10/11/2013

രുദ്രാക്ഷം


ഹൈന്ദവ വിശ്വാസത്തിൽ രുദ്രാക്ഷം ധരിക്കുന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. രുദ്രാക്ഷം പലതരത്തിലുള്ളതും ഇന്നും വാങ്ങുവാൻ കിട്ടുന്നതാണ്. ഏകമുഖം, പഞ്ചമുഖം... എന്നാൽ ഏതു രുദ്രാക്ഷമാണ് ധരിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. മനുഷ്യ ശരീരത്തിലുണ്ടാകുന്ന പലതരം വികിരണങ്ങളേയും ആഗിരണം ചെയ്ത് ശുദ്ധീകരിക്കണുള്ള കഴിവ് രുദ്രാക്ഷമെന്ന കയ്ക്കുണ്ടുപോലും. എന്നാൽ രുദ്രാക്ഷക്കായ
ഗൃഹസ്ഥാശ്രമത്തിൽക്കഴിയുന്ന ലൗകികതയിൽ നിൽക്കുന്ന എല്ലാവർക്കും ധരിക്കാൻ പാടില്ലത്രേ. അപ്പോൾ ഏതെങ്കിലും വാങ്ങി ധരിച്ചാൽ ഗുണഫലത്തേക്കാൾ ദോഷഫലം ചെയ്യുമെന്നത് ഒരു സത്യം തന്നെയാണ്.

ഭൗതികമായ ലൗകികതയേക്കാൾ ആത്മീയതക്കും ആത്മീയ ശുദ്ധിക്കും പ്രാധാന്യം കൊടുക്കുന്ന വേദാദി മഹത് ഗ്രന്ഥങ്ങളിലധിഷ്ടിതമായ സനാതന ധർമ്മത്തിൽ രുദ്രാക്ഷം ധരിക്കുന്നതെന്തിനായിരിക്കുമെന്ന് അല്പം കടന്നു ചിന്തിച്ചാൽ മനസ്സിലാക്കവുന്നതേയുള്ളു.

രുദ്രൻ എന്നാൽ സംഹാരമൂർത്തിയും പരബ്രഹ്മവും മഹാദേവനുമായ സാക്ഷാൽ ശിവഭഗവാനാണെന്ന് സകലർക്കുമറിയാം. അക്ഷം എന്നാൽ നോട്ടമെന്നും അടയാളമെന്നുമൊക്കെ അർഥമുണ്ട്. ധരിക്കുക എന്നുള്ളതിന് മനസ്സിലാക്കുക എന്നർഥം സകലർക്കുമറിയാം. അപ്പോൾ രുദ്രാക്ഷം ധരിക്കുക എന്നു പറഞ്ഞാൽ സംഹാരമൂർത്തിയും പർബ്രഹ്മവുമായ നിത്യായുള്ള ശിവന്റെ നോട്ടത്തിനെ അല്ലങ്കിൽ അടയാളത്തെ മനസ്സിലാക്കുക എന്നും വായിക്കാൻ സാധിക്കും.

സകല പ്രാണന്റെയും അത്യന്തികമായ ലക്ഷ്യം നിത്യതയിലേക്കുള്ള ലയനമാണ്. ശിവൻ എന്നാൽ നിത്യനായുള്ളവൻ എന്നർഥമുണ്ട്. നിത്യതയിലേക്കുള്ള അടയാളം അഥവാ ദർശനം സകല ജീവികൾക്കും അറിഞ്ഞിരിക്കേണ്ട സത്യമാണ്. അതിനെ ആരിയുന്നതാണ് യഥാർത്ഥ ജ്ഞാനമെന്ന് ഋഷീശ്വരന്മാർ ഉപനിഷത്തുകളിലൂടെയും പുരാണങ്ങളിലൂടെയുമൊക്കെ പലയാവർത്തി പറഞ്ഞുതന്നിരിക്കുന്നത് ഓർക്കേണ്ടകാര്യം തന്നെയാണ്.

ശിവം ശിവകരം ശാന്തം
ശിവാത്മനം ശിവോത്തമം
ശിവമാർഗ്ഗം പ്രാണാധാരം
പ്രണതോസ്മി സദാശിവം.

നിത്യമായുള്ളത് നിത്യവും ശാന്തവുമാണ്. അതിനെ മനസ്സിലാക്കുന്നതാണ് നിത്യതയ്ക്കുള്ള ഉത്തമമായ മാർഗ്ഗം. നിത്യതയിലേക്കുള്ള യാത്രയാണ് ഓരോ പ്രാണന്റെയും ആധാരം. അങ്ങനെയുള്ള എന്നുമുള്ളതും ശാന്തവും അനശ്വരവുമായ ചൈതന്യത്തിനെ എന്റെ പ്രാണനാൽ നമിക്കുന്നു എന്ന അദ്വൈത തത്വം തന്നെയാണ് രുദ്രാക്ഷധാരണത്തിനു പിന്നിലെന്നു മനസ്സിലാക്കിയാൽ മോക്ഷപ്രാപ്തിക്കുള്ള ആദ്യ പടിയായി. അങ്ങനെയുള്ള രുദ്രാക്ഷത്തിനെ സകലർക്കും ധരിക്കുവാൻ സാധിക്കുന്നതാണ്.

മാത്രമല്ല രുദ്രാക്ഷം എന്നാൽ രുദ്രന്റെ കടാക്ഷം എന്നർത്ഥത്തിലെടുത്താലും മറ്റൊരു നിത്യ സത്യത്തിലേക്കു നമ്മെക്കൂട്ടിക്കൊണ്ടു പോകുന്നതാണ്. ഇവിടെ രുദ്രൻ സംഹാരമൂർത്തിയും അന്തകനായ യമന്റെ പോലും അന്തകനാണ്. ഏത് ഉത്തമമായ സ്ഥാനത്തിരിന്നാലാം രുദ്രന്റെ അക്ഷം മരണം സകല ജീവികൾക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു സത്യം തന്നെയാണ്. ഈ സത്യം മൻസ്സിലാക്കിയ ഒരു ജീവിക്കുപോലും പ്രകൃതിയിൽനിന്നൊഴിഞ്ഞ് മാറിനിൽക്കാൻ കഴിയുന്നതല്ല. മരണത്തോടെ സകലരും പ്രകൃതിയിത്തന്നെ ലയിക്കുന്നു. ഈ ലയനം ആർക്കും ഒഴിവാക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്ന കാര്യമല്ല. അപ്പോൾ മരണമെന്ന അന്തകാന്തന്റെ കടാക്ഷം ഓർക്കുക എന്നൊരു മഹത്തത്വവും ഇതിലുണ്ട്. ഈ രുദ്രാക്ഷവും സകലരും ധരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ജനനത്തിനും മരണത്തിനുമിടയിലുള്ള ഈ ഹ്രസ്വദൂരം മനസ്സിലാക്കി ശിഷ്ടജീവിതം ശ്രേഷ്ടമാക്കാനുള്ള വഴികാട്ടിയാണ് ഇപ്പറഞ്ഞ രുദ്രാക്ഷം ധരിക്കുമ്പോളുണ്ടാകുന്നത്.
കാണുന്നു ചിലർ പലതുമുപായം കാണിന്നില്ല മരിക്കുമിതെന്നും
കാൺകിലുമൊരു നൂറ്റാണ്ടിനകത്തില്ലെന്നേ കരുതു നാരായണ ജയ:

എന്ന ഭാഗവത കീർത്തനം വായിക്കുന്നവരും വായിപ്പിക്കുന്നവരും കേൾക്കുന്നവരുമൊന്നും കേൾക്കാതെ പോകുന്നു. സകല പുണ്യകർമ്മങ്ങളും ഭൗതികമായ ചെറു ലാഭങ്ങൾക്കുവേണ്ടി ചെയ്ത് ഭഗവാനെപ്പോലും വിലക്കു വാങ്ങാൻ നോക്കുന്ന തരത്തിൽ നിമിഷം പ്രതി താഴേക്കു കൂപ്പുകുത്തുന്ന ഇക്കാലത്ത് മേൽപ്പറഞ്ഞ രുദ്രാക്ഷം സകലരും ധരിക്കേണ്ടത് അത്യാവശ്യമാണ്.

ഓം തത് സത്.

No comments: