10/08/2014

ജാതിനിരാസം - സാധനാ ചതുഷ്ടയങ്ങള്‍

വേദാന്തവിദ്യ പഠിക്കാനുള്ള യോഗ്യതയായി ആചാര്യന്മാരെല്ലാം നിര്‍ദ്ദേശിക്കുന്നത് നാലുകാര്യങ്ങളാണ്. സാധന ചതുഷ്ടയമെന്ന് അതിനു പേര്. അതല്ലാതെ ബ്രാഹ്മണ്യത്തെ ഇതിനുള്ള യോഗ്യതയായി ഗ്രന്ഥങ്ങളിലെങ്ങും നിര്‍ദ്ദേശിച്ചു കാണുന്നില്ല. 

ബ്രാഹ്മണന്റെ മകനോ ചണ്ഡാളന്റെ മകനോ എന്നന്വേഷിക്കാതെ ഈ പറഞ്ഞ ഗുണങ്ങളുള്ളവനെ വേദവും വേദാന്തവും പഠിപ്പിക്കാന്‍ വേദവും ശാസ്ത്രങ്ങളും പാരമ്പര്യവും അനുശാസിക്കുന്നു. അതുകൊണ്ടാണ് പറയിയുടെ മകന്‍ പരാശരനും മുക്കുവസ്ത്രീയുടെ മകന്‍ വേദവ്യാസനുമായത്. വിശ്രവസ്സിന്റെ മകന്‍ രാവണന്‍ ബ്രാഹ്ണനായി പരിഗണിക്കപ്പെടാത്തത് ഈ ഗുണങ്ങളുടെ അഭാവത്താലാണ്. അതേ സമയം വേടത്തിയായ ശബരിക്കു വേദം പഠിക്കാനും തപസ്സനുഷ്ടിക്കാനും കഴിഞ്ഞത് ഈ ഗുണങ്ങളുണ്ടായതുകൊണ്ടത്രെ. അച്ഛനാരെന്നറിഞ്ഞുകൂടാത്ത ദാസീപുത്രനായ സത്യകാമജാബാലനെ ആചാര്യന്‍ ഉപനയിക്കുന്നതു ഛാന്ദോഗ്യോപനിഷത്തില്‍ കാണാം. 

ഇത്തരം അസംഖ്യം ഉദാഹരണങ്ങളും വിവേകചൂഡാമണി പോലുള്ള ഗ്രന്ഥങ്ങളും മുന്നിലിരിക്കെ ഭാരതീയ പാരമ്പര്യത്തെ ജാതിയുടെ പേരുപറഞ്ഞു നിന്ദിക്കുന്നതു ബുദ്ധിഹീനതയാണ്. ആയിരത്തോളംവര്‍ഷം നീണ്ടുനിന്ന വൈദേശിക ആക്രമണങ്ങളുടെയും ആധിപത്യത്തിന്റെയും ഫലമായുണ്ടായ ജാതിപരമായ ഉച്ചനീചത്വചിന്ത ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്നറിയണം. 

ചരിത്രമായുണ്ടായ അത്തരം ഹീനചിന്തകളും ആചാരങ്ങളും വലിച്ചെറിഞ്ഞു വൈദികഋഷികളുടെ പാരമ്പര്യം പിന്‍തുടരുകയാണു വേണ്ടത്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും കാട്ടിത്തന്ന മാര്‍ഗ്ഗവും അതാകുന്നു.

"നിത്യാനിയവസ്തുവിവേകഃ, ഇഹാമുത്രാർത്ഥഭോഗവിരാഗഃ, ശമാദി സാധന സംപത്, മുമുക്ഷുത്വംച, തേഷു ഹി സൽസുപ്രാഗപി ധർമ്മജിജ്ഞാസായ ഊർദ്ധ്വം ശക്യതേ ബ്രഹ്മ ജിജ്ഞാസിതും ജ്ഞാഉം ച ന വിപര്യയേ, തസ്മാത് അഥ ശബ്ദേന യഥോക്തസാധന സംപത്ത്യാനന്തര്യമുപദിശ്യതേ" 

നിത്യാനിത്യവസ്തുവിവേകവും ഐഹികാമുഷ്മികഭോഗവിരക്തിയും, ശമാദിഷട്കസംപത്തിയും, മുമുക്ഷുത്വവും ഇവയാണ് സാധനാ ചതുഷ്ടയങ്ങള്‍. 

No comments: