08/05/2014

കൈലാസം~ Kailas

പുരാണങ്ങളിൽ ശിവന്റെ വാസസ്ഥാനമായി പറയുന്ന ഈ പർവ്വതം ഇന്ന് ഭാരതത്തിൽ അല്ല. പണ്ടത്തെക്കാളേറെ ഇന്ന് മാധ്യമവികാസം കൊണ്ട് കൈലാസത്തിന്റെ ദുരൂഹതകൾ മാറിക്കൊണ്ടിരിക്കുന്നു. ധാരാളം പേർ ഇതിന്റെ സന്ദർശനത്തിനായി പോകുന്നുണ്ട്. അനേകായിരം പുസ്തകങ്ങളുമുണ്ട്. എത്ര വർണ്ണിച്ചാലും മതിയാകാത്ത പ്രതീതിയാണ് കൈലാസത്തിന്. ശിവശക്തിമാരുടെ വിഹാരഭൂമി എന്ന് ആഗമശാസ്ത്രങ്ങൾ മുതൽ പുരാണങ്ങൾ വരെ കൈലാസത്തെ വാഴ്ത്തുന്നു. തികച്ചും ശിവലിംഗത്തിന്റെ ആകൃതി പോലുമുണ്ട് ഈ പർവ്വതത്തിന്. 

ഭഗവാൻ ശ്രീ പരമേശ്വരൻ സാക്ഷത്തായി ഇവിടെ കുടികൊള്ളുന്നു എന്നുതന്നെ പലരും വിശ്വസിക്കുന്നുണ്ടെങ്കിലും കൈലാസത്തിന്റെ അലൗകിക സൗന്ദര്യമാണ് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് എന്ന് സ്പഷ്ടം . മാനസസരോവരം തടാകത്തിന്റെ മാന്ത്രികവശ്യതയും കൂടിച്ചേരുമ്പോൾ കൈലാസം എന്നത് ശിവലോകമായില്ലെങ്കിലെ അത്ഭുതമുള്ളൂ. വാസ്തവത്തിൽ പ്രാചീനകാലം മുതലുള്ള അഗമദർശനങ്ങൾ ആദ്യത്തെ ആഗമ യോഗിഗുരുവായ സദാശിവൻ ഇവിടം തന്റെ സാധനാ സ്ഥലമായി തെരഞ്ഞെടുത്തതായിട്ടാണ് സങ്കൽപ്പിക്കുന്നത്. 

ശിവശക്ത്യാത്മകതയുടെ ജ്ഞാനത്തെ സാക്ഷാത്കരിച്ച ഭൂമി ആയതിനാൽ ആണ് ഇത് ശിവപാർവതീ താമസസ്ഥലമായി പുരാണങ്ങളിൽ വന്നത്. പ്രാചീനകാലത്ത് യഥാർത്ഥ അഗമ ശിവയോഗീശ്വരന്മാർ കൈലാസത്തിൽ ഉണ്ടായിരുന്നു. അവരാണ് പുരാണത്തിൽ വന്നപ്പോൾ ഋഷീശ്വരന്മാരായിത്തീർന്നത്‌.

ആധുനിക ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലും കൈലാസത്തിന് അലൗകികമായ പ്രത്യേകതകളുണ്ട്. ഈ പർവതശിഖരം ഭൂമിയിലെ അല്ലത്രേ! മറ്റേതോ ഗോളത്തിൽ നിന്നും വന്നു പതിച്ച പ്രത്യേകതയുള്ള കാന്തിക ശിലയാണിതെന്നു പറയുന്നു. അതുകൊണ്ടാവാം ഇതിനു മനുഷ്യാതീത ശക്തികളുള്ളതത്രേ! പിന്നെ മറ്റൊന്നുള്ളത്‌ കൈലാസശിഖരം സൂര്യരശ്മികൾക്കനുസരിച്ച് മൂന്നു ഗുണങ്ങളെ പ്രതിനിധീകരിക്കുന്ന മട്ടിൽ സുവർണ്ണം, വെള്ളി, ചെമ്പ്, നിറങ്ങളിൽ കാണപ്പെടാറുണ്ട്. കൈലാസയാത്രയുടെ കഥാ വർണ്ണനകളിലെല്ലാം അലൗകിക യോഗിമാരെ കണ്ടെത്തിയ അനുഭവങ്ങളുണ്ട്. കൈലാസത്തിലെ മാനസസരോവരത്തിൽ 'ഹംസം' എന്നൊരു പക്ഷിയെക്കുറിച്ച് പറയുന്നുണ്ട്. പാലും വെള്ളവും ചേർത്തുകൊടുത്താൽ അതിൽ നിന്നും പാലിനെ വലിച്ചു കുടിക്കുകയാണ് ഇതിന്റെ കഴിവ്. മനുഷ്യരും അങ്ങനെ വേണം. കലർപ്പിൽ നിന്നും സത്യത്തെ വേർതിരിച്ചെടുക്കണം. അതുകൊണ്ടാണ് അത്തരം യോഗിമാരെ 'പരമഹംസന്മാർ' എന്ന് സംബോധന ചെയ്യുന്നത്.

താന്ത്രിക സങ്കൽപത്തിൽ രണ്ടു പർവ്വത സംജ്ഞകൾ കടന്നുവരുന്നത്‌ കാണാം. ഒന്ന് മേരു മറ്റെത് കൈലാസം. മേരുവിനെ 'സുമേരു' എന്നും പറയുന്നുണ്ട്. ലോകത്തുള്ള എല്ലാം തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ട് എന്നാണ് തന്ത്രയോഗവിദ്യ പറയുന്നത്. അപ്പോൾ ഏതാണ് കൈലാസം? ഏതാണ് മേരു? മേരു നമ്മുടെ നട്ടെല്ല് തന്നെ!. അപ്പോൾ കൈലസമോ? കൈർ - ലാസ്യം എപ്രകാരം ആനന്ദം എന്നാണ് ചോദ്യം. നട്ടെല്ല് എന്ന മേരുവിനെ നിവർത്തി ആത്മാനന്ദ ഭൂമികയിലെത്തുമ്പോൾ മനുഷ്യൻ മഹത്തായ ലാസ്യത്തിൽ അഥവാ ആനന്ദത്തിലെത്തുന്നു. ഈ ലാസ്യമാണ് ശിവന്റെ ആനന്ദഭൂമികയായ കൈലാസം എന്ന് പറയുന്നത്. നട്ടെല്ലിനു മുകളിലുള്ള നമ്മുടെ തലച്ചോറ് തന്നെയാണ് തന്ത്രവിദ്യപ്രകാരം ശിവന്റെ ആസ്ഥാനമായ സഹസ്രാരവും, അതുതന്നെ കൈലാസവും. ആകയാൽ ശ്രീവിദ്യാ മാർഗ്ഗത്തിൽ മേരുവും കൈലാസവും ശ്രീചക്രത്തിലേക്ക് പകർത്തപ്പെട്ടിട്ടുണ്ട്. മേരുപ്രസ്താരം എന്നും കൈലാസ പ്രസ്താരം എന്നും അതിനെ വിളിക്കും. അതുപോലെ യോഗശാസ്ത്രത്തിൽ അഷ്ടാംഗയോഗവും കുണ്ഡലിനീയോഗവും ഉണ്ട്. രണ്ടും മേരുദണ്ഡവും തലച്ചോറും ആധാരപ്പെടുത്തി വരുന്നതാണ്. 

ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡം എന്ന ശരീരത്തിലും ശരീരത്തിലുള്ളതെല്ലാം ഭാരതമെന്ന ഭൂമിയിലും പ്രതീകാത്മകമായി വസ്തുരൂപത്തിൽ കാണപ്പെടുന്നുണ്ട്. ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള ഹിമാലയമാണ് മേരുവിന്റെ സ്ഥാനത്ത്. അത് കടന്നു മുന്നോട്ടു നീങ്ങുമ്പോൾ ശിവസഹസ്രാരമായ തലച്ചോറ് പോലെ കൈലാസം കുടികൊള്ളുന്നു. അവിടെ ആത്മജ്ഞാനികളാകുന്ന ഹംസങ്ങൾ ശിവാനന്ദരസം കുടിക്കുന്ന മാനസസരോവരം ഉണ്ട്. 

ഇതല്ലാതെ ബസ്സുപിടിച്ചു സാഹസികയാത്ര നടത്തി കൈലാസം കയറിയിറങ്ങിയതുകൊണ്ട് ഋഷീശ്വരന്മാർ ഉദ്ദേശിച്ച കൈലാസസങ്കൽപം പൂർത്തിയാകുന്നില്ല. പക്ഷെ, ഇന്ദ്രിയ ബന്ധിതരായ സമൂഹത്തിനു അങ്ങനെയെങ്കിലും സായൂജ്യമാകട്ടെ എന്ന് കരുതിയാവാം പരാശക്തി നമ്മുടെ ധന്യഭാരതത്തിനു ഇപ്രകാരമൊരു സൗഭാഗ്യം തന്നിരിക്കുന്നത്. പക്ഷെ, അതുകൊണ്ട്മാത്രം എല്ലാം ആയി എന്ന് കരുതി നിർത്തരുത്. അന്തർ കൈലാസത്തിലേക്ക് സഞ്ചരിക്കാൻ കൂടിയുള്ള ലക്ഷ്യമിടുക. ശിവയോഗിയായ, ആഗമജ്ഞാനിയായ ഹരിസ്വാമികളെപ്പോലെയുള്ള ആചാര്യന്മാർ നമ്മെ അതിലേക്കു നയിക്കാൻ നാം അത്തരം ഗുരു ക്ഷേത്രങ്ങളിൽക്കൂടി തീർഥാടകരാകേണ്ടതുണ്ട്. - നിങ്ങളുടെ ഭൈരവ നാഥ്. c/o Acharyan Hariswamikal Followers. 


Like · · Share

No comments: