13/04/2014

നിങ്ങളറിയില്ലേ ഈ അമ്മയെ ...നിങ്ങളറിയില്ലേ ഈ അമ്മയെ ...

അറിയില്ലെങ്കില്‍ പറഞ്ഞു തരാം ഇതാണ് ദയാ ഭായി, നമ്മുടെ പാലായില്‍ ജനിച്ചു 
കന്യാസ്ത്രീയാവാന്‍ ബിഹാറിലെ ഹസാരിബാഗ് കോണ്‍വെന്റിലെത്തിയ പതിനാറുകാരി മേഴ്‌സിമാത്യു.


വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ്‌ അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോൺവെന്റ്‌ നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ്‌ കൊണ്ടാടുമ്പോൾ പെരുമഴയത്ത്‌ കുട്ടികളെയും ഒക്കത്ത്‌ കെട്ടി ഒറ്റവസ്ത്രം കൊണ്ട്‌ ശരീരം മറച്ച്‌ പള്ളിയുടെ മറുവശത്ത്‌ കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്സി അനുഭവിച്ചറിഞ്ഞു.

ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു.

ദൈവസഭയിലല്ല പാവപെട്ട മനുഷ്യരുടെ വേദനയിലാണ് 
ദൈവമിരിക്കുന്നത് എന്ന തിരിച്ചറിവ് നേടി 
ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കാൻ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷൻ തറകളിലും അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു.

സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി. ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതി. ആദിവാസികൾക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി നിരവധി മർദ്ദനങ്ങൾക്കിരയായി. പല്ലുകൾ കൊഴിഞ്ഞു. എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. സഹനത്തിന്റെ,ചെറുത്തുനിൽ‌പ്പിന്റെ വഴികളിലൂടെ അവർ മുന്നേറി. അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി.അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവർക്കായി നിയമയുദ്ധങ്ങൾ നടത്തി. ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയിൽ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്.

"സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരമ്മ"......

ഈ കാലഘട്ടത്തിനുള്ളിൽ

*വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം 2007‌

*വിജിൽ ഇന്ത്യയുടെ നാഷണൽ ഹ്യൂമൺ റൈറ്റ്സ്‌ അവാർഡ്‌

*അയോദ്ധ്യാ രാമായൺ ട്രസ്റ്റിന്റെ ജനനീ ജാഗ്രതീ അവാർഡ്‌

*സ്വിറ്റ്സർലാന്റിലെ കേളീ വുമൺ ഓഫ്‌ ദി ഇയർ അവാർഡ്

*കേരളത്തിലെ സുരേന്ദ്രനാഥ്‌ ട്രസ്റ്റ്‌ അവാർഡ്‌

*മികച്ച സാമൂഹികപ്രവർത്തകയ്ക്കുള്ള 2001ലെ ധർമ്മഭാരതി ദേശീയ പുരസ്കാരം

*ദി സ്‌പിരിറ്റ്‌ ഓഫ്‌ അസീസി' ദേശീയ പുരസ്‌കാരം 2010

*പി.കെ.എ. റഹീം സ്മാരക പുരസ്കാരം 2010

തുടങ്ങിയ പുരസ്ക്കാരങ്ങൾ ഈ മാതാവിനെ തേടിയെത്തി 
കർമ്മ മണ്ഡലത്തിലെ പ്രകടനമാണ് പുരസ്ക്കാരങ്ങൾക്ക് മാനദണ്ഡം എങ്കിൽ ഈ മഹതിയെ ആദരിക്കാനുള്ള പുരസ്ക്കാരങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു ...

No comments: