23/07/2014

കര്‍ക്കിടകക്കഞ്ഞി എന്ന ഔഷധക്കഞ്ഞി

കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയുമാണ് ഈ ഗൃഹ ഔഷധസേവയുടെ ഉദ്ദേശം.മഴക്കാലത്ത് അതുമിതും തിന്നു അസുഖങ്ങൾ വരുത്തിവയ്ക്കാതെ കഴിക്കാൻ പറ്റിയത് ചൂടുകഞ്ഞി തന്നെ. തണുത്തതും വറുത്തുപൊരിച്ചതും ഒക്കെ ഒഴിവാക്കാം. ദഹിക്കാനും എളുപ്പം കഞ്ഞിയാണ്.
മുമ്പ് തൊടിയില്‍ നിന്നും ഔഷധങ്ങള്‍ പറിച്ച് അവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുകയായിരുന്നു പതിവ്. പിന്നീട് ആയുര്‍ വേദ കടകളില്‍ നിന്നും മരുന്നിനങ്ങള്‍ വാങ്ങി കഞ്ഞിയിലിട്ട് ഉപയോഗിച്ചു പോന്നു. 

ഇപ്പോഴാകട്ടെ കര്‍ക്കിടക കഞ്ഞിക്കൂട്ട് എന്ന പേരില്‍ വിവിധ ആയുര്‍വേദ സ്ഥപനങ്ങള്‍ ഇത് വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

23 മുതല്‍ 30 വരെ ആയുര്‍ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിക്കൂട്ടില്‍ ഉള്ളത്. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. 

തഴുതാമ, കൈതോന്നി, മുയല്‍ച്ചെവിയന്‍, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്. ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. 

പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഈ അവഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കാം. 

ആവശ്യമെങ്കില്‍ പശുവിന്‍ പാലോ തേങ്ങാപ്പാളൊ ചേര്‍ത്ത് ചുവന്നുള്ളി, ജീരകം എന്നിവ ചേര്‍ത്ത് കുറച്ച് നെയ്യ് ചേര്‍ത്ത് മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്. 

സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്പു എന്നിവയും ചേര്‍ക്കാറുണ്ട്. ഈ കഞ്ഞി ചുരുങ്ങിയത് ഏഴ് ദിവസം കഴിക്കണം. കര്‍ക്കിടകം മുഴുവന്‍ കഴിക്കാനായാല്‍ അത്രയും നന്ന്. 

കരള്‍ വീക്കത്തിനും ഹൃ ദയത്തകരാറുകള്‍ക്കും സ്വാശകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ് ഠമായ പ്രതിവിധിയാണ്. ഈ ഔഷധ കഞ്ഞി കഴിക്കുന്നതു മൂലം അഗ്നി ദീപ്തിയുണ്ടാവുന്നു. 

വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹന പ്രകൃയയെ സഹായിക്കുകയും സുഖ വിരേചനം ഉണ്ടാക്കുകയും ചെയ്യുന്നു.

ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകള്‍ക്ക് കര്‍ക്കിടക കാലത്തുണ്ടാവുന്ന പുറം വേദന, വാത സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പഥ്യത്തോടെ കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

No comments: