29/07/2014

“നീ ആടല്ല, ഒരു സിംഹമാണ്"

ഒരു ചെറിയകഥ പറയാം. ഒരിക്കല്‍ ഒരു സിംഹക്കുഞ്ഞിനെ അതിന്റെ തള്ള ഒരാട്ടിന്‍പറ്റത്തിനിടയില്‍ പെറ്റിട്ടിട്ട് മരണമടഞ്ഞു. ആടുകള്‍ അതിനെ അഭയവും ഭക്ഷണവും നല്‍കി വളര്‍ത്തി. അത് ആട്ടിന്‍കൂട്ടത്തില്‍ വളര്‍ന്നുവന്നു. ആടുകള്‍ ‘ബാ ബാ’ എന്നു കരയുമ്പോള്‍ സിംഹവും ‘ബാ, ബാ’ എന്നു കരയും.

ഒരു ദിവസം മറ്റൊരു സിംഹം അതുവഴി കടന്നുപോയപ്പോള്‍, ആടുകളെപ്പോലെ കരയുന്ന ഈ സിംഹത്തെ കണ്ടു. “നീ ഇവിടെ എന്തു ചെയ്യുന്നു?” എന്ന് രണ്ടാമത്തെ സിംഹം അത്ഭുതത്തോടെ ചോദിച്ചു.

“ബാ ബാ. ഞാനൊരു ചെറിയ ആടാണ്; എനിക്കു ഭയമാണ്” എന്നു മറുപടി.

“അസംബന്ധം, എന്നോടൊരുമിച്ചു വാ; ഞാന്‍ കാണിച്ചു തരാം” എന്നും പറഞ്ഞ് ആഗതസിംഹം അജസിംഹത്തെ ഒരു തെളിഞ്ഞ അരുവിയുടെ കരയ്ക്കു കൊണ്ടുപോയി. വെള്ളത്തില്‍ അതിന്റെ പ്രതിച്ഛായ കാട്ടിക്കൊടുത്തു.

“നീ ആടല്ല, ഒരു സിംഹമാണ്. എന്നെ നോക്ക്, ആടുകളെ നോക്ക്. നിന്റെ പ്രതിച്ഛായയും നോക്ക്.”

അജസിംഹം വെള്ളത്തില്‍ നോക്കിയശേഷം “ഞാന്‍ ആടുകളെപ്പോലെ ഇരിക്കുന്നില്ല എന്നതു വാസ്തവം. ഞാനൊരു സിംഹം തന്നെ.” എന്നു പറഞ്ഞിട്ട്, കുന്നുകള്‍ അടിവരെ കുലുങ്ങുമാറ് ഉച്ചത്തിലൊരു ഗര്‍ജ്ജനം ചെയ്തു.

ഇതാണ് സ്ഥിതി. നാം, ശീലമാകുന്ന ആട്ടിന്‍തോല്‍ പുതച്ച സിംഹങ്ങളാണ്. നമ്മുടെ ചുറ്റുപാടുകള്‍, മയക്കുവിദ്യകൊണ്ടെന്നപോലെ നാം ദുര്‍ബ്ബലരാണെന്ന തോന്നല്‍ നമ്മില്‍ രൂഢമൂലമാക്കിയിരിക്കുന്നു. വേദാന്തത്തിന്റെ കൃത്യം ഈ മയക്കത്തിനുള്ള മറുമരുന്നു പ്രയോഗിച്ച് ആത്മബോധം വീണ്ടെടുക്കുകയത്രേ. നമുക്കു പ്രാപിക്കേണ്ട ലക്ഷ്യം സ്വാതന്ത്യ്രമാണ്.

No comments: