30/04/2014

ലോകത്ത് എവിടെയും ഇങ്ങനെ ഒരു വിപ്ലവം നടന്നു കാണില്ല

ലോകത്ത് എവിടെയും ഇങ്ങനെ ഒരു വിപ്ലവം നടന്നു കാണില്ല. ഒരുതുള്ളി രക്തം പോലും ചിന്താതെ, ഒരായുധം പോലും ഉപയോഗിക്കാതെ ഒരു പാതി രാത്രിയുടെ നിശബ്ദതയിൽ ഒരു ശിലയിൽ മറ്റൊരു ശിലാഖണ്ഡം എടുത്തു വച്ചുകൊണ്ട് കാലം കുറിച്ച മുഹൂർത്തത്തിൽ നടന്ന വിപ്ലവം. അതായിരുന്നു 1888 -ലെ ശിവരാത്രി ദിവസം ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ. ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാ വിപ്ലവം ആയിരുന്നു അത്. നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആണ്ടു കിടന്ന ഒരു ജനതതിയുടെ മോചനം ആണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടന്നത്. കാലങ്ങളായി ആത്മബോധ മില്ലാതെ ശവ തുല്യം കഴിഞ്ഞിരുന്ന ഒരു ജനതയെ ശിവമാക്കി തീർത്തത് ഈ ശിലാഖണ്ഡം ആയിരുന്നു. ശിവൻ ഒരു മൂർത്തി മാത്രമല്ല, ജീവനാണ് അഥവാ ഊർജ്ജമാണ്. വർണ്ണ വ്യവസ്ഥയിലൂടെ, ജാതി വ്യവസ്ഥയിലൂടെ നഷ്ടപ്പെട്ട ആ ആത്മബലത്തെയാണ് ഗുരു പ്രതിഷ്ഠിച്ചത്. കുദ്രോളിയിൽ ശിവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു പറഞ്ഞത് "ശിവൻ ആദ്യം ഉണ്ടാകട്ടെ ആത്മബലം പുറകെ വരും" എന്നായിരുന്നു.

കടപ്പാട് : ഡോ. ഗീതാ സുരാജ് എഴുതിയ "ശ്രീ നാരായണ ഗുരു - അറിയേണ്ടതും അനുഷ്ടിക്കെണ്ടതും" എന്ന പുസ്തകത്തിൽ നിന്ന്.

No comments: