31/07/2014

മോചനം അടുത്തെത്തിയപ്പോള്‍ ആ ആന പൊട്ടിക്കരഞ്ഞു! Asianet News

അമ്പത് വര്‍ഷമായി ദുരിതമായിരുന്നു രാജു എന്ന ആനയുടെ കൂടപ്പിറപ്പ്. ചങ്ങലക്കിട്ട് വ്രണം വന്ന കാലുകള്‍. അടിയേറ്റ് പൊട്ടിപ്പഴുത്ത ശരീരം. കഴിക്കാന്‍ ഏതെങ്കിലും ടൂറിസ്റ്റുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍. നല്ല കാലം മുഴുവന്‍ കൂപ്പിലെ ജോലി ചെയ്തു. പ്രായം കൂടിയപ്പോള്‍ പല തരം വേലകള്‍. പല ഉടമസ്ഥര്‍ വന്നിട്ടും വേദന മാത്രമായിരുന്നു മിച്ചം. ഒടുവില്‍, മൃഗസംരക്ഷണത്തിനായുള്ള ഒരു സംഘടന കഴിഞ്ഞ ദിവസം രക്ഷയ്ക്കെത്തിയപ്പോള്‍ അവനാകെ പൊട്ടിക്കരഞ്ഞു. കണ്ണുകളിലൂടെ കണ്ണീര്‍ ഒഴുകി. മനുഷ്യരെപ്പോലെ, സ്വാതന്ത്ര്യത്തിന്റെ ആനന്ദം തുറന്നു പ്രകടിപ്പിക്കുകയായിരുന്നു ആ ആന. 

കാണാം, വേദനയുടെ ചങ്ങലക്കെട്ടുകളില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള രാജുവിന്റെ പരിണാമം:


ഇതാണ് രാജു. ഉത്തര്‍പ്രദേശിലെ പല ഇടങ്ങളിലായിരുന്നു ജീവിതം. ചങ്ങലക്കിട്ട ദുരിതനാളുകളില്‍ പ്ലാസ്റ്റിക്കും കടലാസും മറ്റും തിന്ന് വിശപ്പടക്കി.


കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ SOS എന്ന മൃഗ സംരക്ഷണ സംഘടന അവനെ രക്ഷപ്പെടുത്തി. 


പുലര്‍ച്ചെയായിരുന്നു രക്ഷാ ഓപ്പറേഷന്‍. പഴങ്ങളും മറ്റുമായി അടുത്തെത്തിയ സംഘടനാ പ്രവര്‍ത്തകര്‍ സ്നേഹത്തോടെ പരിചരിക്കാന്‍ തുനിഞ്ഞപ്പോള്‍ ആന പൊട്ടിക്കരഞ്ഞു.
കണ്ണുകളിലൂടെ കണ്ണീര്‍ ധാരയായി ഒഴുകിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

അസാധാരണമായിരുന്നു അത്. കഷ്ടപ്പാടുകളില്‍നിന്ന് ആശ്വാസം ലഭിക്കുമ്പോള്‍ മനുഷ്യര്‍ ചെയ്യുന്നത് പോലെ ആനയും കരഞ്ഞു. 

ആ കരച്ചില്‍ കണ്ട് ആകെ അന്തം വിട്ടതായി SOS വക്താവ് പൂജ ബിനെപാല്‍ പറഞ്ഞു. 'രക്ഷപ്പെടുന്നതിന്റെ ആനന്ദമുണ്ടായിരുന്നു അവന്റെ കണ്ണുകളില്‍ നിറയെ'^പൂജ പറയുന്നു.

കാട്ടില്‍നിന്ന് കെണി വെച്ച് പിടിച്ചതായിരിക്കും അവനെയെന്ന് പൂജ പറഞ്ഞു. കുഞ്ഞായിരിക്കുമ്പോള്‍ കെണിയിലകപ്പെട്ടതാവും. പിന്നീട് ജീവിത കാലം മുഴുവന്‍ പീഡനങ്ങളായിരിക്കും.

സംഘം എത്തിയപ്പോള്‍ അവരെ എല്ലാ വിധേനയും തടയാന്‍ ആനയുടെ ഉടമ ശ്രമിച്ചു. എന്നാല്‍, പൊലീസും വനം വകുപ്പ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് അയാളെ തടയുകയായിരുന്നു.


മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ രാജുവിനെ മോചിപ്പിക്കാന്‍ എത്തിയത്.

ആനയുടെ കണ്ണീര്‍ ആശ്വാസത്തിന്റേതു തന്നെയാവുമെന്ന് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. നല്ല കാലം വരാന്‍ പോവുന്നത് അവനറിഞ്ഞു കാണും. ജീവിതത്തില്‍ ആദ്യമായാണ് പീഡനങ്ങളുടെ ചങ്ങല അഴിച്ചു കളയുന്നത്.മോചിപ്പിച്ച ശേഷം രാജുവിനെ ട്രക്കില്‍ കയറ്റി മധുരയിലെ പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ഇതുപോലുള്ള വന്യ മൃഗങ്ങള്‍ക്ക് സ്വാഭാവിക ജീവിതം സാദ്ധ്യമാക്കുന്ന കേന്ദ്രം മധുരയില്‍ ഒരുക്കുകയാണ് ഈ സംഘടന. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന ഇന്ത്യയിലെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളിലാണ് ഇടപെടുന്നത്.

No comments: