28/08/2013

ജാതികള്‍ക്ക് അതീതരായി പാര്‍ട്ടികള്‍ക്ക് അതീതരായി ഹൈന്ദവരെ ഉണരുവിന്‍ ഉയരുവിന്‍


ലോകചരിത്രം വിശകലനം ചെയ്താല്‍ ആക്രമണങ്ങളില്‍ കൂടിയോ മതപരിവര്‍ത്തനത്തില്‍കൂടിയോഹിന്ദുജനത സാമ്രാജ്യം വികസിപ്പിക്കുവാന്‍ ശ്രമിച്ചതായി കാണാനാവില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കും കൊള്ളയടിക്കലിനും വിധേയമായ സംസ്കാരം ഹിന്ദുവിന്റേതാണ്‌. ഒന്നുമില്ലാത്തവനെ ആരും കൊള്ളയടിക്കാറില്ല. അമൂല്യമായ ആധ്യാത്മികതയാണ്‌ ഹിന്ദുവിന്റെ സ്വത്ത്‌. പ്രപഞ്ചോല്‍പത്തി, നിലനില്‍പ്പ്‌, നാശം ഇവയെ ശാസ്ത്രീയമായി വിവരിക്കാന്‍ഹിന്ദുധര്‍മത്തിനല്ലാതെ മറ്റേത്‌ മതത്തിന്‌ സാധിക്കും? സനാതനധര്‍മ്മം ദൈവികമാണ്‌. അതുകൊണ്ടാണ്‌ അനേകമനേകം പ്രതികൂല സാഹചര്യങ്ങളെ ധീരമായി തരണം ചെയ്ത്‌ സംസ്കാരങ്ങളുടെ മാതാവായി ഭാരതീയ സംസ്കാരം ഇന്നും തല ഉയര്‍ത്തിനില്‍ക്കുന്നത്‌. അപചയങ്ങള്‍ സംഭവിച്ചപ്പോഴൊക്കെ ധര്‍മ്മസംരക്ഷണാര്‍ത്ഥം അവതാരങ്ങളുമുണ്ടായി. നമ്മുടെ കാലഘട്ടത്തില്‍ ഹിന്ദുധര്‍മ്മ രക്ഷക്കായി അവതരിച്ചതായിരുന്നു സ്വാമി സത്യാനന്ദസരസ്വതി.

സന്യാസിസമൂഹത്തില്‍നിന്നുള്ള ഒളിച്ചോടലല്ല, മറിച്ച്‌ ധര്‍മ്മം പുലര്‍ന്നുകാണേണ്ട സമൂഹത്തിന്റെ സ്വത്താണ്‌ സന്യാസിയെന്ന്‌ അദ്ദേഹം കാട്ടിത്തന്നു. എപ്പോഴൊക്കെ ഹിന്ദുക്കള്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നുവോ അപ്പോഴൊക്കെ ശക്തമായ നേതൃത്വം നല്‍കിക്കൊണ്ട്‌, ഹിന്ദുക്കളുടെ സംഘശക്തിയെ തട്ടിയുണര്‍ത്തി, ആ വെല്ലുവിളികളെ അമ്പേ പരാജയപ്പെടുത്തുവാന്‍ സ്വാമിജിക്ക്‌ സാധിച്ചു.ഹൈന്ദവ നവോത്ഥാനത്തിന്റെ ധര്‍മകാഹളം മുഴക്കി കന്യാകുമാരിയില്‍നിന്ന്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ പാലുകാച്ചിമലയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങളുമായി നടത്തിയ പ്രതിഷ്ഠാ ഘോഷയാത്ര ചരിത്രപ്രസിദ്ധമാണ്‌. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ നൂറുകണക്കിന്‌ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത്‌ സ്വാമിജി തന്റെ വാഗ്ധോരണി കൊണ്ട്‌ ഹിന്ദുമനസ്സുകളെ തട്ടിയുണര്‍ത്തി. ഹിന്ദുവിന്റെ ആവേശമായി പാലുകാച്ചി മലയില്‍ എത്തി ശ്രീരാമ-സീത ആഞ്ജനേയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ഉറങ്ങിക്കിടക്കുകയോ ഉറക്കം നടിക്കുകയോ ചെയ്തിരുന്ന ഹിന്ദുസമൂഹം സടകുടഞ്ഞെഴുന്നേറ്റു.

അതിനുശേഷമുള്ള മൂന്ന്‌ പതിറ്റാണ്ടുകളില്‍ കേരളം കണ്ട എല്ലാ ധര്‍മ്മസമരങ്ങളുടെയും നേതൃത്വം സ്വമിജിക്കായിരുന്നു.ഹിന്ദുസമാജത്തിന്റെ സങ്കീര്‍ണമായ പ്രശ്നങ്ങളെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തിയ അദ്ദേഹം അതിനുള്ള ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. സ്വാമിജി കാട്ടിയ ധൈര്യവും ഹിന്ദുത്വാഭിമാനവും ഹിന്ദുമനസ്സുകളില്‍ പരിവര്‍ത്തനവും ശക്തമായ സ്വാധീനവും ചെലുത്തി.ക്ഷേത്രങ്ങള്‍ സംരക്ഷിക്കുവാനും അന്യാധീനപ്പെട്ടവ പിടിച്ചെടുത്ത്‌ പുനര്‍നിര്‍മാണം ചെയ്യുവാനും ഹിന്ദുക്കളെ ആഹ്വാനം ചെയ്തുകൊണ്ടും അതിന്‌ നേതൃത്വം കൊടുത്തുമാണ്‌ കൊട്ടിയൂര്‍ പാലുകാച്ചിമലയില്‍ സ്വാമിജി ആയിരക്കണക്കിന്‌ ഗിരിജനങ്ങളുടെയും ഹരിജനങ്ങളുടെയും മറ്റ്‌ ഹൈന്ദവജനവിഭാഗങ്ങളുടെയും സാന്നിധ്യത്തില്‍ 1978 ജൂണ്‍ 8 ന്‌ ദേവവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത്‌.പ്രതിഷ്ഠാകര്‍മ്മം കഴിഞ്ഞ്‌ 90 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 1978 സപ്തംബര്‍ എട്ടിന്‌ ആസുരിക ശക്തികള്‍ ശ്രീരാമ-സീത-ആഞ്ജനേയ വിഗ്രഹങ്ങള്‍ അടിച്ചുടച്ച്‌ പര്‍ണശാലക്ക്‌ തീവെച്ചു. ഹൈന്ദവ മനസ്സാക്ഷിയെ ഇളക്കിമറിച്ചുകൊണ്ട്‌, ഉടഞ്ഞ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 1978 ഒക്ടോബര്‍ രണ്ടിന്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍നിന്ന്‌ കന്യാകുമാരിയിലേക്ക്‌ തിരിച്ചു. ആ തേരോട്ടത്തില്‍ സടകുടഞ്ഞെഴുന്നേറ്റഹിന്ദു മറ്റൊരു വിവേകാനന്ദനെ സ്വാമിജിയില്‍ ദര്‍ശിച്ചു. 1978 ഒക്ടോബര്‍ 11 ന്‌ കന്യാകുമാരിയിലെ ത്രിവേണി സംഗമത്തില്‍ ഉടഞ്ഞ വിഗ്രഹങ്ങള്‍ ആചാരപൂര്‍വം നിമജ്ജനം ചെയ്തു.

വിഗ്രഹനിമജ്ജന വിലാപയാത്ര കൊട്ടിയൂരില്‍നിന്ന്‌ ആരംഭിക്കുമ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സ്വാമിജി ഒരുപ്രഖ്യാപനം നടത്തി. വിലാപയാത്ര തിരുവനന്തപുരം ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ ഈ അധര്‍മത്തിന്‌ എല്ലാ ഒത്താശയും ചെയ്തുകൊടുത്ത പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലംപതിക്കും. അല്ലാത്തപക്ഷംഞാന്‍ ആശ്രമത്തില്‍ കാലുകുത്തുകയില്ല. കൊല്ലത്തെത്തുന്നതുവരെയും സ്വാമിജി പ്രഖ്യാപനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊല്ലത്തെ സമാപനസമ്മേളനം കഴിഞ്ഞപ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അതുവരെയും പ്രകടമായ യാതൊരു ഭീഷണിയുമില്ലാതിരുന്ന പികെവിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലംപതിച്ചു. എ.കെ. ആന്റണി മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചതായിരുന്നു കാരണം. 1979 മാര്‍ച്ച്‌ 30 ന്‌ പാലുകാച്ചിമലയിലെ പുനഃപ്രതിഷ്ഠ നിശ്ചയിച്ചുകൊണ്ട്‌, ശ്രീരാമ-സീത-ആഞ്ജനേയ വിഗ്രഹങ്ങള്‍ വഹിച്ച്‌ സ്വാമിജി കന്യാകുമാരിയില്‍നിന്ന്‌ കൊട്ടിയൂരിലേക്ക്‌ പ്രതിഷ്ഠാ ഘോഷയാത്ര നടത്തി. നിരോധനാജ്ഞ ലംഘിച്ചൂകൊണ്ട്‌ അദ്ദേഹം പാലുകാച്ചിമലയില്‍ വിഗ്രഹങ്ങള്‍ പുനഃപ്രതിഷ്ഠിച്ചു.

1983 മാര്‍ച്ച്‌ 24 ന്‌ ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലക്കലില്‍ കുരിശ്‌ സ്ഥാപിച്ചു. ഈ വിവരം കുമ്മനം രാജശേഖരനില്‍നിന്നും ആദ്യമറിഞ്ഞപ്പോള്‍ സ്വാമിജി ഇങ്ങനെ പ്രതികരിച്ചു, "ആ കുരിശ്‌ വച്ചവര്‍തന്നെ എടുത്തുകൊണ്ടുപോകും. അതു വച്ചവനും കൂട്ടുനിന്നവനും അനുഭവിക്കുകയും ചെയ്യും."സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 14 ന്‌ നിലക്കലിലേക്ക്‌ നാമജപയാത്ര നടത്തി. ഏപ്രില്‍ 22 ന്‌ കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളുടെയും നേതാക്കളുടെ യോഗം നടന്നു. 27 ഹിന്ദുസംഘടനാ നേതാക്കള്‍ പങ്കെടുത്തു. സ്വാമിജി ചെയര്‍മാനും കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ. ശിശുപാലന്‍ കണ്‍വീനറുമായി 31 അംഗ നിലക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു. ശബരിമല പൂങ്കാവനം സത്യവും സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നു എന്നത്‌ കെട്ടുകഥയാണെന്നും ശബരിമല പൂങ്കാവനത്തില്‍ ഒരിടത്തും കുരിശുവെക്കാന്‍ ഹൈന്ദവജനത സമ്മതിക്കില്ലെന്നും കുരിശ്‌ ഉടനെ നീക്കം ചെയ്യണമെന്നും സ്വാമിജി പ്രഖ്യാപിച്ചു.കുരിശ്‌ സ്ഥാപിച്ച സ്ഥലത്ത്‌ 3 ഏക്കര്‍ ഭൂമി പള്ളിക്കനുവദിച്ചുകൊണ്ട്‌ കരുണാകരന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിഷേധസൂചകമായി ഏപ്രില്‍ 30 നിലക്കല്‍ ദിനമായി ആചരിച്ചു. മെയ്‌ 28 ന്‌ നിലക്കല്‍ കയ്യേറ്റ സ്ഥലത്തുനിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഭാഗത്ത്‌ 300 മീറ്റര്‍ അകലെ കുരിശ്‌ മാറ്റി സ്ഥാപിച്ചു. കോട്ടയതത്‌ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ പുതിയതായി കണ്ടെത്തിയ സ്ഥലം അസ്വീകാര്യമാണെന്നും പൂങ്കാവനത്തിനുള്ളില്‍ ഒരിടത്തും പള്ളി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജൂണ്‍ 4 ന്‌ നിലക്കലില്‍ പുതിയ സ്ഥലത്തേക്ക്‌ 36 സന്യാസിശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ മാര്‍ച്ചുചെയ്തു. വെടിവെപ്പ്‌ ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍കൊണ്ട്‌ പോലീസ്‌ മാര്‍ച്ചിനെ നേരിട്ടു. സന്യാസിമാര്‍ ഉള്‍പ്പെടെ അനേകം പേര്‍ക്ക്‌ പരിക്കേറ്റു.

അനവധിപേര്‍ അറസ്റ്റിലായി. ജൂണ്‍ 6 ന്‌ നിലക്കല്‍ പ്രക്ഷോഭം സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാനത്ത്‌ അനേകായിരം ഹിന്ദുക്കള്‍ അറസ്റ്റ്‌ വരിച്ച്‌ ജയിലിലായി. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന്‌ സംസ്ഥാനത്തുണ്ടായ സംഘര്‍ഷാവസ്ഥ മനസ്സിലാക്കി, സര്‍വ്വോദയ നേതാവ്‌ എം.പി. മന്മഥന്‍ മധ്യസ്ഥശ്രമവുമായി സ്വാമിജിയെ സമീപിച്ചു. ഉപാധികളില്ലാതെ ചര്‍ച്ച നടത്തുവാന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ സമ്മതിച്ചു. ജൂണ്‍ 27 ന്‌ മന്മഥന്‍സാറിന്റെ മധ്യസ്ഥതയില്‍ ആദ്യയോഗം നടന്നു. ആ യോഗത്തില്‍ നിലക്കലില്‍നിന്ന്‌ കുരിശ്‌ മാറ്റാമെന്ന്‌ ക്രൈസ്തവ സഭകള്‍ സമ്മതിച്ചു. എവിടെ കുരിശ്‌ വെക്കണമെന്ന്‌ തര്‍ക്കമായി.

ക്രൈസ്തവ സഭാ നേതാക്കള്‍ ചെങ്കാട്ടുകോണം ആശ്രമത്തിലെത്തി സ്വാമിജിയുമായി ചര്‍ച്ച നടത്തി. ആഗസ്റ്റ്‌ ആദ്യവാരം ക്രൈസ്തവ-ഹൈന്ദവ നേതാക്കള്‍ നിലക്കലിന്‌ സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ നേതൃത്വസംഘം നിരസിച്ചു.

ആഗസ്റ്റില്‍ ശബരിമല പൂങ്കാവനത്തിന്റെ സ്കെച്ചും പ്ലാനും സ്വാമിജി മന്മഥന്‍ സാറിന്‌ കൈമാറുകയും പൂങ്കാവനത്തിനുള്ളില്‍ പള്ളി പണിയാന്‍ അനുവദിക്കുകയില്ലെന്ന്‌ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ആഗസ്റ്റ്‌ 12 ന്‌ കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ അടുത്ത യോഗം നടന്നു. ബിഷപ്പ്‌ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ ഹിന്ദുനേതാക്കള്‍ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോകുകയും, അന്ന്‌ രാത്രി 9 മണിക്ക്‌ കോട്ടയം ഇന്ദ്രപ്രസ്ഥം ഹാളില്‍ യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ആഗസ്റ്റ്‌ 26 ന്‌ ഗവര്‍ണര്‍ക്ക്‌ ഭീമഹര്‍ജി നല്‍കിക്കൊണ്ട്‌ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ആഗസ്റ്റ്‌ 28 തിരുവോണ ദിവസം സ്വാമിജി ഉപവസിക്കാന്‍ തീരുമാനിച്ചു. ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ സ്വാമിജി ഉപവാസം ഉപേക്ഷിച്ചു. പ്രശ്നം കൈവിട്ടുപോകുമെന്ന്‌ മനസിലാക്കിയ ബിഷപ്പുമാര്‍ ആഗസ്റ്റ്‌ 19 ന്‌ കൊല്ലത്ത്‌ യോഗം ചേര്‍ന്ന്‌ നിലക്കല്‍ ആക്ഷന്‍ കമ്മറ്റിയുടെ അതിര്‍ത്തിനിര്‍ണയ പ്ലാന്‍ അനുസരിച്ച്‌ കുരിശ്‌ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലക്കല്‍ പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചു.

സ്വാമിജി നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക്‌, ശബരിമല പൂങ്കാവനത്തിന്‌ വെളിയില്‍ കുരിശ്‌ മാറ്റിസ്ഥാപിച്ചു. അതുകൊണ്ടും സ്വാമിജി തൃപ്തനായില്ല. അദ്ദേഹം നിലക്കലില്‍ ലക്ഷാര്‍ച്ചന നടത്തി. നിലക്കല്‍ ശ്രീകോവിലില്‍, 18 കുടുംബങളിലെ പമ്പാതീര്‍ത്ഥം ശിവലിംഗ പ്രതിഷ്ഠയില്‍ സ്വാമിജി അഭിഷേകം നടത്തുമ്പോള്‍, വര്‍ഗീയ വിഷം വമിച്ച ആ കുരിശ്‌ ആരോരുമറിയാതെ, ഒരുലോറിയില്‍ ക്ഷേത്രത്തിന്‌ മുന്‍പില്‍കൂടി കടന്നുപോയി.

ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നുള്ളത്‌ സ്വാമിജിയുടെ ശപഥമായിരുന്നു. രാമക്ഷേത്ര പുനര്‍നിര്‍മാണസമിതിയില്‍ സ്വാമിജി ഒരു പരമോന്നത സ്ഥാനമാണ്‌ വഹിച്ചിരുന്നത്‌. ഈ സമിതിയുടെ അധ്യക്ഷനായിരുന്ന ശ്രീരാമചന്ദ്ര പരമഹംസന്‍ 2003 ല്‍ സമാധിയായപ്പോള്‍, ആ സന്യാസിവര്യന്റെ സ്മരണക്കായി സ്വാമിജി സ്ഥാപിച്ച ഫലകം ഒരു ചരിത്രസ്മാരകമായി ഇന്ന്‌ അയോധ്യയില്‍ ശ്രീരാമചന്ദ്ര പരമഹംസ സമാധിയില്‍ വിരാജിക്കുന്നു. ഈ ഫലകത്തില്‍, ശ്രീരാമചന്ദ്രപരമഹംസ പ്രശസ്തിയും ശ്രീരാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുന്ന കാര്യത്തിലുമുള്ള ജഗദ്ഗുരുവിന്റെ ശപഥവും അടങ്ങിയിട്ടുണ്ട്‌.

മാര്‍പ്പാപ്പ കേരളം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ പ്രസംഗിക്കാനായി ശംഖുമുഖത്ത്‌ സ്ഥാപിച്ച താല്‍ക്കാലിക വേദി ഒരു സ്ഥിരം സംവിധാനമാക്കാനുള്ള ഗൂഢശ്രമം, രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയോടെ ക്രിസ്ത്യന്‍ മതമേധാവികള്‍ നടത്തി. ശംഖുമുഖം ശ്രീപത്മനാഭന്റെ 'ആറാട്ടുകടവ്‌' ആണെന്നും അവിടെ പാപ്പാവേദി അനുവദിക്കില്ലെന്നും സ്വാമിജിയുടെ നേതൃത്വത്തില്‍ ഹൈന്ദവ നേതൃത്വം പ്രഖ്യാപിച്ചു. പ്രക്ഷോഭം ശക്തമാകുമെന്ന്‌ മനസ്സിലായപ്പോള്‍ സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസംഘടനാ നേതാക്കളുമായി ആലോചിച്ച്‌ പാപ്പാവേദി പൊളിച്ചുമാറ്റാന്‍ ക്രിസ്തീയ മതനേതൃത്വം തീരുമാനിച്ചു.

ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളില്‍ നടന്ന ക്ഷേത്രവിമോചന സമരങ്ങള്‍ക്ക്‌ സ്വാമിജി ശക്തമായ നേതൃത്വം നല്‍കി. പൂന്തുറയില്‍ നടന്ന മതതീവ്രവാദ ആക്രമണത്തില്‍ സാധു ഹിന്ദുജനതക്ക്‌ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ സ്വാമിജി അവിടെ ഓടിയെത്തുകയും ആശ്രമത്തില്‍നിന്ന്‌ ഹിന്ദുജനതക്ക്‌ ആവശ്യമായ സാധനങ്ങള്‍ അവിടെ എത്തിക്കുകയും ചെയ്തു.

ഇനി ഒരിക്കലും ഹിന്ദുവിന്‌ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടി 53 ഹിന്ദുസംഘടനകളെ ഉള്‍പ്പെടുത്തി 'ഹിന്ദു ഐക്യവേദി' രൂപീകരിക്കപ്പെട്ടു. ഹിന്ദുവിനെതിരെയുള്ള ഒരു ചെറിയ ആക്രമണംപോലും ചോദ്യംചെയ്യപ്പെടാതെ പോകരുതെന്നും, അവയെ ശക്തമായി ചെറുത്തുതോല്‍പ്പിക്കണമെന്നും ഹിന്ദു ഐക്യവേദി സ്ഥാപക ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തുകൊണ്ട്‌ സ്വാമിജി പ്രഖ്യാപിച്ചു.

വൈക്കം ടിവിപുരം സെമിത്തേരിക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഹിന്ദുക്കള്‍ക്ക്‌ ശക്തമായ നേതൃത്വം അദ്ദേഹം നല്‍കി. വികാസ്ഭവന്‍ ഹനുമാന്‍ കോവിലിന്‌ സമീപമുള്ള സ്ഥലം സി.എച്ച്‌. മുഹമ്മദ്‌ കോയ ഫൗണ്ടേഷന്‌ നല്‍കാന്‍ കരുണാകര മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ ആന്റണി മന്ത്രിസഭയെക്കൊണ്ട്‌ ആ നിര്‍ദ്ദേശം പിന്‍വലിപ്പിക്കുവാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. കരുനാഗപ്പള്ളി പുതിയകാവ്‌ ദേവീക്ഷേത്ര മൈതാന വിമോചനസമരത്തിന്‌ ശക്തമായ നേതൃത്വം നല്‍കി. ആ ധര്‍മ്മസമരം വിജയപ്രാപ്തിയിലെത്തിക്കുവാന്‍ സ്വാമിജിക്ക്‌ സാധിച്ചു. ശ്രീ മൂകാംബികാ ക്ഷേത്രസന്നിധിയില്‍നിന്ന്‌ തുടങി, കേരളത്തിലെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയും, കന്യാകുമാരി വരെയും സഞ്ചരിച്ച്‌ ഹിന്ദുവിന്റെ ആത്മാഭിമാനം തട്ടിയുണര്‍ത്തുന്ന ശ്രീരാമനവമി രഥയാത്രയും അതിനോടനുബന്ധിച്ചുള്ള ശ്രീരാമനവമി ഹിന്ദുസമ്മേളനവും സംഘടിപ്പിച്ചത്‌ സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു.

ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ട ആവശ്യകത, ഹിന്ദു ബാങ്ക്‌, കൃഷി, വ്യവസായം എന്നിവയില്‍ ഹിന്ദുക്കള്‍ വഹിക്കേണ്ട പങ്ക്‌, ഹിന്ദു വ്യാപാരികള്‍ക്ക്‌ പ്രത്യേക സംഘടന, ഹിന്ദു കുടുംബ യുണിറ്റുകള്‍, ഹിന്ദു പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ ഇന്‍ഷുറന്‍സ്‌ പദ്ധതി, സനാതന സംസ്കാരത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ മഹത്വം, ക്ഷേത്രങ്ങളുടെ അഭിവൃദ്ധി, ഹിന്ദുവിന്‌ ധര്‍മ്മാധിഷ്ഠിതമായ ജീവിതചര്യ, ഹിന്ദു പാര്‍ലമെന്റ്‌- ഇങ്ങനെ ഹിന്ദുവിന്റെ സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും അത്‌ നടപ്പാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.
ധര്‍മ്മപ്രചാരണത്തിനായി ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി സ്ഥാപിക്കുകയും അതിന്റെ മേല്‍നോട്ടത്തില്‍ അനേകം ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും, നാശോന്മുഖമായിക്കൊണ്ടിരുന്ന പല ക്ഷേത്രങ്ങളും ഏറ്റെടുത്ത്‌ പുനരുദ്ധാരണം നടത്തുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി.

ഹിന്ദുക്കള്‍ക്കായി അദ്ദേഹം മുന്നോട്ടുവെച്ച ഏറ്റവും ശ്രദ്ധേയവും സമഗ്രവുമായ ഒരു സംരംഭമായിരുന്നു ശബരിമല വികസനത്തിനായുള്ള 'ഹരിവരാസനം പ്രോജക്ട്‌.' അനേകം സാങ്കേതികവിദഗ്ധരുമായി ആലോചിച്ച്‌ അദ്ദേഹം രൂപകല്‍പ്പന ചെയ്തതായിരുന്നു ഈ പദ്ധതി.ആയുര്‍വേദത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജി സാഹിത്യം, കഥകളി, തുള്ളല്‍ തുടങ്ങിയ ക്ലാസിക്‌ കലകളുടെ ഉപാസകന്‍കൂടിയായിരുന്നു. ഹിന്ദുക്കളെ സംബന്ധിക്കുന്ന സമസ്ത മേഖലകളെക്കുറിച്ചും ഗഹനമായി ചിന്തിക്കുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും അത്‌ നടപ്പാക്കുകയും ചെയ്ത സ്വാമി സത്യാനന്ദസരസ്വതിയുടെ ആത്മാവ്‌ 2006 നവംബര്‍ 24 ന്‌ പരമധാമത്തില്‍ വിലയം പ്രാപിച്ചു.

ആധുനിക കേരളത്തിന്റെ യശസ്സിന്‌ 'ഭസ്മക്കുറി'യിട്ട സ്വാമി സത്യാനന്ദസരസ്വതിയുടെ അനുഭവസാക്ഷ്യം വരുംതലമുറക്ക്‌ പാഠവും വഴികാട്ടിയുമാണ്‌ —

No comments: