19/07/2014

നാരായണീയം

സംസ്കൃത കാവ്യം. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയാണ് രചയിതാവ്. ഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്നതും ശ്രീമദ്ഭാഗവതപുരാണത്തിന്റെ സംഗ്രഹവുമായ ഇതില്‍ 1036 പദ്യങ്ങള്‍ നൂറ് ദശകങ്ങളിലായി നിബന്ധിച്ചിരിക്കുന്നു.

നാരായണ ഭട്ടതിരിയുടെ ജീവിതകാലം 1560 മുതല്‍ 1646 വരെയാണെന്നാണ് പണ്ഡിതമതം. നാരായണീയത്തിന്റെ അവസാന പദ്യത്തിലെ അവസാനത്തെ പദം 'ആയുരാരോഗ്യസൌഖ്യം' എന്നാണ്. ഇത് കാവ്യം എഴുതിത്തീര്‍ന്ന ദിവസത്തെ സൂചിപ്പിക്കുന്ന കലിദിന സംഖ്യയാണ്. കടപയാദിയനുസരിച്ച് ഇത് 1712210 എന്ന സംഖ്യ അഥവാ 1586 നവംബര്‍ 27 ആണെന്നു കണക്കാക്കുന്നു. ഭട്ടതിരി 26-ാമത്തെ വയസ്സില്‍ത്തന്നെ സര്‍വശാസ്ത്രപാരംഗതനും ഭക്തോത്തമനും കവിയുമായിരുന്നു എന്നതിന് ഈ കാവ്യം ദൃഷ്ടാന്തമാണ്.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഗുരവായൂരപ്പനെ നേരില്‍ കണ്ടുകൊണ്ടിരിക്കാവുന്ന സ്ഥലത്ത് നൂറുദിവസം ഭജനം ഇരുന്നാണ് നൂറ് ദശകങ്ങള്‍ രചിച്ചത് എന്നാണ് ഐതിഹ്യം. ഭട്ടതിരിയുടെ ഇളയ സഹോദരനായ മാതൃദത്തനാണത്രെ ഭട്ടതിരി പറഞ്ഞു കൊടുത്ത പദ്യം എഴുതിയെടുത്തുത്. വാതരോഗത്താല്‍ അത്യന്തം പീഡിതനായ ഭട്ടതിരി രോഗശമനത്തിന് മാര്‍ഗമുപദേശിക്കാന്‍ ഒരു അനുചരനെ തുഞ്ചത്തെഴുത്തച്ഛന്റെ സമീപത്തേക്കയച്ചു എന്നും എഴുത്തച്ഛന്‍ 'മീന്‍ തൊട്ടു കൂട്ടൂ' എന്നു പറഞ്ഞയച്ചു എന്നും കഥയുണ്ട്. എഴുത്തച്ഛന്റെ ധിക്കാരമായി അനുചരന്‍ ഭട്ടതിരിയെ ഇക്കാര്യമറിയിച്ചു. എന്നാല്‍ മത്സ്യാവതാരം തുടങ്ങി ഭഗവത്കഥ വര്‍ണിക്കുന്ന ഒരു കൃതി രചിക്കുക എന്നാണ് എഴുത്തച്ഛന്‍ നിര്‍ദേശിച്ചത് എന്നു ഭട്ടതിരിക്കു ബോധ്യമായി. ഇതനുസരിച്ചു നാരായണീയത്തില്‍ ഗുരുവായൂരപ്പനെ സംബോധന ചെയ്തുകൊണ്ടാണ് പദ്യങ്ങളും കഥകളും രചിച്ചത്.

നൂറ് ദശകങ്ങളിലുംകൂടി 1036 പദ്യങ്ങളാണുള്ളത്. ദശകം എന്നാല്‍ പത്തുപദ്യം കൂടിയത് എന്നാണ് അര്‍ഥമെങ്കിലും വിഷയക്രമീകരണംമൂലം ചില ദശകങ്ങളില്‍ ഒന്നും രണ്ടും ചുരുക്കമായി അതിലധികവും പദ്യങ്ങള്‍ കൂടുതലായി വന്നിട്ടുള്ളതിനാലാണ് പദ്യങ്ങളുടെ സംഖ്യ 1036 ആയത്. സ്രഗ്ധര, ശാര്‍ദൂലവിക്രീഡിതം, വസന്തതിലകം, ഉപജാതി, ശിഖരിണി, ദ്രുതവിളംബിതം തുടങ്ങിയ വൃത്തങ്ങള്‍ പ്രതിപാദ്യത്തിനനുസൃതമായി സ്വീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വൈദര്‍ഭീരീതിയുടെയും ഗൗഡീരീതിയുടെയും സമഞ്ജസമായ സന്നിവേശവും ശ്രദ്ധേയമാണ്. ദീര്‍ഘമായ കഥ എത്രയും ചുരുക്കി അവതരിപ്പിക്കുന്നതിന് ഭട്ടതിരിക്കുള്ള കഴിവ് നാരായണീയത്തില്‍ പ്രകടമാണ്. രാമായണകഥ എല്ലാ പ്രധാന സംഭവങ്ങളുടെയും പരാമര്‍ശത്തോടെ കാവ്യാത്മകമായി രണ്ട് ദശകങ്ങളില്‍ വര്‍ണിച്ചിരിക്കുന്നു. ശ്രീമദ്ഭാഗവതത്തില്‍ അനേകം അധ്യായങ്ങളിലായി വിശദീകരിച്ചിരിക്കുന്ന കപിലോപദേശമായ സാംഖ്യദര്‍ശനം ഒരധ്യായത്തില്‍ സംഗ്രഹിച്ചിരിക്കുന്നത് മറ്റൊരുദാഹരണമാണ്.

ജ്ഞാന-കര്‍മ ഭക്തി യോഗങ്ങളില്‍ ഭക്തി മാര്‍ഗമായിരുന്നു ഭട്ടതിരിയുടേത്. ഈ ഭാവം നാരായണീയത്തിലുടനീളം പ്രകടമാകുന്നതു കൂടാതെ ഭക്തിയോഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവസാന ദശകങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.

നാരായണീയത്തിലെ പല ദശകങ്ങളും അതിന്റെ കാവ്യാത്മകതകൊണ്ടു പ്രസിദ്ധമാണ്. രാസക്രീഡാവര്‍ണനം ഉള്‍പ്പെടുന്ന അറുപത്തിയൊന്‍പതാം ദശകം ('കേശപാശധൃത പിഞ്ഛികാവി തതിസഞ്ചലന്മകരകുണ്ഡലം' എന്നാരംഭിക്കുന്ന ദശകം), കാളിയമര്‍ദനം വര്‍ണിക്കുന്ന അമ്പത്തിയഞ്ചാം ദശകം, കൃഷ്ണന്റെയും ബലരാമന്റെയും ബാലലീല വര്‍ണിക്കുന്ന നാല്പത്തഞ്ചാം ദശകം, നരസിംഹാവതാരം വര്‍ണിക്കുന്ന ഇരുപത്തിയഞ്ചാം ദശകം; കേശാദിപാദവര്‍ണനയുടെ അവസാന ദശകം തുടങ്ങിയവ പ്രത്യേകം എടുത്തുപറയത്തക്ക കാവ്യഭംഗിയുള്ളവയാണ്. രാമായണം, ശ്രീമദ്ഭാഗവതം എന്നിവയെപ്പോലെ ഭക്തര്‍ നിത്യപാരായണത്തിന് നാരായണീയവും ഉപയോഗപ്പെടുത്തുന്നു എന്നത് ഇതിലെ ഭക്തിഭാവത്തിന്റെയും ആകര്‍ഷകമായ ശൈലിയുടെയും ദൃഷ്ടാന്തമാണ്. ശ്രീകൃഷ്ണ കഥകള്‍ക്ക് പ്രാധാന്യം നല്കി രചിച്ച കാവ്യമാണെങ്കിലും ഭഗവദ്ഗീതയിലെയും ശങ്കരാചാര്യരുടെ ഭാഷ്യങ്ങളിലെയും മറ്റും ദര്‍ശനങ്ങളുടെ സമഗ്രമായ പരിചിന്തനവും അവസാന ദശകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീമദ്ഭാഗവതത്തിലെ പതിനൊന്നും പന്ത്രണ്ടും സ്കന്ധങ്ങളിലെ തത്ത്വചിന്താപരമായ ചര്‍ച്ചയെ പിന്തുടരുന്നതാണ് ഈ ദശകങ്ങള്‍. അതേസമയം ഏറ്റവും വലിയ ദാര്‍ശനികനായ ശ്രീശങ്കരാചാര്യരും വിഷ്ണുസഹസ്രനാമത്തിന്റെ വ്യാഖ്യാന രചനയിലൂടെ ഭഗവദ്ഭക്തിയുടെ മഹത്ത്വം പ്രകടമാക്കുന്നു എന്ന് ഈ ഭാഗത്ത് പ്രസ്താവിക്കുന്നു.

കേശാദിപാദം വര്‍ണിക്കുന്ന അവസാനത്തെ ദശകത്തില്‍ ഭട്ടതിരി ശ്രീകൃഷണനെ മുന്നില്‍ പ്രത്യക്ഷനായി ദര്‍ശിക്കുന്നതായാണ് പ്രസ്താവിക്കുന്നത്. 'അഗ്രേപശ്യാമി'-താന്‍ മുന്നില്‍ പ്രത്യക്ഷനായി ക്കാണുന്നു- എന്നാണ് ആ ദശകത്തിലെ ആദ്യ പദ്യം ആരംഭിക്കുന്നത്. പീയൂഷാപ്ലാവിതനായി-അമൃതില്‍ മുങ്ങിനിവര്‍ന്ന അനുഭൂതിയോടുകൂടിയാണ്, അത്യന്തം ആനന്ദത്തില്‍ നിമഗ്നനായാണ് താന്‍ ഭഗവാനെ കാണുന്നത് എന്നു ഭട്ടതിരി പറയുന്നു.

ദേശമംഗലത്തു രുദ്രവാരിയരുടേതെന്നു കരുതുന്ന ഭക്തപ്രിയ എന്ന വ്യാഖ്യാനത്തോടുകൂടി ട്രിവാന്‍ഡ്രം സാന്‍സ്ക്രിറ്റ് സീരീസില്‍ നിന്ന് 1912-ല്‍ നാരായണീയം പ്രസിദ്ധീകൃതമായി. തൃശൂരില്‍ മംഗളോദയം പ്രസ്സില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച പതിപ്പിന് പ്രചുരപ്രചാരം ലഭിച്ചു. പാലക്കാട്ടുനിന്ന് 1939-ല്‍ പ്രസിദ്ധീകരിച്ച പതിപ്പില്‍ പി.എന്‍.മേനോന്‍ തയ്യാറാക്കിയ ഇംഗ്ളീഷ് വ്യാഖ്യാനവും പഠനവും ഉള്‍പ്പെടുത്തിയിരുന്നു. കെ. സാംബശിവശാസ്ത്രി രചിച്ച വിശദമായ വ്യാഖ്യാനത്തോടുകൂടി ഏഴ് വാല്യങ്ങളിലായി തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകൃതമായത്, ടി.സി. പരമേശ്വരന്‍ മൂസ്സത് രചിച്ച ശ്യാമസുന്ദരം എന്ന വ്യാഖ്യാനത്തോടുകൂടി മൂന്നു വാല്യങ്ങളിലായി തൃശൂരില്‍ ഭാരതവിലാസം പ്രസ്സില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്, പി.എസ്. അനന്തനാരായണ ശാസ്ത്രിയും വടക്കുംകൂര്‍ രാജരാജവര്‍മയും തയ്യാറാക്കിയ മലയാളം വ്യാഖ്യാനത്തോടുകൂടി തൃശൂരില്‍ മംഗളോദയം പ്രസ്സില്‍ നിന്ന് രണ്ടുവാല്യങ്ങളായി അച്ചടിച്ചു പ്രസിദ്ധീകരിച്ചത് തുടങ്ങി നാരായണീയത്തിന് സംസ്കൃതത്തിലും മലയാളത്തിലും അനേകം പ്രസാധനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃഷ്ണപുരത്തു തിരുമുല്‍പ്പാടു രചിച്ച വ്യാഖ്യാനവും പ്രസിദ്ധമാണ്. പ്രൌഢമായ ആമുഖോപന്യാസത്തോടും വനമാല വ്യാഖ്യാനത്തോടുമൊപ്പം ഗുരുവായൂര്‍ ദേവസ്വം ഈ സ്തോത്രകാവ്യം പ്രസിദ്ധീകരിച്ച് സൗജന്യനിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.

1 comment:

bhattathiri said...

*ഭാഗവത വിചാരം*
അവിടുന്നു സ്വാശ്രയയായ മായകൊണ്ട് വിശ്വത്തെ സൃഷ്ടിച്ച ശേഷം അതിൽ അനുപ്രവിഷ്ടനായിരിക്കുന്നു. ഇതറിയുന്ന ജ്ഞാനികൾ അവിടത്തെ സ്വരൂപത്തെ നിരന്തരം ധ്യാനിച്ചു കൊണ്ട് ഗുണാതീതനായ അവിടുത്തെ സാക്ഷാത്കരിക്കുന്നു.
*യഥാഗ്നിമേധസ്യമൃതം ച ഗോഷു*
*ഭുവ്യന്നമംബൂദ്യമനേ ച വൃത്തിം*
*യോഗൈർമ്മനുഷ്യാ അധിയന്തി ഹി ത്വാം*
*ഗുണേഷു ബുദ്ധ്യാ കവയോ വദന്തി*
(8.6.12)
മുകളിൽ പറഞ്ഞതിനെ തന്നെ 5 ഉദാഹരണങളിലൂടെ വ്യക്തമാക്കുന്നു.
(1) ഏതുപോലെയാണോ അരണിയിൽ ഒളിഞ്ഞിരിക്കുന്ന അഗ്നിയെ മഥനത്താൽ കാണാൻ കഴിയുന്നത്
(2) ഏതുപോലെയാണോ പാലിൽ ഒളിഞ്ഞിരിക്കുന്ന നെയ്യിനെ, തൈരാക്കി, കടഞ്ഞ് വെണ്ണയാക്കി അതിനെയുരുക്കി, നെയ്യിനെ വേറിട്ടാക്കുന്നത്
(3) ഭൂമിയിലിരിക്കുന്ന അന്നത്തെ കൃഷിയാദികളിലൂടെ എടുക്കുന്നത്
(4) ഭൂഗർഭത്തിലിരിക്കുന്ന ജലത്തെ കിണർ, കുളം മുതലായവയിലൂടെ കുഴിച്ച് എടുക്കുന്നത്
(5) പരിശ്രമം ചെയ്തു ഉപജീവനത്തിനാവശ്യമായ ധനത്തെ സമ്പാദിക്കുന്നത്
അതുപോലെ ജ്ഞാനികൾ ധ്യാനയോഗാദി മാർഗ്ഗങളിലൂടെ, ഗുണങൾക്കഥീനമായ ശരീര-ഇന്ദ്രിയ-അഹങ്കാരാദികളിൽ നിന്ന് വേറിട്ടിരിക്കുന്ന അവിടുത്തെ സാക്ഷാത്കരിക്കുന്നു.