04/09/2013

ഹിന്ദുത്വം – മാറ്റവും മുന്നേറ്റവും


ജാതി വ്യത്യാസങ്ങള്‍കൊണ്ട്‌ വേര്‍തിരിക്കപ്പെട്ട ആത്മവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങി ജീര്‍ണ്ണിച്ച്‌ ചലനമറ്റു കിടന്നിരുന്ന കേരളത്തിലെ ഹിന്ദു സമഹൂത്തെ ചലനാത്മകമാക്കിയത്‌ 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന സാമൂഹ്യനവോത്ഥാനമായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മന്നത്ത്‌ പത്മനാഭന്‍, മഹാത്മ അയ്യങ്കാളി, പണ്ഡിറ്റ്‌ കറുപ്പന്‍, വി.ടി.ഭട്ടതിരിപ്പാട്‌ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ നേതൃത്വം നല്‍കിയ സാമൂഹ്യനവോത്ഥാനം അവരുടെ ആശയങ്ങള്‍ സാക്ഷാത്‌കരിക്കാനായി എസ്‌.എന്‍.ഡി.പി. യോഗം, എന്‍.എസ്‌.എസ്‌. പുലയര്‍ മഹാസഭ, യോഗക്ഷേമസഭ തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങള്‍, സമൂഹത്തെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല സാമുദായിക സംഘടനകളിലൂടെയാണ്‌ പ്രവര്‍ത്തിച്ചത്‌ എങ്കിലും അവയെയെല്ലാം പ്രേരിപ്പിച്ചമൂല്യങ്ങളും ആദര്‍ശങ്ങളും ഒന്നു തന്നെ ആയിരുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിനും ദേശീയനവോത്ഥാനത്തിനും പ്രേരണ നല്‍കിയ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആദര്‍ശങ്ങളും ജനാധിപത്യം, സോഷ്യലിസം, വിശ്വസാഹോദര്യം തുടങ്ങിയ ലക്ഷ്യങ്ങളും ലോകത്താകമാനം പ്രചരിച്ചു.

സ്വന്തം സമുദായങ്ങളെ അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ മോചിപ്പിക്കാനും ജാതിക്കോട്ടകള്‍ തകര്‍ക്കാനും ആധുനിക വിദ്യാഭ്യാസം നേടാനും ഈ ഓരോ സംഘടനകളും പരിശ്രമിച്ചു. പ്രേരണയായി വര്‍ത്തിച്ച ആദര്‍ശങ്ങള്‍ ഒന്നുതന്നെ ആയിരുന്നത്‌ കൊണ്ട്‌ സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനം പരസ്‌പരപൂരകമായി വര്‍ത്തിച്ചു. വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനും വേണ്ടിയുള്ള സമരങ്ങള്‍ നടക്കുമ്പോള്‍ എല്ലാം സംഘടനകളും ആ ലക്ഷ്യത്തെ സാക്ഷാത്‌കരിക്കാനുള്ള കര്‍മ്മപരിപാടികളിലാണ്‌ ഏര്‍പ്പെട്ടത്‌. പല അരുവികള്‍ ഒന്നുചേര്‍ന്ന്‌ ഒരു മഹാനദി ഉണ്ടാവുന്നതുപോലെ പല സമദായങ്ങളിലായി നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഒരു പൊതു ഹിന്ദുസമൂഹത്തെ രൂപപ്പെടുത്തുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം മുഖ്യമായ ജനകീയ പ്രവര്‍ത്തനം രാഷ്‌ട്രീയമായതോടെ സാമൂഹ്യനവോത്ഥാനത്തോടെ ഉണ്ടായ ഉണര്‍വ്വും സംഘടനാബോധവും രാഷ്‌ട്രീയപാര്‍ട്ടികളായി പരിണമിച്ചു.

ഹിന്ദുസമൂഹം മുഖ്യമായും കോണ്‍ഗ്രസ്സ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലായാണ്‌ അണിനിരന്നത്‌. ഇതോടെ സാമുദായിക സംഘടനകളുടെ പ്രസക്തി കുറയുകയും അവ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി നാമമാത്രമായി നിലനില്‍ക്കുകയും ചെയ്‌തു. മന്നവും ശങ്കറും യോജിച്ച്‌ രൂപം നല്‍കിയ ഹിന്ദു മഹാമണ്ഡലം തുടങ്ങിയ രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ രാഷ്‌ട്രീയ ഗൂഢാലോചനയില്‍ തകര്‍ന്ന്‌ തരിപ്പണമായി. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ നേതൃത്വത്തില്‍ സാമുദായിക സംഘടനകളിലൂടെ സംഭവിച്ച ഹിന്ദുനവോത്ഥാനം സ്വാതന്ത്ര്യത്തിനു ശേഷം ഒരു സാമൂഹ്യ ശക്തിയൊ ആയി രൂപപ്പെടാതെ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ലയിച്ചില്ലാതാവുകയായിരുന്നു.

1940കളിലാണ്‌ കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ദൈനംദിന ശാഖകളെ കേന്ദ്രീകരിച്ചുള്ള ഒരു കേഡര്‍ പ്രസ്ഥാനമായിരുന്നതുകൊണ്ട്‌ കേരളത്തില്‍ സംഘത്തിന്റെ വികാസം സാവകാശത്തിലായിരുന്നു. പൊതുവെ ജനങ്ങളെല്ലാം ഹിന്ദു എന്നതിലുപരി ജാതീയമായാണ്‌ നിലനിന്നിരുന്നത്‌. അതുകൊണ്ട്‌തന്നെ ഹിന്ദുത്വബോധം ഉണ്ടാകേണ്ടിയിരുന്നു. മലബാറില്‍ ടിപ്പുവിന്റെ അക്രമണത്തിന്‌ ശേഷവും 1921ലെ മാപ്പിളലഹളയ്‌ക്കുശേഷവും പൗരുഷവും ആത്മാഭിമാനവും നഷ്‌ടപ്പെട്ട്‌ ജീവിച്ചിരുന്ന ഹിന്ദുക്കള്‍ മുസ്ലീംമുഷ്‌ക്കിനെ ഭയപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ മലബാറിലെ പല ഭാഗങ്ങളിലും ഉണ്ടായ പ്രതികരണങ്ങള്‍ ഹിന്ദുവിന്റെ ആത്മാഭിമാനം ഉണര്‍ത്തുകയും സംഘത്തില്‍ വിശ്വാസം വളര്‍ത്തുകയും ചെയ്‌തു. മലബാറിലെ തകര്‍ന്നു കിടന്നിരുന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനായി മഹാനായ കേളപ്പന്റെ നേതൃത്വത്തില്‍ മലബാര്‍ ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചിരുന്നെങ്കിലും കാര്യമായ ഫലം കണ്ടിരുന്നില്ല. എന്നാല്‍ മുസ്ലീം സമൂഹവും കമ്യൂണിസ്റ്റ്‌ സര്‍ക്കാരും ഒന്നിച്ചെതിര്‍ത്തിട്ടും ഐതിഹാസികമായ തളിക്ഷേത്രസമരം വിജയിച്ചതോടെ മലബാറിലാകമാനം വലിയൊരു ഉണര്‍വുണ്ടായി. മലബാറിലും തുടര്‍ന്ന്‌ കേരളക്ഷേത്രസംരക്ഷണസമിതിയിലൂടെ കേരളത്തില്‍ ആകമാനവും ഒന്നിച്ചുവരാന്‍ തുടങ്ങി. ക്രമേണ ക്ഷേത്രസംരക്ഷണം ഒരു മഹാപ്രസ്ഥാനമായി മാറി. 1982-ല്‍ സംഘടിപ്പിക്കപ്പെട്ട വിശാലഹിന്ദുസമ്മേളനം ജാതി മറന്ന്‌ ഹിന്ദുക്കള്‍ ഒന്നായി പ്രവഹിക്കുന്ന ഒരു സംരംഭമായി. കേരളത്തില്‍ ഹിന്ദുക്കളും ഹിന്ദുസംഘടനയും ഉണ്ട്‌ എന്ന്‌ തെളിയിക്കുന്നതായിരുന്നു

വിശാലഹിന്ദുസമ്മേളനത്തിലെ ജനപങ്കാളിത്തം. വിശാലഹിന്ദു സമ്മേളനത്തിന്റെ തുടര്‍ച്ചയായുണ്ടായ രാമായണമാസാചരണത്തിനുള്ള ആഹ്വാനം ഹിന്ദുസമൂഹം ഏറ്റെടുത്തു. ജാതി വ്യത്യാസങ്ങളില്ലാതെ എല്ലാവരും ആചരിക്കാന്‍ തുടങ്ങി. ബാലഗോകുലം, ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങളിലൂടെ ഹിന്ദുവിന്റെ ഒരു പൊതു ഉത്സവത്തിന്‌ തുടക്കം കുറിച്ചു. വിദ്യാഭ്യാസരംഗത്ത്‌ പ്രവര്‍ത്തനമാരംഭിച്ച ഭാരതീയ വിദ്യാനികേതന്‍ ഹിന്ദുമൂല്യങ്ങളില്‍ അധിഷ്‌ഠിതമായ പുതിയ ഒരു പ്രസ്ഥാനത്തിന്‌ ജന്മം നല്‍കി. ചെറുതും വലുതുമായ നാനൂറിലധികം വിദ്യാലയങ്ങളിലായി ആ പ്രസ്ഥാനം വളര്‍ന്നിരുന്നില്ല. ജാതികളെ ഉണ്ടായിരുന്നില്ല. 70 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തില്‍ ഇന്ന്‌ ശക്തമായ ഒരു ഹിന്ദുസമൂഹം ഉണ്ടായിരിക്കുന്നു. ഹിന്ദു ഉണര്‍വ്‌ പ്രകടമാവുന്നു. ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും സജീവമായിരിക്കുന്നു. ചലനാത്മകമായ, സര്‍ഗാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജാതിക്കുപരിയായി ഹിന്ദുത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരു നേതൃത്വവും ജനതയും സമൂഹത്തില്‍ പ്രഭാവം ചെലുത്തുന്നു.

പുതിയ പ്രവണതകള്‍

സ്വാതന്ത്ര്യം കിട്ടിയതിന്‌ശേഷം ദുര്‍ബലമായി പോയ സാമുദായിക സംഘടനകള്‍ രണ്ട്‌ മൂന്ന്‌ പതിറ്റാണ്ടുകള്‍ പരിമിതമായ ചില സ്വപ്‌നങ്ങളെ ചുറ്റിപ്പറ്റി നിലനിന്നെങ്കിലും എണ്‍പതുകളോടെ വീണ്ടും സജീവമാവാന്‍ തുടങ്ങി. ഭൂപരിഷ്‌ക്കരണവും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയും കാരണം ക്രമേണ കൂട്ടുകുടുംബങ്ങള്‍ തകരുകയും അണുകുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്‌തു. ഭൂമി, സ്വത്തും വരുമാന സ്രോതസ്സും അല്ലാതായി മാറുകയും തൊഴില്‍ ജീവിതോപാധിയായി മാറുകയും ചെയ്‌തു. സ്വയം തൊഴില്‍ ചെയ്‌തുണ്ടാക്കുന്ന തുച്ഛമായ വരുമാനം കൂടുതല്‍ പേരുമായി പങ്കുവയ്‌ക്കാനാവാതെ ചെറിയ കുടുംബത്തിന്റെ ക്ഷേമത്തിന്‌ വേണ്ടി മാത്രം ചെലവാക്കുന്നതില്‍ സുഖം കണ്ടെത്തി. ഈ അണുകുടുംബങ്ങളിലേക്കുള്ള പരിണാമം മനസ്സിനേയും ചിന്തയേയും പോലും സങ്കുചിതമാക്കി. സാമൂഹ്യബോധം നഷ്‌ടപ്പെട്ട്‌ തികച്ചും സ്വാര്‍ത്ഥമായ ഒരു ജീവിത ശൈലി വ്യക്തികളെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി. ഈ ഭയങ്കരമായ ഏകാന്തതയും ഒറ്റപ്പെടലും അതുണ്ടാക്കിയ അരക്ഷിതാവസ്ഥയും വീണ്ടും ഒരു കൂട്ടായ്‌മയെക്കുറിച്ച്‌ ചിന്തിപ്പിച്ചു.

അതിന്റെ ഫലമായിട്ടാണ്‌ കുടുംബസംഗമങ്ങളും സാമുദായികകൂട്ടായ്‌മകളും വളര്‍ന്നു വന്നത്‌. ഈ രണ്ടാം വരവിന്‌ ആദര്‍ശപരമായ ഉള്‍ക്കരുത്തൊന്നും ഉണ്ടായിരുന്നില്ല. പ്രായോഗികമായ പ്രയോജനം മാത്രം. പരസ്‌പര സഹകരണത്തിലൂടെ സഹായത്തിലൂടെ സുരക്ഷിതത്വം കണ്ടെത്തുകയായിരുന്നു. എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌.തുടങ്ങിയ വലിയ സംഘടനകള്‍ക്ക്‌ രാഷ്‌ട്രീയ വിലപേശലിന്റെ സാദ്ധ്യതകള്‍ ഉണ്ടെങ്കിലും യാതൊരു രാഷ്‌ട്രീയ സാദ്ധ്യതകളുമില്ലാത്ത ചെറിയ ചെറിയ സമുദായങ്ങള്‍പോലും ഇന്ന്‌ സംഘടനകള്‍ ഉണ്ടാക്കിയിരിക്കുന്നു. അതില്‍ അവര്‍ ഒരു തണലും തലോടലും കണ്ടെത്തുന്നു. പണ്ട്‌ സാമുദായിക സംഘടനകളെല്ലാം വിശാലമായ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ സമുദായങ്ങളെ നവോത്ഥാനത്തിന്‌ വിധേയമാക്കി മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയായിരുന്നെങ്കില്‍ ഇന്ന്‌ പൊതുവായ അത്തരം ആദര്‍ശങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട്‌ മുഖ്യധാരയില്‍ നിന്നകന്ന്‌ സ്വന്തം തുരുത്തുകള്‍ കണ്ടെത്താനാണ്‌ പരിശ്രമിക്കുന്നത്‌. ഈ സംഘടനകള്‍ക്കെല്ലാം വിശാലമായ സാമൂഹ്യവീക്ഷണം നഷ്‌ടപ്പെട്ട്‌ സ്ഥാപിത താല്‌പര്യങ്ങള്‍ക്ക്‌ ചുറ്റും അടിഞ്ഞുകൂടുന്നു. പിടിയരി പിരിച്ചും മാസവരിയെടുത്തും പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഹിന്ദുസമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചണിനിരത്തി അവരുടെ സഹായസഹകരണം നേടി പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍ സ്വയംപര്യാപ്‌തവും സമ്പല്‍ സമൃദ്ധവുമായ പല ക്ഷേത്രങ്ങളും അതിന്റെ ബഹുജനാടിത്തറ മറന്ന്‌, സ്ഥാപിത താല്‍പര്യക്കാരും രാഷ്‌ട്രീയക്കാരും കച്ചവടമാക്കാന്‍ ശ്രമിക്കുകയാണ്‌. മുഖ്യധാരയിലേക്ക്‌ ഒഴുകി എത്തേണ്ട ധാരകള്‍ മാറിയൊഴുകി മുഖ്യധാരയെ ദുര്‍ബലപ്പെടുത്തുകയാണ്‌. കഴിഞ്ഞ 70 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ സ്വയംസേവകസംഘം ഒരു പുതിയ ധാര സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇനി ചെയ്യാനുള്ളത്‌ ഈ മുഖ്യധാരയെ ബലപ്പെടുത്തുക എന്നതാണ്‌. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്‌ തുടങ്ങിയ സംഘടനകള്‍ ഇതിന്‌ നേതൃത്വം നല്‌കണം. അത്‌ സാധിക്കണമെങ്കില്‍ അണകെട്ടി വേര്‍തിരിച്ച്‌ നിര്‍ത്തിയിട്ടുള്ള വ്യത്യസ്‌ത വിഭാഗങ്ങളെ പൊതുവായ ലക്ഷ്യബോധം നല്‍കി മുന്നോട്ട്‌ ഒഴുക്കേണ്ടിയിരിക്കുന്നു. പൊതു ഹിന്ദുസമൂഹത്തില്‍ ഹിന്ദുത്വത്തില്‍ അഭിമാന ബോധവും ഹിന്ദുസംഘടനയുടെ ആവശ്യകതയും ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഹിന്ദു സംഘടിതമായില്ലെങ്കിലുള്ള നഷ്‌ടങ്ങളും സംഘടിതമായാലുള്ള പ്രയോജനവും ബോധ്യപ്പെടുത്തണം. ഈ ഉറവകള്‍ പൊതുസമൂഹത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം സാമുദായിക സംഘടനകളേയും വേറിട്ടുനില്‍ക്കുന്ന നിലപാടില്‍ നിന്നു മാറ്റി ഒന്നിച്ചൊഴുകാനുള്ള പ്രേരണ സൃഷ്‌ടിക്കും. പൊതു സമൂഹത്തിന്‌ ഹിന്ദുത്വത്തില്‍ അഭിമാന ബോധവും ഹിന്ദുസംഘടനയുടെ അനിവാര്യതയും ബോധ്യമാവണം. 86വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട്‌ രാഷ്‌ട്രീയ സ്വയംസേവക സംഘം വിപുലമായൊരു സംഘടനയും നിസ്വാര്‍ത്ഥമതികളായ നിരവധി പ്രവര്‍ത്തകരേയും തയ്യാറാക്കിയിട്ടുണ്ട്‌. ഈ സംഘടനയേയും പ്രവര്‍ത്തകരേയും ഉപയോഗിച്ച്‌കൊണ്ട്‌ കേരളത്തിലെ ഹിന്ദുസമൂഹത്തെ ഇളക്കിമറിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഇനിയുള്ള കര്‍ത്തവ്യം.

പി.എന്‍.ഈശ്വരന്‍

No comments: