13/07/2014

ഭാരതാംബക്ക് എല്ലാം സമര്‍പ്പിച്ച മാതൃകയാകുന്ന ജീവിതം

ഓണ്‍ലൈന്‍ ലോകം കഴിഞ്ഞവര്‍ഷം ഏറ്റവും വിവരങ്ങള്‍ തേടിയ ഇന്ത്യക്കാരനാണ് നരേന്ദ്രമോദി. ഗുജറാത്തിലെ വദ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരുകാലത്ത് ചായവിറ്റു നടന്ന പയ്യന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അമരത്തേക്കു നടത്തിയ യാത്രയിലെ ഓരോ ഏടും ഇന്നും ചരിത്രമാണ്.


ഇലക്ഷന്‍ പ്രചരണത്തിനായി മാസങ്ങള്‍ക്കിടയില്‍ മോദി സഞ്ചരിച്ചത് മൂന്നു ലക്ഷം കിലോമീറ്ററുകള്‍. നാലു ലക്ഷം പേര്‍ വരെ പങ്കെടുത്ത റാലി മോദിയുടെ പ്രസംഗ ത്തില്‍ ഇളകി മറിഞ്ഞു. ഈ വലിയ തിരക്കുകള്‍ക്കിടയിലും മോദിയുടെ ട്വീറ്ററുകള്‍ക്കു മുടക്കം വന്നില്ല. ചുളിവു വീഴാത്ത കുര്‍ത്തയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി യാവാന്‍ പോവുന്നയാള്‍ എപ്പോഴും ഫ്രഷായിരുന്നു.


മോദിയുടെ വിജയകഥ പോലെ രസകരമാണ് മോദിയുടെ ജീവിതവും. നരേന്ദ്രമോദി യെക്കുറിച്ച് വളരെ കൗതുകകരമായ 25 കാര്യങ്ങള്‍.


1. ഗുജറാത്തി നാടോടി കഥകളിലെ പ്രശസ്തരായ തനരിരി സഹോദരിമാരുടെ ജന്മസ്ഥലമായ വദ്‌നഗറിലാണ് മോദിയുടെ ജനനം. അക്ബര്‍ ചക്രവര്‍ത്തിയുടെ സദസിലേക്കു പാടാനായി ക്ഷണിച്ച ക്ഷേത്രഗായകരായ തനയും രിരിയും ദൈവത്തിനു മുന്നിലല്ലാതെ മറ്റെവിടെയും പാടില്ലെന്ന തീരുമാനത്തില്‍ ജീവനൊടുക്കി യെന്നാണു കഥ. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം തനരിരി സഹോദരിമാരുടെ സ്മരണാര്‍ഥം ഇവിടെ സാംസ്‌കാരിക ആഘോഷം തുടങ്ങി. തനരിരി സാംസ്‌കാരിക അവാര്‍ഡ് തുടങ്ങി.


2. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് മുഴുവന്‍ പേര്. അച്ഛന്‍ ദാമോദര്‍ ദാസ്. അമ്മ ഹീരാബെന്‍. നാലു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്.


3. അച്ഛന്‍ ദാമോദര്‍ദാസിനു ചായക്കച്ചവടമായിരുന്നു. കടയിലെ ജോലികള്‍ മുഴുവന്‍ മക്കള്‍ക്കായി വീതിച്ചു നല്‍കിയിരുന്നു അദ്ദേഹം. ചായപ്പാത്രവുമായി തൊട്ടടുത്ത വദ്‌നഗര്‍ സ്‌റ്റേഷനിലെത്തി യാത്രക്കാര്‍ക്ക് ചായ വില്‍ക്കലായിരുന്നു കുട്ടിക്കാലത്ത് നരേന്ദ്രന്റെ ജോലി.


4. 1965-ല്‍ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധകാലത്ത് 15 വയസുകാരനായിരുന്ന മോദി വോളന്റിയറായി പ്രവര്‍ത്തിച്ചിരുന്നു. പട്ടാളക്കാരെ റെയില്‍വേ സ്‌റ്റേഷനില്‍ സഹായിക്കലായിരുന്നു പ്രധാന ദൗത്യം. 1967ലെ ഗുജറാത്ത് വെള്ളപ്പൊക്കത്തിലും മോദി ദുരിതാശ്വാസപ്രവര്‍ത്തനം നടത്തിയിരുന്നു.


5. പ്രശസ്തരായ ജര്‍മന്‍ ചാന്‍സലര്‍ ഓട്ടോമാന്‍ ബിസ്മാര്‍ക്ക്, ലോകമാന്യതിലകന്‍ തുടങ്ങിയവരുടെയും മോദിയുടെയും ജന്മരാശിയും ജനനസമയവും സാമ്യമുള്ളതാണ്.


6. 17-ാംവയസില്‍ വീടുവിട്ടിറങ്ങിയ മോദി രാജ്‌കോട്ടിലെ രാമകൃഷ്ണ മിഷനിലും തുടര്‍ന്നു ബംഗാളിലും ഹിമാലയത്തിലും അലഞ്ഞുതിരിഞ്ഞു നടന്നു. രണ്ടുവര്‍ഷത്തിനു ശേഷം തിരിച്ചു വന്നു ജ്യേഷ്ഠനെ ചായക്കടയില്‍ സഹായിക്കാനായി നിന്നു.


7. ഇക്കാലത്ത് വദ്‌നഗറില്‍ തെരുവുനാടകം സംഘടിപ്പിച്ചു കളിച്ചു പണം സ്വരൂപിക്കു കയും അതുകൊണ്ടു തന്റെ സ്‌കൂളില്‍ ചുറ്റുമതില്‍ നിര്‍മിച്ചു നല്‍കുകയും ചെയ്തു.


8. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദധാരിയായ മോദി പഠനശേഷം മുഴുവന്‍ സമയ ആര്‍എസ്എസ് പ്രചാരകനായി മാറി.


9. വാക്ചാതുര്യത്താല്‍ ലക്ഷങ്ങളെ കൈയിലെടുക്കുന്ന പരമ്പരാഗത രാഷ്ട്രീയനേതാവ് മാത്രമല്ല മോദി. യുവാക്കളെ ആകര്‍ഷിക്കുന്ന പ്രസ്താവനകള്‍ മോദിയുടെ പ്രത്യേകതയാണ്. ഒരുദാഹരണം നോക്കൂ. 'ലോകത്തെ അദ്ഭുതപ്പെടു ത്തുന്ന ഭാരതം ഞാന്‍ നിര്‍മിക്കും. ഇന്ത്യന്‍ വീസയ്ക്കായി കാത്തു നില്‍ക്കുന്ന അമേരിക്കക്കാരുണ്ടാകും അപ്പോള്‍.


10. അതീവ ശുചിത്വവും വൃത്തിയും സൂക്ഷിക്കുന്ന മോദിക്ക് താന്‍ ഉപയോഗിക്കുന്ന മേശ, കസേര തുടങ്ങിയവയെല്ലാം വൃത്തിയായിരിക്കണമെന്നു നിര്‍ബന്ധമുണ്ട്.


11. കുട്ടിക്കാലം തൊട്ടേ മോദിക്കൊരു പതിവുണ്ട്. അമ്മ ഹീരബെന്നിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിച്ചേ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ തുടങ്ങാറുള്ളൂ. ഇന്നും മോദി അതു തുടരുന്നു.


12. ശൈശവവിവാഹമായിരുന്നു മോദിയുടേത്. യശോദബെന്‍ ചിമന്‍ലാലാണ് ഭാര്യ. നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെങ്കിലും വര്‍ഷങ്ങളായി ഇരുവരും അകന്നു കഴിയുന്നു.


13. സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ. തികഞ്ഞ മദ്യവിരോധിയുമാണു മോദി. ഇന്ത്യയിലെ മദ്യനിരോധിത സംസ്ഥാനമാണ് ഗുജറാത്ത്.


14. മികച്ച കവിയും എഴുത്തുകാരനുമായ മോദിയുടെ സൃഷ്ടികള്‍ ഭൂരിഭാഗവും ഹിന്ദുത്വആശയങ്ങള്‍ അടങ്ങിയതാണ്. നിരവധി പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടിക്കാലത്ത് ഒരു സന്യാസിയാകാനായിരുന്നു മോദി ആഗ്രഹിച്ചത്. അന്നു കണ്ട സന്യാസിമാരും ആരാധനയും യോഗയുമെല്ലാമായിരുന്നു അതിനു പ്രചോദനം.


15. എഴുത്തിനോടൊപ്പം തന്നെ മോദിയുടെ വിനോദങ്ങളിലൊന്നാണു ഫോട്ടോഗ്രഫി. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ഫോട്ടോകള്‍ കോര്‍ത്തിണക്കി ഒരു ഫോട്ടോ എക്‌സിബിഷന്‍ അദ്ദേഹം നടത്തിയിരുന്നു.


16. സുരക്ഷയാണ് മോദി ഇഷ്ടപ്പെടുന്ന മറ്റൊരു പ്രത്യേകത. സ്‌കോര്‍പ്പിയോ കാറുകളുടെ നീണ്ടനിരയില്‍ ഏതെങ്കിലുമൊന്നിലാവും മോദിയുടെ യാത്ര. പ്രൈവറ്റ് എയര്‍ക്രാഫ്റ്റുകളാണു ദൂരയാത്രയ്ക്കുപയോഗിക്കുന്നത്. രാഹുല്‍ഗാന്ധിയൊക്കെ സെക്യൂരിറ്റി ഇല്ലാതെ യാത്ര ചെയ്യുന്നത് വാര്‍ത്തയായിട്ടുണ്ടെങ്കിലും മോദിയെ അത്തരത്തില്‍ ഇതുവരെ കണ്ടിട്ടില്ല.


17. നല്ലൊരു പാചകവിദഗ്ധന്‍ കൂടിയായ മോദിയുടെ ഇഷ്ടഭക്ഷണം ബക്രി എന്നറിയപ്പെടുന്ന റൊട്ടിയും കിച്ചടിയുമാണ്. രണ്ടും പരമ്പരാഗത ഗുജറാത്തി വിഭവങ്ങളാണ്.


18. കാലത്ത് അഞ്ചുമണിക്ക് ഉണരും. രാത്രി ഉറക്കം അഞ്ചു മണിക്കൂര്‍ മാത്രം.


19. കണ്ണാടിക്കു മുന്നില്‍ മോഡലിനെ പോലെ പോസ് ചെയ്യാറുള്ള മോദി തന്റെ ലുക്കിന്റെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നു. എടുക്കുന്ന ഫോട്ടോകളിലും മോദി ശ്രദ്ധിക്കാറുണ്ട്.


20. കാറിന്റെ പിറകില്‍ ഒരു കൂട്ടം കുര്‍ത്തകള്‍ മോദി എപ്പോഴും സൂക്ഷിക്കുന്നു. ജനക്കൂട്ടത്തിനനുസരിച്ചാണു വസ്ത്രം ധരിക്കാറ്. പ്രസംഗശേഷം ഫോട്ടോയ്ക്കു പോസ് ചെയ്യാനും ശ്രദ്ധിക്കാറുണ്ട്.


21. രാവിലെ ഏഴു മണിക്കു മുമ്പേ ഓണ്‍ലൈനില്‍ ഹാജരാകുന്ന മോദി തന്നെക്കുറിച്ചുള്ള ഓരോ കമന്റുകളും വായിക്കുകയും മറുപടി നല്‍കുകയും ചെയ്യുന്നു. അതിനുശേഷം തുടരുന്ന ഓഫിസ് ജോലികള്‍ രാത്രി പത്തുവരെ നീണ്ടു നില്‍ക്കുന്നു. ഒരിക്കലും തീരുമാനങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാറില്ല. സ്വയം കൈക്കൊള്ളുകയാണു രീതി.


22. നവരാത്രിയോടനുബന്ധിച്ചു വര്‍ഷത്തില്‍ ഒന്‍പതു ദിവസം വ്രതമിരിക്കാറുണ്ട് മോദി. അംബാജി ദേവതയാണ് ഇഷ്ട ദൈവം. വ്രതകാലത്തു പഴവര്‍ഗങ്ങളാണു ഭക്ഷണം.


23. മീറ്റിങ്ങുകളില്‍ മള്‍ട്ടിമീഡിയ പ്രസന്റേഷനുകള്‍ ഇഷ്ടപ്പെടുന്ന മോദി ടെക്‌നോളജിയെ എന്നും ഒരു കുട്ടിയുടെ കൗതുകത്തോടെയാണു വീക്ഷിക്കുന്നത്. റിസ്റ്റ്‌വാച്ചുകളോടും സാന്‍ഡല്‍സിനോടും വലിയ ഭ്രമമാണ് അദ്ദേഹത്തിന്.


24. രാജേഷ്ഖന്നയുടെ കടുത്ത ആരാധകനാണ് മോദി. കുര്‍ത്തയുടെ കഴുത്തറ്റം വരെ ബട്ടണുകളിടുന്ന രീതി രാജേഷ് ഖന്നയും പിന്തുടര്‍ന്നിരുന്നു.


25. മുടിയും താടിയും പരിപാലിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് മോദി. മുടിക്കും താടിക്കും വേണ്ടി വ്യത്യസ്ത ചീപ്പുകളാണ് ഉപയോഗിക്കുന്നത്. പോണിടെയ്ല്‍ സ്‌റ്റൈലില്‍ മുടി പിന്നിലേക്കു ചീകുന്നതാണ് ഇപ്പോള്‍ ഇഷ്ടം.


ഇതാണ് മോദി സ്‌റ്റൈല്‍


എത്ര തിരക്കുപിടിച്ച യാത്രയാണെങ്കിലും മുടി ഒതുക്കിവയ്ക്കാതെയോ ചുളുങ്ങിയ വേഷത്തിലോ ഒന്നും മോദിയെ ആരും കണ്ടിട്ടില്ല. വെട്ടിയൊരുക്കിയ നരച്ച താടിയും മുടിയും ഫ്രേംലെസ് കണ്ണടയും മോദിയുടെ പ്രത്യേകതയാണെങ്കിലും ഫാഷന്‍ ലോകത്ത് മോദി താരമാകുന്നതു 'മോദികുര്‍ത്തയുടെ പേരിലാണ്. പരമ്പരാഗത കുര്‍ത്തയ്ക്ക് അല്‍പം ഭേദഗതി വരുത്തിയാണു മോദി തന്റെ മോദികൂര്‍ത്ത ഡിസൈന്‍ ചെയ്തത്. ഹാഫ് സ്ലീവാക്കിയും ഇറക്കംകുറച്ചുമായിരുന്നു ആ ഭേദഗതി. ബിപിന്‍ ചൗഹാന്‍ എന്ന ഡിസൈനറാണ് കുര്‍ത്തയ്ക്ക് ഈ രൂപപരിണാമം നല്‍കിയത്. ഇതേക്കുറിച്ചു മോദി പറയുന്നതിങ്ങനെ. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയില്‍ അലക്കുന്നത് ഒരു വലിയ ജോലിയായി തോന്നിയപ്പോള്‍ നീളമുള്ള കൈകളും ഇറക്കവും കുറച്ചു. എന്റെ ചെറിയ ബാഗില്‍ കൊള്ളുകയും വേണമല്ലോ....


അഹമ്മദാബാദിലെ സി. ജി. റോഡിലെ ഡാര്‍സി ടെയ്‌ലര്‍ ഷോപ്പിലാണു മോദിക്കുവേണ്ട കുര്‍ത്തകളെല്ലാം തുന്നുന്നത്. ഇന്ത്യയില്‍ മാത്രമല്ല, വിദേശങ്ങളിലും മോദികുര്‍ത്തയ്ക്കു വന്‍ ഡിമാന്റാണ്.

No comments: