12/01/2014

ഗൃഹ വൈദ്യം


വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുകൾ വളരെ കുറവാണ്. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.

പ്രമേഹത്തിന് മഞ്ഞൾ
പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.

ക്ഷീണം മാറാൻ ഇളനീർ
എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീർ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യു ന്ന ഇളനീർ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീർ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കിൻ വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും.

തിളക്കത്തിന് നേന്ത്രപ്പഴം
ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.

അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.

ചുമയെങ്കിൽ ഇഞ്ചി
ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്‌പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്‌പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹന വും വിശപ്പുമു ണ്ടാകും.

മുലപ്പാലിന് ജീരകം
പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി.

വേദനയ്‌ക്ക് വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.

നീരിന് ഗോതമ്പ്
വിനാഗിരിയിൽ ഗോതമ്പ് പൊടി ചേർത്ത് കുറുക്കി തണുക്കുമ്പോൾ മുഖത്ത് തേച്ചുപിടിപ്പിച്ചാൽ ചർമ്മത്തിന്റെ മൃദുലതയും തിളക്കവും കൂടും. നീർമരുതിൻ വേരും ചെടിയും ഗോതമ്പുപൊടിയും ചേർത്ത് പാലിൽ കാച്ചി കഴിച്ചാൽ ഹൃദ്രോഗത്തിന് നല്ലതാണ്. ഗോതമ്പ് തവിട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക്‌രോഗങ്ങളെ നിയന്ത്രിക്കും. ഗോതമ്പ് വറുത്തുപൊടിച്ച് പാലിൽ ചേർത്തു നൽകിയാൽ കുഞ്ഞുങ്ങളിലെ വയറിളക്കം കുറയും. ഗോതമ്പ് പൊടിയുംഉണ്ടും മഞ്ഞളും ചേർത്ത് കിഴി കെട്ടി ചൂടു വച്ചാൽ നീരു കുറയും.

വിരശല്യത്തിന് പപ്പായ
പപ്പായയുടെ കറ പുറമേ പുരട്ടിയാൽ പുഴുക്കടിക്ക് ശമനമാകും. ആർത്തവം മുടങ്ങിയും ഇടവിട്ടും വേദനയോടുകൂടിയും വരുന്നവർക്ക് പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് വീതം രണ്ടുനേരം കൊടുത്താൽ ആർത്തവം സുഗമമാകും. പപ്പായയുടെ കറ പഞ്ചസാര ചേർത്തു കഴിച്ചാൽ വയറിലെ വിരശല്യം കുറയും. പപ്പായയുടെ കറ ആണിരോഗമുള്ള ഭാഗത്തു പതിവായി പുരട്ടിയാൽ ആണി കൊഴിഞ്ഞു പോകും.

കടപ്പാട് ~ കേരള കൌമുദി 

No comments: