02/11/2013

അമ്മ


ഒരു ചെറു സുഭാഷിതം!

അമ്മയുടെ ഗർഭപാത്രത്തിൽ പ്രവേശിക്കുമ്പോൾ ഭാരം എന്ന് പറയാവുന്ന അവസ്ഥ ഇല്ലാതിരുന്ന ഒരു ജീവൻ ഉദരത്തിൽ നിന്ന് പുറത്ത് കടക്കുമ്പോൾ വളർന്ന് വലുതായി ഏകദേശം 3 കിലോ ആയി മാറുന്നു. എവിടെ നിന്ന് ലഭിച്ചു ആ ശരീരം? അന്തരീക്ഷത്തിൽ നിന്നോ ?

ഉത്തരം വളരെ ലളിതം, അമ്മ തന്റെ ശരീരത്തിന്റെ ഒരു ഭാഗം സന്തോഷപൂർവ്വം അക്ഷരാർത്ഥത്തിൽ തന്നെ മക്കള്ക്ക് പകുത്തു നല്കി.

അതേ, തന്റെ ശരീരത്തിന്റെ ഒരു ഭാഗം പകുത്ത് നല്കിയാണ് അമ്മ മക്കളെ ഗർഭപാത്രത്തിൽ കിടത്തി വളര്ത്തി വലുതാക്കിയത്. അതിനാൽ തന്നെ മക്കൾ അമ്മയുടെ ജീവന്റെ ഭാഗമല്ല മറിച്ച് അമ്മയുടെ ശരീരം തന്നെയാണ്. അത് കൊണ്ടാണ് മക്കളുടെ ദേഹത്ത് ഒരില വന്നു വീണാൽ പോലും സ്വന്തം ശരീരത്തിന് വേദനിക്കുന്നത് പോലെ അമ്മക്ക് വേദനിക്കുന്നത്. അമ്മയുടെ ഈ മഹത്തായ ത്യാഗത്തെ മക്കൾ കണ്ടില്ലെന്ന് നടിക്കരുത്. സ്വന്തം ശരീരം പകുത്ത് നല്കിയ സ്നേഹത്തെ അറിയാതിരിക്കുകയുമരുത്. മരണം വരെ തന്റെ സ്വന്തം ശരീരത്തെ എങ്ങനെ കാത്തു സൂക്ഷിക്കുന്നുവോ അത് പോലെ തന്നെ അമ്മയുടെ ശരീരത്തെയും കാത്തു സൂക്ഷിക്കണം.

മക്കള്ക്ക് മാത്രം ബോധമുണ്ടായാൽ പോര. തന്റെ ശരീരത്തിന്റെ ഭാഗം തന്നെയാണ് മക്കൾ എന്നുള്ള ബോധം അമ്മക്കുമുണ്ടാകണം.

അങ്ങനെ തന്റെ ശരീരത്തിന്റെ ഭാഗമാണ് മക്കളെന്ന ബോധം അമ്മയ്ക്കും അമ്മയുടെ ശരീരത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധം മക്കള്ക്കും ഉണ്ടാകുമ്പോൾ, സ്വന്തം സുഖം നോക്കി പോകുന്ന അമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട/ കൊന്നു കളയപ്പെട്ട മക്കളും, വൃദ്ധ സദനങ്ങളിലും ക്ഷേത്രങ്ങളിലും മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരും ഉണ്ടാകുകയില്ല. തീർച്ച!

നോട്ട് : ഈ ഭൂമിയിൽ ജനിച്ച് വീഴുന്ന നമുക്കോരോരുത്തര്ക്കും ഒരു പോറ്റമ്മ കൂടിയുണ്ട് കേട്ടോ. ജനിച്ചു വീഴുന്ന ഓരോ ജീവനെയും വളര്ത്തി വലുതാക്കി അറുപതും എഴുപതും കിലോ ശരീരമാക്കി മാറ്റി മരണത്തിലേക്ക് നയിക്കുന്നത് വരെ നമ്മെ പരിപാലിക്കുന്ന ആ അമ്മയാണ് ഭൂമി. അത് കൊണ്ട് തന്നെയാണ് ഭാരതീയ ഋഷീശ്വരന്മാർ ഭൂമിക്കും അമ്മയുടെ സ്ഥാനം നല്കി ബഹുമാനിക്കുവാൻ ഉദ്ബോധിപ്പിച്ചത്, ഭൂമിയെ മാതാവായി സങ്കൽപ്പിച്ചത്. അതിനാൽ തന്നെ പെറ്റമ്മയോളം തന്നെ ബഹുമാനിക്കെണ്ടതും കാത്തു രക്ഷിക്കേണ്ടതുമാണ് ഭൂമി എന്ന ഈ പോറ്റമ്മയെ . തന്റെ താല്ക്കാലിക ലാഭത്തിനായി ഭൂമിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന മക്കൾ എപ്പോഴും ഓർക്കുക, തന്റെ പോറ്റമ്മയെ ആണ് താൻ നശിപ്പിക്കുന്നതെന്ന്. പെറ്റമ്മയുടെ ശാപം പോലെ തന്നെയാണ് പോറ്റമ്മയുടെ ശാപവും എന്ന് മറക്കാതെയുമിരിക്കുക.

-കട്ടിലപൂവം വിനോദ്

No comments: