08/02/2014

അവർക്ക്‌ വിശക്കൂലേ..... കക്കാൻ പോകാൻ പറ്റുമോ സാറേ......"


കഴിഞ്ഞ രാത്രിയിൽ ഒരു സുഹൃത്തിന്റെ ഫോൺ വിളിയിൽ നിന്ന് കേട്ടത്‌ അവന്റെ അമ്മയ്ക്ക്‌ സുഖമില്ലെന്നും പെട്ടന്ന് ആശുപത്രിയിലേക്ക്‌ ചെല്ലണമെന്നുമാണു..... സമയം പുലർച്ചേ ആകുന്നുണ്ടായിരുന്നു...
അമ്മ ഒബ്സർവ്വേഷനിലാണു.... ഞാൻ അൽപം ദൂരേക്ക്‌ മാറി നിന്നു....
ഏതോ രോഗിക്ക്‌ രക്തം കൊടുത്ത്‌ പുറത്തിറങ്ങി അയാൾ ബന്ധുവിനോട്‌ പറയുന്നു....

"സർ... ഇരുന്നുർ രൂപ വേണം....

"ഇരുന്നുറോ..?? പറ്റില്ല..... നുറു വേണമെങ്കിൽ തരാം..

"പറ്റില്ല സാർ... ഇരുന്നുർ വേണം....

രക്തത്തിനു വില പേശുന്ന അയാളോട്‌ എനിക്ക്‌ വെറുപ്പ്‌ തോന്നി.... 

കള്ളുകുടിക്കാനാവാം.... ഇതിനു മുൻപും ഞാൻ ഇതുപോലെയുള്ള മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ട്‌.. നിസഹായതയ്ക്ക്‌ മുന്നിൽ നിന്ന് ചോരയ്ക്ക്‌ വില പറയും....

ബന്ധു വാശി അവസാനിപ്പിച്ച്‌ ഇരുന്നുറു രൂപ അയാളുടെ കയ്യിൽ വെച്ച്‌ കൊടുത്തു..... സന്തോഷപൂർവ്വം അയാൾ എന്നെയും നോക്കി ചിരിച്ചു .. എനിക്ക്‌ ചിരിക്കാൻ കഴിഞ്ഞില്ല.. മാത്രമല്ല.... അപരിചിതനായ അയാളോട്‌ എനിക്ക്‌ അതിനോടകം വെറുപ്പും തോന്നിയിരുന്നു...

അയാൾ മുന്നിലേക്ക്‌ നടന്ന് ചെന്ന് കസേരയിൽ ഇരിക്കുന്ന മൂന്ന് കുട്ടികളെ കയ്യാട്ടി വിളിച്ചു.....

"വാ മക്കളെ......

"അച്ഛാഛീ... എന്ന് വിളിച്ച്‌ കുഞ്ഞുങ്ങൾ ഓടി ചെന്നു...
"വാ... എന്തേലും വാങ്ങിച്ച്‌ തരാട്ടാ....

ദൂരെ വെളിച്ചം കാണുന്ന തട്ടുകട..... അയാൾ കുഞ്ഞുങ്ങളെയും കൂട്ടി നടന്ന് തുടങ്ങുമ്പോ എന്റെ നേരേ തിരിഞ്ഞു പറഞ്ഞു...

"വേറെ വഴിയില്ല... ഇതുങ്ങളുടെ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി സാറെ......

ഒരാഴ്ചയായിട്ടാണേൽ മഴയായ്തോണ്ട്‌ പണിയുമില്ല... നമ്മുടെ കാര്യം പോട്ടേ... കുഞ്ഞുങ്ങളല്ലേ... അവർക്ക്‌ വിശക്കൂലേ..... കക്കാൻ പോകാൻ പറ്റുമോ സാറേ......"

അയാൾ നടന്ന് അകലുമ്പോൾ മഴ ചാറി തുടങ്ങി....

നമ്മൾ അറിയാതെ പോകുന്ന... നമ്മുടെ കാഴ്ചകൾക്കും അപ്പുറം എത്ര ജീവിതങ്ങൾ...

ശരി എല്ലായ്പ്പോഴും ശരിയുമല്ല....
തെറ്റ്‌ എല്ലാകാലവും തെറ്റായിരിക്കുകയുമില്ല....!!

No comments: