27/08/2013

ചരിത്രത്തിന്റെ രാജപാതകളിൽ വില്ലുവണ്ടി പായിച്ച മഹാത്മാ അയ്യങ്കാളി


ആരാലും തമസ്കരിക്കാനാവാത്തവിധം ജ്വലിച്ചുയര്‍ന്ന പ്രതിഭാശാലിയായ വിപ്‌ളവകാരിയായിരുന്നു മഹാനായ അയ്യങ്കാളി. ഇന്ത്യയുടെ പ്രഗല്‍ഭയായ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി പറഞ്ഞതുപോലെ 'ഭാരതത്തിന്റെ മഹാനായ പുത്ര'നാണദ്ദേഹം. പ്രകൃതിമനോഹരമായ വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ അവിട്ടം നക്ഷത്രത്തില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു.


പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അവരില്‍നിന്ന്‌ തലക്കരവും മുലക്കരവും ഈടാക്കണമെന്നുമുള്ള ശാസനകള്‍ കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്‌. നിസ്സ്വ‍രും നിരാലംബരുമായ മണ്ണിന്റെ മക്കള്‍ക്ക്‌ അന്ന്‌, മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലായിരുന്നു.
അന്ന്‌ അധഃസ്ഥിത സ്‌ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനവകാശമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്കുമുന്‍പില്‍ മാറിലെ വസ്‌ത്രമെടുത്തുമാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ്‍മുനകളില്‍നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട്‌ മാറിടം മറച്ചുനിന്ന കുറ്റത്തിന്‌ പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ്‌ വരേണ്യവര്‍ഗ്‌ഗം ജാതി ശാസനകള്‍ നിലനിറുത്തി.


ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടാണ്‌ അയ്യങ്കാളി ഉയര്‍ന്നുവന്നത്‌. നാട്ടില്‍ പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്‌, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു. വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന മണിമുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.


എന്തും നേരിടാനുള്ള കരളുറപ്പോടെയാണ്‌ 1889-ല്‍ തന്റെ അനുയായികളുമൊത്ത്‌ അയ്യങ്കാളി ആറാലുമ്മൂട്‌ ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച്‌ ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച്‌ അയ്യങ്കാളി മുന്നേറി.


അയിത്തത്തിനെതിരായി ആത്‌മീയരംഗത്തു പ്രവര്‍ത്തിച്ച ഉല്‌പതിഷ്‌ണുക്കളുടെ സേവനവും അയ്യങ്കാളി പ്രയോജനപ്പെടുത്തി. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട്‌ പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട്‌ ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അയ്യങ്കാളി നടത്തിയ പ്രക്ഷോഭഫലമായാണ്‌ സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിളംബരമുണ്ടായത്‌.


ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും." ആരും പണിക്കിറങ്ങിയില്ല. ഒട്ടിയവയറും ഉജ്ജ്വല സ്വപ്‌നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.


1911-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക്‌ നിയമസഭാ സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ്‌ ചെയ്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവുണ്ടായി. തുടര്‍ന്ന്‌ 25 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. അധഃസ്ഥിതരുടെ ഇടയില്‍ പരിഷ്കരണ പ്രവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ആദിഗോത്രജനതയില്‍പ്പെട്ട സ്‌ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ഒരു ധിക്കാരമായി അതിനെക്കരുതി. പ്രത്യേകിച്ച്‌ കൊല്ലം പെരിനാട്ടില്‍.


പാവപ്പെട്ടവര്‍ വേട്ടയാടപ്പെട്ടു. സഹോദരിമാര്‍ ധരിച്ചിരുന്ന റൗക്കകള്‍ വലിച്ചുകീറി. പലരുടെയും മുലകള്‍ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തരൂഷിത കലാപമായതുമാറി. കലാപത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.
നോട്ടീസോ, മൈക്ക്‌ അനൗണ്‍സ്‌മെന്റോ ഇല്ലാതെ കാതോട്‌ കാതോരം കേട്ടറിഞ്ഞ്‌ പതിനായിരക്കണക്കിന്‌ ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. "നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച്‌ ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന്‌ സവര്‍ണര്‍ സഹകരിക്കണമെന്നും" അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ്‌ "മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച്‌ നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന്‌ ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്‌." എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. 'അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍' അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത്‌ സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത്‌ സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരം ദൃഷ്‌ടിഗോചരമായി.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചെങ്കോലും കിരീടവും തെറിപ്പിച്ച മാഹാത്‌മാഗാന്‌ധി വെങ്ങാനൂരിലെത്തി ശ്രീ അയ്യങ്കാളിയെക്കാണുന്നത്‌ 1937 ജനുവരിയിലാണ്‌. 'മിസ്റ്റര്‍ അയ്യങ്കാളി.... ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?' എന്ന ഗാന്‌ധിജിയുടെ ചോദ്യത്തിന്‌, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു: "എന്റെ വര്‍ഗ്‌ഗത്തില്‍നിന്ന്‌ പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക്‌ മരിക്കാന്‍." ഇത്രയും ആത്‌മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന്‌ ഗാന്‌ധിജി അതിശയിക്കുകയായിരുന്നു. അതാണ്‌ അധഃസ്ഥിതരുടെ ആത്‌മാവായ അയ്യങ്കാളി.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേ ഹം 1941 ജൂണ്‍ 18ന്‌ താന്‍ സ്ഥാപിച്ച സരസ്വതീ മന്ദിരത്തില്‍ വച്ച്‌ ദിവംഗതനായി.


By : ആറന്മുള ശശി
കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

No comments: