03/09/2013

സത്യാന്വേഷണത്തിന്റെ ഏഴു പടികള്‍


ഈ വിവേകപ്രജ്ഞയുടെ ഉദയം ഏഴു പടികളില്‍ അനുക്രമമായിട്ടാണുണ്ടാകുന്നത്. 

അതില്‍ ഒന്നിന്റെ ഉദയം കാണുമ്പോള്‍ത്തന്നെ നമുക്കു വിവേകഖ്യാതി ഉദിച്ചുതുടങ്ങിയെന്ന് അനുഭവമാകുന്നു. ഇതില്‍ ഒന്നാമതായി ആവിര്‍ഭവിക്കുന്നത്, അറിയേണ്ടതറിഞ്ഞുകഴിഞ്ഞു (ജിജ്ഞാസാനിവൃത്തി) എന്നാണ്. മനസ്സു പിന്നീടു ജിജ്ഞാസനിമിത്തം അശാന്തമാവുന്നില്ല. ജ്ഞാനത്തിനു ദാഹിക്കുമ്പോള്‍ നാം അങ്ങുമിങ്ങും അന്വേഷിച്ചുതുടങ്ങും, അല്പമെങ്കിലും സത്യം ലഭിക്കുമെന്നു തോന്നുന്നിടത്തെല്ലാം തേടിച്ചെല്ലും. അങ്ങനെ കിട്ടാതെ വരുമ്പോള്‍ അതൃപ്തരായി വേറെ വഴിക്ക് അന്വേഷണം തുടങ്ങും. നാം തേടുന്ന ജ്ഞാനം നമ്മളില്‍ത്തന്നെയാണെന്നും സ്വപ്രയത്‌നംകൊണ്ടല്ലാതെ പരസഹായത്താല്‍ ലഭ്യമല്ലെന്നും ബോധിക്കാത്ത കാലത്തോളം ഈ അന്വേഷണങ്ങളെല്ലാം വ്യര്‍ത്ഥം. ആത്മാനാത്മവിവേകം ശീലിച്ചുതുടങ്ങുമ്പോള്‍ ജിജ്ഞാസാ നിമിത്തമായ അശാന്തി നിലയ്ക്കും. അതാണു സത്യത്തെ സമീപിക്കുന്നതിന്റെ പ്രഥമലക്ഷണം. സത്യം കണ്ടെത്തിയെന്നും അതു സത്യമല്ലാതെ മറ്റൊന്നുമല്ലെന്നും നമുക്കപ്പോള്‍ ദൃഢനിശ്ചയംവരും. വിവേകസൂര്യന്‍ ഉദിച്ചുതുടങ്ങിയെന്നും പ്രഭാതം സമാഗതമായി എന്നും നാം അപ്പോള്‍ അറിയും. അതില്‍നിന്നു ധൈര്യം നേടി ലക്ഷ്യപ്രാപ്തിവരെ ദൃഢപ്രയത്‌നം ചെയ്യണം. 

രണ്ടാമത്തെ ഭൂമിക, ഹേയമായ സര്‍വ്വദുഃഖങ്ങളുടേയും ആത്യന്തികനിവൃത്തി (ജിഹാസാനിവൃത്തി); ജഗത്തില്‍ ബാഹ്യാഭ്യന്തരങ്ങളായ യാതൊന്നിനും നമ്മെ ക്ലേശിപ്പിക്കുവാന്‍ വയ്യ. 

മൂന്നാമത്, സംപൂര്‍ണ്ണജ്ഞാനപ്രാപ്തി (പ്രേപ്‌സാനിവൃത്തി); അതോടുകൂടി നാം സര്‍വ്വജ്ഞന്മാരായി. 

നാലാമത്, വിവേകഖ്യാതിലാഭത്താല്‍ സര്‍വ്വകര്‍ത്തവ്യങ്ങളില്‍നിന്നും ആത്യന്തിക നിവൃത്തി (ചികീര്‍ഷാനിവൃത്തി). 

ഇനി വരുന്നതു (മൂന്നും) ചിത്തവിമുക്തി. എല്ലാത്തരത്തിലുള്ള കഷ്ടപ്പാടുകളും പ്രയത്‌നങ്ങളും മനശ്ചാഞ്ചല്യങ്ങളും അസ്തമിച്ചിരിക്കുന്നുവെന്നും, മലമുകളില്‍നിന്നുരുണ്ട് അടിവാരത്തിലെത്തിയ കല്ലു വീണ്ടും ഉയരാത്തതുപോലെ ശോകങ്ങളൊന്നും ഇനി ഉത്ഥാനം ചെയ്യുകയില്ലെന്നും നമുക്കപ്പോള്‍ അനുഭവമാകുന്നു (ശോകനിവൃത്തി). 

ആറാമത്, നമ്മുടെ ഇച്ഛാനുസരണം ഏതു സമയത്തും ചിത്തം അതിന്റെ കാരണത്തില്‍ വിലയിക്കുമെന്നു സ്വാത്മനാ ദര്‍ശിക്കല്‍ (ഭയനിവൃത്തി) 

ഏഴാമത്, നാം, ആത്മസ്വരൂപത്തില്‍ പ്രതിഷ്ഠിതമായെന്നും, പ്രപഞ്ചത്തിലെവിടെയും നാം അസംഗരായിരുന്നുവെന്നും, ദേഹത്തിനോ മനസ്സിനോ നമ്മളോട് ഒരു കാലത്തും ചേര്‍ച്ചയോ ചാര്‍ച്ചപോലുമോ ഉണ്ടായിട്ടില്ലെന്നും സാക്ഷാത്ക്കരിക്കല്‍ (സകലവികല്പനിവൃത്തി) അവയെല്ലാം യഥാപ്രകൃതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, നാം അവിവേകം നിമിത്തം അവയോടു സംബന്ധിക്കുകയാണ് ചെയ്തത്. വാസ്തവത്തില്‍ നാം കേവലന്മാരും സര്‍വ്വശക്തന്മാരും സര്‍വ്വവ്യാപികളും നിത്യാനന്ദസ്വരൂപികളുമാണ്. നമ്മുടെ ആത്മസ്വരൂപം സ്വയമേവ പരിശുദ്ധവും പരിപൂര്‍ണ്ണവുമാണ്. അതിന് ഒരിക്കലും അന്യസഹായം വേണ്ടിയിരുന്നില്ല. നമ്മെ ആനന്ദിപ്പിക്കാന്‍ മറ്റൊന്നും വേണ്ട, നാംതന്നെ ആനന്ദസ്വരൂപമാണ്. ഈ ജ്ഞാനം നിരപേക്ഷമാണെന്നും നമുക്കനുഭവമാകും. നമ്മുടെ ജ്ഞാനത്താല്‍ പ്രകാശിതമാകാത്ത യാതൊന്നും ജഗത്തിലുണ്ടാവില്ല. ഇതാണ് അവസാനത്തെ ഭൂമിക. ഇതില്‍ യോഗി പരമശാന്തനും സമാധാനപൂര്‍ണ്ണനുമാകുന്നു. സര്‍വ്വദുഃഖങ്ങളില്‍നിന്നും എന്നെന്നേയ്ക്കുമായി നിവര്‍ത്തിക്കുന്നു. പിന്നീടൊരിക്കലും അയാള്‍ മോഹിക്കുന്നില്ല. യാതൊരു ക്ലേശവും അയാളെ സ്പര്‍ശിക്കുന്നില്ല. താന്‍ സദാനന്ദനും നിത്യപരിപൂര്‍ണ്ണനും സര്‍വ്വശക്തനുമാണെന്നു യോഗിക്ക് അനുഭവപ്പെടുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 323-325]

No comments: