29/07/2014

പാറശ്ശാലയിലെ കോലപ്പനും ഫൂലന്‍ദേവിയും - സിംപതിസം

കുറെ വര്‍ഷം മുന്‍പ് ഒരു ദിവസം രാത്രി കോലപ്പന്‍ ഒറ്റയ്ക്ക് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു.

“ഠോ………..” ഒരു വെടി ശബ്ദംകേട്ട് കോലപ്പന്‍ ഞെട്ടി ഉണര്‍ന്നു.

“ഫൂലന്‍ദേവിയെ വെടിവച്ചു കൊന്നു.” ഒരശരീരി ശബ്ദം വിളിച്ചു പറഞ്ഞു. അതു സ്വന്തം ശബ്ദം പോലെയാണ് കോലപ്പന് തോന്നിയത്.

എന്തെന്നില്ലാത്ത പരവേശം, വെടി കോലപ്പനു കൊണ്ടതുപോലെ. തൊണ്ടയിലും വായിലും ഈര്‍പ്പം ഇല്ലാതെയായി, വരണ്ടുണങ്ങി. എടുത്തടിച്ചതുപോലെ കോലപ്പന്‍ കട്ടിലില്‍ നിന്നും തറയിലേക്ക്‌ കമിഴ്ന്നുവീണു. തല പൊക്കിപിടിച്ചതു കൊണ്ട് മുഖം തറയില്‍ ഇടിച്ചില്ല. പക്ഷേ കാല്‍മുട്ടുകള്‍ രണ്ടും തറയിലിടിച്ചു തകര്‍ന്നിരുന്നു. അസഹനീയമായ വേദന, മരിക്കാന്‍ പോകുന്നതുപോലെ. പക്ഷെ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. കാല്‍മുട്ടുകള്‍ക്ക് പരിക്കുപറ്റിയിരുന്നു. വലിഞ്ഞിഴഞ്ഞ് അടുത്ത മുറിയിലേക്കു ചെന്നു. അവിടെ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു. അടുത്തിരുന്ന വിളക്കില്‍ നിന്നും എണ്ണയെടുത്ത് കാല്‍മുട്ടുകളില്‍ പുരട്ടി. അപ്പോള്‍ കുറച്ചു ആശ്വാസം കിട്ടി. തറയില്‍ത്തന്നെ കിടന്ന് നേരം വെളുപ്പിച്ചു.

എന്താണ്‌ സംഭവിച്ചതിനെപ്പറ്റി കോലപ്പന് സ്വയം ഒരു വിശദീകരണവും തോന്നിയില്ല. ചമ്പല്‍കാടുകളിലെ ഒരു കൊള്ളക്കാരിയാണ് ഫൂലന്‍ദേവി എന്ന് അറിയാമായിരുന്നു. പിന്നെ അവര്‍ പാര്‍ലമെന്‍റ് അംഗമായി എന്നും കേട്ടിട്ടുണ്ട്. അവരെ വെടിവെച്ചു കൊന്നെങ്കില്‍ താനെന്തിനു നിലത്തു വീഴണം? പിറ്റേദിവസം പത്രം നോക്കി. ഒരു വാര്‍ത്തയും ഇല്ല. കോലപ്പന്‍റെ കാല്‍ നേരെയാകാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുത്തു.

വീണതിന്‍റെ പിറ്റേദിവസം കോലപ്പന്‍ ഒരു സുഹൃത്തിനോട്‌ തന്‍റെ അനുഭവത്തെ പറ്റി പറഞ്ഞു. ആ സമയത്ത് ഫൂലന്‍ദേവി വെടിയേറ്റു മരിച്ചതായിട്ടാണ് തനിക്കു തോന്നുന്നതെന്ന് കോലപ്പന്‍ സുഹൃത്തിനോട് പറഞ്ഞു. അതിന് താന്‍ എന്തു പിഴച്ചു? തന്നെ എന്തിന്‌ തറയില്‍ അടിക്കണം? എന്നു സുഹൃത്തു ചോദിച്ചു. അതിന്‍റെ ആറാമത്തെ ദിവസം അതിരാവിലെ പേപ്പര്‍ കണ്ടു സുഹൃത്ത് ഞെട്ടി. ഫൂലന്‍ദേവിയെ വെടിവെച്ചു കൊന്നതായി വാര്‍ത്ത. വാര്‍ത്ത വായിച്ച് സുഹൃത്ത് കോലപ്പനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. കോലപ്പന്‍ ഞെട്ടിയില്ല. കാരണം ഫൂലന്‍ദേവി കൊല്ലപ്പെട്ടു എന്നു കോലപ്പനു തീര്‍ച്ചയായിരുന്നു. മിക്കവാറും അയാള്‍ വെടിയൊച്ച കേട്ട സമയത്ത് ഫൂലന്‍ദേവിക്ക് വെടി കൊണ്ടുകാണുമെന്ന് അയാള്‍ക്ക്‌തോന്നി. അല്ലെങ്കില്‍ അധികം താമസിയാതെ അവര്‍ വെടിയേറ്റു മരിക്കുമെന്ന് അയാള്‍ക്ക്‌ തീര്‍ച്ചയായിരുന്നു.

കോലപ്പന്‍ ഒരു സാധു മനുഷ്യനാണ്. അയാള്‍ കൊള്ളക്കാരനല്ല. ഫൂലന്‍ദേവിയും അയാളും തമ്മില്‍ എന്താണ്‌ ബന്ധം? കേരളത്തില്‍ ജനിച്ചു ജീവിക്കുന്ന കോലപ്പനും ചമ്പല്‍ കാടുകളിലെ ഫൂലന്‍ദേവിയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? ഇതു മുജ്ജന്മ ബന്ധമാണോ?

പാരാസൈക്കോളജിയില്‍ സിംപതിസം എന്നൊരു സങ്കല്പം ഉണ്ട്. രണ്ടു ജീവികള്‍ തമ്മിലുണ്ടാകുന്ന ഒരു തരം താദാത്മീകരണമാണിത്. മനസ്സുകള്‍ തമ്മിലുള്ള സാമ്യം ഇതു സംഭവിക്കാന്‍ ഒരു കാരണമാണ്. ചിലപ്പോള്‍ ഇതു മനുഷ്യനും മൃഗവും തമ്മിലും സംഭവിക്കാം.

കോലപ്പന്‍റെത്‌ വളരെ നാടകീയമായ ഒരനുഭവമായിരുന്നു. അതു തത്സമയ അനുഭവമായിരുന്നോ അതോ ഒരാഴ്ച കഴിഞ്ഞ് നടക്കാന്‍ പോകുന്ന കാര്യത്തിന്‍റെ മുന്‍കൂട്ടിയുള്ള അറിവ് ആയിരുന്നോ എന്ന് കോലപ്പന് അറിഞ്ഞുകൂടാ. ഫൂലന്‍ദേവി കൃത്യമായി എന്നാണ് മരിച്ചതെന്ന് വാര്‍ത്തയില്‍ ഉണ്ടായിരുന്നതായി കൊലപ്പന് ഓര്‍മ്മയില്ല. ഏതായാലും സിംപതിസം എന്ന ഒരു പ്രവര്‍ത്തനം ഇവിടെ നടന്നുവെന്നാണ് എനിക്കുതോന്നുന്നത്.

ഡോ. വി. ജോര്‍ജ് മാത്യു

No comments: