19/05/2014

അഷ്ടസിദ്ധികള്‍

യോഗസൂത്രത്തില്‍ പറയുന്ന അഷ്ടസിദ്ധികള്‍ സാധ്യമാണോ? എനിക്കറിയില്ല. സാധ്യമാണെന്ന് കേട്ടിട്ടുണ്ട്. അതാവശ്യമാണോ, അതുണ്ടെങ്കില്‍ എന്തു പ്രയോജനം എന്നൊന്നും എനിക്കറിയില്ല. രാജയോഗം വഴിയോ ജ്ഞാനമാര്‍ഗ്ഗം വഴിയോ, ഏതുവഴിയായാലും, ഒരാള്‍ ആത്മസാക്ഷാത്കാരം നേടുമ്പോള്‍ ഈ സിദ്ധികള്‍ തനിയെ ഉണ്ടാകുമെന്നും കേള്‍ക്കുന്നു. എന്നാല്‍ ഒരു ജ്ഞാനിയ്ക്ക്, ഇതെല്ലാം വെറും മായാജാലങ്ങള്‍ എന്നതിനപ്പുറം ഇതില്‍ പ്രത്യേകിച്ചെന്തെങ്കിലും താല്പര്യം ഉണ്ടാവാനിടയില്ല. ഇങ്ങനെയെന്തെങ്കിലും സിദ്ധികള്‍ നേടാനുള്ളതല്ല ഈ ജീവിതം – സിദ്ധി ഉണ്ടാക്കുക എന്നതല്ല ജീവിതലക്ഷ്യം – എന്നുമാത്രമെനിക്കറിയാം.


അനന്തരം (ഭൂതജയത്തിനുശേഷം) അണിമാദി അഷ്ടൈശ്വര്യ സിദ്ധിയുണ്ടാകുന്നു. പിന്നീട് കായസമ്പത്ത്, ഭൂതധര്‍മ്മപ്രതിബന്ധമില്ലായ്മ എന്നീ സിദ്ധികളുമുണ്ടാകുന്നു.

അണിമ: ശരീരത്തെ അത്യന്തം സൂക്ഷ്മമാക്കാനുള്ള കഴിവ്.
ലഘിമ: ശരീരത്തെ അത്യന്തം കനം കുറഞ്ഞതാക്കാനുള്ള കഴിവ്.
മഹിമ: ശരീരത്തെ ഏറ്റവും വലുതാക്കാനുള്ള കഴിവ്.
ഗരിമ: ശരീരത്തെ അത്യന്തം കനമുള്ളതാക്കാനുള്ള കഴിവ്.
പ്രാപ്തി: സങ്കല്പം കൊണ്ട് മാത്രം ഏതൊരു വസ്തുവും പ്രാപിക്കുവാനുള്ള കഴിവ്.
പ്രാകാമ്യം: പദാര്‍ഥങ്ങളെക്കൂടാതെ തന്നെ അവയെ സംബന്ധിച്ച ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവ്.
ഈശിത്വം: ഭൂതഭൗതികപദാര്‍ഥങ്ങളെ നാനാസ്വരൂപത്തി‍ല്‍ ഉത്പാദിപ്പിക്കാനും, നിലനിര്‍ത്താനും, ശാസിക്കാനുമുള്ള കഴിവ്.
വശിത്വം: ഭൂതഭൗതികപദാര്‍ഥങ്ങളെ വശത്താക്കാനുള്ള കഴിവ്.
കായസമ്പത്ത്: ഈ സിദ്ധിയെ ക്കുറിച്ച് അടുത്ത സൂത്രത്തില്‍ വിവരിക്കുന്നുണ്ട്.
ധര്‍മ്മാനഭിഘാതം: ഭൂതങ്ങളോ അവയുടെ ധര്‍മ്മങ്ങളോ തനിയ്ക്ക് ഒരു പ്രകാരത്തിലും തടസ്സമാവാതിരിക്കലാണ് ഈ സിദ്ധി. ഇത് സിദ്ധിച്ച യോഗിയ്ക്ക് ഭൂമിയ്ക്കുള്ളിലോ, ജലാന്തര്‍ഭാഗത്തോ, അഗ്നിയിലോ എവിടെ വേണമെങ്കിലും പ്രവേശിക്കാനോ താമസിക്കുവാനോ തടസ്സമുണ്ടാവില്ല.

No comments: