13/02/2014

ശ്രീരാമന്റെ സമയത്ത് തന്നെയാണോ വാല്മീകി ജീവിച്ചിരുന്നത്?

രാമായണോദ്ഭവം, വാത്മീകി രാമായണ പ്രകാരം.. 

ശ്രീരാമന്റെ സമയത്ത് തന്നെയാണോ വാല്മീകി ജീവിച്ചിരുന്നത്? അല്ലെങ്കില്‍ എത്ര വര്ഷം കഴിഞ്ഞാണ് വാല്മീകി ജീവിച്ചിരുന്നത്

പലരും ചോദിക്കുന്ന ഒരു ചോദ്യം ആണിത്. എന്നാല്‍ രാമായണ രചനയെ കുറിച്ച് രാമായണത്തില്‍ തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വായിച്ചാല്‍ ഈ സംശയം ഉണ്ടാകില്ല. അതിനാല്‍ ആ ഭാഗം ഞാന്‍ എഴുതാം. അതിങ്ങനെ.. 

(ശ്രീരാമന്‍ നടത്തിയ അശ്വമേധ യാഗ സമയത്ത് കുശലവന്മാരാല്‍ ഗാനം ചെയ്യപ്പെട്ടതായിട്ടാണ് രാമായണം എഴുതപ്പെട്ടിട്ടുള്ളത്.. അങ്ങനെ ആദ്യ ദിവസം ഇവര്‍ ഇങ്ങനെ പാരായണം ചെയ്തു തുടങ്ങി.)

തപസിനെയും വേദാധ്യായനങ്ങളെയും എല്ലായ്പ്പോഴും ചെയ്തു കൊണ്ടിരിക്കുന്നവനും വേദങ്ങള്‍ അറിഞ്ഞവരില്‍ ഉത്തമനും മുനിശ്രേഷ്ടനും ആയ നാരദനോട് തപസ്വിയായ വാത്മീകി മഹര്‍ഷി വിനയത്തോടെ ചോദിച്ചു..

ഈ ലോകത്തില്‍ ഇപ്പോള്‍ ഗുണവാന്‍ ആരാകുന്നു, വീര്യവാനും? ധര്‍മങ്ങള്‍ അറിഞ്ഞവനും, നന്ദി അറിഞ്ഞവനും?സത്യം മാത്രം പറയുന്നവനും, വ്രതത്തില്‍ ഉറപ്പോട് കൂടിയവനും ആരാകുന്നു?കുലാചാരത്തോട് കൂടിയവന്‍ ആര്? സര്‍വ പ്രാണികളിലും ഹിതത്തോട് കൂടിയവന്‍ ആര്? വിദ്യാനിപുണന്‍ ആര്‍? സമര്‍ത്തന്‍ ആര്? പ്രിയമായ് മാത്രം നോട്ടമുള്ളവന്‍ ആര്? ധൈര്യശാലി ആര്? ക്രോധത്തെ കീഴടക്കിയവനും കാന്തിയുള്ളവനും അസൂയ ഇല്ലാത്തവും ആര് ? പോരില്‍ കോപം പൂണ്ട എതോരുത്തനെയാണ് ദേവന്മാര്‍ പോലും ഭയപ്പെടുന്നത്? ഇതിനെ കേള്‍പ്പാന്‍ ഞാന്‍ ഇഷ്ചിക്കുന്നു.. എന്തെന്നാല്‍ എനിക്ക് അറിയാന്‍ ആഗ്രഹമുണ്ട്. ഇപ്രകാരമുള്ള മനുഷ്യനെ അറിയുവാന്‍, അല്ലയോ മഹാര്ഷേ, അങ്ങുന്നു വേണ്ടത്ര യോഗ്യതയോട് കൂടിയവന്‍ ആയിരിക്കുന്നു. 

വാത്മീകിയുടെ ഈ വാക്ക് കേട്ടു മൂന്നു ലോകങ്ങളുടെയും പരിച്ചയമുള്ളവനായ നാരദ മുനി അത്യന്ത സന്തുഷ്ടനായി അക്ഷണം തന്നെ "ശ്രദ്ധിച്ചു കേള്‍ക്കപ്പെടട്ടെ" എന്ന് പറഞ്ഞു ഇപ്രകാരം മറുപടി പറഞ്ഞു.

"ഹേ മുനിവരാ, അങ്ങയാല്‍ പറയപ്പെട്ട ഗുണഗണങ്ങള്‍ ഏവയോ അവ അനേകം, ദുര്‍ല്ലഭങ്ങളും തന്നെ. ഞാന്‍ ആലോചിച്ചു വിവരമായ് പറയാം. അവയോടു കൂടിയ പുമാന്‍ ആരെന്നു കേട്ടു കൊണ്ടാലും..

ശ്രീരാമന്‍ എന്ന് ജനങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെട്ടവാന്‍, ഇക്ഷ്വാകു കുലത്തില്‍ അവതരിച്ചവന്‍, നിരവികാരന്‍, മഹാശക്തിമാന്‍, ദൃഡ നിശ്ചയമുള്ളവന്‍, എല്ലാവരെയും തന്റെ വശത്തിലാക്കി ഭരിക്കുന്നവന്‍, ബുദ്ധിശാലി, നീതിശാളി, വാക്ക് സാമര്ത്യമുള്ളവന്‍, ഐശ്വര്യാ സമ്പന്നന്‍, ശത്രുനാശനന്‍, വിരിഞ്ഞ തോളോട് കൂടിയവന്‍, ശംഖു പോലെ കഴുത്തുള്ളവന്‍, മാംസളമായ കവില്‍ത്തടങ്ങളോട് കൂടിയവന്‍, വിരിഞ്ഞ മാറുള്ളവന്‍, വമ്പിച്ച വില്ലാളി, ദശപ്പറ്റ് കൊണ്ട് മറഞ്ഞ തോളെല്ലോട് കൂടിയവന്‍, ശത്രുക്കളെ അടക്കുന്നവന്‍, കാല്‍ മുട്ട് വരെ ഭുജങ്ങലുള്ളവന്‍, അഴകാര്‍ന്ന ശിരസോട് കൂടിയവന്, അഴകാര്‍ന്ന നെറ്റിയോട്‌ കൂടിയവന്‍, അഴകാര്‍ന്ന കാല്‍ വയ്പ്പുള്ളവന്‍, ഒത്ത ഉയരത്തോടും, ഒത്ത അംഗത്തോടും കൊടിയവാന്‍, ശരിയായ വേര്‍തിരിക്കപ്പെട്ട അവയവങ്ങളാര്‍ന്നവന്‍, അഴകാര്‍ന്ന നിറം ഉള്ളവന്, പ്രതാപശാലി, തടിച്ച മാറുള്ളവന്‍, വിശാല നേത്രന്‍, ശോഭയുള്ളവന്‍, മംഗളകരമായ ലക്ഷനങ്ങളോട് കൂടിയവന്‍, ധര്‍മമറിഞ്ഞവാന്, സത്യപ്രതിജ്ഞാന്‍, പ്രാണികളുടെ നന്മയില്‍ താല്‍പര്യത്തോടു കൂടിയവന്‍, കീര്‍ത്തിശാലി, ജ്ഞാന പൂര്ണന്‍, പരിശുദ്ധന്‍, തന്നെ പ്രാപിച്ചവര്‍ക്ക് വശപ്പെട്ടവാന്‍, ആശ്രിത രക്ഷണ ജാഗരൂകാന്‍, ബ്രഹ്മദേവ സമാനന്‍, ശ്രീയോട് കൂടിയവന്‍, പ്രജകളെ പോഷിപ്പിക്കുന്നവന്‍, കാമാദികളെ (ശത്രുക്കളെ) അടക്കിയവന്‍, പ്രാണി സമൂഹത്തിന്റെ രക്ഷകന്‍, ധര്മത്തെ വേണ്ടും വണ്ണം സംരക്ഷിക്കുന്നവന്‍, തന്റെ ക്ഷത്രിയ ധര്‍മത്തിന് രക്ഷകന്‍, തന്നെ ചേര്‍ന്ന ജനത്തിനും രക്ഷകന്‍, വേദ വേദാംഗങ്ങളുടെ തത്വത്തെ അറിഞ്ഞവന്, ധനുര്‍വേദത്തില്‍ നല്ല പോലെ പരിചയമുള്ളവന്‍, എല്ലാ ശാസ്ത്രങ്ങളുടെയും സൂക്ഷ്മത്തെ അറിഞ്ഞവന്‍, സകല ലോകങ്ങള്‍ക്കും പ്രിയം ആയുള്ളവന്, ഗംഭീര സ്വഭാവത്തോട് കൂടിയവന്‍, അതി സമര്‍ത്തന്‍, നദികളാല്‍ ചുറ്റപ്പെട്ട സമുദ്രം പോലെ, സജ്ജനങ്ങലാല്‍ എല്ലായ്പ്പോഴും പ്രാപിക്കപ്പെട്ടവാന്, പൂജിക്കത്തക്കവാന്‍, എല്ലാവരിലും സമഭാവനയാര്‍ന്നവന്‍, മാത്രമല്ല, എല്ലായ്പ്പോഴും തന്നെ പ്രിയമാര്‍ന്ന നോട്ടത്തോട് കൂടിയവന്‍, കൌസല്യയുടെ ആനന്ദത്തെ വര്‍ദ്ധിപ്പിക്കുന്നവന്‍ എന്നല്ല സമസ്ത ഗുണങ്ങളോടും കൂടിയവന്‍, ഗാംഭീര്യത്തില്‍ സമുദ്രം പോലെ ഉള്ളവന്‍, നില നിര്‍ത്തുന്നതില്‍ ഹിമാലയം പോലെ ഉള്ളവന്‍, പരാക്രമത്തില്‍ വിഷ്ണുവിന് സമാനന്‍, ചന്ദ്രനെ പോലെ പ്രിയമായ രൂപത്തില്‍ കാണപ്പെടുന്നവന്‍, കോപത്തില്‍ പ്രളയ കാലാഗ്നിക്ക് തുല്യനായവന്‍, ക്ഷമ കൊണ്ട് ഭൂമിക്കു തുല്യന്‍, കൊടുക്കുന്നതില്‍ കുബേരന് സമന്‍, സത്യം പറയുന്നതില്‍ മറ്റൊരു ധര്‍മ ദേവനെ പോലെ ഉള്ളവന്‍, ഇപ്രകാരം ഗുനങ്ങളോട് കൂടിയവനും, പിഴവില്ലാത്ത പരാക്രമാത്തോട് കൂടിയവനും, ജനങ്ങളുടെ നന്മാകളോട് ഇണങ്ങിയവനും, നന്മക്കായുള്ള പ്രവര്‍ത്തികളെ ചെയ്യുന്നവനും ആണ് സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍..

ഇങ്ങനെ ത്രികാലജ്ഞാനിയായ നാരദന്‍ ശ്രീരാമച്ചന്ദ്രന്റെ കഴിഞ്ഞതും നടന്നു കൊണ്ടിരിക്കുന്നതും വരാന്‍ പോകുന്നതുമായ ചരിത്രം ചുരുക്കത്തെ പറഞ്ഞു കേള്‍പ്പിച്ചു.. ഇതെല്ലാം കേട്ട വാത്മീകി നാരദ മഹര്‍ഷിയെ വിധി പ്രകാരം പൂജിക്കുകയും സന്തുഷ്ടനായ നാരദ മഹര്‍ഷി തിരികെ പോകുകയും ചെയ്തു.. അതിനു ശേഷം വാത്മീകി തന്റെ ശിഷ്യനായ ഭാരദ്വാജനോടോന്നിച്ചു ഗംഗാതീരത്തില്‍ ഉള്ള താമസാ നദീ തീരത്തെത്തി ചേര്‍ന്നു. അവിടെ സ്നാനം നടത്തി കഴിഞ്ഞു, ആ വനത്തില്‍ കൂടി നടക്കുമ്പോള്‍ അടുത്തുള്ളൊരു മരത്തില്‍ രണ്ടു ക്രൌന്ച്ച മിധുനങ്ങള്‍ ഇരിക്കുന്നത് കണ്ടു. ഈ സമയം ഒരു വേടന്‍ അത് വഴി വരുകയും ഇണപക്ഷികളില്‍ ആണിനെ അമ്പെയുത് വീഴ്ത്തുകയും ചെയ്തു. ഈ സമയം പെണ്‍പക്ഷി, അമ്പേറ്റു വീണ ഇനപ്പക്ഷിയെ കണ്ടു അതീവ ദുഖത്തോട് കൂടി കരച്ചില്‍ തുടങ്ങി.. ഈ കാഴ്ച കണ്ട വാത്മീകിയുടെ മനസ്സില്‍ കരുണയുണ്ടാകുകയും കരയുന്ന ഇനപക്ഷിയെ നോക്കി അലിവോടെ "ഇത് അധര്‍മം" എന്ന് പറഞ്ഞതിനോടൊപ്പം "മാ നിഷധ പ്രതിഷ്ടാ എന്ന് തുടങ്ങുന്ന ശ്ലോകം അറിയാതെ അദ്ദേഹത്തില്‍ നിന്നുന്ടാവുകയും ചെയ്തു. 

അതിനു ശേഷം ഇങ്ങനെ ഒരു ശ്ലോകം തന്നില്‍ നിന്നുണ്ടായതെങ്ങനെ എന്ന് മഹാജ്ഞാനിയും ശാസ്ത്ര നിപുണനും ആയ അദ്ദേഹത്തിനു സംശയമുണ്ടായി .എന്നിട്ട് ശിഷ്യനോടായി പറഞ്ഞു, ശ്ലോകമാകട്ടെ മറിച്ചായിരിക്കട്ടെ, ശോക പീടിതനായ എന്നില്‍ നിന്ന് ഉളവായത് പാദങ്ങളോട് കൂടിയതും അക്ഷരങ്ങള്‍ സമം ആയതും വീണക്കമ്പികളുടെ താളത്തിനോത്തുള്ളതും ആയിരിക്കുന്നു.. അതിനു ശേഷം വാത്മീകി മഹര്‍ഷി തന്റെ ആശ്രമത്തില്‍ തിരികെ എത്തി. ആശ്രമത്തില്‍ ചെന്നിട്ടും, അദ്ദേഹത്തിന്‍റെ മനസ്സില്‍ ഈ ശ്ലോകം എങ്ങനെ ഉണ്ടായി എന്നാ ചോദ്യം അവശേഷിച്ചു.. ആ ചിന്തയോട് കൂടി തന്നെ, അദ്ദേഹം പുരാനപാരായനങ്ങളില്‍ മുഴുകി. 

ഈ സമയം ബ്രഹ്മാവ് വാത്മീകിയെ സന്ദര്‍ശിക്കുവാന്‍ എത്തി.. ബ്രഹ്മാവിനെ കണ്ടത്തില്‍ സന്തുഷ്ടനായ വാത്മീകി അര്‍ഘ്യ പാദ്യങ്ങള്‍ നല്‍കി ബ്രഹ്മാവിനെ സന്തുഷ്ടനാക്കി, ഇരിപ്പിടത്തില്‍ ഇരുത്തി. അപ്പോഴും വാത്മീകിയുടെ മനസ്സില്‍ ശ്ലോക കാരണം മഥിക്കുക ആയിരുന്നു. മനോഹരമായ ആ മിഥുനങ്ങളെ കാരണമില്ലാതെ ആര് കൊല്ലും എന്ന് ചിന്തിച്ചു വീണ്ടും ആ ശ്ലോകത്തെ മനസ്സില്‍ ഉര ചെയ്തു.. ഇത് കണ്ട ബ്രഹ്മാവ്‌ വാത്മീകിയോട് ഇങ്ങനെ പറഞ്ഞു..

"അങ്ങയാല്‍ നിര്‍മിക്കപ്പെട്ടത്, യഷസ്കരമായ ശ്ലോകം തന്നെ, അതില്‍ യാതൊരു ചിന്തയും ചെയ്യേണ്ടതില്ല. എന്നിട്ട് ഇങ്ങനെ കൂട്ടി ചേര്‍ത്തു.. ഹേ ബ്രാഹ്മനോത്തമാ, അങ്ങയുടെ ഈ വാക്കുകള്‍ എന്റെ അഭിപ്രായത്താല്‍ തന്നെയാണ് ഉളവായത്. ഹി മുനിശ്രേഷ്ടാ, അങ്ങ് ശ്രീരാമന്റെ ചരിത്രത്തെ മുഴുവനായി രചിചാലും. ധര്മാത്മാവും ലോകത്തില്‍ ഗുണവാനും ധൈര്യവാനും ആയ ശ്രീരാമന്റെ കഥയെ നാരടമുനിയില്‍ കേള്‍ക്കപ്പെട്ടത്‌ എപ്രകാരമോ അപ്രകാരം തന്നെ വിസ്തരിച്ചു രചിചാലും. രാഷസന്മാരുടെയും ലക്ഷ്മണ സഹിതനായ ശ്രീരമാന്റെയും രഹസ്യവും പരസ്യവുമായ യാതൊരു വൃത്താന്താമോ അപ്രകാരം തന്നെ വൈടെഹിയുടെ പരസ്യമോ രഹസ്യമോ ആയ യാതൊരു വൃത്താന്താമോ അത് എല്ലാം തന്നെ അറിയാത്തതായി ഇരുന്നാലും അതെല്ലാം അങ്ങേക്ക് അറിയുന്നതായി ഭവിക്കും. ഈ കാവ്യത്തില്‍ അങ്ങയുടെ വാക്ക് അല്പമെങ്കിലും വാസ്തവമില്ലാത്തതായി ഭവിക്കയില്ല. പുണ്യമായ ശ്രീരാമ കഥയെ മനോഹരമാം വണ്ണം ശ്ലോകമായി രചിചാലും. ലോകത്തില്‍ മലകളും പുഴകളും എത്ര കാലം വരെ നിലനില്‍ക്കുമോ അത്രയും കാലം ശ്രീരാമ കഥ ലോകങ്ങളില്‍ വിളങ്ങുമാറാകും. ഇത് കൂടാതെ ഭാവാനാല്‍ രചിക്കപ്പെട്ട ശ്രീരാമചരിതം എന്റെ ലോകങ്ങളില്‍ ചുവട്ടിലും മുകളിലും ഏത് കാലം വരെ വിളങ്ങിക്കൊണ്ടിരിക്കുമോ അക്കാലം വരെ എങ്ങും അങ്ങ് സ്ഥിരമായി നിവസിക്കുമാരാകും. ഇത്രയും പറഞ്ഞു ബ്രഹ്മാവ്‌ അപ്രത്യക്ഷനായി..

അങ്ങനെ, പരിപൂര്‍ണമായ രാമായണ കഥ ഇപ്രകാരമുള്ള ശ്ലോകങ്ങള്‍ കൊണ്ട് ഞാന്‍ നിര്‍മിക്കും എന്നുറപ്പിച്ചു വാത്മീകി മഹര്‍ഷി, ധ്യാനനിരതാനായി ഇരുന്നു. ആ സമയം ശ്രീരാമാച്ചന്ദ്രന്റെ ഭൂത വര്‍ത്തമാന ഭാവി കാര്യങ്ങള്‍ ഉള്ളം കയ്യിലെ നെല്ലിക്ക എന്നത് പോലെ അദ്ദേഹത്തിന്‍റെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നു. അങ്ങനെ ഉത്തമങ്ങളായ വൃത്തങ്ങളും പദങ്ങളും കൊണ്ട് നിറഞ്ഞവയും മനോഹരങ്ങളും ഒത്ത അക്ഷര സംഖ്യകളും കൂടിയ ശ്ലോകത്തോട്‌ കൂടിയ രാമായണ കാവ്യം വാത്മീകി മഹര്‍ഷി രചിച്ചു.. 

രാമായണം വാത്മീകി എഴുതി കൊണ്ടിരുന്ന സമയത്താണ് സീതയെ ശ്രീരാമന്‍ ഉപേക്ഷിക്കുന്നതും, സീതാദേവി വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ അഭയം പ്രാപിക്കുന്നതും, ലവകുശന്മാര്‍ പിറക്കുന്നതും. രാമായണം എഴുതി കഴിഞ്ഞപ്പോള്‍ ആണ് ഇനി ഇത് ആര് ഗാനം ചെയ്യുമെന്ന് വാത്മീകിക്ക്‌ സന്ദേഹം ഉണ്ടായത്. അങ്ങനെ ആശ്രമവാസികള്‍ ആയ ലവകുശന്മാറ രാമായണ കാവ്യം പഠിപ്പിച്ചു, മഹാര്ഷിമാരുടെയും മഹത്തുക്കളുടെയും സവിധത്തില്‍ ഗാനം ചെയ്യുന്നതിനായി നിയോഗിച്ചു. ഇവര്‍ ഇങ്ങനെ പാടി നടക്കുന്നതിനിടയില്‍ സാക്ഷാല്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ തന്നെ കാണുകയും ഇവരെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. അങ്ങനെ ശ്രീരാമ സവിധത്തില്‍ അവര്‍ "മാര്‍ഗ്ഗം" എന്നാ ഗാനസംപ്രടായത്തില്‍ രാമായണം ഗാനം ചെയ്യുവാന്‍ ആരംഭിച്ചു.

ഇതാണ് രാമായണരചനയെ കുറിച്ച് വാത്മീകി രാമായണത്തില്‍ പ്രസ്താവിച്ചിട്ടുള്ളത്‌ ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ് ശ്രീരാമാച്ചന്ദ്രന്റെ കാലത്ത് തന്നെയാണ് വാത്മീകി മഹര്‍ഷി രാമായണം രചിച്ചതെന്ന് !

Courtesy ~കട്ടിലപൂവം വിനോദ്

No comments: