ടെ .. അങ്ങനെ ഉള്ള ബ്രാഹ്മണ മേധാവിത്വം വരട്ടെ ( അങ്ങയുടെ രാജ്യം വരേണമേ എന്ന് ക്രിസ്തു മത വിഭാഗക്കാര്‍ പറയുന്നതു പോലെ ) .. ബ്രാഹ്മണ ശൂദ്രന്മാരെ എന്നെന്നേയ്ക്കുമായി നമുക്കു ക്ഷേത്രങ്ങളില്‍ നിന്നു പുറത്താക്കാം .. പകരം ശൂദ്ര ബ്രാഹ്മണന്‍മാരെ പരിഗണിക്കാം .. എങ്ങിനെ വന്നാലും ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമെ ക്ഷേത്രത്തില്‍ പൂജകന്മാരായി വരാന്‍ അവകാശം ഉള്ളു .. ജന്മം കൊണ്ടു അല്ല കര്‍മം കൊണ്ടു വേണം ബ്രാഹ്മണന്‍ ആവാന്‍ ...


1 comment:

Anonymous said...

വ്യാസനാണോ വേദങ്ങൾ എഴുതിയത്.?
വേദങ്ങൾ വ്യസിച്ചവനല്ലേ
വേദ വ്യാസൻ