29/07/2014

കണ്ട സ്വപ്നം യാഥാര്‍ഥ്യം ആകുന്നു.

ബാലു രാത്രിസമയത്ത് തമിഴ്നാട്ടിലൂടെ ദീര്‍ഘദൂരബസില്‍ യാത്രചെയ്യുകയാണ്. തൊട്ടടുത്ത്‌ ഒരു തമിഴന്‍. അയാള്‍ തിരിയുകയും പിരിയുകയുമൊക്കെ ചെയ്യുന്നതുകൊണ്ട് ബാലുവിനുറങ്ങാന്‍ പറ്റുന്നില്ല.

“തനിക്ക് ഒന്ന് അടങ്ങിയിരുന്നൂടെ? എനിക്ക് ഉറങ്ങിയാല്‍ കൊള്ളാമെന്നുണ്ട്,” ബാലു അയാളോട് പറഞ്ഞു.

“എനിക്കും ഉറങ്ങണമെന്നു തന്നെയാണ് ആഗ്രഹം. പക്ഷേ എന്തു ചെയ്യാം. ഒന്നു മയങ്ങുമ്പോള്‍ കണ്‍മുന്‍പില്‍ ഒരു അപകട സീന്‍ കാണുകയാണ്. ഒരു സൈഡ് റോഡില്‍ക്കൂടെ ചുവപ്പുപെയിന്‍റടിച്ച ഒരു ലോറി അതിവേഗം പാഞ്ഞുവന്ന്‍ മെയിന്‍ റോഡിലേക്ക് കയറി ഈ ബസുമായി കൂട്ടിയിടിക്കുകയാണ്. അവിടെ ഒരു വലിയ പുളിമരം നില്‍ക്കുന്നതും ഞാന്‍ കാണുന്നുണ്ട്. തുടര്‍ന്നുള്ള സീനുകളും മനസ്സില്‍ വ്യക്തമായി പ്രത്യക്ഷപ്പെടുന്നു. അപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നുപോവുകയാണ്. ഞാന്‍ എന്തു ചെയ്യണം?” അയാള്‍ തമിഴില്‍ പറഞ്ഞു.

“ഈ ബസിനുതന്നെയാണോ അപകടം ഉണ്ടാകുന്നത്‌”? ബാലു ചോദിച്ചു.

“അങ്ങിനെയല്ലേ കരുതേണ്ടത്? വേറെ ഏതെങ്കിലും ബസിന് അപകടം ഉണ്ടാവുന്നത് ഞാന്‍ ഇപ്പോള്‍ എന്തിന്‌ കാണണം”?

“എങ്കില്‍പ്പിന്നെ നിങ്ങള്‍ എന്തിന്‌ ഈ ബസിലിരുന്ന് അപകടത്തില്‍പ്പെടണം? ഇറങ്ങിപ്പൊയ്ക്കൂടെ? ഞാന്‍ എങ്കിലും ഉറങ്ങട്ടെ”.

“ഞാന്‍ അത്‌ പല പ്രാവശ്യം വിചാരിച്ചതാണ്. ദൂരെ ഒരു സ്ഥലം വരെ ടിക്കറ്റ് ‌എടുത്തതാണ് ഞാന്‍. കണ്ടക്ടറോടു എന്ത് പറയും? ഈ ബസ്‌ അപകടത്തില്‍പ്പെടാന്‍ പോവുകയാണ്, എന്നെ ഇവിടെ ഇറക്കിവിടണമെന്ന് പറയാന്‍ പറ്റുമോ”?

“മുമ്പ് നിങ്ങള്‍ ഇതുപോലെ കണ്ടിട്ടുള്ള സ്വപ്നങ്ങള്‍ അതേപോലെ സംഭവിച്ചിട്ടുണ്ടോ?”

“ഉണ്ട്. ഇത്തരം സ്വപ്നങ്ങള്‍ക്ക് ഒരു വ്യക്തത ഉണ്ട്. അതുകൊണ്ട് ഇത് സംഭവിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരേ സീന്‍ തന്നെയാണ് ഞാന്‍ വീണ്ടും വീണ്ടും കാണുന്നത്. റോഡിന്‍റെ ഇടത് വശത്തു നിന്നും പാഞ്ഞു വരുന്ന ചുവന്ന ലോറി. വലിയ പുളിമരം. ബസിന്‍റെ സൈഡിലേയ്ക്ക് പാഞ്ഞു വന്ന് ശക്തിയായി ഇടിക്കുന്നു.”

തമിഴന്‍റെ വിവരണം കേട്ടപ്പോള്‍ ബാലുവിനും ചങ്കിടി. ബസ്‌ അപകടത്തില്‍പ്പെടാന്‍ പോവുകയാണോ? ബാലു ബസിന്‍റെ ഇടത് വശം ചേര്‍ന്നാണ് ഇരിക്കുന്നത്. ഇവിടെ ലോറി വന്നിടിച്ചാല്‍ അയാളുടെ ഗതി എന്താകും?

“എങ്കില്‍ ശരി, ഒരു കാര്യം ചെയ്യാം. നമ്മുക്ക് രണ്ടുപേര്‍ക്കും കൂടി ഇവിടെ ഇറങ്ങാം. നിങ്ങളുടെ വിവരണം കേട്ടു കഴിഞ്ഞ് ഇതിലിരിക്കാന്‍ ഒരു പ്രയാസം. അടുത്ത സ്റ്റോപ്പിലിറങ്ങാമെന്നാണ് ബാലു ആദ്യം കരുതിയത്. പക്ഷേ സൈഡ്റോഡ്‌ പുളിമരവും ചുവന്ന ലോറിയും എപ്പോള്‍ വേണമെങ്കിലും വരാം. ഈ വളവ് കഴിയുമ്പോള്‍ വന്നാലോ? ബാലുവിനും ഇരുപ്പുറയ്യ്ക്കാതായി. ഉടന്‍ ഇറങ്ങുക തന്നെ. ബാഗുമെടുത്ത്‌ തമിഴനെയും വിളിച്ചുകൊണ്ട് ബാലു കണ്ടക്ടറുടെ അടുത്തേക്കു ചെന്നു. ബസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കണ്ടക്ടര്‍ തടസ്സം ഒന്നും പറയാതെ ബസ്‌ നിര്‍ത്തി. “ഞങ്ങള്‍ രണ്ടുപേരും ഇവിടെ ഇറങ്ങുകയാണ്” എന്നു പറഞ്ഞു ബാലുവും തമിഴനും ബസില്‍ നിന്നിറങ്ങി.

“സാരമില്ല, ഞങ്ങള്‍ വെയിറ്റുചെയ്യാം. നിങ്ങള്‍ വന്നാല്‍ മതി” എന്നു കണ്ടക്ടര്‍. അവര്‍ മൂത്രം ഒഴിയ്ക്കാനോ മറ്റോ ഇറങ്ങിയാതാവുമെന്നു കണ്ടക്ടര്‍ വിചാരിച്ചു കാണും.

“ഇല്ല ബസ്‌ വിട്ടോളൂ. ഞങ്ങള്‍ വരുന്നില്ല”.

“നിങ്ങള്‍ രണ്ടുപേരും ദൂരെയുള്ള സ്ഥലത്തേക്ക് ടിക്കറ്റ്‌ എടുത്തവരാണ്. ഇവിടം കാട്ടുപ്രദേശമാണ്. ഇവിടെ ഒന്നും കിട്ടുകയുമില്ല. നിങ്ങള്‍ കഴിയുന്നതും വേഗം വന്നാല്‍ മതി. ഞങ്ങള്‍ കാത്തിരിക്കാം”.

എന്തു പറഞ്ഞിട്ടും കണ്ടക്ടര്‍ ബസ്‌ വിടാന്‍ ഭാവമില്ല. ഏതാണ്ട് അഞ്ചു മിനുട്ടെങ്കിലും പരസ്പരം സംസാരിച്ചു കഴിഞ്ഞ് അവസാനം മനസില്ലാമനസോടെ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ അടിച്ചു. ബസ്‌ സാവധാനം മുമ്പോട്ട് നീങ്ങി.

കുറ്റാകൂരിരുട്ട്. മനുഷ്യവാസമൊന്നും കാണാനില്ല. ബാലുവും തമിഴനും റോഡില്‍ കുത്തിയിരുന്നു. ഒരു ചായ പോലും കിട്ടാന്‍ മാര്‍ഗ്ഗം ഇല്ല. ഇവിടെ നിന്ന് എങ്ങിനെയാണ് ഒന്ന് പോയിക്കിട്ടുക? എത്ര സമയം കഴിഞ്ഞാലും ഒരു ബസ്‌ അല്ലാതെ മറ്റു മാര്‍ഗമില്ല. വേറൊരു ബസു കൈ കാണിച്ചു നിര്‍ത്തി, അതില്‍ക്കയറിപ്പോയാല്‍ അതിനാണ് അപകടം സംഭവിക്കുന്നതെങ്കിലോ? ഏതായാലും മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് അടുത്തു വരുന്ന ബസില്‍ കയറി യാത്രതുടരാന്‍ ബാലുവും തമിഴനും തീരുമാനിച്ചു.

ഏതാണ്ട് പത്തു മിനിട്ടു കഴിയുന്നതിനു മുന്‍പുതന്നെ മറ്റൊരു ബസ്‌ അതുവഴി വന്നു. അവര്‍ അതില്‍ക്കയറി യാത്ര തുടര്‍ന്നു. അഞ്ചോ ആറോ കിലോമീറ്റര്‍ കഴിഞ്ഞതോടെ കാണുന്ന കാഴ്ച ആദ്യം പോയ ബസ്‌ അപകടത്തില്‍പ്പെട്ട് കിടക്കുന്നതാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതേയുള്ളൂ. ഒരു ഭീകരകാഴ്ച. അവര്‍ സ്തബ്ധരായി നിന്നുപോയി. അതിനുശേഷം തമിഴന്‍ പറഞ്ഞു. ഞാന്‍ കണ്ട അതേ സീന്‍ തന്നെ. ഈ ചുവപ്പ് ലോറി, അതേ സൈഡ്റോഡ്‌, ഈ നില്‍ക്കുന്ന പുളിമരം. ഇപ്പോള്‍ കാണുന്ന ഈ രക്ഷാപ്രവര്‍ത്തനം. ബാലുവും തമിഴനും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചു. ഏതാണ്ട് രണ്ടുമണിക്കൂര്‍ കഴിഞ്ഞ് യാത്ര തുടര്‍ന്നു. പിരിയാന്‍ സമയത്ത് തന്‍റെ ജീവന്‍ രക്ഷിച്ച തമിഴനെ അഭിനന്ദിക്കാനും അയാള്‍ക്ക് നന്ദി പറയാനും ബാലു മറന്നില്ല. താന്‍ ഇരുന്ന ഏതാണ്ട് അതേ സ്ഥലത്തായിരുന്നു ലോറി വന്നിടിച്ചത്. അവിടെ ഇരുന്നെങ്കില്‍ രണ്ടുപേരും മരിച്ചേനെ.

കഥ ഇവിടെ അവസാനിക്കുന്നില്ല. നടന്ന സംഭവം ബാലു വീണ്ടും അപഗ്രഥിച്ചു. ബസില്‍ വെച്ച് തമിഴന്‍ അപകടം സ്വപ്നം കാണുന്നു. അതു കാരണം ബസ്‌ നിര്‍ത്തിച്ചിറങ്ങുന്നു. അതുകൊണ്ട് ബസ്‌ അഞ്ചു മിനിട്ടു താമസിക്കുന്നു. വീണ്ടും പത്തുമിനിട്ട് മുന്നോട്ട് പോയപ്പോള്‍ കൃത്യമായി ലോറി വന്നിടിക്കുന്നു. തമിഴന്‍ സ്വപ്നം കണ്ടില്ലായിരുന്നുയെങ്കില്‍ ബസ്‌ നിര്‍ത്തില്ലായിരുന്നു. ചുവന്ന ലോറി അവിടെയെത്തുന്നതിനു മുന്‍പേ ബസ്‌ അഞ്ചോ ആറോ കിലോമീറ്റര്‍ കടന്നു പോയേനേ. അപകടമുണ്ടാകുമായിരുന്നില്ല. അപ്പോള്‍ തമിഴനും അയാളുടെ സ്വപ്നവും തന്‍റെ ജീവന്‍ രക്ഷിച്ചതാണോ, അതോ അനേകരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാക്കിയതാണോ? ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാതെ ബാലു വിഷമിച്ചു. പലരോടും ചോദിച്ചു. എന്നാല്‍ തൃപ്തികരമായ ഉത്തരം കിട്ടിയില്ല. ഒരു ദിവസം അയാള്‍ എന്നെക്കാണാന്‍ വന്നു. ഈ സംഭവത്തിന്‍റെ വിശദീകരണം ആവശ്യപ്പെട്ടു.

പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും ഒരു ചങ്ങലയിലെ കണ്ണികളെപ്പോലെ കാര്യകാരണബന്ധത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ബാഹ്യ-ഭൗതിക സംഭവങ്ങളും ആന്തരികവികാരവിചാരങ്ങളുമെല്ലാം ഒരു പോലെ വിധിക്കപ്പെട്ടിരിക്കുന്നു. ബാലുവിന്‍റെ അനുഭവം സത്യമാണെങ്കില്‍ അതില്‍ തമിഴന്‍ സ്വപ്നം കണ്ടില്ലായിരുന്നെങ്കില്‍ എന്നൊരു സാധ്യതയില്ല. തമിഴന്‍ സ്വപനം കണ്ടതും ബസ്‌ നിര്‍ത്തിയിട്ടിരുന്നതും ലോറി ആ പോയിന്‍റിലെത്തിയതും ബസ്‌ അവിടെ ചെന്നുപെട്ടതുമെല്ലാം ഒരു പോലെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഘടകങ്ങളാണ്.

ഇതു കേട്ട ബാലു ചോദിച്ചു, “ഞാന്‍ സാറിനെ കാണാന്‍ വരുമെന്നതും ഈ ചോദ്യം ഉന്നയിക്കുന്നതുമൊക്കെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണോ?”

“തീര്‍ച്ചയായും ഞാന്‍ ഈ ഉത്തരം പറയുമെന്നുള്ളതും.”

No comments: