16/01/2014

സൂര്യനമസ്കാരം ~ Soorya Namaskar


വൈദികകാലം മുതല്‍ ഭാരതീയര്‍ പിന്‍തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്കാരം.ശാരീരികാരോഗ്യവും മാനസിക ഏകാഗ്രതയും സ്വായത്തമാക്കാനായി നമ്മുടെ ഋഷിവര്യന്മാരും യോഗികളും അഭ്യസിച്ചിരുന്ന വ്യായാമമുറയാണിത്. വ്യവസ്ഥാപിതമായ രീതിയില്‍ ഈ ആചാരം അനുഷ്ഠിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു..സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.

സൂര്യന് അഭിമുഖമായി നിന്ന് കൊണ്ടായിരിക്കണം സൂര്യനമസ്കാരം ചെയ്യേണ്ടത്.ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം വായു സഞ്ചാരമുള്ളതായിരിക്കണം . മറ്റ് യോഗാസനങ്ങള്‍ക്ക് മുന്‍പ് സൂര്യനമസ്കാരം ചെയ്യുന്നത് ശരീരത്തെ ആയാസരഹിതമാക്കും.
പന്ത്രണ്ട് പോസുകളുള്ള സൂര്യനമസ്കാരം മൂന്ന് മുതല്‍ പന്ത്രണ്ട് തവണ വരെ തുടര്‍ച്ചയായി ചെയ്യാവുന്നതാണ്. സൂര്യനമസ്കാരം ചെയ്ത് കഴിഞ്ഞ ശേഷം ശവാസനത്തില്‍ വിശ്രമിക്കുക .

സൂര്യനമസ്കാരം ചെയ്യേണ്ട വിധം

പോസ് 1

1 കാലുകള്‍ ചേര്‍ത്ത് മുട്ടുകള്‍ നിവര്‍ത്തി കിഴക്കോട്ട് തിരിഞ്ഞ് തലയുയര്‍ത്തി നേരെ നില്‍ക്കുക .
2 കൈകള്‍ കൂപ്പി നെഞ്ചിനോട് ചേര്‍ത്ത് പിടിച്ച് നേരെനോക്കുക.
3 അല്‍പ്പസമയം സാധാരണരീതിയില്‍ ആ നിലയില്‍ നിന്ന് ശ്വാസോച്ഛ്വാസം നടത്തുക.

പോസ് 2

1 സാവധാനം ശ്വാസമെടുത്തുകൊണ്ട് കൈകള്‍ തലയ്ക്ക് മുകളിലൂടെ ഉയര്‍ത്തി പിന്നോട്ട് വളയുക.
2 കൈകാല്‍ മുട്ടുകള്‍ വളയാതെ കൈവിരലുകളുടെ അഗ്രഭാഗത്ത് ദൃഷ്ടി പതിപ്പിച്ചുകൊണ്ട് പുറകോട്ട് വളയാവുന്നതിന്‍റെ പരമാവധി വളയുക.
3 ഏതാനും സെക്കന്‍ഡുകള്‍ ശ്വാസം പിടിച്ചുകൊണ്ട് ഇതേ പോസില്‍ നില്‍ക്കുക.

പോസ് 3

1 ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് , കാലിന്‍റെ മുട്ടുകള്‍ വളയാതെ മുമ്പോട്ട് കുനിഞ്ഞ് കാല്‍പാദങ്ങളുടെ ഇരുവശങ്ങളിലുമായി കൈപ്പത്തികള്‍ കൊണ്ട് വന്ന് നിലത്തുമുട്ടിക്കുക.
2 നെഞ്ച് തുടയുമായി അടുപ്പിച്ച് മൂക്ക് കാലിന്‍റെ മുട്ടില്‍ തൊട്ടിരിക്കുന്ന വിധത്തില്‍ തല കുനിക്കുക.
3 പാദത്തിന്‍റെ ഇരുവശങ്ങളിലുമായി വച്ചിരിക്കുന്ന കൈപ്പത്തികള്‍ അവിടെ നിന്നും മാറ്റാന്‍ പാടില്ലാത്തതാണ്.

പോസ് 4

1 കൈപ്പത്തികളും ഇടതുകാല്‍ പാദവും നിലത്തുറപ്പിച്ച് വച്ചുകൊണ്ട് , ശ്വാസമെടുത്ത് വലതുകാല്‍ പരമാവധി പുറകോട്ട് കൊണ്ടുവന്ന് , വിരലുകളില്‍ ചെറിയ ബലം കൊടുത്ത് കാലിന്‍റെ മുട്ട് നിലത്തുചേര്‍ത്ത് വയ്ക്കുക .അതേ സമയം ശ്വാസം ഉള്ളിലേക്ക് എടുക്കണം.
2 തല ഉയര്‍ത്തി മുകളിലേക്ക് ദൃഷ്ടി പതിപ്പിച്ചുകൊണ്ട് ശ്വാസമെടുത്ത് തീരുന്നത് വരെ ഇതേ പോസില്‍ നില്‍ക്കുക. ഇവിടെ വലതുകാലിന് പകരം ഇടത്കാല്‍ ആദ്യം പുറകോട്ട് കൊണ്ടുപോകേണ്ടതാണ്.

പോസ് 5

1 ഇടതുകാലുംകൂടി പുറകോട്ട് കൊണ്ട് വന്ന് , കാലുകള്‍ രണ്ടും ചേര്‍ത്ത് മുട്ടുകള്‍ നിവര്‍ത്തി , ശരീരം കാലിന്‍റെ വിരലുകളിലും കൈപ്പത്തികളിലുമായി വളയാതെ താങ്ങി നിര്‍ത്തുക.
2 ഈ സമയം ശ്വാസം പിടിച്ചുനിര്‍ത്തുകയും കൈമുട്ടുകള്‍ നിവര്‍ന്നിരിക്കുവാന്‍ ശ്രദ്ധിക്കുകയും വേണം.

പോസ് 6

ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട്, കൈമുട്ടുകള്‍ മടക്കി ,കൈപ്പത്തികള്‍ നെഞ്ചിന്‍റെ ഇരുവശങ്ങളിലുമായി വരുന്ന വിധത്തില്‍ , തറയോട് ചേര്‍ന്നുകിടക്കുക.ശരീരത്തിന്‍റെ എട്ട് ഭാഗങ്ങള്‍ മാത്രം (നെറ്റി, നെഞ്ച്, കൈപ്പത്തികള്‍ , കാലിന്‍റെ മുട്ടുകള്‍ ‍, കാലിന്‍റെ വിരലുകള്‍ ) നിലത്തു തൊടുന്നത് കൊണ്ട് ഇതിനെ സാഷ്ടാംഗനമസ്കാരം എന്നും വിളിക്കാറുണ്ട്.

പോസ് 7
കാലിന്‍റെ വിരലുകള്‍ നിവര്‍ത്തി , ശ്വാസമെടുത്തുകൊണ്ട് നെഞ്ചും തലയും ഉയര്‍ത്തി മുകളിലേക്ക് നോക്കുക.

പോസ് 8
കൈപ്പത്തികള്‍ അനക്കാതെ , ഇടുപ്പുയര്‍ത്തി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കാലിന്‍റെ ഉപ്പൂറ്റികള്‍ നിലത്തുറപ്പിച്ച് പിന്നോട്ട് നോക്കുക.

പോസ് 9

1 ശ്വാസം ഉള്ളിലേക്ക് എടുത്ത് കൊണ്ട് വലതുകാല്‍ മടക്കി പാദം കൈപ്പത്തികളുടെ നടുവിലായി കൊണ്ടുവന്ന് നെഞ്ചും കഴുത്തും ഉയര്‍ത്തി മുകളിലേക്ക് ദൃഷ്ടി പതിപ്പിക്കുക.
2 പോസ് 4 ആവര്‍ത്തിക്കുക.

പോസ് 10

ഇടതുകാല്‍ പാദം കൂടി വലതുകാല്‍ പാദത്തിനോടൊപ്പം മുമ്പോട്ട് ചേര്‍ത്ത് കയറ്റിവെക്കുകയും ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ നിവര്‍ത്തി മുമ്പോട്ട് കുനിഞ്ഞ് നെറ്റി കാലിന്‍റെ മുട്ടുകളില്‍ തൊടുവിക്കുകയും ചെയ്യുക . (പോസ് - 3 പോലെ).

പോസ് 11

ശ്വാസമെടുത്തു കൊണ്ട് കൈകള്‍ ഉയര്‍ത്തി തലയ്ക്ക് പുറകിലായി കൊണ്ടുവരിക. പോസ് - 2 ലേത് പോലെ ചെയ്യുക.

പോസ് 12

ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് ആദ്യത്തെ പോസിലേക്ക് സാവധാനം തിരിച്ച് വരുക. ഏതാനും തവണ സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം നടത്തുക.അതിനുശേഷം ശവാസനം ചെയ്യുക.


ഗുണങ്ങള്‍

എല്ലാ ശരീര അവയവങ്ങളേയും പഞ്ചേന്ദ്രിയങ്ങളേയും, മനസ്സിനേയും ഉത്തേജിപ്പിക്കുകയും ഉന്മേഷിപ്പിക്കുകയും ചെയ്യുന്നു.

വിവിധ ആസനങ്ങളനുഷ്ഠിക്കുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഈ ഒരു വ്യായാമത്തിലൂടെ തന്നെ ലഭിക്കുന്നു.

രക്തസഞ്ചാരം മെച്ചപ്പെടുന്നു. എല്ലാ ഭാഗത്തേക്കും രക്തം എത്തുകയും തിരിച്ച് ഹൃദയത്തിലേക്കുള്ള പോക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാ പേശികളും ശക്തമാകുന്നു; അയവുള്ളവയാകുന്നു.

ശ്വാസകോശങ്ങള്‍ വികസിക്കുന്നു; നെഞ്ചും.

നട്ടെല്ലിന്‌ അയവുണ്ടാക്കുന്നു.

വയര്‍, അരക്കെട്ട്, മറ്റു ഭാഗങ്ങള്‍ ഇവിടെയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നു. അമിതവണ്ണമുള്ളവർക്ക് എന്നും ചെയ്താൽ വണ്ണം കുറയ്ക്കാം. (ആഹാരനിയന്ത്രണം നിർബന്ധം)

ദഹനക്രിയ മെച്ചപ്പെടുത്തുന്നു; വായുക്ഷോഭം ഇല്ലാതാക്കുന്നു.

സ്ഥിരമായി ചെയ്താൽ ശരീരത്തിന്റെ പുഷ്ടിയും, ആകാരസൌകുമാര്യവും നിലനിർത്താൻ ഇതിൽ പരം മറ്റൊരു മാർഗമില്ല.

സൂര്യനമസ്കാരത്തിലൂടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു.

നിഷ്ഠയോടെയുള്ള സൂര്യനമസ്കാരം ഏകാഗ്രതയും, മനശ്ശാന്തിയും വര്‍ദ്ധിപ്പിക്കും.


No comments: