05/07/2014

‘ഗുജറാത്തി റൊണാള്‍ഡ് റീഗന്‍’ Narendra Modi - Indian Ronald Regan

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയം പലര്‍ക്കും ഒരു പരീക്ഷണ വസ്തുവാകാം. പണ്ഡിതന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് അതില്‍നിന്ന് വായിച്ചെടുക്കാം. ചിലര്‍ക്ക് മോദി ഭാരതത്തിന്റെ മരവിച്ചുകിടക്കുന്ന സാമ്പത്തിക രംഗത്തെ ഉണര്‍ത്തി ആഗോളവ്യാപാര നിക്ഷേപങ്ങളുമായി കൂട്ടിയിണക്കാന്‍ കെല്‍പ്പുള്ള ആളാണ്. മറ്റു ചിലര്‍ക്ക് അദ്ദേഹം ഒരു കഴുകനെപ്പോലെ ചൈനയുടെ അധിനിവേശങ്ങളെയും പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങളെയും സധൈര്യം ഉരുക്കുമുഷ്ടിയോടെ നേരിടാന്‍ കെല്‍പ്പുള്ള വ്യക്തിയാണ്. ചിലപ്പോള്‍ ഈ രണ്ട് മോദിമാരും ഒന്നുചേര്‍ന്ന് നില്‍ക്കുന്നത് കാണാം. അമേരിക്കയുടെ ‘ഫോറിന്‍ പോളിസി’ മാഗസിന്‍ മോദിയെ ‘ഗുജറാത്തി റൊണാള്‍ഡ് റീഗന്‍’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു- മന്‍മോഹന്‍സിംഗ് അലങ്കോലമാക്കി ഉപേക്ഷിച്ചുപോയ രാഷ്ട്രശരീരത്തിന് പുതുജീവന്‍ നല്‍കാന്‍ വന്ന ആധുനിക നായകന്‍.

സത്യത്തില്‍ മോദിയുടെ വിദേശനയത്തിന്റെ ചില മിന്നലാട്ടങ്ങള്‍ മാത്രമാണ് ഇതുവരെ നാം കണ്ടിട്ടുള്ളത്. ‘സാര്‍ക്ക്’ രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചതും പ്രഥമ വിദേശസന്ദര്‍ശനത്തിനായി ഭൂട്ടാന്‍ തെരഞ്ഞെടുത്തതും ചടുലമായ നീക്കങ്ങള്‍ തന്നെയാണെങ്കിലും മുന്‍ പ്രധാനമന്ത്രിയുടെ ദക്ഷിണേഷ്യ കേന്ദ്രീകൃത വിദേശനയത്തിന്റെ തുടര്‍ച്ചയായും അതിനെ കാണാവുന്നതാണ്. സെപ്തംബറില്‍ നടക്കാനിരിക്കുന്ന മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനം അദ്ദേഹത്തിന്റെ ബുദ്ധിപൂര്‍വകമായ മഹാമനസ്‌കതയായി കണക്കാക്കാം. കാരണം അമേരിക്കന്‍ വിസാ വിഷയത്തില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ രാജ്യത്തിന്റെ വിദേശനയത്തെ സ്വാധീനിക്കാന്‍ അനുവദിക്കില്ല എന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ഉത്തര ഇറാഖില്‍ ജിഹാദികളാല്‍ തടവിലാക്കപ്പെട്ട ഭാരതീയരുടെ മോചനകാര്യത്തില്‍ മോദി സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ട വിഷയമാണ്. എന്നാല്‍ ചില സൂചനകള്‍ ലഭ്യമാണ്. 1998 മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിച്ചുവരുന്നുണ്ട്. ശക്തമായ ഒരു തസ്തികയാണിത്. കാരണം ആ തസ്തികയില്‍ ഇരിക്കുന്നയാള്‍ക്ക് പ്രധാനമന്ത്രിയുമായി വളരെ അടുപ്പമുണ്ടാവുമെന്ന് മാത്രമല്ല, ഭാരതത്തിന്റെ ആണവായുധ കമാന്റിന്റെ ഒരു താക്കോല്‍സ്ഥാനവും രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്റെ സ്ഥാനവും അദ്ദേഹം വഹിക്കുന്നു.

മോദിയുടെ മുന്‍ഗാമികളില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മുതിര്‍ന്ന നയതന്ത്രജ്ഞരെയാണ് ഈ തസ്തികയില്‍ നിയമിച്ചത്. 2005 മുതല്‍ 2010 വരെ ആ സ്ഥാനത്തിരുന്ന ഇന്റലിജന്‍സ് ബ്യൂറോ തലവനായിരുന്ന എം.കെ. നാരായണന്‍ ആണ് ഇതിനൊരപവാദം.

മുന്‍ ഇന്റലിജന്‍സ് ബ്യൂറോ തലവനും അത്യന്തം പുകള്‍പെറ്റ ഉദ്യോഗസ്ഥനും ദല്‍ഹിയിലെ പ്രമുഖ ചിന്താസരണിയായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃസ്ഥാനത്തിരുന്നയാളുമായ അജിത് ഡോവലിനെ തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആക്കുകവഴി ലോകത്തിന് വ്യക്തമായ സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നത്.

ഡോവല്‍ പ്രശംസനീയനായ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ്. 1980-കളില്‍ പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ പാക്കിസ്ഥാനി രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ ഉദ്യോഗസ്ഥനായി ചമഞ്ഞ് കഴിഞ്ഞതും പാക്കിസ്ഥാനില്‍തന്നെ ഏറെക്കാലം പ്രവര്‍ത്തിച്ചതും കാശ്മീരിലും മിസോറാമിലും വിഘടനവാദികളെ നേരിട്ടതും, 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇടപെട്ടതുമടക്കം ധാരാളം അവിസ്മരണീയ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഭാഗ്യവശാല്‍ ഡോവല്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ധാരാളം വാക്കുകളില്‍ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളുടെ ആകെയുള്ള സത്തയാണ് ഇവയെന്ന് പറയുന്നത് ശരിയായിരിക്കില്ല. പ്രതിപക്ഷത്താവുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും വ്യക്തികളുടെ സ്വഭാവത്തില്‍ മാറ്റം സംഭവിക്കാറുണ്ട്. എന്നാല്‍ ഡോവലിന്റെ വാക്കുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തില്‍നിന്ന് ഏതുതരത്തിലുള്ള ഉപദേശങ്ങളാവും പ്രധാനമന്ത്രിക്ക് കിട്ടുക എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും.

ഒന്നാമതായി ഡോവല്‍ തീര്‍ച്ചയായും വിശ്വസിക്കുന്നത് ദേശീയ സുരക്ഷ സ്വന്തം ഭവനത്തില്‍നിന്നാരംഭിക്കുന്നു എന്നുതന്നെയാണ്. വൈദേശിക ഭീഷണികളേക്കാള്‍ ഗൗരവത്തോടെ അദ്ദേഹം രാജ്യത്തിനുള്ളില്‍നിന്നുള്ള ഭീഷണികളെ വിലയിരുത്തുന്നു. 2006-ല്‍തന്നെ അദ്ദേഹം പറയുന്നു: ”ഭാരതത്തിന്റെ രാജ്യാന്തര ബലഹീനതകളേക്കാള്‍ വളരെ കൂടുതലാണ് അതിന്റെ ആന്തരിക ബലഹീനതകള്‍.” ഈ ആന്തരിക ബലഹീനതകളെയാവും ബാഹ്യശക്തികള്‍ മുതലെടുക്കുക എന്നതിനാല്‍ സംസ്ഥാന പോലീസ് സേനകളെ എല്ലാ രംഗത്തും സജ്ജമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറയുന്നുണ്ട്. ഒരുലക്ഷം വ്യക്തികള്‍ക്ക് ഏറ്റവും കുറഞ്ഞത് 200 പോലീസ് സേനാംഗങ്ങളെങ്കിലും വേണമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ മുന്നറിയിപ്പ് മറ്റൊരു ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ”ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റമാണ് ഭാരതം നേരിടുന്ന പ്രധാന ഭീഷണി. ഭാരതത്തിനുമേല്‍ വര്‍ഗീയമായ അധിനിവേശത്തിന് ബംഗ്ലാദേശ് കൂട്ടുനില്‍ക്കുകയാണ്”- ഡോവല്‍ പറയുന്നു.

രണ്ടാമതായി അദ്ദേഹം ആഭ്യന്തര സുരക്ഷയെ വളരെ വിശാലമായ അര്‍ത്ഥത്തില്‍ കാണുന്നു. ‘മനുഷ്യാവകാശങ്ങളുടെ മറയിട്ടുകൊണ്ട് രാജ്യതാല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന’ മുന്‍നിര സര്‍ക്കാരിതര സംഘടനകളെ അദ്ദേഹം വളരെ അവജ്ഞയോടെയാണ് കാണുന്നത്. അടുത്തകാലത്തായി ഇത്തരം സംഘടനകളെക്കുറിച്ച് വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അന്താരാഷ്ട്ര സംഘടനയായ ഗ്രീന്‍പീസിനെക്കുറിച്ച് നടന്ന അന്വേഷണവും വിദേശത്തുനിന്നുള്ള ധനസഹായത്തിന്മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവും ഡോവലിന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നുണ്ട്.

കഴിഞ്ഞ വേനല്‍ക്കാലത്ത് ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകരെ ഹിന്ദിയില്‍ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പതിനായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതീയസംസ്‌കാരവും തനിമയും ഭീഷണി നേരിടുന്നതായി പറയുകയുണ്ടായി. ഭാരതത്തിന്റെ ഏകത്വത്തേക്കാള്‍ അതിന്റെ നാനാത്വത്തിന് പ്രാമുഖ്യം നല്‍കാനുള്ള ശ്രമങ്ങളെ അദ്ദേഹം തീവ്രമായി വിമര്‍ശിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാരതം നേരിടുന്ന ഭൗതിക ഭീഷണികളെക്കാള്‍ ഗൗരവമായി അദ്ദേഹം കരുതുന്നത് അത് നേരിടുന്ന സാംസ്‌കാരിക ഭീഷണിയാണ് എന്നുള്ളതാണ്. ഭാരതീയത അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ ബിജെപി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു. ഈ ചിന്താഗതി ആഭ്യന്തരസുരക്ഷക്ക് സര്‍വ്വപ്രധാനമായ ഒരു സാംസ്‌കാരിക മാനംകൂടി നല്‍കുന്നു.

മൂന്നാമതായി അദ്ദേഹം ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് കൂടുതല്‍ കരുത്ത് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. റിസര്‍ച്ച് ആന്റ് അനാലിസിസ് (റോ) വിഭാഗത്തിന്റെ രഹസ്യാത്മക ഓപ്പറേഷന്‍സ് നടത്താനുള്ള നീക്കങ്ങളെ വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്‌റാളിന്റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തുമെന്ന കാര്യത്തില്‍ വളരെ ആവേശകരമായ ഒരു ചിന്താഗതി നിലവിലുണ്ട്. പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമാണുള്ളത്.
വര്‍ഷങ്ങളായി ഇത്തരം രഹസ്യാത്മക നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. 2012 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം ഇത്തരം നടപടികളെ നിര്‍വചിക്കുന്നത് ”ചെലവ് കുറഞ്ഞതും നിരന്തര ആക്രമണാത്മകവും നിഷേധിക്കാന്‍ എളുപ്പമുള്ളതും എന്നാല്‍ ശത്രു കീഴടങ്ങുംവരെ മുറിവേല്‍പ്പിക്കാന്‍ പറ്റിയതുമായ” ഒരു യുദ്ധതന്ത്രമായിട്ടാണ്. ഇക്കാര്യത്തില്‍ ന്യൂദല്‍ഹി പുലര്‍ത്തുന്ന അലംഭാവത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. കൂടാതെ പരമ്പരാഗത യുദ്ധസമ്പ്രദായം ചെലവേറിയതും വളരെ അപകടസാധ്യതകള്‍ നിറഞ്ഞതുമാണെന്ന് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘ഭീകരരെ ചെറുക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗ്ഗം ഫിദായീനുകളുടെ ഇച്ഛാശക്തിയോട് കിടപിടിക്കുന്ന ചെറുപ്പക്കാരെ കണ്ടെത്തി പരിശീലനം നല്‍കി രംഗത്തിറക്കുക” എന്നതാണ്. ”ഭാരതത്തേക്കാള്‍ പതിന്മടങ്ങ് ബലഹീനതകള്‍ പാക്കിസ്ഥാനുണ്ട് എന്ന് മറക്കരുത്” ആപല്‍സൂചകമായ ശബ്ദത്തില്‍ ഡോവല്‍ പറയുന്നു.

2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ഭീകരര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ. നാരായണന്‍ രഹസ്യാത്മക പ്രത്യാക്രമണത്തിന് നിര്‍ബന്ധിച്ചെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ കരുതലോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മുംബൈ ആക്രമണംപോലെ മറ്റൊന്നുണ്ടായാല്‍ കാര്യങ്ങള്‍ മാറിമറിയും എന്നത് ഉറപ്പാണ്.

ഡോവല്‍ ഭീകരരുടെ നേതൃത്വത്തെ മാത്രമല്ല ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ ഭീകരരുടെ വാര്‍ത്താവിനിമയ ശൃംഖലകളെയും അവരുടെ പിന്നാമ്പുറ സപ്ലൈ കേന്ദ്രങ്ങളെയും തകര്‍ക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. 2011 ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ വിദേശകേന്ദ്രീകൃത പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും രാജ്യത്തിനുള്ളിലെ വളര്‍ന്നുവരുന്ന ഭീകരതയെ ശക്തമായി നേരിടുന്നതിന് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ പ്രസക്തി സൂചിപ്പിക്കുകയുണ്ടായി. ദേശീയ ഭീകരവിരുദ്ധ സെല്‍ (എന്‍സിടിസി) ഉണ്ടാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്ന ഡോവല്‍ അതിന് ആവശ്യത്തിന് ആളും അര്‍ത്ഥവും നല്‍കി കരുത്തുറ്റതാക്കണമെന്നും അഭിപ്രായപ്പെടുന്നു.

നാലാമതായി അമേരിക്കന്‍ സേനാ പിന്മാറ്റത്തിന് ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ഡോവലിന് അശുഭപ്രതീക്ഷകളാണുള്ളത്. അഫ്ഗാനിസ്ഥാനിലെ അനിശ്ചിതത്വത്തിന് പാക്കിസ്ഥാനാണ് ഉത്തരവാദിയെന്ന് കരുതുന്ന അദ്ദേഹം ഈ വിഷയത്തില്‍ ഭാരതത്തിന്റെ ഉല്‍കണ്ഠ മറച്ചുവെക്കുന്നില്ല. കഴിഞ്ഞ ഗ്രീഷ്മകാലത്ത് അമേരിക്കയില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം കാര്യങ്ങള്‍ വഷളായാല്‍ ‘ഏറ്റവും മോശമായ അവസ്ഥയെ’ നേരിടാന്‍ തയ്യാറായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുകയുണ്ടായി. മുന്‍കൂട്ടി തയ്യാറാക്കപ്പെടുന്ന യുദ്ധങ്ങളല്ല നമുക്ക് പലപ്പോഴും ചെയ്യേണ്ടവരികയെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ ഭാരതീയ നയതന്ത്ര കാര്യാലയങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ പരാമര്‍ശിക്കവെ അദ്ദേഹം ആവശ്യപ്പെടുന്നത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ്. അടച്ചുപൂട്ടലോ പ്രീണനനയങ്ങളോ അല്ല.

സ്ഥാനമൊഴിയുന്ന അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഭാരതീയ ആയുധസഹായത്തിനുള്ള വളരെക്കാലമായ ആവശ്യത്തോട് എങ്ങനെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുക? എന്തായിരിക്കും ഡോവലിന്റെ ഇക്കാര്യത്തിലുള്ള ഉപദേശം? രണ്ടുവര്‍ഷത്തോളം ഡോവലിനൊപ്പം ഒന്നിച്ചുപ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാന്‍ കഴിയും കൂടുതല്‍ ശക്തമായ സമീപനമായിരിക്കും അദ്ദേഹം മോദിക്ക് ഉപദേശിക്കുക എന്നാണ്.

അഞ്ചാമതായി അദ്ദേഹത്തിന്റെ തലമുറയിലെ മറ്റേതൊരു ഉദ്യോഗസ്ഥനെയും പോലെ ഡോവലും അമേരിക്കയെ വിശ്വസിക്കുന്നില്ല എന്ന വസ്തുതയാണ്. അഫ്ഗാനില്‍നിന്ന് പിന്മാറുന്ന അമേരിക്ക ഭീകരവിരുദ്ധ യുദ്ധത്തിന്റെ കടിഞ്ഞാണ്‍ പാക്കിസ്ഥാനെ ഏല്‍പ്പിക്കുമെന്ന് ഡോവല്‍ വിശ്വസിക്കുന്നു. ഭാരത-അമേരിക്ക ആണവകരാറിന്റെ ശക്തനായ വിമര്‍ശകനായിരുന്ന അദ്ദേഹം 2006 ല്‍ നല്‍കിയ മുന്നറിയിപ്പ് ഇങ്ങനെയാണ്- ”ഈ കരാര്‍ ആണവശക്തിയാകാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ തടസപ്പെടുത്തുന്നു എന്ന് മാത്രമല്ല ഭാരതത്തിന്റെ ആണവ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തി ഭാരതത്തെ ഒരു അമേരിക്കന്‍ സാമന്തരാജ്യമാക്കി മാറ്റുകയും ചെയ്യും.” അമേരിക്കയുമായുള്ള യുദ്ധതന്ത്രബന്ധങ്ങളില്‍ മാറ്റംവരുത്താന്‍ മോദി തയ്യാറാവില്ലെങ്കിലും അമേരിക്കയുമായി ഒപ്പിട്ട ആണവക്കരാറിനെ പുനഃപരിശോധിക്കാന്‍ അദ്ദേഹം തയ്യാറായേക്കുമെന്ന് കരുതാവുന്നതാണ്.

മൊത്തത്തില്‍ ഡോവലിന്റെ രചനകളില്‍നിന്ന് ഉരുത്തിരിയുന്ന ചിത്രം, വിശദാംശങ്ങളില്‍ ശ്രദ്ധാലുവായ, ചിട്ടയായി പ്രവര്‍ത്തിക്കുന്ന, പ്രായോഗിക ക്ഷമതയുള്ള ഒരു ചിന്തകന്റെയാണ്. വമ്പന്‍ സ്‌കീമുകളില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. അദ്ദേഹം ശ്രദ്ധാലുവായ ഒരു കഴുകനെപ്പോലെയാണ്. അദ്ദേഹത്തിന്റെ രോഗനിര്‍ണ്ണയം അശുഭമാണെങ്കിലും ചികിത്‌സ കൃത്യതയുള്ളതാണ്. മോദിയുടെ ചിന്തകളില്‍ ആഗോളരംഗം നിറഞ്ഞുനില്‍ക്കുമ്പോള്‍ ഡോവല്‍ പ്രാദേശിക പരിസരത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രസുരക്ഷാ വീക്ഷണം പ്രാദേശികവും ആഭ്യന്തരവും സാംസ്‌കാരികവുമാണ്.

അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്ന ഡോവല്‍ പാക്കിസ്ഥാനോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കുന്നില്ല. എന്നാല്‍ ചൈനയെക്കുറിച്ചോ കിഴക്കനേഷ്യന്‍ രാജ്യങ്ങളെക്കുറിച്ചോ വളരെക്കുറച്ചുമാത്രം പരാമര്‍ശിക്കുന്ന ഡോവല്‍ യൂറോപ്പിനെയും മധ്യപൂര്‍വ രാജ്യങ്ങളെയും പൂര്‍ണമായിത്തന്നെ വിട്ടുകളയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള പ്രതിച്ഛായക്ക് ഡോവലിന്റെ കാര്‍ക്കശ്യസ്വഭാവം തിളക്കമേറ്റുന്നുവെന്ന് നിസ്സംശയം പറയാം.

No comments: