08/10/2013

അഗ്നിഹോത്രിയുടെ ഇല്ലം എന്ന് വിശ്വസിക്കപെടുന്ന തൃത്താല വേമഞ്ചേരി മനയ്ക്കു പ്രായം 1400 വര്‍ഷം


"പറയി പെറ്റ പന്തീരുകുലത്തിലെ അഗ്നിഹോത്രിയുടെ ഇല്ലം എന്ന് വിശ്വസിക്കപെടുന്ന തൃത്താല വേമഞ്ചേരി മനയ്ക്കു പ്രായം 1400 വര്‍ഷം. കാര്‍ബണ്‍ ഡേറ്റിംഗ് എന്ന ശാസ്ത്രീയ പരിശോധന വഴിയാണ് ഈ കണ്ടെത്തല്‍.
ഇതോടെ തൃത്താല വേമഞ്ചേരി മന കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണ ഗൃഹം എന്ന ബഹുമതി സ്വന്തമാക്കുകയാണ്..!!

"വരരുചിയുടെ ചാത്തമൂട്ടാന്‍ ഭീഷ്മാഷ്ടമി നാളില്‍ പന്തീരുകുല സഹോദരങ്ങള്‍ ഒത്തുകൂടിയിരുന്നത് ഈ വേമഞ്ചേരി മനയില്‍ ആയിരുന്നത്രേ .കേരളീയ വാസ്തു സങ്കല്പം ഇവിടെ അല്‍പ്പം വഴിമാറുന്നു .വാസ്തു വിദ്യയും തച്ചു ശാസ്ത്രവും സമന്വയിക്കുന്ന ഒരു നാലുകെട്ട്; പക്ഷെ യജ്ഞ ശാലയുടെ കണക്കും പരിപാവനത്വവും . ഇല്ലത്തെ മരപ്പണികളെല്ലാം ഉളിച്ചെത്താണ്. ഒരു പക്ഷെ ആശാരിമാര്‍ ചിന്തേരിടുന്ന വിദ്യ കണ്ടെത്തും മുന്‍പായിരിക്കണം ഇവിടത്തെ മരപ്പണി..!!

"പടിഞ്ഞാറ്റയില്‍ ശാന്ത സ്വരൂപയായ ഭഗവതി , നടുമുറ്റത്തു ദുര്‍ഗ്ഗ , ഭദ്രകാളി ,കൃഷ്ണകാളി എന്ന സങ്കല്പ്പ പ്രതിഷ്ടകള്‍ . ക്ഷേത്ര പരിശുദ്ധി പൂര്‍ണ്ണമായും നിലനിര്‍ത്താന്‍വേമഞ്ചേരി മനക്കാര്‍ ഏറെക്കാലംമുന്‍പുതന്നെ അടുത്തുള്ള പത്തായപ്പുരയിലേക്ക് താമസം തുടങ്ങി..!!

"കാര്‍ബണ്‍ അടങ്ങിയിട്ടുള്ള വസ്തുവിന്റെ പ്രായം അതിലെ കാര്‍ബണ്‍ -14 ന്റെ അളവ് ഉപയോഗിച്ചു നിര്‍ണ്ണയിക്കുന്ന രീതിയാണ് " കാര്‍ബണ്‍ ഡേറ്റിംഗ്". കാര്‍ബണ്‍ അടങ്ങുന്ന പുരാവസ്തു ( ഇവിടെ മരക്കഷണം ) കത്തിച്ചു അതിലെ കാര്‍ബണെ വേര്‍തിരിക്കലായിരുന്നു പരിശോധനയിലെ ഒന്നാം ഘട്ടം . രണ്ടാം ഘട്ടത്തില്‍ ഗേജര്‍ കൗണ്ടര്‍ ഉപയോഗിച്ച് അതിലെ ബീറ്റാ കിരണ ആക്ടിവിറ്റി കണ്ടെത്തി . അതു സമകാലീന ജീവശരീരത്തിലെ കാര്‍ബണ്‍ ആക്റ്റി വിറ്റിയുമായി താരതമ്യപ്പെടുത്തിയാണ് അഗ്നിഹോത്രി ഇല്ലത്തെ മരകഷണത്തിനു പ്രായം 1400 കൊല്ലം എന്ന് കണ്ടെത്തിയത് . 5000
വര്‍ഷം വരെ പഴക്കമുള്ള വസ്തുക്കളുടെ പ്രായം ഈ രീതിയില്‍ കണ്ടെത്താമെത്രേ..!!

No comments: