26/04/2014

“ജ്ജ് നല്ല മൻസനാവാൻ നോക്ക്”

“ ആ ചെക്കൻ കറ്ത്തിട്ടാ, എന്തായാലും നമ്മടെ കുട്ടിക്ക് വേണ്ട” എന്ന് വീട്ടിലെ പെങ്കുട്ടികളുടെ കല്യാണക്കച്ചോടമാലോചിക്കുമ്പോൾ ഏറെ പറഞ്ഞുകേട്ട വാചകമാണ്. തിരിച്ചും.

“പയ്യൻ വെളുത്തിട്ടാണ്, രാഷ്ടീയം തീരെയില്ല” എന്നീ രണ്ടുഗുണങ്ങളാണ് ഇന്നും വിവാഹമാർക്കറ്റിൽ മലയാളി പയ്യൻസിന്റെ വിലനിലവാരസൂചിക ഉയർത്തിനിർത്തുന്നത്. ‘വെളുത്തിരിക്കുക’ എന്നത് ഒരു പ്രത്യയശാസ്ത്രപ്രഖ്യാപനമാണ്. വെള്ളക്കാരന്റെ തൊലിവെളുപ്പുകണ്ട് അന്തംവിട്ട് പണ്ടു തുറന്നുപോയ വായടക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല നമ്മൾക്ക്. അതുകൊണ്ടാണ് ദുരൂഹവും ദുരുപദിഷ്ടവുമായ കാര്യങ്ങളിലെല്ലാം നമുക്കിന്നും ‘കറുത്ത കൈ’ കാണാൻ കഴിയുന്നത്. മോശമായൊരു പട്ടികയുണ്ടാക്കിയാൽ അതു ‘കരിമ്പട്ടിക’യാവുന്നത്. ‘കാക്ക കുളിച്ചാൽ കൊക്കാകുമോ’ എന്ന പതിരില്ലാച്ചൊല്ല് പുച്ഛച്ചുണ്ടു കോട്ടി പറയാനാവുന്നത്.

കുളിച്ചിട്ടും കുളിച്ചിട്ടും കൊക്കാവാത്ത കാക്കകൾക്ക് കല്യാണമാർക്കറ്റിൽ കട്ടിളപ്പടി താണുനിൽക്കുന്നു എന്നറിയാൻ ക്ലാസിഫൈഡ്സ് കണ്ടാൽ മതി. ‘വെളുത്തനിറം’ എന്ന ക്ലോസ് കൂട്ടിയാലേ പരസ്യത്തിന്റെ ലാക്ഷണികഭംഗി ഒക്കൂ, അഥവാ കാക്കയാണെങ്കിൽ ‘ഇരുനിറം’ (അതെന്തുനിറം?) എന്നെങ്കിലും എഴുതും.

വെളുത്തിരിക്കുന്നൊരു കള്ളൻ കുട്ടിക്കാലത്തൊന്നും സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. ബണ്ടിചോർ അന്നു പണി തുടങ്ങിയിട്ടില്ല. കരിവീട്ടി നിറത്തിലാണ് കള്ളൻ. രാത്രിയുമായി അവൻ ലയിച്ചുചേരാൻ അത് അനിവാര്യമാണ്. അതുകൊണ്ട് ഞങ്ങളൊന്നും കള്ളന്മാരാവാതിരിക്കാൻ അമ്മമാർ ‘പാറോത്തി’ന്റെ ഇലയും ചകിരിയും ചേർത്തു തേച്ചുരച്ച് കുട്ടികളുടെ കറുത്തനിറം എന്ന ‘അഴുക്ക്’ കഴുകിക്കളയാൻ ദിവസവും ഏറെസമയം പണിപ്പെട്ടു. എന്നിട്ടും പോവാത്ത കറുപ്പുനിറവുമായി കുട്ടികൾ വലുതായതോടെ ‘വിക്കോ ടെർമറിക്ക് ക്രീമിനേപ്പറ്റി എന്താണഭിപ്രായം? അതു തേച്ചാൽ വെളുക്കുമോ?” എന്ന തളത്തിൽ ദിനേശൻ സംശയം നിറഞ്ഞു. പലക്രീമുകളും വാങ്ങിപ്പുരട്ടി. ടിവിപ്പരസ്യത്തിൽ ഒരാഴ്ച്ച കൊണ്ട് വൈപ്പർ വെച്ചു തുടച്ച പോലെ പെണ്മുഖങ്ങൾ വെളുത്തുവരുന്ന കാഴ്ച്ച കണ്ട് അമ്പരന്നു. എന്നിട്ടും തളത്തിൽ ദിനേശന്മാർ അതുപോലെ തുടർന്നു.

പറഞ്ഞുവന്നത്, വർണ്ണത്തിന്റെ ചോദ്യമൊന്നും തീർന്നിട്ടില്ല എന്നാണ്. ‘അജ്ജാതി രക്തത്തിലുണ്ടോ’ എന്ന കുമാരനാശാന്റെ ചോദ്യം ഇന്നും ബാക്കിയാണ്. കഴുത്തിനു മീതെ തല കാണുമോ എന്നു പേടിച്ച് മിണ്ടാതിരിക്കേണ്ടിവരുന്ന ഭീരുജനതയെ വാർക്കാനുള്ള നല്ല വഴി, കഴുത്തിനു മീതേ വെളുപ്പിക്കേണ്ട ലേപനങ്ങളിൽ അവരുടെ മനസ്സുറപ്പിക്കലാണെന്ന് ക്യാപ്പിറ്റലിസം ഏറെക്കാലമായി തിരിച്ചറിഞ്ഞിട്ട്, പരീക്ഷിച്ചിട്ട്, വിജയിച്ചിട്ട്.

“ജ്ജ് നല്ല മൻസനാവാൻ നോക്ക്” എന്നെങ്കിലും പരസ്പരം പറയേണ്ട കാലം ഇപ്പൊഴും ബാക്കിനിൽക്കുന്നു.

No comments: