03/09/2013

ഈശ്വരന്റെ കയ്യിലെ ഉപകരണമാകണം


ആ പെന്‍സില്‍ ഫാക്ടറി ഉടമയ്ക്ക് ഒരു പ്രത്യക സ്വഭാവമുണ്ട്. പെന്‍സില്‍ മാര്‍ക്കറ്റിലേക്ക് അയയ്ക്കുന്നതിനുമുമ്പ് അദ്ദേഹം അതില്‍ നിന്നൊരു പെന്‍സില്‍ എടുക്കും, എന്നിട്ട് അതിനോട് സംസാരിക്കും.
“നീ എന്റെ കുഞ്ഞാണ്. ഇന്നുമുതല്‍ നീ മറ്റുള്ളവരുടെ കൈയ്യിലേക്ക് പോകുന്നു. അതുകൊണ്ട് രണ്ടു കാര്യങ്ങള്‍ നിനക്ക് ഞാന്‍ പറഞ്ഞു തരാം, മറക്കരുത്.”

“ഒന്ന്, ആരുടെയെങ്കിലും കൈയ്യില്‍ ഇരിക്കുമ്പോല്‍ മാത്രമേ നിനക്ക് വിലയുള്ളു. വെറുതെ മേശയ്ക്കകത്തിരുന്നാല്‍ നിന്റെ ജന്മം പാഴാകും.”

“രണ്ട്, നിന്നെ വാങ്ങുന്നവന്‍ ഇടയ്ക്കിടയ്ക്ക് മൂര്‍ച്ചയുള്ള ബ്ലേഡുകൊണ്ട് ചെത്തും, നിനക്ക് നോവും. പക്ഷേ, നീ എതിര്‍ക്കരുത്, കരയരുത്, സഹായിക്കണം. നിന്നെ കുറേകൂടി ഉപയോഗിക്കാനാണ് അദ്ദേഹം അത് ചെയ്യുന്നത്, നിന്നെ ഉപദ്രവിക്കാനല്ല.”

പെന്‍സിലിനോടുള്ള ഈ ഉപദേശം നമുക്കും ബാധകമാണ്.

ഈശ്വരനെന്ന യജമാനന്റെ കൈയ്യിലെ ഉപകരണമായാലേ നമുക്ക് വിലയും നിലയും ഉള്ളൂ. വെറുതെ ജനിച്ചു, ഉണ്ട്, ഉറങ്ങി, മരിച്ചു – അങ്ങനെയായാല്‍ എന്തു കാര്യം? അതുകൊണ്ട് ഈശ്വരന്റെ കൈയ്യിലെ ഉപകരണമാകുക. ആ തൃകൈയില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ നമുക്ക് വിഷമങ്ങളെന്നു തോന്നിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകാം. അത് നമ്മെ കുടുതല്‍ നന്നായി ഉപയോഗിക്കുന്നതിനു വേണ്ടി ഈശ്വരന്‍ ചെത്തിമിനുക്കി കൂര്‍പ്പിക്കുന്നതാണ്. അതും സസന്തോഷം സ്വീകരിക്കുക. നല്ലൊരു നാളെ നമുക്കായി ദൈവം ഒരുക്കുകയാണെന്ന് മനസ്സിലാക്കുക. അതിന്റേതാണീ വേദനകള്‍.

No comments: