27/08/2013

ശ്രീനാരായണ ഗുരുവും വെളിച്ചപ്പാടു കോമരവും തീ തൈലവും


ഒരിക്കൽ കൊടുങ്ങല്ലൂരിലെ ഒരു ഭക്തന്റെ വസതിയിൽ ഇരിക്കുകയായിരുന്നു ശ്രീനാരായണ ഗുരു. അങ്ങോട്ടേക്ക് ഒരു വെളിച്ചപ്പാട് കടന്നുവന്നു. കട്യാവുടുത്ത്, കാപ്പുകെട്ടി, നെറ്റിയിൽ സിന്ദൂരവും മഞ്ഞൾപ്പൊടിയും പൂശിയാണ് വരവ്. ഒരു കൈയിൽ വലിയ വാൾ. മറ്റേക്കൈ ചുരുട്ടി അടച്ചുപിടിച്ചിരിക്കുന്നു. വന്നപാടെ അയാൾ ഒന്നലറി. ചുറ്റിനും നിന്ന ഭക്തർ അതുകേട്ട് കൈകൂപ്പി നിന്ന് വിറകൊണ്ടു. സ്വാമിക്കുമാത്രം ചാഞ്ചല്യമില്ല. വെളിച്ചപ്പാടിന്റെ ചുവന്നുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിയിട്ട് ഗുരുസ്വാമി ചോദിച്ചു;"ആര്? എന്ത്?"

"എന്താ കണ്ടിട്ട് മനസിലായില്ലേ? ഭഗവതിയുടെ നിത്യദാസൻ"

"ആവട്ടെ, എന്തു വിശേഷം?"

"അമ്മയുടെ തിരുവുള്ളം അറിയണോ?"

"അതെന്താണ്?"

"അമ്മ വിളയാട്ടംതന്നെ. ഇതാ നോക്കൂ" വെളിച്ചപ്പാട് കൈയിൽ അടച്ചുപിടിച്ചിരുന്ന പൂക്കൾ ഊതിക്കളഞ്ഞിട്ട് കൈ നിവർത്തിക്കാട്ടി. അയാളുടെ ഉള്ളംകൈയിൽ പൊള്ളൽക്കുമിളകൾ. നോക്കി നിൽക്കെ അവ വർദ്ധിച്ചുവരുന്നു.

അതുകണ്ട്, "അയ്യോ... അമ്മേ ദേവീ രക്ഷിക്കണേ.." എന്നുവിളിച്ച് ചുറ്റിനും നിന്നവർ ഭീതിയോടെ കരഞ്ഞു. ഗുരു ചിരിച്ചു, "കൊള്ളാമല്ലോ വിളയാട്ടം കേമം തന്നെ. ഇനി അതൊന്ന് മായ്ച് കളയാമോ?" വെളിച്ചപ്പാട് ശരിക്കും കുടുങ്ങിപ്പോയി. നാണവും കോപവും ആ മുഖത്ത് മിന്നിമറഞ്ഞു. ഗുരു കാറ്റിലുലയാത്ത ദീപംപോലെ നിലകൊള്ളുകയാണ്. "ആകട്ടെ. ആ കൈ വേഗം ചുരുട്ടി അടച്ചു പിടിക്കുക. അല്ലെങ്കിൽ പൊള്ളൽ അധികരിക്കും." എന്ന് മൊഴിഞ്ഞു. വെളിച്ചപ്പാട് തലകുമ്പിട്ട് വേഗം അവിടെനിന്ന് നടന്നുമറഞ്ഞു.

കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന പൂക്കളിൽ തീത്തൈലം എന്ന ദ്രാവകം തളിച്ചിരുന്നു. അതുകൊണ്ടായിരുന്നു അമ്മവിളയാട്ടം. തീത്തൈലം പതിവിലും കൂടിപ്പോയതിനാലാണ് കുമിളകൾ കാണെക്കാണെ വലുതായതെന്ന് ഗുരുവിനു മനസിലായി. അത് ചുറ്റിനും നിന്നവർക്ക് തൃപ്പാദങ്ങൾതന്നെ വിശദമാക്കിക്കൊടുത്തു. അമളിപറ്റിയത് അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്. നൂറ്റാണ്ടുകൾകൊണ്ട് കറപിടിച്ച് അശുദ്ധമായ ഈശ്വരസങ്കല്പത്തെ ശുദ്ധീകരിക്കാൻവേണ്ടി നിർഭയനും അചഞ്ചലനുമായി നിന്നുകൊണ്ട് വിശ്വാസത്തട്ടിപ്പുകാരുടെ പൊടിക്കൈകൾ ഗുരുദേവൻ പൊളിച്ചടുക്കിയിട്ടുണ്ട്

No comments: