11/02/2014

ഗുരു നിത്യചൈതന്യയതി (1923 - 99)


കേരളീയ ദാര്‍ശനികനും ശ്രീനാരായണധര്‍മ പ്രചാരകനും. തത്ത്വചിന്ത, ശാസ്ത്രം, മതം, സാഹിത്യം, മനശ്ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും മൗലികമായ ഇടപെടലുകള്‍ കൊണ്ട് കേരളീയ സാംസ്കാരിക രംഗത്ത് ശ്രദ്ധേയനാവുകയും ചെയ്ത വ്യക്തി.
1923 ന. 2-ന് പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്തുള്ള വാകയാറില്‍ താഴേത്തരിയില്‍ വീട്ടില്‍ ജനിച്ചു. പിതാവ് സരസകവി മുലൂരിന്റെ അനന്തരവനായ പന്തളം രാഘവപ്പണിക്കരും മാതാവ് വാമാക്ഷിയമ്മയും ആയിരുന്നു. അധ്യാപകനായിരുന്ന പിതാവും വിദ്യാസമ്പന്നയായ മാതാവും ചെറുപ്പംമുതല്‍ നല്ല ശിക്ഷണത്തിലാണ് ജയചന്ദ്രപ്പണിക്കരെ (പൂര്‍വനാമം) വളര്‍ത്തിയത്. 

ഭാരതീയദര്‍ശനങ്ങളുടെ ബാലപാഠം അച്ഛനില്‍നിന്ന് പഠിച്ചു. പിന്നീട് ആധ്യാത്മികതയോട് തോന്നിയ ആഭിമുഖ്യത്താല്‍ വീടുവിട്ടിറങ്ങി. തിരുവനന്തപുരത്ത് അലഞ്ഞു തിരിയവെ ഫാദര്‍ ജോണ്‍ എന്ന പുരോഹിതന്‍ ആലുവ യു.സി. കോളജിലെത്തിച്ചു. അവിടെനിന്ന് ഇന്റര്‍ മീഡിയറ്റും ഓണേഴ്സും ജയിച്ചു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ എം.എ. നേടി. തുടര്‍ന്ന് ജ്ഞാനമാര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ദേശസഞ്ചാരത്തിന് പുറപ്പെടുകയുണ്ടായി. അതിനിടയില്‍ വാര്‍ധയിലെത്തിപ്പെടുകയും മഹാത്മാഗാന്ധിയെ പരിചയപ്പെടുന്നതിനിടയാവുകയും ചെയ്തു. ഗാന്ധിജിയുമായുണ്ടായ കണ്ടുമുട്ടലും സംഭാഷണവും ജയചന്ദ്രന്റെ ജീവിതം സേവനസന്നദ്ധമായ രീതിയില്‍ തിരിച്ചുവിടുന്നതിന് പ്രേരകമായി. പിന്നീട് തിരുവണ്ണാമലയിലെ രമണമഹര്‍ഷിയുടെ ആശ്രമത്തിലെത്തി സന്ന്യാസം സ്വീകരിച്ച് സ്വാമി നിത്യചൈതന്യയതിയായ ഇദ്ദേഹം തുടര്‍ന്ന് നടരാജഗുരുവിന്റെ ശിഷ്യനായി. പിന്നീട് ബോംബെ യൂണിവേഴ്സിറ്റിയില്‍ ഗവേഷണം തുടങ്ങി (1957-59). വികലാംഗരായ ജനങ്ങളുടെ മാനസിക ഘടനയെയും പ്രശ്നങ്ങളെയും സമഗ്രമായി വിലയിരുത്തുന്ന മനഃശാസ്ത്രവിഷയമാണ് പിഎച്ച്.ഡിക്കു തിരഞ്ഞെടുത്തത്.

ഇക്കാലത്തിനുശേഷം ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക ചിന്തകളിലാകൃഷ്ടനായ യതി, ശ്രീനാരായണഗുരുകുലവുമായി ബന്ധപ്പെട്ട് ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള തീവ്രയത്നത്തിലേര്‍പ്പെട്ടു. വര്‍ക്കല ശിവഗിരിയിലെ ഏകലോകവിദ്യാലയത്തിന്റെ മാനേജര്‍ പദവി ഇദ്ദേഹം വഹിച്ചിരുന്നു. ഗുരുകുലം മാസിക ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ ഒട്ടേറെക്കാലം (1969 മുതല്‍) ഇറങ്ങിയിരുന്നു.

1952-ല്‍ കൊല്ലം എസ്.എന്‍. കോളജില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ മേധാവിയായും 1953 മുതല്‍ 55 വരെ ചെന്നൈ വിവേകാനന്ദാ കോളജിലെ ഫിലോസഫി പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963-ല്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സൈക്കിക് ആന്‍ഡ് സ്പിരിച്വല്‍ സയന്‍സിന്റെ ഡയറക്ടറായി നിയമിതനായതോടെ യതിയുടെ പ്രവര്‍ത്തനമേഖല ഉത്തരേന്ത്യയിലേക്കു കൂടി വ്യാപിച്ചു. ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ യോഗ ഗവേഷണത്തിന്റെ വകുപ്പുതലവനായും സേവനം നല്കി. ഡല്‍ഹിയിലായിരുന്ന കാലയളവില്‍ അധ്യാത്മ സരോജം എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപത്യവും വഹിച്ചിരുന്നു.



പല പാശ്ചാത്യ സര്‍വകലാശാലകളുടെയും ഓണററി വിസിറ്റിങ് പ്രൊഫസര്‍ എന്ന നിലയ്ക്കും ഇദ്ദേഹം ഒട്ടേറെക്കാലം ജോലി ചെയ്തിരുന്നു. പാശ്ചാത്യരായ ദാര്‍ശനിക പണ്ഡിതര്‍ക്ക് നിത്യചൈതന്യയതിയുടെ ശ്രീനാരായണതത്ത്വദര്‍ശനവിവരണങ്ങള്‍ ഒട്ടേറെ കൌതുകവും ആഹ്ളാദവും പകര്‍ന്നു നല്കിയിരുന്നു. യതിക്ക് പാശ്ചാത്യരായ അനേകം ശിഷ്യഗണങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക ജനജീവിതത്തിലെ മാനസിക പിരിമുറുക്കവും അസ്വസ്ഥതകളും ഒരളവുവരെ ഇല്ലാതാക്കുവാനും ആധ്യാത്മിക ചിന്തയുടെ നിലാവെളിച്ചം പകര്‍ന്നു ജനങ്ങളെ ഉദ്ബുദ്ധരാക്കി മാറ്റുവാനും യതിക്ക് അസാധാരണമായൊരു സിദ്ധി വിശേഷമുണ്ടായിരുന്നു. ലോക തത്ത്വശാസ്ത്രങ്ങളെക്കുറിച്ച് ഒട്ടേറെ അറിവ് നേടിയ യതി ഫ്രോയിഡ്, യൂങ് എന്നിവരുടെ മനഃശാസ്ത്രചിന്തകള്‍ക്ക് ആധുനിക പ്രത്യയശാസ്ത്രങ്ങളുടെ ദൃഷ്ടിയില്‍ വ്യാഖ്യാനം നല്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ക്ളാസ്സിക്കുകള്‍, ഇന്ത്യന്‍ തത്ത്വശാസ്ത്രം, ഭഗവദ്ഗീത, യോഗശാസ്ത്രം എന്നീ വിഷയങ്ങളില്‍ അനവധി പ്രഭാഷണപരമ്പരകള്‍ തന്നെ യതി നടത്തിയിട്ടുണ്ട്.



നളിനി എന്ന കാവ്യശില്പത്തിന് 1977-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം പോര്‍ട്ട്ലാന്‍ഡില്‍ നടത്തിയ ഗീതാപ്രഭാഷണം (1970-ല്‍) അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലെയും എഫ്.എം. സ്റ്റേഷനുകളില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വത്തിക്കാനില്‍ പോപ്പ് പോള്‍ ആറാമന്റെ അതിഥിയായി ഒരു മഹാസദസ്സിനെ അഭിസംബോധന ചെയ്തിട്ടുണ്ട് (1973-ല്‍). കാലിഫോര്‍ണിയ, അമേരിക്കയിലെ പോര്‍ട്ട് ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ സെമിനാറുകളുടെ സംവിധായകനായിപ്പോയിട്ടുണ്ട്. 1981-ല്‍ മോസ്കോയില്‍ വച്ചുനടന്ന ഗിഫ്റ്റ് ഒഫ് ലൈഫ് കോണ്‍ഫറന്‍സിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. 1982-ല്‍ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഒരു സെമസ്റ്ററിന്റെ പൂര്‍ണ ചുമതല ഇദ്ദേഹത്തിനായിരുന്നു.

തന്റെ ജീവിതകാലത്ത് കേരളീയ സാംസ്കാരിക ജീവിതത്തില്‍ നിറഞ്ഞുനിന്ന മതേതരമുഖമുള്ള ഈ യതിവര്യന്‍ 1999 മേയ് 15-ന് മഹാ സമാധി .

No comments: