03/11/2013

വീണ്ടും അയോധ്യ

വീണ്ടും അയോധ്യ

വ്യാഴാഴ്ച പാര്‍ലമെന്റില്‍ ബഹളത്തിന്‌ ഒരുകാരണം അയോധ്യയായിരുന്നു. മുസ്ലീം അംഗങ്ങളെല്ലാം ഒറ്റക്കെട്ടായിരുന്നു.അവരുണ്ടാക്കിയ പ്രകോപനത്തില്‍ സഭ മൂന്നുതവണയാണ്‌ സ്തംഭിച്ചത്‌. ബിഎസ്പിയിലെ ഷഫീഖുറഹ്മാന്‍ ബര്‍ഖ്‌ കരിങ്കൊടിവീശിയാണ്‌ അയോദ്ധ്യാപ്രശ്നം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്‌. അതോടെ മറ്റുള്ളവര്‍ ഏറ്റുപിടിച്ചു. അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിന്റെ ഇരുപതാം വാര്‍ഷികത്തില്‍ അവര്‍ക്കുവേണ്ടത്‌ ശ്രീരാമജന്മസ്ഥാനത്ത്‌ എത്രയും വേഗം പള്ളിപണിയുകയാണ്‌. എന്നാല്‍ നേരത്തെ ക്ഷേത്രം ഉണ്ടായിരുന്ന ഇപ്പോഴും താത്കാലികക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്ത്‌ ഉടന്‍ ക്ഷേത്രനിര്‍മ്മാണത്തിന്‌ സൗകര്യം ഒരുക്കണമെന്ന്‌ ബിജെപി ശിവസേനാ അംഗങ്ങളും ആവശ്യപ്പെട്ടു. അതോടെയാണ്‌ സഭാസ്തംഭനത്തിലേക്കെത്തിയത്‌. 

കുറച്ചുദിവസമായി ചില മാധ്യമങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ കേരളത്തിലെത്‌ അയോദ്ധ്യയാണ്‌ മുഖ്യവിഷയം. പള്ളിപൊളിച്ചേ എന്നാണ്‌ വിലാപം. എന്നാല്‍ ക്ഷേത്രം തകര്‍ത്ത്‌ ബാബര്‍ നിര്‍മ്മിച്ച കെട്ടിടം ലക്ഷണമൊത്ത പള്ളിയായി മുസ്ലീങ്ങള്‍ കണക്കാക്കിയിട്ടേയില്ല. ബാബറിന്റെ പൗത്രന്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ നടപടിതന്നെ അതിന്‌ മതിയായ തെളിവാണ്‌. ശ്രീരാമജന്മസ്ഥാനത്ത്‌ ഹിന്ദുക്കള്‍ക്ക്‌ ആരാധിക്കാന്‍ ഒരു മന്ദിരം കെട്ടിക്കൊടുത്തത്‌ അക്ബര്‍ തന്നെയാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അയോധ്യയിലെ ക്ഷേത്രം സംബന്ധിച്ച്‌ 1984 നവംബര്‍ 18ന്‌ പ്രൊഫ.എന്‍.വി.കൃഷ്ണവാര്യര്‍ എഴുതിയ ലേഖത്തില്‍ ഇങ്ങിനെ പറയുന്നു.

“…..അമ്മയില്ലാത്ത കുശനെയും ലവനെയും ശ്രീരാമന്‍ തന്നോടൊപ്പം പാര്‍പ്പിച്ചു. പ്രായപൂര്‍ത്തി വന്നപ്പോള്‍ അവര്‍ക്കും ഭരത-ലക്ഷ്മണ-ശത്രുഘ്നന്മാരുടെ മക്കള്‍ക്കും രാജ്യം പങ്കിട്ടുകൊടുത്തു. ഈ രാജകുമാരന്മാര്‍ തങ്ങള്‍ക്ക്‌ കിട്ടിയ ഭൂപ്രദേശങ്ങളില്‍ രാജധാനികള്‍ നിര്‍മിച്ച്‌ അയോദ്ധ്യയില്‍നിന്ന്‌ അങ്ങോട്ടു താമസം മാറ്റി. അവതാരകാര്യം നിര്‍വഹിച്ചശേഷം രാമന്‍ അയോദ്ധ്യയിലെ പൗരന്മാരോടൊപ്പം, സരയൂനദിയുടെ ജലത്തില്‍ മുങ്ങി ഈ ലോകം വെടിഞ്ഞു.

രാമന്റെ രാജധാനിയായ അയോദ്ധ്യയില്‍ പിന്നീട്‌ കുറേക്കാലത്തേക്ക്‌ ആള്‍പ്പാര്‍പ്പുണ്ടായിരുന്നില്ല. കെട്ടിടങ്ങള്‍ തകര്‍ന്ന്‌ കാടുപിടിച്ചുകിടന്ന ഈ നഗരത്തെ കുശന്‍ പുനരുദ്ധരിച്ചു. തുടര്‍ന്ന്‌ വളരെക്കാലത്തേക്ക്‌ ഉത്തരേന്ത്യയിലെ ഒരു മുഖ്യ നഗരമായിരുന്നു അയോദ്ധ്യ.

രാമനെ ഭാരതീയര്‍ ഈശ്വരന്റെ അവതാരമായി കരുതാന്‍ തുടങ്ങി. ക്രിസ്തുവര്‍ഷാരംഭത്തിനുമുമ്പ്‌ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഉജ്ജയിനിയിലെ വിക്രമാദിത്യമഹാരാജാവ്‌ അയോദ്ധ്യയില്‍, രാമന്‍ പിറന്ന കൊട്ടാരം നിന്നിരുന്ന സ്ഥലത്ത്‌ ഒരു ക്ഷേത്രം നിര്‍മിച്ച്‌ അതില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ചു. ഒരു തീര്‍ത്ഥാടനകേന്ദ്രമായി ഈ ക്ഷേത്രം ആയിരത്തഞ്ഞൂറു വര്‍ഷങ്ങളിലേറെ നിലനിന്നു.

മുഗള്‍ രാജവംശസ്ഥാപകനായ ബാബര്‍ എഡി 1528ല്‍ സൈന്യങ്ങളോടൊപ്പം അയോദ്ധ്യയില്‍ താവളമടിച്ചു. അതിന്‌ എത്രയോ ശതാബ്ദങ്ങള്‍ മുമ്പുതന്നെ ഇസ്ലാം ഉത്തരേന്ത്യയില്‍ പരന്നുകഴിഞ്ഞിരുന്നു. ജലാല്‍ഷാ ദര്‍വേശ്‌ എന്ന ഒരു മുസ്ലീം ഫക്കീര്‍ അക്കാലത്ത്‌ അയോദ്ധ്യയില്‍ പാര്‍ത്തിരുന്നു. ഈ ഫക്കീറിന്റെ അഭ്യര്‍ത്ഥന പ്രകാരം അയോദ്ധ്യയിലെ രാമക്ഷേത്രം പൊളിച്ച്‌ അതിന്റെ സ്ഥാനത്ത്‌ ഒരു മുസ്ലീംപള്ളി പണിയുവാന്‍ ബാബര്‍ തീരുമാനിച്ചു.

പക്ഷേ, ഈ തീരുമാനം നടപ്പില്‍ വരുത്തുക എളുപ്പമായിരുന്നില്ല. ബാബറിന്റെ കൈയില്‍ പീരങ്കികള്‍ ഉണ്ടായിരുന്നു. എങ്കിലും ക്ഷേത്രം സംരക്ഷിച്ചിരുന്ന പന്ത്രണ്ടുലക്ഷത്തി എഴുപത്തിനാലായിരം ആളുകളെ കൊന്നുവീഴ്ത്തിയതിനുശേഷം മാത്രമേ ബാബറിന്‌ ആ കെട്ടിടം തകര്‍ക്കാന്‍ കഴിഞ്ഞുള്ളൂ എന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ കണ്ണിങ്ന്‍ഘാം എഴുതിയിരിക്കുന്നു. ക്ഷേത്രത്തിലെ കല്ലുകള്‍തന്നെ ഉപയോഗിച്ചാണ്‌ ബാബര്‍ പള്ളി നിര്‍മിച്ചത്‌. കറുത്ത കരിങ്കല്ലില്‍ ഹിന്ദുദേവന്മാരുടെ പ്രതിമകള്‍ കൊത്തിയ തൂണുകള്‍ പ്രതിമകളുടെ അവയവങ്ങള്‍ ഉടച്ചുമാറ്റിയശേഷം, ഈ പള്ളിപണിയാന്‍ ഉപയോഗിച്ചത്‌ ഇന്നും കാണാം. ബാബറി മസ്ജിദ്‌ എന്നപേരിലാണ്‌ ഈ പള്ളി ഇപ്പോള്‍ അറിയപ്പെടുന്നത്‌.

ബാബറി മസ്ജിദ്‌ മുസ്ലീങ്ങളില്‍നിന്ന്‌ പിടിച്ചടക്കാന്‍ ഹിന്ദുയോദ്ധാക്കളും സന്ന്യാസിമാരും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ബാബറിന്റെ പൗത്രനായ അക്ബറിന്റെ കാലമായപ്പോഴേക്ക്‌ ഈ പള്ളിയുടെമേല്‍ ഇരുപത്‌ ആക്രമണങ്ങള്‍ നടന്നുകഴിഞ്ഞതായി ‘ആയിനേഅക്ബറി’ എന്ന ചരിത്രഗ്രന്ഥം പറയുന്നു. കലഹം ഒഴിവാക്കാന്‍വേണ്ടി, പള്ളിയുടെ പുറത്ത്‌ ഒരു തറകെട്ടി അതില്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ച്‌ പൂജിച്ചുകൊള്ളുവാന്‍ ഹിന്ദുക്കള്‍ക്ക്‌ അക്ബര്‍ ചക്രവര്‍ത്തി അനുവാദം നല്‍കി. എന്നാല്‍, പ്രശ്നം അത്രയുംകൊണ്ടു പരിഹരിക്കപ്പെട്ടില്ല. മുഗള്‍ കാലഘട്ടത്തിലും, പിന്നീട്‌ ബ്രിട്ടീഷ്‌ വാഴ്ചക്കാലത്തും, അയോദ്ധ്യയിലെ ഹിന്ദു സന്ന്യാസിമാര്‍ ശ്രീരാമജന്മഭൂമിയുടെ വിമോചനത്തിന്‌ ആയുധമുപയോഗിച്ചും നിയമവിധേയമായ മാര്‍ഗങ്ങളിലൂടെയും സമരം തുടര്‍ന്നുകൊണ്ടിരുന്നു. ഈ സമരം ഏതെങ്കിലുമൊരുവിധത്തില്‍ അവസാനിക്കുന്നതിനുമുമ്പ്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.

1949 ഡിസംബര്‍ 23-ാ‍ം തീയതി ബാബറി മസ്ജിദില്‍ ഒരു ശ്രീരാമവിഗ്രഹം കാണപ്പെട്ടു. അത്‌ സ്വയംഭൂവായി അവിടെ പ്രത്യക്ഷപ്പെട്ടതാണെന്നാണ്‌ ഹിന്ദുക്കള്‍ പറയുന്നത്‌. പുജയ്ക്കും കീര്‍ത്തനാലാപനത്തിനുമായി ഹിന്ദുക്കള്‍ കൂട്ടംകൂട്ടമായി അവിടെ വന്നെത്തി. സമാധാനലംഘനം ഭയപ്പെട്ട്‌ ഉത്തര്‍പ്രദേശ്‌ ഗവണ്‍മെന്റ്‌ വിവാദവിഷയമായ ഭൂസ്വത്ത്‌ കൈവശപ്പെടുത്തി; അതിന്റെ ഭരണത്തിന്‌ ഒരു റിസീവറെ നിയമിച്ചു. സ്ഥിരമായി ഒരു സംഘം പോലീസുകാരെ അവിടെ കാവല്‍ നിര്‍ത്തുകയും ചെയ്തു.

ഏറെ താമസിയാതെ ഹിന്ദുവായ ഒരു മുനിസിഫ്‌ നല്‍കിയ ഒരു താല്‍ക്കാലിക ഉത്തരവുമൂലം ബാബറി മസ്ജിദിന്നകത്തു കടന്ന്‌ ശ്രീരാമവിഗ്രഹത്തെ പൂജിക്കാന്‍ ഒരു ഹിന്ദു പുരോഹിതന്‍ അനുവദിക്കപ്പെട്ടു. മറ്റാര്‍ക്കും അതിനകത്തു കടന്നുകൂടാ. ഭക്തന്മാര്‍ക്ക്‌ അകലെനിന്ന്‌ പൂട്ടിയിട്ട ഗെയ്റ്റിന്റെ ഇരുമ്പഴികളുടെ ഇടയിലൂടെ, പള്ളിയുടെ അകത്തേക്കുനോക്കാം. ദിവസേന ഇരുപത്തിനാലു മണിക്കൂര്‍ സമയവും ഗെയ്റ്റിനു പുറത്ത്‌ പറമ്പില്‍ ഹിന്ദുഭക്തന്മാര്‍ അഖണ്ഡകീര്‍ത്തനാലാപം നടത്തിവരുന്നു. മുസ്ലീങ്ങള്‍ക്ക്‌ ആ പ്രദേശത്തു കടക്കാന്‍ അനുവാദമില്ലാ”.

എന്‍.വി.കൃഷ്ണവാര്യര്‍ സംഘപരിവാര്‍ ആണെന്ന്‌ ആരും പറയില്ലല്ലൊ. ഇത്രയും ചരിത്രങ്ങളടങ്ങിയ സംഭവങ്ങള്‍ മറച്ചുവച്ച്‌ അയോധ്യയില്‍ പള്ളിപൊളിച്ചേ എന്ന്‌ പ്രചരിപ്പിക്കുന്നത്‌ ആരെ ബോധിപ്പിക്കാനാണ്‌. ഇരുപത്‌ വര്‍ഷം മുമ്പ്‌ നടന്ന സംഭവത്തെക്കുറിച്ച്‌ ഇന്ന്‌ 30 വയസ്സുള്ള യുവാവിന്‌ നേരിയ ഓര്‍മ്മയേയുണ്ടാകൂ. 20 വയസ്സും അതിനുതാഴെയുമുള്ള കൗമാരക്കാര്‍ പള്ളിപൊളിച്ചത്‌ ക്രൂരത എന്ന്‌ പറയുന്ന സ്ഥിതി സൃഷ്ടിക്കാനാണ്‌ ശ്രമം. അവിടെ പള്ളിയുണ്ടായിരുന്നില്ല. ക്ഷേത്രമല്ലാതെ മറ്റൊന്നും അയോധ്യയില്‍ ഉയരില്ല എന്ന്‌ ഉറപ്പുണ്ടായിട്ടും തെറ്റായ പ്രചരണം നടത്തുന്നത്‌ ബോധപൂര്‍വമാണ്‌.

ഇരുപത്‌ വര്‍ഷം മുമ്പും അതിനുശേഷവും എത്രയോ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്‌. കാശ്മീരില്‍ മാത്രം 123 ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്‌. മലപ്പുറം, കാസര്‍കോട്‌ തടങ്ങി ഇപ്പോഴും ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ പള്ളികള്‍ തകര്‍ത്ത ചരിത്രമില്ല. ഇരുപത്‌ വര്‍ഷത്തിന്‌ മുമ്പും ശേഷവും എത്രയോ പള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌. അതിന്റെയൊന്നും ഒരു ഓടുപോലും ഇളകിയിട്ടില്ല. എല്ലാ മതങ്ങളെയും ആദരിക്കുന്ന ആരാധനാലയങ്ങളെ പവിത്രമെന്ന്‌ കരുതുന്ന ഒരു ഹിന്ദുവിനും ആരാധനാലയങ്ങള്‍ തകര്‍ക്കാനാവില്ല. തിരുവനന്തപുരത്തെ പാളയം പള്ളിപോലെ ബീമാപള്ളി പോലെ കോഴിക്കോട്ടെ മസ്ജിദ്പോലെ കാസര്‍കോട്‌ മാലിക്ദിനാര്‍പള്ളിപോലെ നിത്യവും നമാസ്‌ നടക്കുന്ന മുസ്ലീങ്ങള്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന ഒരു പള്ളി ഒരിക്കലും അയോധ്യയിലുണ്ടായിരുന്നില്ല. അവിടെ ക്ഷേത്രം തകര്‍ത്ത്‌ ബാബര്‍ നിര്‍മ്മിച്ച ജീര്‍ണിച്ച കെട്ടിടത്തിന്‌ സ്വാഭാവികമായ അന്ത്യം സംഭവിച്ചതിനെയാണ്‌ പള്ളിപൊളിച്ചതായി ഇന്നും കൊട്ടിപ്പാടുന്നത്‌. ഇത്‌ ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കുന്ന തന്ത്രമാണ്‌. പേപ്പട്ടിയാണെന്ന്‌ പറഞ്ഞാല്‍ തല്ലിക്കൊല്ലാന്‍ എളുപ്പമാണല്ലൊ.

1949 ല്‍ തര്‍ക്കമന്ദിരത്തില്‍ ശ്രീരാമവിഗ്രഹം കണ്ടതിനുശേഷമാണ്‌ എല്ലാപ്രശ്നങ്ങളും ഉത്ഭവിച്ചത്‌ എന്ന വാദത്തിന്റെ മുനയൊടിക്കുന്ന നിരവധി സംഭവങ്ങളും ചരിത്രസത്യങ്ങളും ഉണ്ട്‌. അതിലൊന്നാണ്‌ 1885 ലെ ഫൈസാബാദ്‌ ജില്ലാജഡ്ജിക്കുമുമ്പില്‍ രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട്‌ മഹന്ത്‌ രഘുബര്‍ദാസ്‌ നല്‍കിയ ഹര്‍ജിയുടെ മേലുള്ള വിധി. 1886 മാര്‍ച്ച്‌ 18ന്‌ ജില്ലാ ജഡ്ജിയായ ഇംഗ്ലീഷുകാരന്‍ ഇങ്ങിനെ വിധിയെഴുതി “എല്ലാ കക്ഷികളുടെയും സാന്നിധ്യത്തില്‍ ഞാന്‍ ഇന്നലെ വിവാദഭൂമി സന്ദര്‍ശിച്ചു. അയോധ്യയുടെ പടിഞ്ഞാറ്‌ തെക്ക്‌ അതിര്‍ത്തിയിലായി ചക്രവര്‍ത്തി ബാബര്‍ ഒരു കെട്ടിടം പണിഞ്ഞിരിക്കുന്നതായിട്ടാണ്‌ എനിക്കവിടെ കാണാന്‍ കഴിഞ്ഞത്‌. താമസക്കാരാരും അവിടെ ഉണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ തങ്ങളുടെ പുണ്യഭൂമിയായി ഉയര്‍ത്തിപ്പിടിച്ചിരുന്ന സ്ഥലത്താണ്‌ കെട്ടിടം നിര്‍മ്മിച്ചതെന്ന കാര്യം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്‌. 356 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഈ സംഭവത്തില്‍ ആശ്വാസകരമായ ഒരു പോംവഴി കണ്ടെത്താന്‍ ഇപ്പോള്‍തന്നെ താമസിച്ചിരിക്കുന്നു. ഈ സ്ഥലം നിലനിര്‍ത്തുക എന്നതാണ്‌ ഈ പ്രശ്നത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ കൈക്കൊള്ളാവുന്നത്‌. പുതിയ നടപടികള്‍ നേട്ടത്തെക്കാള്‍ കൂടുതല്‍ ദോഷകരമായി തീരുകയും നിയമസമാധാന ലംഘനത്തിന്‌ വഴിതെളിക്കുകയും ചെയ്യും.” തെറ്റിദ്ധരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക്‌ ഇതൊന്നും പ്രശ്നമല്ലല്ലൊ.

No comments: