28/08/2013

ഹിന്ദുമതവും വിഗ്രഹാരാധനയും

ഇനി നമുക്ക് തത്ത്വവിചാരക്കയറ്റങ്ങളില്‍നിന്ന് പാമരമതത്തിലേക്ക് ഇറങ്ങുകതന്നെ. ഭാരതത്തില്‍ അനേകദേവതാവാദം (polytheism) ഇല്ലെന്ന്ഞാന്‍ നിങ്ങളോട് പറയട്ടെ .ഓരോ അമ്പലത്തിലും ചെന്നുനിന്ന് ചെവികൊടുത്തു കേട്ടാല്‍ അവിടുത്തെ ഭക്തന്മാര്‍ സര്‍വ്വവ്യാപിത്തമടക്കം ഈശ്വരന്നുള്ള എല്ലാ ഗുണങ്ങളും ഭഗവത്വിഗ്രഹങ്ങളില്‍ കല്പിക്കുന്നതായി തെളിയും. ഇത് അനേകദേവതാവാദമല്ല. ദേവാദിദേവദാവാദം (henotheism) എന്ന പേരും സമാധാനമാകുന്നില്ല. പേര് മറ്റെന്തുചോന്നാലും റോസ് അതേ തൂമണം തരും. നാമകരണം വിശദീകരണമല്ല. 

ഒരു ക്രിസ്ത്യന്‍പാതിരി ഭാരതത്തില്‍ ഒരാള്‍ക്കൂട്ടത്തോട്‌ പ്രസംഗിച്ചത് എന്‍റെ കുട്ടിക്കാലത്ത് കേട്ടത് ഞാന്‍ ഓര്‍ക്കുന്നു. അയാള്‍ അവരോടു പറഞ്ഞ മറ്റു മധുരസംഗതികളില്‍ ഒന്ന് ഇതായിരുന്നു. ’നിങ്ങളുടെ വിഗ്രഹത്തിനെ എന്‍റെ വടികൊണ്ട് ഒരടികൊടുത്താല്‍ അതിനെന്തു ചെയ്യാന്‍ കഴിയും ?’ അയാളുടെ കേള്‍വിക്കാരിലൊരാള്‍ ചുടുക്കനെ മറുപടി പറഞ്ഞു; ‘ഞാന്‍ നിങ്ങളുടെ ദൈവത്തിനെ ശകാരിച്ചാല്‍ അയാള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?’ ‘താന്‍ ചാകുമ്പോള്‍ തന്നെ ശിക്ഷിക്കും’ പാതിരി പറഞ്ഞു. എന്നാല്‍ താന്‍ ചാകുമ്പോള്‍ എന്‍റെ വിഗ്രഹം തന്നെ ശിക്ഷിക്കും,’ ആ ഹിന്ദു തിരിച്ചടിച്ചു. വൃക്ഷത്തെ അതിന്‍റെ കായ്‌കൊണ്ടറിയാം. 

എങ്ങും ഒരിക്കലും കാണ്ടീട്ടില്ലാത്തത്ര സദ്വൃത്തിയും അദ്ധ്യാത്‌മതയും പ്രേമവും ഉള്ളവരെ ,വിഗ്രഹാരാധനക്കാരെന്നു വിളിക്കുന്നവരുടെ ഇടയ്ക്കു, ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ നിന്നു തന്നെത്താന്‍ ചോദിക്കാറുണ്ട്, ‘പാപം പുണ്യത്തെപ്രസവിക്കുമോ ?’ – എന്ന് . അന്ധവിശ്വാസം മനുഷ്യന്‍റെ ഒരു വലിയ ശത്രുതന്നെ; എന്നാല്‍ അതിലും കഷ്ടമാണ് മതഭ്രാന്ത്. ക്രിസ്ത്യാനി എന്തിനു പള്ളിയില്‍ പോകുന്നു ? കുരിശേങ്ങനെ ദിവ്യമായി ? പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖം എന്തുകൊണ്ട് ആകാശത്തേക്ക് തിരിക്കുന്നു? കത്തോലിക്ക് പള്ളികളില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ ഉള്ളതെന്തേ? പ്രോട്ടസ്റ്റന്‍റുകള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ ഉള്ളതെന്ത് ? എന്‍റെ സഹോദരരെ, നമുക്ക് ശ്വസിക്കാതെ ജീവിക്കാനാകാത്തതുപോലെ, ഏതെങ്കിലും വിഗ്രഹത്തെ മനസ്സില്‍ കല്‍പ്പിക്കാതെ ചിന്തിക്കാന്‍ സാധ്യമല്ല. സാഹചര്യനിയമമനുസരിച്ച് ഭൌതിക വിഗ്രഹം മനോവൃത്തിയെ വിളിച്ചുണര്‍ത്തുന്നു; അങ്ങനെ മറിച്ചും. ഇതുകൊണ്ടാണ് ഹിന്ദു ആരാധനക്ക് ഭാഹ്യപ്രതീകത്തെ ഉപയോഗിക്കുന്നത്. ഏതു ദേവതയെ ധ്യാനിക്കുന്നുവോ ആ ദേവതയില്‍ മനസ്സ് നിലനിര്‍ത്താന്‍ പ്രതീകം സഹായിക്കുന്നു എന്ന് ഹിന്ദു പറയും. 

വിഗ്രഹം ഈശ്വരനല്ലെന്നും അത് സര്‍വ്വവ്യപിയല്ലെന്നും നിങ്ങളെപ്പോലെത്തന്നെ ഹിന്ദുവിനും അറിയാം. ആകട്ടെ ലോകത്തില്‍ ഒട്ടുമിക്കവര്‍ക്കും ‘സര്‍വ്വവ്യാപി’ എന്ന് വെച്ചാല്‍ എത്രക്കര്‍ത്ഥബോധമുണ്ടാകും? അതു വെറുമൊരു വാക്ക്, ഒരടയാളം മാത്രം. ഈശ്വരന് ഉപരിതലവിസ്താരമുണ്ടോ? ഇല്ലെങ്കില്‍ സര്‍വ്വവ്യാപി എന്നു ജപിക്കുമ്പോള്‍ നാം ചിന്തിക്കുന്നത് വിസ്തൃതവിണ്ടലത്തെയോ അന്തരീക്ഷത്തെയോ ആയിരിക്കും അത്രതന്നെ. ഏതോ തരത്തില്‍ നമ്മുടെ മനസിന്‍റെ ഘടനാനിയമമനുസരിച്ച് അനന്തത എന്ന ആശയം നീലവിണ്ണിന്‍റെയോ കടലിന്‍റെയോ പ്രതീതിയോട് അന്വയിക്കേണ്ടിയിരിക്കുന്നത് നമുക്കനുഭവമാണ്.

ഇതുപോലെ വിശുധതയെക്കുറിച്ചുള്ള നമ്മുടെ ആശയത്തെ നാം സ്വാഭാവികമായി പള്ളിയുടെയോ മസ്ജിദിന്‍റെയോ കുരിശിന്‍റെയോ പ്രതിരൂപത്തോട് ഘടിപ്പിക്കുന്നു. വിശുദ്ധത, നൈര്‍മല്യം, സത്യം, സര്‍വ്വവ്യാപിത്വം, മുതലായ ആശയങ്ങളെ ഹിന്ദുക്കള്‍ പലവിഗ്രഹങ്ങളോടും രൂപങ്ങളോടും ചേര്‍ത്തുകല്‍പ്പിക്കുന്നു. എന്നാല്‍ ഈ വ്യത്യാസമുണ്ട്; ചിലര്‍ അവരുടെ ജീവിതം മുഴുവന്‍ പള്ളി എന്ന തനതു വിഗ്രഹത്തിനു സമര്‍പ്പിച്ചിട്ട് അതിനുപരി തെല്ലും ഉയരുന്നതേയില്ല. അവര്‍ക്ക് മതമെന്നുവച്ചാല്‍ ചില തത്വങ്ങളെ ബുദ്ധികൊണ്ടനുകൂലിക്കയും സഹജീവികള്‍ക്ക് നന്മ ചെയ്യുകയും മാത്രമാണ്. ഹിന്ദുവിന്‍റെ ധര്‍മ്മമാകട്ടെ മുഴുവനും സാക്ഷാത്കാരത്തില്‍ കേന്ദ്രികൃതമാണ്. മനുഷ്യന്‍ ഈശ്വരത്വം സാക്ഷാത്കരിച്ച് ഈശ്വരനായി ത്തീരണം.വിഗ്രഹങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഗ്രന്ഥങ്ങളും അവന്‍റെ അദ്ധ്യാത്മികശൈശവത്തിലെ താങ്ങും തുണയും മാത്രമാണ്. എന്നാല്‍ അവന്‍ മുന്നോട്ട് മുന്നോട്ട് പോയ്കൊണ്ടിരിക്കണം. അവന്‍ ഒരിടത്തും നിന്നുകൂടാ. ബാഹ്യമായ, ദ്രവ്യസഹിതമായ പൂജ ഏറ്റവും താഴ്ന്ന നില. ഉയരാനുള്ള ഉത്സാഹം, മാനസ പ്രാര്‍ത്ഥന, 

അടുത്തപടി ഭഗവത്ദര്‍ശനമാണ് അത്യുത്തമപദം എന്ന് ശാസ്ത്രങ്ങള്‍ പറയുന്നു. കേട്ടോളു വിഗ്രഹത്തിനു മുന്‍പില്‍ കുമ്പിടുന്ന അതേ ഭക്തന്‍ പറയുന്നത്; അവനെ പ്രകാശിപ്പിക്കാന്‍ സൂര്യനുകഴിയുന്നില്ല; ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും വയ്യ; മിന്നലിനുശക്തിയില്ല; നമ്മള്‍ പറയുന്ന തീയ്ക്കും കഴിവില്ല. അവനെക്കൊണ്ട് അവ തിളങ്ങുകയാണ്. എങ്കിലും അയാള്‍ ആരുടേയും വിഗ്രഹത്തെ ആക്ഷേപിക്കുകയോ അതിന്‍റെ ആരാധന പാപമെന്നുപറയുകയോ ചെയ്യുന്നില്ല. അവന്‍ അതിനെ ജീവിതത്തില്‍ ആവശ്യമായ ഒരു ഘട്ടമെന്നു കാണുന്നു. ‘ശിശു മനുഷ്യന്‍റെ അച്ഛനാകുന്നു’ .ശൈശവമോ യൌവനമോ പാപമെന്ന് ഒരു വൃദ്ധന്‍ പറയുന്നതു ശരിയാകുമോ?. 

വിഗ്രഹത്തിന്‍റെ സഹായംകൊണ്ട് ഒരുവനു തന്‍റെ ഈശ്വരസ്വരൂപം സാക്ഷാല്‍കരിക്കാന്‍ സാധിക്കുമെങ്കില്‍ അതുപാപമെന്നു പറയുന്നത് ശരിയാകുമോ ? മാത്രമല്ല ,ആ പടി കടന്നാലും അതു തെറ്റെന്നു പറയാമോ? ഹിന്ദുദൃഷ്ടിയില്‍, മനുഷ്യന്‍ അസത്യത്തില്‍നിന്നു സത്യത്തിലേക്കല്ല പോകുന്നത് ,സത്യത്തില്‍നിന്നു സത്യത്തിലേക്കാണ്; താഴ്ന്ന സത്യത്തില്‍നിന്ന് ഉയര്‍ന്ന സത്യത്തിലേക്ക്. അധമമായ ജഡാരാധനമുതല്‍ അത്യുത്തമമായ ബ്രഹ്മവാദംവരെയുള്ള എല്ലാ മതങ്ങളും, അവന്‍റെ നോട്ടത്തില്‍, മനുഷ്യാത്മാവ് അതിന്‍റെ ജന്മത്തിനും സാഹചര്യത്തിനും വിധേയമായി അനന്തപ്രാപ്തിക്കു ചെയ്യുന്ന അത്രയും പരിശ്രമങ്ങളാണ്. ഇവ ഓരോന്നും പുരോഗതിയിലുള്ള ഓരോ പടവുകള്‍ ആണ്. ഓരോ ജീവാത്മവും ഓരോ ഗരുഡശിശുവാണ്; അത് ഉയര്‍ന്നുയര്‍ന്നു പറക്കുന്നു, അതിനതിനു കരുത്തേരുന്നു; ഒടുവില്‍ അത് പരംജ്യോതിസ്സിലെത്തുന്നു. നാനാത്വത്തില്‍ ഏകത്വമാണ് പ്രകൃതികല്പ്പിതം; ഹിന്ദു ഇതഗീകരിച്ചിരിക്കുന്നു. മറ്റു മതങ്ങളെല്ലാം ചില സ്ഥാവരസിദ്ധാന്തങ്ങള്‍ ഉപന്യസിച്ച് അവ സമുദായത്തിന്‍റെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കും. സമുദായത്തിന്‍റെ മുന്‍പില്‍ വെക്കാന്‍ അതിന് ഒരു കുപ്പയമേ ഉള്ളൂ. അത് ജാക്കിനും, ജോണിനും, ഹെന്‍ - റിക്കും ഒക്കെ ഒരുപോലെ ചേര്‍ന്നുകൊള്ളണം .ജോണിനോ, ഹെന്‍ - റിക്കോ അതു ചേരാത്തപക്ഷം അവന്‍ മേലു മറക്കാന്‍ കുപ്പായമില്ലാതെ പോയ്ക്കൊള്ളണം. സാപേക്ഷത്തില്‍ക്കൂടിയേ നിരപെക്ഷത്തെ സാക്ഷാത്കരിക്കാനോ വിചാരിക്കാനോ വിവരിക്കാനോ സാധിക്കൂ എന്ന് ഹിന്ദു കണ്ടുപിടിച്ചിട്ടുണ്ട്. അതിനുള്ള അടയാളങ്ങള്‍ - ആത്മികാശങ്ങള്‍ തൂക്കിയിടാനുള്ള ആണികള്‍ മാത്രമാണ് വിഗ്രഹങ്ങളും കുരിശുകളും ചന്ദ്രക്കലകളും. ഈ സഹായം എല്ലാവര്‍ക്കും വേണമെന്നല്ല ,അതുവേണ്ടാത്തവര്‍ക്ക് അതു തെറ്റാണെന്നു പറയാന്‍ അവകാശമില്ലെന്നുമാത്രം. ഇതു ഹിന്ദുധര്‍മ്മത്തില്‍ നിര്‍ബന്ധവുമല്ല. 

ഒരു കാര്യം നിങ്ങളോട് പറയേണ്ടിയിരിക്കുന്നു. വിഗ്രഹാരാധന ഭാരതത്തില്‍ അത്ര ഭയങ്കരമോന്നുമല്ല. അതു തേവിടിശ്ശിയുടെ തള്ളയല്ല. നേരെമറിച്ച് അവ്യുത്പന്നമനസ്സുകള്‍ അദ്ധ്യാത്മതത്വങ്ങളെ എത്തിപ്പിടിക്കാന്‍ ചെയ്യുന്ന പരിശ്രമം മാത്രമാണ്. ഹിന്ദുക്കള്‍ക്ക് ചില ദോഷങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ ചില വ്യത്യസ്തതകളും അവര്‍ക്കുണ്ട്. എങ്കിലും ഒന്നോര്‍ക്കുക. അവര്‍ എപ്പോഴും നോക്കുന്നത് സ്വന്തം ശരീരത്തെ ദണ്ഡിക്കാനാണ്, ഒരിക്കലും അയല്‍ക്കാരന്‍റെ കഴുത്തറുക്കാനല്ല. വ്രതകര്‍ക്കശനായ ഹിന്ദു പട്ടടയില്‍ സ്വശരീരം എരിച്ചേക്കാമെങ്കിലും മറ്റു മതക്കാരെ ഹോമിക്കാന്‍ തീയ് (Fire of Inquisition) കൂട്ടാറില്ല. മന്ത്രവാദികളെച്ചുട്ടതിന്‍റെ കുറ്റം ക്രിസ്തുമതത്തിന്‍റെ പടിക്കല്‍ ചാര്‍ത്താവുന്നതിലേറെ ഈ സ്വയം ദഹനപാതകം ഹിന്ദുധര്‍മത്തിന്‍റെ പടിക്കല്‍ ചാര്‍ത്തിക്കൂടാ.

No comments: