18/03/2014

അറബി(ക്ക്‌) ജ്യോതിഷസമ്പ്രദായം

എല്ലാ രാജ്യങ്ങളിലും അവരവരുടേതായ ജ്യോതിഷവിധികളും ആചാരങ്ങളുമുണ്ട്‌. മുസ്ലിം രാജ്യങ്ങളിലും ഭാരതത്തിലും പ്രചാരത്തിലുള്ള പ്രത്യേക ജ്യോതിഷ സമ്പ്രദായമാണ്‌ അറബി(ക്ക്‌) ജ്യോതിഷം. നൂറ്റാണ്ടുകൾ പഴക്കമുള്ള അറബി ജ്യോതിഷം കൂടോത്രം, ആഭിചാര കർമ്മങ്ങൾ എന്നിവയ്ക്കുള്ളതാണെന്ന്‌ പലരും തെറ്റിദ്ധരിക്കുന്നു. രോഗശാന്തിക്കും മാനവനന്മയ്ക്കുമാണ്‌ അറബിജ്യോതിഷം ഉപയോഗിക്കുന്നതെന്നാണ്‌ പണ്ഡിതരായവർ അവകാശപ്പെടുന്നത്‌. 

അറബി ജ്യോതിഷം പാരമ്പര്യമായി തുടർന്നു പോരുന്നതും ഗഹനവുമാണ്‌. അചഞ്ചലമായ ഈശ്വര ഭക്‌തിയും പ്രതിഫലേച്ഛ കൂടാതെയുള്ള സേവന സന്നദ്ധതയുമാണ്‌ പ്രമുഖ അറബി ജ്യോത്സ്യന്മാരുടെ പ്രത്യേകത. ഗൃഹ നിർമ്മാണം, കിണർകുഴിക്കൽ, കടബാധ്യതകൾ, സാമ്പത്തികാഭിവൃദ്ധി, രോഗങ്ങൾ, വിവാഹ സാധ്യത, തൊഴിൽമാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഏതായാലും അറബിജ്യോതിഷം പരിഹാരം നിർദ്ദേശിക്കുന്നു. 

പേർഷ്യൻ, ഹീബ്രു, ഗ്രീക്ക്‌, റോമൻ ജ്യോതിഷശാസ്‌ത്രങ്ങളാൽ അറബി ജ്യോതിഷം ഒരു പരിധിവരെ സ്വാധീനമേൽക്കപ്പെട്ടിട്ടുണ്ട്‌. ഇവയോടുള്ള ഇടപഴകൽ അറബിജ്യോതിഷം കൂടുതൽ പുഷ്ടിപ്പെടാൻ ഇടയാക്കി. ഇസ്ലാമിക പാരമ്പര്യത്തിലേക്ക്‌ അറബിജ്യോതിഷം കടന്നു ചെന്നത്‌ പേർഷ്യ, ഇന്ത്യ, ഗ്രീസ്‌ എന്നീ മൂന്നു മാർഗങ്ങളിലൂടെയാണെന്നു കരുതപ്പെടുന്നു. അറബിഭാഷയിലേയ്ക്ക്‌ മൊഴിമാറ്റം ചെയ്‌ത ആദ്യ ജ്യോതിഷ ഗ്രന്ഥം ഇന്ത്യയിൽ നിന്നെത്തിയതായിരുന്നത്രേ. 

'സിദ്ധാന്ത' എന്ന ഗ്രന്ഥം മൊഴിമാറ്റം ചെയ്‌ത്‌ ബാഗ്ദാദിലെത്തി. അറബികൾ ഇതിനെ 'സിന്ഥിന്ത്‌' എന്നു വിളിച്ചു. എന്നാൽ അറബിജ്യോതിഷത്തിൽ ഗ്രീക്കു സംഭാവനയായിരുന്നു മുഖ്യം. അലക്സാണ്ടർ ചക്രവർത്തിയുടെ യുദ്ധപര്യടനങ്ങൾ ഇതിന്‌ കൂടുതൽ സഹായകമായി. പേർഷ്യയിലെയും ഇന്ത്യയിലെയും ജ്യോതിഷശാസ്‌ത്രത്തിലും ഇതേ ഗ്രീക്ക്‌ സ്വാധീനം കാണാവുന്നതാണ്‌. ലോകത്തിന്റെ അച്ചുതണ്ടെന്നുപോലും വിശേഷിപ്പിക്കപ്പെട്ട ഈജിപ്‌തിലെ അലക്സാണ്ടിയ അറബികൾ കീഴടക്കിയപ്പോൾ ആയിരക്കണക്കിന്‌ ജ്യോതിഷ ഗ്രന്ഥങ്ങളും രേഖകളും ഇസ്ലാമിക പണ്ഡിതന്മാരുടെ കൈവശം എത്തി ചേർന്നു. 

അൽ-ബിറൂണിയുടെ ഒരു ഗ്രന്ഥമൊഴികെ പ്രാചീന അറബി ജ്യോതിഷ ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങളധികവും മധ്യകാല ലാറ്റിൻ ഭാഷയിൽ ഉള്ളതായതുകൊണ്ട്‌ ജ്യോതിഷ ശാസ്‌ത്രജ്ഞ്മാർക്ക്‌ അവ മനസിലാക്കുവാൻ സാധിക്കുന്നില്ല. ഇസ്ലാം-ക്രിസ്‌ത്യൻ വിദ്വേഷം യൂറോപ്പിലെ ജ്യോതിഷികളുടെ എതിർപ്പ്‌ അറബി ജ്യോതിഷത്തിനോടുണ്ടാകാനും കാരണമായി. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ടും കരുത്തോടെ മുന്നേറിയുമാണ്‌ അറബി ജ്യോതിഷം പുരോഗതി നേടിയത്‌.

No comments: