11/02/2014

ഡോ. പി. പല്‌പു

തിരുവനന്തപുരം പേട്ടയില്‍ നെടുങ്ങോട്ടു വീട്ടില്‍ 1863 നവംബര്‍ 2 ആം തീയതിയാണ്‌ ഡോക്‌ടര്‍ പല്‍പു ജനിച്ചത്‌. പല്‍പുവിന്റെ അച്ഛന്‍ തച്ചക്കുടിയില്‍ പപ്പു എന്നു വിളിച്ചുവന്നിരുന്ന ഭഗവതി പത്മനാഭനും, നെടുങ്ങോട്ടു വീട്ടില്‍ പപ്പമ്മ എന്ന്‌ വിളിപ്പേരുള്ള മാതപെരുമാളുമായിരുന്നു അമ്മ. ഇംഗ്ലീഷ്‌ ഭാഷയില്‍ സാമാന്യം പരിജ്ഞാനമുള്ള പല്‍പുവിന്റെ അച്ഛന്‍, ക്രിസ്‌ത്യാനികളായ ഉപദേശിമാരെ വീട്ടില്‍ വിളിച്ചു വരുത്തിയാണ്‌ പഠിച്ചത്‌. അക്കാലത്ത്‌ കോടതികളില്‍ വ്യവഹരിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ്‌ ഒരു പരീക്ഷ നിശ്ചയിക്കുകയും ആ പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി പല്‍പുവിന്റെ അച്ഛനും അപേക്ഷ നല്‍കി. പരീക്ഷയില്‍ പാസ്സാകും എന്ന്‌ മനസ്സിലായ മുന്നോക്ക ജാതിയില്‍പ്പെട്ട ജാതി കുശുമ്പന്മാര്‍ ദിവാന്‍ജിയെ കണ്ട്‌ തച്ചക്കുടിയില്‍ പപ്പുവിനെ പരീക്ഷ എഴുതുവാന്‍ അനുവദിച്ചില്ല. പിന്നീട്‌ ഡോക്‌ടര്‍ പല്‍പ്പുവിനും പല്‍പുവിന്റെ ജ്യേഷ്‌ഠന്‍ പി. വേലായുധനും ജോലിക്കുവേണ്ടി ഗവണ്‍മെന്റില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴും ഉണ്ടായ അനുഭവം ഇതുതന്നെയായിരുന്നു.
കുടിപ്പള്ളിക്കൂടത്തിലെ പഠിപ്പുകഴിഞ്ഞ പല്‌പുവിന്‌ ഇംഗ്ലീഷ്‌ പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പല്‍പുവിന്റെ അച്ഛന്‍ നടത്തിവന്നിരുന്ന കോണ്‍ട്രാക്‌ട്‌ സംബന്ധമായ ജോലികളില്‍ വലുതായ നഷ്‌ടം സംഭവിച്ചതിനാല്‍ സാമ്പത്തികമായ പരാധീനതകള്‍ നേരിടേണ്ടിവന്നു.

എങ്കിലും ഫെര്‍ണാണ്ടസ്‌ എന്ന സായ്‌പ്‌ പേട്ടയില്‍ താമസിച്ച്‌ കുട്ടികളെ ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നു. ഫെര്‍ണാണ്ടസില്‍ നിന്ന്‌ ഇക്കാലത്ത്‌ ഒട്ടേറെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. പലരുടെയും അടുക്കല്‍ കൈ കാണിച്ചിട്ടാണ്‌ ഫീസിനുള്ള തുക തികച്ചിരുന്നത്‌. 1883-ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി.

കോളേജില്‍ ചേര്‍ന്ന്‌ പഠിക്കണമെന്ന ആഗ്രഹം സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ പലപ്പോഴും പ്രതിസന്ധിയിലായി. പ്രതിബന്ധങ്ങളുടെ മുന്‍പില്‍ മുട്ടു മടക്കുന്നവനായിരുന്നില്ല ഈ ബാലന്‍. പഠിക്കാനുള്ള പണമുണ്ടാക്കാനായി അടുത്ത ശ്രമം. തിരുവനന്തപുരത്തുള്ള ഏതാനും യൂറോപ്യന്‍ വീടുകളില്‍ കുട്ടികളെ പ്രൈവറ്റായി ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിന്‌ ട്യൂട്ടറായി ഏര്‍പ്പെട്ടു. ആ വകയില്‍ കുറച്ചു പണം കൈയ്യില്‍വന്നു. അടുത്ത വര്‍ഷം കോളേജ്‌ തുറന്നപ്പോള്‍ വീണ്ടും കോളേജില്‍ ചേര്‍ന്നു. കാലത്ത്‌ 7 മണിമുതല്‍ കോളേജില്‍ പോകുന്നതുവരെയും, വൈകിട്ട്‌ കോളേജ്‌ വിട്ടുവന്ന്‌ രാത്രി 8 വരെയും ആയിരുന്നു കുട്ടികളെ പഠിപ്പിക്കുന്ന സമയം. കോളേജ്‌ പഠനത്തിനുള്ള പണത്തിനു പുറമെ വീട്ടുചിലവിനുള്ള പണംകൂടി ഈ ട്യൂഷനില്‍നിന്ന്‌ ലഭിച്ചിരുന്നു. പഠിപ്പിക്കലും പഠിപ്പുമായി പല്‌പു മുന്നേറി.

ആയിടയ്‌ക്ക്‌ സര്‍ക്കാര്‍ ഗസറ്റിലൊരു പരസ്യം കണ്ടു. തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ അവര്‍ നടത്തിവരുന്ന മെഡിക്കല്‍ സ്‌കൂളിലേക്ക്‌ വിദ്യാര്‍ത്ഥികളെ എടുക്കുന്നതിനുള്ള പ്രവേശനപരീക്ഷ നടത്തുന്നതാണെന്ന്‌. ഈ പരീക്ഷയ്‌ക്ക്‌ ചേരുന്നതിനായി പല്‌പു അപേക്ഷ അയച്ചു. ഇംഗ്ലീഷില്‍ ഒന്നാമനായും മറ്റുവിഷയങ്ങളിലെല്ലാം രണ്ടാമനായും പല്‌പു ജയിച്ചു. പല്‍പുവിനെ സ്‌കൂളില്‍ ചേര്‍ക്കും എന്നായപ്പോള്‍ ഹൃദയവികാസം സിദ്ധിക്കാത്ത ഏതാനും ജാതിക്കോമരങ്ങള്‍ കൂടിയാലോചിച്ചു. പല്‌പു പരീക്ഷ ജയിച്ച്‌ ഡോക്‌ടറായാല്‍ അയാള്‍ കൊടുക്കുന്ന ഇംഗ്ലീഷ്‌ മരുന്നില്‍ ചേര്‍ക്കുന്ന വെള്ളം സവര്‍ണ്ണര്‍ കുടിക്കേണ്ടിവരില്ലേ? ഈഴവന്‍ തൊട്ട വെള്ളം കുടിക്കേണ്ടിവരിക! ഈ ധര്‍മ്മരാജ്യത്ത്‌ അങ്ങനെയൊരു ഗതികേട്‌ വരികയോ? അവര്‍ സങ്കടമുണര്‍ത്തിച്ചു. മെഡിക്കല്‍ സ്‌കൂളിലേയ്‌ക്ക്‌ തിരഞ്ഞെടുക്കുന്നവരുടെ ലിസ്റ്റ്‌ പുറത്തുവന്നു. പരീക്ഷയില്‍ ഒന്നാമനായി പാസ്സായ പല്‌പുവിന്റെ പേര്‍ അതിലില്ല. കാരണമന്വേഷിച്ചു. വയസ്സ്‌ കൂടിപ്പോയെന്നു പറഞ്ഞു. ശുദ്ധഗതിക്കാരനായ പല്‌പു, പ്രായം കൂടിയിട്ടില്ല എന്ന്‌ ജാതകം ഹാജരാക്കി തെളിയിച്ചു. കൂടുതല്‍ തെളിവിന്‌ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നിട്ടും അധികാരികള്‍ വകവെച്ചില്ല. അപ്പോഴാണ്‌ കാര്യത്തിന്റെ കിടപ്പ്‌ മനസ്സിലായത്‌. വയസ്സ്‌ കൂടിപ്പോയതല്ല, ജാതിയാണ്‌ പ്രശ്‌നമെന്ന്‌. പുതിയ പൗരുഷവും ആത്മവിശ്വാസവും അദ്ദേഹത്തില്‍ ഉദയം ചെയ്‌തു. മെഡിക്കല്‍ പരീക്ഷ ജയിച്ചേ തീരൂ എന്നായി. മദ്രാസില്‍ പോയാല്‍ പഠിക്കാം. ഒരു കൊല്ലത്തില്‍ ഫീസ്‌ ഇനത്തില്‍തന്നെ 150 ക. വേണം. പുസ്‌തകങ്ങള്‍ക്കും മറ്റും വേറെയും. ഉദാരമതികളായ പല സുഹൃത്തുക്കളില്‍ നിന്നുമായി 75 ക. ശേഖരിച്ചു. ഇനിയുംവേണം 75ക. മകന്റെ ആഗ്രഹം മനസ്സിലാക്കിയ മാതാവ്‌ തന്റെ ആഭരണമെല്ലാം അഴിച്ചുകൊടുത്തു. ആഭരണങ്ങള്‍ അധികമുണ്ടായിരുന്നു എങ്കിലും അവ വിറ്റപ്പോള്‍ വളരെയൊന്നും ലഭിച്ചില്ല. അതിന്‌ കാരണവുമുണ്ട്‌. ഈഴവര്‍ക്ക്‌ അന്ന്‌ നല്ല സ്വര്‍ണ്ണംകൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അമ്മയുടെ ഈ ആഭരണങ്ങള്‍ മുഴുവനും തൂക്കി വിറ്റിട്ടാണ്‌ പോരാതെ വന്ന സംഖ്യ തികച്ചത്‌. അഭിമാനകരമായ ഈ സ്‌മരണയാണ്‌ പില്‌ക്കാലത്ത്‌ എസ്‌.എന്‍.ഡി.പി.യുടെ ഒരു വനിതാ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചപ്പോള്‍ ആ മാതാവിനെക്കൊണ്ട്‌ ഇങ്ങനെ പറയിച്ചത്‌. 

"സഹോദരികളെ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങള്‍ വിറ്റെങ്കിലും മക്കളെ പഠിപ്പിക്കുക".

1885 ഒക്‌ടോബര്‍ 1 - ന്‌ ചെന്നൈ മെഡിക്കല്‍ കോളേജില്‍ എല്‍. എം. എസ്‌. ക്ലാസ്സില്‍ ചേര്‍ന്നു. വിവിധ ക്ലേശങ്ങള്‍ സഹിച്ച്‌ 4 കൊല്ലത്തെ കോഴ്‌സ്‌ പൂര്‍ത്തിയാക്കി.

ഡോക്‌ടര്‍ ബിരുദവുമായി തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയ പല്‌പു പൊന്നുതമ്പുരാന്റെ കീഴില്‍ എന്തെങ്കിലും ഒരു ജോലി തരേണമെന്ന്‌ അപേക്ഷിച്ചു. ബി. എ. പാസ്സായ തന്റെ ജ്യേഷ്‌ഠന്‍ ഹര്‍ജി കൊടുത്തപ്പോള്‍ ഒരു ഇണ്ടാസ്‌ കൊടുത്തു. �ഹര്‍ജിക്കാരന്‌ ഇപ്പോള്‍ ഗവണ്‍മെന്റ്‌ സര്‍വ്വീസില്‍ പ്രവേശനം ഇല്ല�. എന്നാല്‍ പല്‌പുവിന്റെ അപേക്ഷയ്‌ക്ക്‌ മറുപടിപോലും കൊടുത്തില്ല. അതിനുശേഷം എല്‍. എം. എസ്‌. പരീക്ഷ പാസ്സാകാത്ത മൂന്ന്‌ സവര്‍ണ്ണരെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.

വ്രണിത ഹൃദയനായ പല്‍പു നാടുവിട്ടു. ആദ്യം മദ്രാസ്‌ ഗവണ്‍മെന്റ്‌ സ്‌പെഷ്യല്‍ വാക്‌സിന്‍ ഡിപ്പോ സൂപ്രണ്ടായി 70 രൂപ ശമ്പളത്തില്‍ നിയമിതനായി. 1891 നവംബര്‍ 2-ന്‌ മൈസൂര്‍ മെഡിക്കല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. പല്‌പുവിന്റെ ജന്മദിനമായിരുന്നു അന്ന്‌. 100 ക. ആയിരുന്നു ശമ്പളം. അധികം താമസിക്കാതെ ഭ്രാന്താശുപത്രി, കുഷ്‌ഠരോഗാശുപത്രി, മെഡിക്കല്‍ സ്റ്റോര്‍സ്‌ എന്നിവയുടെ സബ്‌ ചാര്‍ജ്ജ്‌ കൊടുത്ത്‌ കൂടുതല്‍ ഉത്തരവാദിത്വമേറിയ ഉദ്യോഗത്തില്‍ നിയമിച്ചു. ഓരോ മാസവും ശമ്പളം ലഭിച്ചാല്‍ ആദ്യം ചെയ്യുന്ന ഒരു കൃത്യമുണ്ട്‌. തന്നെ ഇംഗ്ലീഷ്‌ പഠിപ്പിച്ച ഫെര്‍ണാണ്ടസിന്‌ നിശ്ചിതസംഖ്യ അയച്ചുകൊടുക്കുക. നാട്ടില്‍ പോകുന്ന അവസരങ്ങളിലെല്ലാം ഗുരുനാഥനെ പോയിക്കാണുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പതിവായിരുന്നു.

മൈസൂര്‍ ഗവണ്‍മെന്റ്‌ പല്‌പുവിനെ ഉപരിപഠനത്തിന്‌ ഇംഗ്ലണ്ടിലേക്ക്‌ അയയ്‌ക്കാന്‍ തീരുമാനിച്ചു. പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കെയാണ്‌ മൈസൂറില്‍ അതികഠിനമായ പ്ലേഗ്‌ ബാധയുണ്ടായത്‌. യാത്ര നിര്‍ത്തിവച്ചു. പല്‌പുവിന്റെ സീനിയര്‍മാരായ ഡോക്‌ടര്‍മാരെല്ലാം ആ മഹാമാരിയെ ഭയന്ന്‌ തങ്ങളുടെ കൃത്യനിര്‍വ്വഹണത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ ഡോ. പല്‌പുവാകട്ടെ മരണപത്രമെഴുതിവെച്ചുകൊണ്ട്‌ മരിച്ചുകൊള്ളട്ടെ എന്നുള്ള ധീരമായ മനോഭാവത്തോടുകൂടി പ്ലേഗു ക്യാമ്പില്‍ പോയി തന്റെ ജോലി സ്‌തുത്യര്‍ഹമായി നിര്‍വ്വഹിച്ചു.

ചരിത്രപ്രസിദ്ധമായ മലയാളി മെമ്മോറിയലിന്റെ കാരണക്കാരില്‍ ഒരാളും മൂന്നാമത്തെ പേരുകാരനും കൂടിയാണ്‌ ഡോക്‌ടര്‍. തിരുവിതാംകൂര്‍ ചരിത്രത്തിലെ സ്‌മരണീയമായ സംഭവമാണിത്‌. സകല മലയാളികളും യോജിച്ചുനിന്ന്‌ ഉദ്യോഗവിഷയമായി നടത്തിയ വലിയ പ്രക്ഷോഭമാണിത്‌. പതിനായിരം മലയാളികള്‍ ഒപ്പിട്ട ഒരു ഭീമഹര്‍ജി മഹാരാജാവ്‌ തിരുമനസ്സിലേക്ക്‌ സമര്‍പ്പിച്ചു. ഈഴവരാദിയായ പിന്നോക്ക സമുദായക്കാര്‍ക്ക്‌ സര്‍ക്കാര്‍ പള്ളിക്കൂടമെല്ലാം തുറന്നു കൊടുക്കണമെന്നും ഗവണ്‍മെന്റ്‌ സര്‍വ്വീസില്‍ അവര്‍ക്ക്‌ പ്രവേശനം കൊടുക്കണമെന്നും അപേക്ഷിച്ചു.

എന്നാല്‍ മെമ്മോറിയലിനുള്ള മറുപടിയില്‍ ഈഴവര്‍ ചെത്തുകൊണ്ട്‌ തൃപ്‌തിപ്പെട്ടുകൊള്ളണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്‌. ഗവണ്‍മെന്റ്‌ നല്‌കിയ ഇണ്ടാസില്‍ ഈഴവരെക്കുറിച്ച്‌ പറയുന്ന ഭാഗം നോക്കു.

�ഹര്‍ജിയില്‍ ആകര്‍ഷിച്ച്‌ ചേര്‍ത്തിരിക്കുന്നവരായ തീയന്മാരെക്കുറിച്ച്‌ പറയുന്നതായാല്‍ അവരുടെ സ്ഥിതി ഹര്‍ജിക്കാര്‍ക്ക്‌ തന്നെ അറിയാവുന്നതാണ്‌. ഈ രാജ്യത്തെ സാമൂഹ്യസ്ഥിതി ആലോചിച്ചുനോക്കിയാല്‍ അവര്‍ പ്രായേണ വിദ്യാഹീനരും സര്‍ക്കാരുദ്യോഗത്തിന്‌ പ്രാപ്‌തരാക്കിത്തീര്‍ക്കുന്ന വിദ്യാഭ്യാസത്തിന്‌ പോകുന്നതിനേക്കാള്‍ സ്വന്തം തൊഴിലുകളായ കൃഷി, കയറുപിരിപ്പ്‌, തെങ്ങുചെത്ത്‌ മുതലായവയെക്കൊണ്ടുതന്നെ തൃപ്‌തിപ്പെട്ടിരിക്കുന്നവരും ആകുന്നു. 3,87,176 ജനങ്ങളുള്ള ഈ സമുദായത്തില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ ജയിച്ചിട്ടുള്ളവരായി രണ്ടുപേര്‍ മാത്രമേയുള്ളൂ. എന്നല്ല, വേറെ ആരുംതന്നെയില്ല. മലബാറിലുള്ള തങ്ങളുടെ സഹോദരങ്ങളെക്കാള്‍ അബദ്ധവിശ്വാസികളും പൂര്‍വ്വാചാരസംരക്ഷണ പ്രിയരുമായ ഹിന്ദുക്കളുള്ളതും സര്‍ക്കാരുദ്യോഗത്തിന്‌ കുറെ ബഹുമതിയുണ്ടെന്ന്‌ ഗണിച്ചുവരുന്നതുമായ ഒരു സംസ്ഥാനത്തില്‍, ഉദ്യോഗം വഹിക്കുന്നതിന്‌ സാമൂഹ്യസ്ഥിതി പ്രതിബന്ധമായിരിക്കുന്നു. ഇങ്ങനെയുള്ള പ്രതിബന്ധങ്ങളെ നിവാരണം ചെയ്യുന്നതിനുള്ള ഏകമാര്‍ഗ്ഗമായ വിദ്യാഭ്യാസപ്രചാരം ജനസമുദായത്തില്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതിന്‌ ഗവണ്‍മെന്റ്‌ തങ്ങളാല്‍ കഴിയുന്നതുപോലെ എല്ലാം ശ്രമിക്കുന്നുണ്ട്‌.

ഇതിനു മറുപടിയായി ഗവണ്‍മെന്റിന്‌ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പല്‌പു ഇപ്രകാരം എഴുതിയിരുന്നു.

ഹര്‍ജിയില്‍ ആകര്‍ഷിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്നവര്‍ എന്നു പറയുന്ന തിയ്യന്മാര്‍ ഹിന്ദു ജനസമുദായത്തില്‍ നാലിലൊരു ഭാഗം ഉണ്ടായിരിക്കയും സംസ്ഥാനത്തിലെ നികുതിയില്‍ കൂടുതലായ ഒരു ഭാഗത്തെ കൊടുക്കുന്നവരായിരിക്കുകയും ചെയ്‌തിട്ടും അവര്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പോകുന്നതിനെക്കാള്‍ തങ്ങളുടെ സ്വന്തം തൊഴിലുകളെക്കൊണ്ടുതന്നെ തൃപ്‌തിപ്പെട്ടിരിക്കുന്നവരാണെന്നു പറയപ്പെട്ടിരിക്കുന്നു. ഈ പരമാര്‍ത്ഥത്തെ അവര്‍ക്ക്‌ ഉദ്യോഗം കൊടുക്കാതിരിക്കുന്നതിന്‌ ഒരു സമാധാനമായിട്ടാണ്‌ ഇണ്ടാസില്‍ പറയപ്പെട്ടിരിക്കുന്നത്‌. വിദ്യാഭ്യാസത്തിന്റെ ന്യൂനത ഏതു സമുദായത്തില്‍ കാണുന്നുവോ ആ സമുദായത്തിന്റെ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരെ മറ്റുള്ളവരുടെ അനുകരണത്തിനായി പ്രോത്സാഹിപ്പിക്കേണ്ടത്‌ ഗവണ്‍മെന്റിന്റെ കര്‍ത്തവ്യമാകുന്നു.

ഈഴവന്റെ കാര്യം ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍

തിരുവിതാംകൂറിലെ ഈഴവരുടെ ബുദ്ധിമുട്ടുകളെയും ഗവണ്‍മെന്റ്‌ അവരോട്‌ ചെയ്യുന്ന അനീതികളെയും സംബന്ധിച്ച്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ചോദ്യം ചോദിപ്പിക്കുന്നതിന്‌ ജി.പി.പിള്ള ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അദ്ദേഹം മുഖാന്തിരം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തു. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയ്‌ക്ക്‌ അനേകം പാര്‍ലമെന്റ്‌ മെമ്പര്‍മാരുമായി പരിചയമുണ്ടെന്ന്‌ അറിയുകയാല്‍ ആ മഹതിയുമായി പരിചയം സമ്പാദിക്കുവാന്‍ വിവേകാനന്ദസ്വാമികളോട്‌ ഒരു കത്തുവാങ്ങി ജി.പി.പിള്ളയ്‌ക്ക്‌ കൊടുത്തു.

യാത്രാ ചെലവിന്‌ 500 രൂപ വേണമായിരുന്നു. അതിലേക്ക്‌ വേണ്ട സംഖ്യ ശേഖരിക്കാന്‍ ഡോക്‌ടര്‍ ലീവെടുത്തു തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. സഞ്ചാരത്തില്‍നിന്ന്‌ 300 ക. മാത്രമെ പിരിഞ്ഞു കിട്ടിയുള്ളൂ. ബാക്കി പണം സ്വന്തം കൈയ്യില്‍നിന്നും കൊടുക്കുകയാണ്‌ ചെയ്‌തത്‌. ജി.പി.പിള്ള ഇംഗ്ലണ്ടില്‍ എത്തിയ ഉടനെ സിസ്റ്റര്‍ നിവേദിതയെ പോയിക്കണ്ടു. അവര്‍ പാല്‍ലമെന്റ്‌ മെമ്പര്‍മാരെയും പരിചയപ്പെടുത്തി. അവരുടെ സഹായത്തോടെ തിരുവിതാംകൂറിലെ ഈഴവരുടെ ദയനീയ കഥകള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ മുഴങ്ങി. ഇന്ത്യാ സ്റ്റേറ്റ്‌ സെക്രട്ടറി അന്വേഷിക്കാമെന്ന്‌ ഉറപ്പും കൊടുത്തു. ഇതിനും പുറമെ ഉപരിപഠനത്തിന്‌ ഇംഗ്ലണ്ടില്‍ പോയ അവസരത്തില്‍ ഡോ. പല്‍പു ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗമായിരുന്ന ദാദാഭായി നവറോജിയെക്കൊണ്ട്‌ പാര്‍ലമെന്റില്‍ ചോദ്യം ചോദിപ്പിക്കുകയും അദ്ദേഹമൊന്നിച്ചുപോയി ഇന്ത്യാ സ്റ്റേറ്റ്‌ സെക്രട്ടറിക്ക്‌ നേരിട്ട്‌ നിവേദനം നടത്തുകയും ചെയ്‌തു.
ഇതിന്റെയെല്ലാം ഫലമായി പാര്‍ലമെന്റില്‍നിന്നും ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും തുടരെത്തുടരെ തിരുവിതാംകൂര്‍ ഗവണ്‍മെന്റിനോട്‌ ഈഴവരുടെ സങ്കടങ്ങളെപ്പറ്റി അന്വേഷണം വന്നു. ഡോക്‌ടറുടെ പ്രവര്‍ത്തനങ്ങളുടെ തീഷ്‌ണത നിമിത്തം ഗവണ്‍മെന്റിന്‌ അവരുടെ നയത്തില്‍ മാറ്റം വരുത്താതെ ഗത്യന്തരമില്ലെന്നായി. സ്‌കൂള്‍ പ്രവേശനം, ഉദ്യോഗവിതരണം മുതലായ കാര്യങ്ങളില്‍ ഈഴവര്‍ക്ക്‌ അനുകൂലമായി ക്രമേണ പലമാറ്റങ്ങളും വരുത്തി.

ഡോ. പല്‌പുവിന്റെ ഈ ദൃശ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിനെ വല്ലാതെ വിഷമിപ്പിച്ചു. അവര്‍ മൈസൂര്‍ ദിവാനെ സ്വാധീനിച്ചു. ഇതേത്തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ ഉദ്യോഗത്തില്‍നിന്ന്‌ ഡിസ്‌മിസലും മറ്റ്‌ പ്രതികൂലമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.

സ്വാമി വിവേകാനന്ദന്‍ 1892-ല്‍ മൈസൂരിലെത്തി. ദിവാന്റെ അതിഥിയായി ഏതാനും ദിവസം അവിടെ താമസിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി ഡോക്‌ടര്‍ പലതവണ സ്വാമികളെ സന്ദര്‍ശിച്ചു. തിരുവിതാംകൂറിലെ ഈഴവരാദി പിന്നോക്ക സമുദായക്കാര്‍ക്ക്‌ ഗവണ്‍മെന്റില്‍നിന്നും സവര്‍ണ്ണ ഹിന്ദുക്കളില്‍നിന്നും നേരിടേണ്ടിവരുന്ന അവശതകളെ അദ്ദേഹം സ്വാമികളുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്വാമികള്‍ മൈസൂര്‍വിട്ട്‌ പോകുന്നതിനുമുമ്പ്‌ ഡോക്‌ടറുടെ വസതി സന്ദര്‍ശിക്കുകയും രണ്ടുപേരും മൂന്നുമണിക്കൂറോളം സമുദായ ഉദ്ധാരണത്തെ സംബന്ധിച്ച്‌ ഗൗരവപൂര്‍വ്വം പര്യാലോചിക്കുകയും ചെയ്‌തു. തിരുവിതാംകൂറിലെ ഈഴവരുടെയും മറ്റ്‌ പിന്നോക്ക സമുദായക്കാരുടേയും യഥാര്‍ത്ഥ വില എന്താണെന്ന്‌ സ്വാമിജി ഡോക്‌ടറില്‍നിന്നും മനസ്സിലാക്കി.

ഡോ. പല്‌പുവുമായുള്ള കൂടിക്കാഴ്‌ച കഴിഞ്ഞതിനുശേഷം സ്വാമിജി സന്ദര്‍ശിച്ചത്‌ തിരുവിതാംകൂറാണെന്നുള്ളത്‌ അര്‍ത്ഥവത്താണ്‌. ജാതിശല്യം, തീണ്ടല്‍, തൊടീല്‍ മുതലായ ദുരാചാരങ്ങള്‍ നിറഞ്ഞ കേരളത്തെ ഭ്രാന്താലയമെന്ന്‌ പറഞ്ഞ്‌ അപഹസിക്കുവാന്‍ വിവേകാനന്ദസ്വാമികളെ പ്രേരിപ്പിച്ചത്‌ ഡോക്‌ടറില്‍നിന്നും അറിഞ്ഞ കാര്യങ്ങള്‍ കേരളത്തില്‍ എവിടെയും തെളിഞ്ഞു കണ്ടതായിരിക്കണം.

മെമ്മോറിയലുകളും നിവേദനങ്ങളും പത്രലേഖനങ്ങളുംകൊണ്ട്‌ ഉദ്ദിഷ്‌ടഫലം പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിയുന്നില്ലെന്ന്‌ കണ്ടപ്പോഴാള്‍ ഒരു വലിയ സംഘടന രൂപീകരിച്ച്‌ ശക്തിയായ പ്രക്ഷോഭണം തുടങ്ങുവാന്‍ വേണ്ടി �ഈഴവ മഹാജനസഭ� എന്നപേരില്‍ ഒരു സംഘടന ഉണ്ടാക്കി. ഈഴവരില്‍ അപൂര്‍വ്വം പേരൊഴികെ ഈ സംരംഭവുമായി സഹകരിച്ചില്ല.

ആയിടയ്‌ക്ക്‌ നാരായണഗുരുസ്വാമികള്‍ മരുത്വാമലയില്‍നിന്ന്‌ ദീര്‍ഘകാലത്തെ തപസ്സ്‌ കഴിഞ്ഞ്‌ അരുവിപ്പുറത്ത്‌ ഒരു ശിവക്ഷേത്രം സ്ഥാപിച്ച്‌ അതിന്റെ ഭരണത്തിനും ഉത്സവാദികാര്യങ്ങള്‍ക്കും ഒരു സംഘം രജിസ്റ്റര്‍ ചെയ്‌തു പ്രവര്‍ത്തിച്ചുവരുന്നതായി അറിഞ്ഞത്‌. അവര്‍ അടുത്ത പരിചിതരുമായിരുന്നു. ഡോക്‌ടറുടെ വീട്ടില്‍ പലപ്പോഴും നാരായണഗുരു താമസിച്ചിട്ടുണ്ട്‌. ഉപരിപഠനത്തിനായി കുമാരനാശാനെ ഡോക്‌ടറുടെ പക്കല്‍ എത്തിച്ചതും നാരായണഗുരുവായിരുന്നു. ആശാന്‍ പഠനം കഴിഞ്ഞ്‌ തിരിച്ചെത്തിയിരുന്നു. പുതിയ ആശയവുമായി അവര്‍ തമ്മില്‍ കണ്ടു. പരസ്‌പരം മനസ്സിലാക്കി. ഗുരുദേവന്റെ ആദ്ധ്യാത്മികവും ഡോ. പല്‌പുവിന്റെ ലൗകികങ്ങളുമായ സമുദായോദ്ധാരണ ശ്രമങ്ങളും സമ്മേളിച്ചപ്പോള്‍ കേരളത്തില്‍ വലിയൊരു പുനരുത്ഥാന പ്രസ്ഥാനം രൂപം കൊണ്ടു: ഗുരുദേവനും ഡോക്‌ടറും കുമാരനാശാനും എം.ഗോവിന്ദനും മറ്റും ചേര്‍ന്ന്‌ കൂടിയാലോചിച്ചു.

ഗുരുദേവന്റെ പൂര്‍ണ്ണമായ അനുമതിയും സമുദായസ്‌നേഹികളുടെ ഹൃദയപൂര്‍വ്വ സഹകരണവാഗ്‌ദാനവും സമ്പാദിച്ചുകൊണ്ട്‌ 1078 ഇടവം 2-ാം തീയതി (1903 മേയ്‌ 15) അരുവിപ്പുറം ക്ഷേത്രയോഗത്തെ എസ്‌.എന്‍.ഡി.പി.യോഗമാക്കി മാറ്റി.

ഡോക്‌ടര്‍ക്ക്‌ മൈസൂറില്‍ ഉദ്യോഗത്തിനു പോകേണ്ടിയിരുന്നതിനാല്‍ കാര്യങ്ങളെല്ലാം ഇവിടെനിന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ പ്രാപ്‌തനായ ഒരാള്‍ ആവശ്യമായിരുന്നു. ഡോക്‌ടറുടെ ആശയങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുമാരനാശാനെയാണ്‌ അതിനായി തിരഞ്ഞെടുത്തത്‌. ആശാനും അത്‌ സമ്മതമായിരുന്നു. എസ്‌.എന്‍.ഡി.പി.യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി കുമാരനാശാന്‍ നിയമിതനായി. യോഗകാര്യങ്ങള്‍ പ്രതിപാദിക്കുവാന്‍ വിവേകോദയം എന്ന പേരില്‍ ഒരു മാസിക നടത്തണമെന്നും അന്നുതന്നെ നിശ്ചയിച്ചിരുന്നു. താമസിയാതെ മാസികയും ആരംഭിച്ചു. യോഗം ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിയായി രജിസ്റ്റര്‍ ചെയ്‌തു.

യോഗത്തിന്റെ ആദ്യത്തെ വാര്‍ഷികയോഗം നടന്നത്‌ അരുവിപ്പുറത്ത്‌ വച്ചായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. മട്ടാഞ്ചേരി ഗോവിന്ദന്‍ വൈദ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആ യോഗം പ്രതീക്ഷയില്‍ കവിഞ്ഞ വിജയമായിരുന്നു.

അടുത്ത വാര്‍ഷികം കൊല്ലത്തുവച്ചായിരുന്നു. ഗുരുദേവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഒരു കാര്‍ഷിക - വ്യവസായ പ്രദര്‍ശനവും നടത്തിയിരുന്നു. ഇത്തരമൊരു പ്രദര്‍ശനം ഭാരതത്തില്‍ ഇതിനുമുമ്പ്‌ നടന്നിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. ആ സമ്മേളനവും പ്രദര്‍ശനവും ജനങ്ങളെ എത്രമാത്രം ആവേശഭരിതരാക്കിയെന്നു പറയാന്‍ വയ്യ. ഡോക്‌ടറും കുടുംബാംഗങ്ങളും ഉണ്ടാക്കിയ വളരെയേറെ വസ്‌തുക്കള്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു. അതിനുമുമ്പ്‌ ഇത്തരം പ്രദര്‍ശനങ്ങളെക്കുറിച്ച്‌ കേട്ടറിവുപോലും ഉണ്ടായിരുന്നില്ല.

സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തിരുന്നു. സഹകരണ പ്രസ്ഥാനത്തക്കുറിച്ച്‌ കേരളീയര്‍ക്ക്‌ പറയത്തക്ക അറിവൊന്നും ഉണ്ടായിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ ചെന്ന്‌ പ്രവര്‍ത്തന രീതിയും അതുകൊണ്ടുള്ള മെച്ചവും ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുത്തു. അതിന്റെ ഫലമായി പല സഹകരണ സംഘങ്ങളും ഇവിടെ പിറവിയെടുത്തു.

ഒരിക്കല്‍ മുന്‍കൂട്ടി അനുവാദംവാങ്ങി അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിനെ മുഖം കാണിക്കാന്‍ കനകക്കുന്ന്‌ കൊട്ടാരത്തിലെത്തി. മുഖം കാണിക്കാന്‍ ചെല്ലുന്നവരെല്ലാം നഗ്നപാദനായി ഒറ്റമുണ്ടുടുത്ത്‌ ചെല്ലണമെന്നാണ്‌ കീഴ്‌ വഴക്കം. ഡോക്‌ടറാകട്ടെ താന്‍ സാധാരണ ധരിക്കാറുള്ള രീതിയില്‍ ലോങ്ങ്‌കോട്ടും കാലുറയും തലപ്പാവുമെല്ലാമായി നേരെ മഹാരാജാവിന്റെ മുന്നിലേക്ക്‌ നടന്നുചെന്നു. മഹാരാജാവിന്‌ കാഴ്‌ചവയ്‌ക്കാനായി മൈസൂരില്‍നിന്ന്‌ കൊണ്ടുവന്നിരുന്ന വിശേഷപ്പട്ട ഒരു പായ്‌ക്കറ്റ്‌ മധുരനാരങ്ങ ഇലയില്‍ കാഴ്‌ചവെച്ചു. വന്ദിച്ച്‌ നിവര്‍ന്നുനിന്നു. രാജാവില്‍ നിന്ന്‌ ഒരു പ്രതികരണവും ഉണ്ടായില്ലെന്നു മാത്രമല്ല. മുഖത്തു നോക്കുകപോലും ചെയ്‌തില്ല. രാജാവിന്റെ പിന്നില്‍ ഓച്ഛാനിച്ചു നിന്നിരുന്ന വാല്യക്കാരന്‌ രംഗം പന്തിയല്ലെന്നു മനസ്സിലായി. ഡോക്‌ടറോട്‌ സ്ഥലംവിടുവാന്‍ ആംഗ്യം കാണിച്ചു. അതു കാണാത്ത ഭാവത്തില്‍ അവിടെത്തന്നെ നിന്നു. ആംഗ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഡോക്‌ടര്‍ക്ക്‌ സഹികെട്ടു.

മഹാരാജാവിന്റെ അനുമതിയോടെ അദ്ദേഹത്തിനുള്ള കാഴ്‌ചയും കൊണ്ടാണ്‌ ഞാനിവിടെ എത്തിയിട്ടുള്ളത്‌. അതു സ്വീകരിക്കാതെ തിരിച്ചുപോകുന്ന പ്രശ്‌നമില്ല
.
ഉടനെ വാല്യക്കാരന്‍ കാഴ്‌ചവസ്‌തുക്കള്‍ എടുത്തുകൊണ്ടു പോയി. എന്നിട്ടും മഹാരാജാവില്‍നിന്നു ഒരക്ഷരം പോലും പുറത്തുവന്നില്ലെന്നു മാത്രമല്ല, മുഖമുയര്‍ത്തിയതുമില്ല.

സാമാന്യ മര്യാദപോലും കാണിക്കാത്ത തിരുവിതാംകൂര്‍ മഹാരാജാവിന്റെ അല്‌പത്തത്തില്‍ പ്രതിഷേധിച്ച്‌ ഉറച്ച കാല്‍വെപ്പോടെ ശിരസ്സുയര്‍ത്തി നടന്നകന്നു. ബറോഡയിലെ മഹാനായ സയാജി റാവു ഗെയ്‌ക്‌വാഡ്‌ മഹാരാജാവിന്റെ ക്ഷണമനുസരിച്ച്‌ കൊട്ടാരത്തിലെത്തിയതും അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചതും രാജാവിന്റെ കുലദൈവത്തിന്റെ ക്ഷേത്രത്തില്‍ അദ്ദേഹത്തൊടൊപ്പം സന്ദര്‍ശിച്ചതും മഹാരാജാവ്‌ തന്റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ചതും എല്ലാം ഡോക്‌ടറുടെ സ്‌മൃതിമണ്ഡപത്തില്‍ തെളിഞ്ഞു.

തന്റെ സര്‍ക്കാരിനെ കൂടെക്കൂടെ അലോരസപ്പെടുത്തുന്ന ഈ ധിക്കാരിയുടെ തലയുയര്‍ത്തിക്കൊണ്ടുള്ള ആ പോക്ക്‌ മഹാരാജാവ്‌ ഇമവെട്ടാതെ നോക്കിയിരുന്നു. ഇങ്ങനെയും ഒരു ധിക്കാരിയോ?
ഈ കൂടിക്കാഴ്‌ചക്കുശേഷം അസ്ഥി പിളര്‍ക്കുന്ന തരത്തിലുള്ള ഒരു കത്ത്‌ ശ്രീമൂലം മഹാരാജാവിനെഴുതി. പല്‌പുവിന്റെ മുഴുവന്‍ രോഷവും അതിലടങ്ങിയിരുന്നു. ഈ കത്ത്‌ വായിച്ച മഹാരാജാവ്‌ കോപാക്രാന്തനായി. തന്റെ നാട്ടില്‍ ജനിച്ചുവളര്‍ന്ന ഒരു പ്രജതന്നെയാണോ ഈ കത്തെഴുതിയതെന്നു വിശ്വസിക്കാനായില്ല. അതിലെ ഓരോ വാക്കും ഓരോ കുന്തമുനയായിരുന്നു. നുരഞ്ഞുപൊങ്ങിയ കോപം കടിച്ചമര്‍ത്തുകയല്ലാതെ എന്തു പോംവഴി?

ഡോക്‌ടറുടെ റിട്ടയര്‍മെന്റിന്‌ ശേഷം കുറച്ചു കാലം ആലുവായില്‍ താമസിച്ചിരുന്നു. അക്കാലത്ത്‌ അവിടെയും വീടിനോട്‌ ചേര്‍ന്ന്‌ താനും കുടുംബാംഗങ്ങളും ചേര്‍ന്ന്‌ ഉണ്ടാക്കിയ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ മ്യൂസിയം മഹാത്മാഗാന്ധിജി സന്ദര്‍ശിച്ചിട്ടുണ്ട്‌. പ്രദര്‍ശന വസ്‌തുക്കളില്‍ ആകൃഷ്‌ടനായ മഹാത്മജി ഓരോ വസ്‌തുക്കളുടെയും നിര്‍മ്മാണ രീതികളെക്കുറിച്ചും അതിന്‌ ഉപയോഗിച്ചിട്ടുള്ള അസംസ്‌കൃത വസ്‌തുക്കളെക്കുറിച്ചും വിശദമായി ചോദിച്ചു മനസ്സിലാക്കി. തെങ്ങിന്‍ കൊതുമ്പുകൊണ്ടും കമുങ്ങിന്‍ പാളകൊണ്ടും ഉണ്ടാക്കിയ മനോഹരമായ ചെരിപ്പുകള്‍, തൊപ്പികള്‍ എന്നിവയും പനയോലകൊണ്ടും കൈതോലകൊണ്ടും ഉണ്ടാക്കിയ തടുക്കുകള്‍, പായകള്‍, കുട്ടകള്‍, വട്ടികള്‍, സഞ്ചികള്‍, (ഓലകള്‍ ആദ്യം പ്രത്യേക ലായനി ചേര്‍ത്ത്‌ പുഴുങ്ങി മയംവരുത്തി ചായം കൊടുത്തിട്ടാണ്‌ ഇവ കൊണ്ടുള്ള കൈവേലകള്‍ ചെയ്യുന്നത്‌) എന്നിവയും; ചിരട്ടകൊണ്ട്‌ വിവിധതരം പാത്രങ്ങള്‍, സ്‌പൂണുകള്‍ എന്നിവയും വാഴനാരുകൊണ്ട്‌ തൂവാലകള്‍, പേഴ്‌സുകള്‍ എന്നിവയും പച്ചിലച്ചാറുകളും പഴങ്ങളും ചേര്‍ത്ത്‌ വിവിധ വര്‍ണ്ണങ്ങളിലുള്ള പെയിന്റുകള്‍, ചകിരിനാരുകൊണ്ട്‌ വിവിധതരം ബ്രഷുകള്‍, കാര്‍പ്പെറ്റുകള്‍, സഞ്ചികള്‍ എന്നിവയും വിവിധതരം കല്‍ക്കഷണങ്ങളും കുപ്പിച്ചില്ലുകളും കൊണ്ടുണ്ടാക്കിയ മാലകള്‍, കടലാസ്‌ പള്‍പ്പും തുണിക്കഷ്‌ണങ്ങളും കൊണ്ടുള്ള കളിക്കോപ്പുകള്‍, കടലാസുകൊണ്ടുള്ള പൂക്കള്‍, ചിപ്പികള്‍ കൊണ്ടുള്ള വിവിധതരം രൂപങ്ങള്‍, വാഴപ്പോളകൊണ്ടുള്ള കളിപ്പന്തുകള്‍, ഈര്‍ക്കിലി കൊണ്ടുണ്ടാക്കിയ ജനല്‍ കര്‍ട്ടന്‍ അങ്ങനെ എത്രയെത്ര സാധനങ്ങളാണ്‌ ഡോക്‌ടറുടെ മ്യൂസിയത്തില്‍ ഉണ്ടായിരുന്നത്‌! ദീര്‍ഘകാലം കേടുകൂടാതിരിക്കുന്ന പഴസംസ്‌കരണ രീതികള്‍, മരങ്ങളെ ചിതലില്‍നിന്ന്‌ രക്ഷിക്കുന്ന ലായനി, മധുരക്കള്ള്‌ കുപ്പികളില്‍ വര്‍ഷങ്ങളോളം പുളിക്കാതെ സൂക്ഷിക്കാനുള്ള മാര്‍ഗ്ഗം, മരങ്ങളുടെ കടയും വേരുകളും കൊണ്ട്‌ അലങ്കാരവസ്‌തുക്കള്‍ ഉണ്ടാക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഡോക്‌ടര്‍ വികസിപ്പിച്ചെടുത്തിരുന്നു.

ധര്‍മ്മഷോടതിയും ധര്‍മ്മസോദരീമഠവും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ഡോക്‌ടര്‍ രൂപംകൊടുത്ത രണ്ട്‌ പ്രസ്ഥാനങ്ങളാണ്‌ ധര്‍മ്മഷോടതിയും ധര്‍മ്മസോദരീമഠവും. ലോട്ടറി ടിക്കറ്റിലൂടെ ധര്‍മ്മസ്ഥാപനങ്ങള്‍ക്ക്‌ പണം സ്വരൂപിക്കാനുള്ള ശ്രമമായിരുന്നു ധര്‍മ്മഷോടതി. മുന്‍പ്‌ ആരും പരീക്ഷിക്കാത്ത ഒരു ആശയമായിരുന്നു അത്‌. ടിക്കറ്റ്‌ വില ഒരുരൂപ. പ്രാദേശിക സമാജങ്ങളോ സ്ഥാപനങ്ങളോ വഴിക്കാണ്‌ ടിക്കറ്റ്‌ വിറ്റിരുന്നത്‌. മൂന്നുമാസത്തിലൊരിക്കലാണ്‌ നറുക്കെടുപ്പ്‌. നറുക്ക്‌ കിട്ടിയാല്‍ പണം വ്യക്തികള്‍ക്ക്‌ ലഭിക്കില്ല. ഏതു സമാജം വഴിക്കാണോ ടിക്കറ്റ്‌ വിറ്റിട്ടുള്ളത്‌ ആ സമാജത്തിന്‌ സംഖ്യ ലഭിക്കും. ആ സംഖ്യകൊണ്ട്‌ പൊതുജനങ്ങള്‍ക്ക്‌ പ്രയോജനകരമായ ഒരു സ്ഥാപനം ഉണ്ടാക്കണം. ഏതെല്ലാം സ്ഥാപനങ്ങളാണ്‌ ഉണ്ടാക്കേണ്ടതെന്ന കാര്യത്തിലും വ്യക്തമായ മാര്‍ഗ്ഗദര്‍ശനം നല്‍കിയിരുന്നു. ധാര്‍മ്മിക കലാവിദ്യാലയങ്ങള്‍, നിശാപാഠശാലകള്‍, സഹകരണ സേവാസംഘങ്ങള്‍, വ്യവസായങ്ങള്‍, ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, ധര്‍മ്മസത്രങ്ങള്‍, മൃഗരക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങി ആ പ്രദേശത്തിന്‌ അനുയോജ്യമായ ഏതെങ്കിലും ഒരു ധര്‍മ്മസ്ഥാപനം ഉണ്ടാക്കാനായിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്‌. ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ ആദര്‍ശബുദ്ധിയും സേവനമനഃസ്ഥിതിയും ഉള്ളവരെ മാത്രമേ ഈ പ്രസ്ഥാനത്തില്‍ അംഗങ്ങളായി ചേര്‍ക്കാവൂ എന്നും വ്യവസ്ഥ ചെയ്‌തിരുന്നു.

സമൂഹത്തില്‍ സ്‌ത്രീകളുടെ പദവി ഉയര്‍ത്തുക എന്ന ലക്ഷ്യം വെച്ചിട്ടാണ്‌ ധര്‍മ്മസോദരീമഠം സ്ഥാപിച്ചത്‌. ഈ രണ്ട്‌ സ്ഥാപനങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ ഡോക്‌ടര്‍ പരമാവധി ശ്രമിച്ചെങ്കിലും ആദര്‍ശശുദ്ധിയുള്ള പ്രവര്‍ത്തകരുടെ അഭാവംമൂലം ഈ പ്രസ്ഥാനങ്ങള്‍ ഏറെ മുന്നോട്ടുപോയില്ല. ഡോക്‌ടറുടെ സമയവും ധനവും കുറേ നഷ്‌ടപ്പെട്ടതുമാത്രം മിച്ചം. ചെറിയ മനസ്സുകള്‍ക്ക്‌ ഡോക്‌ടറുടെ വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനായില്ല.

മരണപത്രം
�നമ്മെളെല്ലാം പൊതു സേവകരാണ്‌. അതിനാല്‍ സാമൂഹിക സേവനത്തിനുവേണ്ടി ജീവിക്കാന്‍ കടപ്പെട്ടവരുമാണ്‌. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഞാനെന്റെ എല്ലാ സ്വത്തുക്കളും ഭാവിയില്‍ ഉണ്ടാകാവുന്ന സമ്പാദ്യങ്ങളും എന്റെ ഭാര്യയ്‌ക്കും മക്കള്‍ക്കും അര്‍ഹതപ്പെട്ട സ്വത്തുക്കളും സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി നീക്കിവെയ്‌ക്കുന്നു�.

കുടുംബം
പ്രസിദ്ധ ഭാഷാകവിയായിരുന്ന പെരുന്നെല്ലിയില്‍ പി.കെ. കേശവന്‍ വൈദ്യരുടെ ഇളയ സഹോദരി ഭഗവതി അമ്മയായിരുന്നു ഡോക്‌ടറുടെ ഭാര്യ. വിദുഷിയായിരുന്ന അവര്‍ക്കും കവിതാവാസനയുണ്ടായിരുന്നു. 1891-ലാണ്‌ ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്‌. ഇവര്‍ക്ക്‌ 3 പുത്രന്മാരും 2 പുത്രികളും ജനിച്ചു. മൂത്തമകന്‍ പി.ഗംഗാധരന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ആസ്‌ത്മാരോഗിയായ അദ്ദേഹം അവിവാഹിതനായിരുന്നു. രണ്ടാമത്തെ മകനാണ്‌ തമ്പിയെന്നു വിളിച്ചിരുന്ന നടരാജന്‍. മൂന്നാമത്തെ മകന്‍ ഹരിഹരന്‍ ഒന്നാംകിടയില്‍പ്പെട്ട ചിത്രകാരനും മികച്ച വ്യവസായിയുമായിരുന്നു. ജപ്പാന്‍, ചൈന മുതലായ രാജ്യങ്ങളില്‍പോയി കുടില്‍ വ്യവസായത്തില്‍ ഉപരിപഠനം നടത്തി. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ജപ്പാന്‍കാരിയെയാണ്‌ വിവാഹം കഴിച്ചിരുന്നത്‌. ആനന്ദവും ദാക്ഷായണിയുമാണ്‌ പെണ്‍മക്കള്‍. ആനന്ദം അവിവാഹിതയായിരുന്നു. ദാക്ഷായണിയെ വിവാഹം കഴിച്ചിരുന്നത്‌ കൃഷിവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന കെ.എന്‍. അച്യുതനാണ്‌. എല്ലാവരും കാലയവനികയില്‍ മറഞ്ഞു.

ഡോക്‌ടര്‍ക്ക്‌ ആറ്‌ സഹോദരങ്ങളാണ്‌ ഉണ്ടായിരുന്നത്‌. റാവൂ ബഹാദൂര്‍ പി.വേലായുധനായിരുന്നു മൂത്ത സഹോദരന്‍. തിരുവിതാംകൂറില്‍ ഈഴവരുടെയിടയില്‍ ആദ്യമായി ബി.എ. പാസ്സായത്‌ ഇദ്ദേഹമാണ്‌. ബ്രിട്ടീഷ്‌ സര്‍വ്വീസില്‍ റവന്യൂബോര്‍ഡ്‌ മെമ്പര്‍ സ്ഥാനംവരെ ഉയര്‍ന്നു. രണ്ടാമത്തെ ജ്യേഷ്‌ഠനാണ്‌ എം.എല്‍.സി.യും അരുവിപ്പുറം ക്ഷേത്രകാര്യങ്ങളുടെ മാനേജരുമായിരുന്ന പി.പരമേശ്വരന്‍. മികച്ച ആയുര്‍വ്വേദ വൈദ്യനും ദീര്‍ഘകാലം എസ്‌.എന്‍.ഡി.പി.യോഗം പ്രസിഡന്റുമായിരുന്ന പി. മാധവന്‍ വൈദ്യരും കേരളത്തിനു വെളിയില്‍ ഉദ്യോഗസ്ഥനായിരുന്ന പി.താണുവും അനിയന്മാരാണ്‌. മീനാക്ഷിയും ഭവാനിയുമാണ്‌ സഹോദരിമാര്‍.

അന്ത്യഘട്ടം

ഡോക്‌ടറുടെ അവസാന നാളുകള്‍ ശോഭനമായിരുന്നില്ല. വല്ലാത്തൊരു ഏകാന്തതയും വിരക്തിയും അനുഭവപ്പെട്ടിരുന്നു. തികഞ്ഞ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനങ്ങള്‍ തന്റെ ആശയങ്ങളില്‍നിന്ന്‌ അകന്നു പോകുന്നതിലുള്ള വേദനയും സ്വന്തപ്പെട്ടവരുടെ വിയോഗവും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. ഏകാന്തതയിലും കര്‍മ്മനിരതനായിരുന്നു.

കഴിവ്‌, ആത്മധൈര്യം, കര്‍മ്മകുശലത, നീതിപുലര്‍ത്താന്‍വേണ്ടി അവനവനെത്തന്നെ മറന്നു പ്രവര്‍ത്തിക്കാനുള്ള വാശി എന്നീ ഗുണങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു ഡോ. പല്‍പു. സേവനബഹുലമായ എണ്‍പത്തിയേഴ്‌ വര്‍ഷത്തെ ദീര്‍ഘജീവിതത്തിനുശേഷം 1950 ജനുവരി 25-ന്‌ ഇഹലോകവാസം വെടിഞ്ഞു.
_/\_

No comments: