06/08/2014

ഭക്ഷ്യാഭക്ഷ്യവിധി

ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളതും വൈദ്യശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതും എന്നിങ്ങനെ ഭക്ഷ്യാഭക്ഷ്യവിധി രണ്ടു വിധത്തിലുണ്ട്‌.

അഭക്ഷ്യാണി ദ്വിജാതീനാമമേധ്യപ്രഭവാണിച. (മനു. 5,5)

ദ്വിജന്മാരും അതായത്‌ ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരും ശൂദ്രന്മാരും മലിനമായ അഥവാ മലമൂത്രാദികളുടെ സംസര്‍ഗം കൊണ്ട്‌ ഉണ്ടായിട്ടുള്ള സസ്യങ്ങള്‍ കായ്‌, കിഴങ്ങുകള്‍ മുതലായവ ഭക്ഷിക്കരുത്‌.

വര്‍ജയേന്മധുമാംസം ച (മനു. 2. 177)

വിവിധതരം മദ്യങ്ങള്‍, കഞ്ചാവ്‌, കറുപ്പ്‌ മുതലായവയും അതായത്‌ “ബുദ്ധിംലുമ്പതിയദ്‌ ദ്രവ്യം മദകാരി തദുച്യതേ” ബുദ്ധിയെ നശിപ്പിക്കുന്നവയൊന്നും ഒരിക്കലും ഭക്ഷിക്കരുത്‌. ചീഞ്ഞതും ദുഷിച്ചതും ദുര്‍ഗന്ധമുള്ളതും ശരിയായി പാകം ചെയ്യാത്തതും ശരീരത്തില്‍ മദ്യമാംസാദികളുടെ പരമാണുക്കള്‍ നിറഞ്ഞ മ്ലേച്ഛമായ മദ്യാപാനികളും മാംസാഹാരികളും പാകം ചെയ്ത ആഹാരം ഭക്ഷിക്കരുത്‌.

മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള പശുവിനെയും മറ്റും കൊന്നുണ്ടാക്കുന്ന ഭക്ഷണവും വര്‍ജ്യമാണ്‌. ഒരു പശുവില്‍ നിന്നുണ്ടാകുന്ന പാല്‍, നെയ്യ്‌ അതിന്റെ സന്തതികള്‍ എന്നിവ ഒറ്റ തലമുറയില്‍ നാലുലക്ഷത്തി എഴുപത്തയ്യായിരത്തി അറുനൂറു മനുഷ്യര്‍ക്കു പ്രയോജനം ചെയ്യുന്നു. അതിനാല്‍ പശുക്കളെ കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്യരുത്‌.

ഒരു പശുവിന്‌ ഇരുപതു സേറും (പഴയ കാല അളവ്‌) മറ്റൊന്നിന്‌ രണ്ടു സേറും പാല്‍ ദിവസം തോറും കിട്ടുന്നു. അപ്പോള്‍ ഓരോ പശുവും ശരാശരി പതിനൊന്നു സേര്‍ പാല്‍ നല്‍കുന്നു. ചില പശുക്കള്‍ പതിനെട്ടു മാസത്തോളവും വേറെ ചില പശുക്കള്‍ ആറുമാസവും പാല്‍ നല്‍കുന്നു. അപ്പോള്‍ ഓരോ പശുവിന്റെയും കറവക്കാലം ശരാശരി പന്ത്രണ്ടു മാസമായി. അങ്ങനെ ഒരു പശുവിന്റെ കറവ കാലത്തു കിട്ടുന്ന പാല്‍കൊണ്ട്‌ 24960 (ഇരുപത്തി നാലായിരത്തി തൊള്ളായിരത്തി അറുപത്‌) മനുഷ്യര്‍ക്ക്‌ ഒരു പ്രാവശ്യം തൃപ്തിയടയാം. അതിന്‌ ആറു പശുക്കുട്ടികളും ആറ്‌ കാളക്കിടാങ്ങളും ഉണ്ടാകുന്നു. അവയില്‍ നിന്ന്‌ രണ്ടെണ്ണം ചത്തുപോയാലും പത്തെണ്ണം ബാക്കിയുണ്ടാവും. അവയില്‍ അഞ്ചു പശുക്കുട്ടികളുടെ പൂര്‍ണ ജീവകാലം കൊണ്ടു കിട്ടുന്ന പാലെല്ലാം കൂടി 124800 (ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തി എണ്ണൂറ്‌) മനുഷ്യരെ സംതൃപ്തരാക്കുവാന്‍ മതിയാകും. ഇനി അഞ്ചു കാളക്കുട്ടികള്‍ ബാക്കിയുണ്ട്‌. അവയിലോരോന്നും ജീവിതകാലം മുഴുവനുമുള്ള പ്രയത്നം കൊണ്ട്‌ ഏറെക്കുറെ 5000 (അയ്യായിരം) മന്ന്‌ ധാന്യം ഉത്പാദിപ്പിക്കുന്നു. ആ ധാന്യത്തില്‍ നിന്ന്‌ ഓരോ മനുഷ്യനും മുക്കാല്‍ സേര്‍ ഭക്ഷിച്ചാലും രണ്ടുലക്ഷം പേര്‍ക്ക്‌ ഒരു നേരത്തേക്കായി ധാന്യവും പാലും കൂടിച്ചേര്‍ന്നാല്‍ 374800 (മൂന്നുലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറു) പേര്‍ സംതൃപ്തരാകും. ആകെ 475600 (നാലു ലക്ഷത്തി എഴുപത്തയ്യായിരത്തി അറുനൂറ്‌) മനുഷ്യരെ ഒരു പശു ഒരേ ഒരു തലമുറയില്‍ – ജീവിതകാലത്തില്‍ – ഒരു പ്രാവശ്യം തൃപ്തിപ്പെടുത്തുന്നു. ഇങ്ങനെ അനേകം തലമുറകള്‍ ചേരുമ്പോള്‍ അസംഖ്യം ജനങ്ങള്‍ക്ക്‌ ഒരു പശുവിനെക്കൊണ്ടു തന്നെ പ്രയോജനം കിട്ടുന്നു. ഇതിനും പുറമെ വണ്ടി വലിക്കുക, ഭാരം ചുമക്കുക, മുതലായ കാര്യങ്ങളിലും മനുഷ്യര്‍ക്കു വളരെ ഉപകരിക്കുന്നവയാണ്‌ കാളകള്‍. അതുപോലെ തന്നെയാണ്‌ കറവയുള്ള പശുക്കളും. കാളകളെപ്പോലെ പോത്തുകളും ഉപയോഗമുള്ളവയാണ്‌. എന്നാല്‍ പശുവിന്റെ പാലും നെയ്യും പോലെ എരുമയുടെ പാലും നെയ്യും ബുദ്ധിവര്‍ദ്ധകങ്ങളല്ല. ആര്യന്മാര്‍ പശുവിനെ കന്നുകാലികളില്‍ വച്ചു പ്രധാനമായി ഗണിച്ചിട്ടുള്ളത്‌ ഇതുകൊണ്ടാണ്‌. അറിവുള്ളവരെല്ലാം ഇങ്ങനെ കരുതും.

കോലാടിന്റെ പാല്‍കൊണ്ട്‌ 25920 (ഇരുപത്തയ്യായിരത്തിത്തൊള്ളായിരത്തി ഇരുപത്‌) ആളുകളുടെ സംരക്ഷണമാണുണ്ടാകുന്നത്‌. ഇപ്രകാരം ആന, കുതിര, ഒട്ടകം, ആട്‌, കഴുത മുതലായ മൃഗങ്ങളും വളരെ ഉപകാരമുള്ളവയാണ്‌. ഈ മൃഗങ്ങളെ കൊല്ലുന്നവര്‍ മുഴുവന്‍ മനുഷ്യസമുദായത്തിന്റെയും ഘാതകന്മാരാണ്‌. നോക്കുക ആര്‍ഷരാജ്യത്തില്‍ അത്യന്തം ഉപകാരികളായ ഈ മൃഗങ്ങളെയൊന്നും ഹിംസിച്ചിരുന്നതേയില്ല. അന്ന്‌ ആര്യാവര്‍ത്തത്തിലും ലോകത്തിലെ അന്യരാജ്യങ്ങളിലും മനുഷ്യരും മറ്റു ജീവികളും വളരെ സുഖമായി ജീവിതം നയിച്ചിരുന്നു. അന്ന്‌ പശു കാള മുതലായ മൃഗങ്ങള്‍ വേണ്ടത്ര ഉണ്ടായിരുന്നതിനാല്‍ പാലും നെയ്യും അന്നരസാദികളും സുലഭമായിരുന്നു. മാംസഭുക്കുകളും മദ്യപന്മാരും ജന്തുഹിംസകരുമായ വിദേശീയര്‍ എന്നുമുതല്‍ ഈ നാട്ടില്‍ വന്നു നാടുവാഴ്ച തുടങ്ങിയോ അന്നു മുതല്‍ ഇന്നാട്ടുകാരുടെ ദുഃഖം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്തെന്നാല്‍:-

നഷ്ടേ മൂലേ നൈവ ഫലം ന പുഷ്പം - വേരറ്റ വൃക്ഷത്തിനെവിടെ നിന്നാണ്‌ പൂവും കായും?

സകലരും പ്രാണിഹിംസകരല്ലാതായാല്‍ കടുവ മുതലായ ഹിംസ്രജന്തുക്കള്‍ വര്‍ധിക്കും. അവ പശുക്കളെയും മറ്റും കൊന്നു തിന്നും. അപ്പോള്‍ ഈ അഭിപ്രായമെല്ലാം വെറുതെയാകുമെന്ന്‌ ചില വിഡ്ഢികള്‍ ചോദിക്കാറുണ്ട്‌. ഉപദ്രവമുണ്ടാക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ശിക്ഷിക്കുകയും ആവശ്യമായാല്‍ കൊല്ലുകയും ചെയ്യുന്നതു രാജഭൃത്യന്മാരുടെ പ്രവൃത്തിയാണ്‌. അവയുടെ മാംസം വലിച്ചെറിഞ്ഞു കളഞ്ഞാലും വേണ്ടില്ല. നായ മുതലായ മാംസാഹാരികള്‍ക്ക്‌ കൊടുത്താലും കൊള്ളാം. ദഹിപ്പിച്ചു കളഞ്ഞാലും വിരോധമില്ല. ഒരു പക്ഷേ മാംസാഹാരികളായ വല്ല മനുഷ്യരും തിന്നാലും ലോകത്തിനു തരക്കേടൊന്നും സംഭവിക്കാനില്ല. അവരുടെ സ്വഭാവം ദുഷിച്ച്‌ മാംസാഹാരികളായ ഹിംസാശീലരാകുമെന്നേയുള്ളൂ എന്നാണതിന്‌ ഉത്തരം.

ഹിംസ, മോഷണം, വിശ്വാസവഞ്ചന, കള്ളം, കപടം മുതലായവകൊണ്ടു സമ്പാദിക്കുന്നതെല്ലാം അഭക്ഷ്യമാണ്‌. ആരോഗ്യം, രോഗനാശം, ബുദ്ധി, ബലം, പരാക്രമം, ആയുസ്സ്‌ എന്നിവയ്ക്കു വര്‍ദ്ധനവുണ്ടാക്കുന്നതായ അരി, ഗോതമ്പ്‌, കായ്കനികള്‍, കിഴങ്ങുകള്‍, പാല്‌, നെയ്യ്‌, മധുരം മുതലായവ ചേരേണ്ടപടി ചേര്‍ത്ത്‌ പാകം ചെയ്ത്‌ ഉചിതസമയത്ത്‌ മിതമായി ഭക്ഷിക്കുന്നതെല്ലാം ‘ഭക്ഷ്യം’ തന്നെ. അവനവന്റെ പ്രകൃതിക്കു വിരുദ്ധമായ വികാരത്തെ ജനിപ്പിക്കുന്ന പദാര്‍ഥങ്ങളെയെല്ലാം ത്യജിക്കുന്നതും വിഹിതമായവയെ അതിനനുസരിച്ച്‌ സ്വീകരിക്കുന്നതും അല്ലാത്തവയെ ത്യജിക്കുന്നതും ഭക്ഷ്യവിധിയില്‍ പെടുത്താം.

No comments: