25/02/2014

സുഹൃത് ബന്ധങ്ങള്‍

സുഹൃത് ബന്ധങ്ങള്‍ രക്ത ബന്ധ ത്തെക്കാള്‍ വലുതാണ്‌. നമ്മുക്ക് ജീവിതത്തില്‍ ഒരുപാട് കൂട്ടുകാരെ കിട്ടും. കൂട്ടുകാര്‍ നമ്മുടെ ജീവിതത്തിലെ വഴിത്തിരുവുകള്‍ ആകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാം, എല്ലാം വിധിയാണ്.നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്ന പോലെ നല്ല സുഹുര്‍ത്തുക്കളെ തിരഞ്ഞെടുക്കാനും നമ്മള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ജീവിതത്തില്‍ പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും.

സൗഹൃദത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം, അതൊക്കെ ആസ്വദിച്ച് മുന്നോട്ട് കൊണ്ട് പോകുന്നവരാണ് യഥാര്‍ത്ഥ കൂട്ടുകാര്‍. ആത്മാര്‍ത്ഥതയുള്ള കൂട്ടുകാര്‍ നമ്മുടെ മനസ്സ് തൊട്ടറിയുന്നവരാണ്. മുഖമൊന്നു വാടിയാല്‍ ആ വാട്ടത്തിന്റെ കാര്യം നമ്മള്‍ പറയാതെ തന്നെ മനസ്സിലാക്കുന്നവരാണ് യഥാര്‍ത്ഥ സുഹുര്‍ത്തുക്കള്‍. തെറ്റ് ചെയ്യുമ്പോള്‍ അത് തെറ്റാണെന്ന് ചൂണ്ടി കാട്ടുകയും, തമാശ കാട്ടുമ്പോള്‍ പൊട്ടിച്ചിരിക്കുകയും, സങ്കടം വരുമ്പോള്‍ ആ സങ്കടത്തില്‍ പങ്ക് ചേര്‍ന്ന് പരിഹാരം കാണുന്നവരുമാണ് കൂട്ടുകാര്‍. കൂട്ടുകാരെ കളിയാക്കാം, പക്ഷെ സങ്കടപ്പെടുത്തരുത്. കൂട്ടുകാരെ ഒരിക്കലും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്, അവരോട് ഒരിക്കലും കള്ളം പറയുകയും അരുത്. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകള്‍ കൂട്ടുകാര്‍ ക്ഷമിക്കും, പക്ഷെ കാര്യം നേടാന്‍ വേണ്ടി അറിഞ്ഞുകൊണ്ട് കള്ളങ്ങള്‍ പറയുന്നത് കൂട്ടുകാര്‍ക്ക് സഹിക്കാന്‍ കഴിയില്ല. ആ കള്ളം കാരണം മനസ്സില്‍ ഉണ്ടായ മുറിവ് ഉണക്കാന്‍ ഒരുപാട് സമയം വേണ്ടി വരും, എന്നാലും കൂട്ടുകാരെ ഓര്‍ത്ത് അതും അവര്‍ ക്ഷമിക്കും.

ചില സൗഹൃദങ്ങള്‍ മലപോലെ ദൃഢമായി   നിലനില്‍ക്കുന്നു, എന്നാല്‍ ചില സൗഹൃദങ്ങള്‍ കുപ്പിച്ചില്ലുകള്‍ പോലെ തകര്‍ന്നുടയുന്നു. അതിനു കാരണങ്ങള്‍ പലതാണ്. ഒന്ന്, പരസ്പര ധാരണയില്ലായ്മ, രണ്ടു, മനസ്സറിയാനുള്ള കഴിവില്ലായ്മ, ഇത് രണ്ടും ഇല്ലെങ്കില്‍ സൗഹൃദം മുന്നോട്ട് പോകില്ല. എത്ര വലിയ തെറ്റ് ചെയ്താലും മനസ്സ് തുറന്ന് ഒന്ന് ക്ഷമ ചോദിച്ചാല്‍ തീരുന്ന കാര്യമേ ഉള്ളു. പക്ഷെ അതിനു മുതിരാതെ പിരിയുന്നവരാണ് ഏറയും. ചില സന്ദര്‍ഭങ്ങളില്‍ ആത്മാര്‍ത്ഥമായി മാപ്പ് പറഞ്ഞാലും ആ മാപ്പ് സ്വീകരിക്കില്ല. അങ്ങനെ ഒരിക്കലും ചെയ്യരുത്. ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നവരോട് പൊറുക്കാനുള്ള മനസ്സാണ് ഒരു വ്യക്തിക്ക് വേണ്ടത്. 
അതിനാൽ എന്റെ അറിവില്ലായ്മയിൽ നിന്നും എന്തെങ്കിലും തെറ്റു കുറ്റങ്ങൾ വന്നിട്ടുന്റെങ്കിൽ സദയം എല്ലാവരോടും ഈ അവസ്സരത്തിൽ ഞാൻ നുരുപാദികം മാപ്പ് ചോദിക്കുന്നു...........

എന്തുണ്ടെങ്കിലും തുറന്നു പറയാനുള്ള മനസ്സുണ്ടാകണം. തുറന്നു പറയുന്നതിനിടയില്‍ പലപ്പോഴും അടിപിടികള്‍ ഉണ്ടാകും. അതൊക്കെ മറക്കാന്‍ കഴിയണം.

സൗഹൃദത്തെ ഒരു ഭാരമായി കാണുന്നവരോടും സുഹുര്‍ത്ത് ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരോടും എനിക്കിത്രയുമാണ് പറയാനുള്ളത്.

ഒരിക്കലും നമ്മളില്‍ നിന്നും അകന്നു പോകരുത് എന്നാശിക്കുന്നത് കൊണ്ടാണ് എപ്പോളും മിണ്ടാന്‍ ശ്രമിക്കുന്നത്, കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് വഴക്കിടുന്നത്. അല്ലാതെ അതൊന്നും സ്നേഹമില്ലാത്തത് കൊണ്ടോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല. 
എല്ലാ നന്മകളും നേർന്നുകൊണ്ട് .....സ്നേഹ പൂർവ്വം..... ദിനേശ്‌ പള്ളിയാലില്‍

No comments: