01/09/2013

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും-മഹാഗുരുക്കന്മാരെ ദുഷിച്ച ജാതിക്കണ്ണ്‍കൊണ്ട് കാണുന്ന നരാധമന്മാർ ഇത് വായിക്കരുത്.


മഹാഗുരുക്കന്മാരെ ദുഷിച്ച ജാതിക്കണ്ണ്‍കൊണ്ട് കാണുന്ന നരാധമന്മാർ ഇത് വായിക്കരുത്.


ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളെ നാരായണഗുരുസ്വാമികള്‍ ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്.

തിരുവനന്തപുരത്ത് പരേതനായ കല്ലുവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള ഓവര്‍സീയര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്ലുവീട്ടില്‍ മി.ഗോവിന്ദപിള്ളയുടെ അച്ഛന്‍) അവര്‍കളോടുകൂടി ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ അന്ന് വാമനപുരത്തു വിശ്രമിക്കുകയായിരുന്നു. ശ്രീ കേശവപിള്ള ഓവര്‍സീയര്‍ അവര്‍കള്‍ സ്വാമിപാദങ്ങളുടെ ഒരു വിസോദര്യസഹോദരനായിരുന്നതുകൊണ്ടും ബോംബെ, കല്‍ക്കട്ട മുതലായ സ്ഥലങ്ങളില്‍നിന്ന് അവിടുന്ന് ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വരുത്തിക്കൊടുത്തും മറ്റും വേണ്ട സഹായങ്ങള്‍ നിരന്തരമായി ചെയ്തിരുന്നതുകൊണ്ടും അവരൊന്നിച്ചുള്ള താമസം കുറെക്കാലം തുടര്‍ന്നുകൊണ്ടേയിരുന്നു. അവിടെ അടുത്തുള്ള 'അണിയൂര്‍' ക്ഷേത്രത്തില്‍ പോയി മിക്കവാറും സമയങ്ങളില്‍ സ്വാമികള്‍ ഏകാന്തമായി കഴിച്ചൂകൂട്ടുന്ന പതിവുമുണ്ടായിരുന്നു.

അക്കാലത്തു നാരായണഗുരുസ്വാമികളാകട്ടെ തീവ്രവൈരാഗ്യത്തോടുകൂടി ഒരു മുമുക്ഷുവിന്റെ നിലയില്‍ മനസ്സിനുയാതൊരു സ്വസ്ഥതയുമില്ലാതെ അലഞ്ഞു തിരിയുകയായിരുന്നു. അന്നൊരിക്കല്‍ കഴക്കൂട്ടത്ത് ഒരു സഞ്ചാരിയായ പരദേശബ്രാഹ്മണന്‍ വന്നിരുന്നു. യോഗവേദാന്തശാസ്ത്രങ്ങളില്‍ വളരെ വിദ്വാനായിരുന്ന അദ്ദേഹത്തെക്കണ്ട് തന്റെ അദ്ധ്യാത്മജിജ്ഞാസയ്ക്കു ശമനം വരുത്താമെന്നു കരുതി നാരായണഗുരുസ്വാമികള്‍ അവിടെ എത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്തിതികനായ ആ ബ്രാഹ്മണന്‍ 'നീയാരാണെന്നു നിനക്കറിയാമോ? രാമനാമം ജപിക്കാനല്ലാതെ വേദവേദാന്താദിരഹസ്യങ്ങളറിയുവാന്‍ നിനക്കധികാരമുണ്ടോ? എന്നും മറ്റുമുള്ള അധിക്ഷേപവചനങ്ങള്‍കൊണ്ടു നാരായണഗുരുസ്വാമികളെ ഭഗ്നാശനാക്കി. ജന്മനാ സാത്ത്വികനും ഋജൂബുദ്ധിയുമായിരുന്ന നാരായണഗുരുസ്വാമികള്‍ക്ക് അതേറ്റവും സങ്കടകരമായിത്തീര്‍ന്നു. ഈ വിവരം തന്റെ അയല്‍പക്കക്കാരനും ഒരു ക്ലാസിഫയരുമായിരുന്ന ചെമ്പഴന്തി, പൊടിപ്പറമ്പില്‍ നാരായണപിള്ള എന്ന മാന്യനെ (റി: ആയുര്‍വ്വേദകാളേജു പ്രിന്‍സിപ്പാള്‍ ഡാ: കെ.ജി.ഗോപാലപിള്ള അവര്‍കളുടെ അച്ഛന്റെ അമ്മാവന്‍) നാരായണഗുരുസ്വാമികള്‍ അറിയിച്ചു. അദ്ദേഹത്തോടു വളരെ സ്‌നേഹമുണ്ടായിരുന്ന മി.നാരായണപിള്ള ഈ വിവരം കേട്ട്, 'കൂട്ടാക്കേണ്ട. തക്കതായ ഒരു മഹാനെ ഞാന്‍ കാണിച്ചുതരാം' എന്നുപറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് ശ്രീചട്ടമ്പിസ്വാമിതിരുവടികളെക്കാണാന്‍ അണിയൂര്‍ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. മി: നാരായണപിള്ള മുമ്പുതന്നെ ചട്ടമ്പിസ്വാമിതിരുവടികളുടെ ഒരു ആശ്രിതനായിരുന്നു. ആ ക്ഷേത്രത്തിന്റെ തെക്കേ പുരയിടത്തില്‍ നാരായണഗുരുസ്വാമികളെ നിറുത്തിയിട്ട് മി. നാരായണപിള്ളക്ഷേത്രത്തില്‍ ചെന്ന് സ്വാമിതിരുവടികളെ വിവരമറിയിക്കയാല്‍ അവിടുന്ന് പുറത്തിറങ്ങിവന്നു നാരായണഗുരുസ്വാമികളെ കണ്ടു. അന്ന് പരമഭക്തനായിരുന്ന നാരായണഗുരുസ്വാമികളെക്കണ്ട മാത്രയില്‍ത്തന്നെ അദ്ദേഹം ഒരു ഉത്തമാധികാരിയാണെന്നു സ്വാമിതിരുവടികള്‍ തീരുമാനിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം സ്വാമിതിരുവടികള്‍, അവരൊന്നിച്ച് മി: കേശവപിള്ള ഓവര്‍സീയര്‍ താമസിക്കുന്ന സ്ഥലത്തുപോയി കുറച്ചുദിവസം അവിടെ കഴിച്ചൂകൂട്ടി. അക്കാലത്ത് ശ്രീ ചട്ടമ്പിസ്വാമികളുടെ മാഹാത്മ്യം ഏതാണ്ടറിയുവാന്‍ കഴിഞ്ഞ ശ്രീ നാരായണഗുരുസ്വാമികള്‍ അദ്ദേഹത്തെ ഗുരുവായി വരിച്ചു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ സ്വഭവനത്തിലേക്കു പോയിട്ട് ഒരു മാസം കഴിഞ്ഞാണ് വീണ്ടും സ്വാമിതിരുവടികളുടെ സന്നിധിയില്‍വന്നത്. അതു വീട്ടില്‍നിന്നു സന്ന്യാസത്തിനു വേണ്ടിയുള്ള യാത്രയായിരുന്നു. അതുമുതല്‍ അവര്‍ ഒരുമിച്ചു തന്നെ ആയിരുന്നു കഴിച്ചുകൂട്ടിയത്.

അങ്ങനെ കഴിഞ്ഞുവരവെ ഒരു ദിവസം സന്ധ്യയോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമിയുമൊന്നിച്ച് അണിയൂര്‍ ക്ഷേത്രനടയില്‍നിന്ന് ഒരു യാത്ര പുറപ്പെട്ടു. അഞ്ചാറു മൈല്‍ ദൂരം ചെന്നപ്പോള്‍ തിരിഞ്ഞുനിന്ന് ഇങ്ങനെ പറഞ്ഞു. 'ഓ! എന്റെ ഒരു പൊതിക്കെട്ട് അവിടെ എവിടെയോവച്ച് മറന്നുപോയല്ലോ, അതത്യാവശ്യമായി കയ്യിലിരിക്കേണ്ടതായിരുന്നു. തിരിച്ചുപോയി എടുത്തുകൊണ്ടുവരാമെന്നുവച്ചാല്‍ വളരെ ദൂരവുമായിപ്പോയി. നടക്കുവാന്‍ മടിയും തോന്നുന്നു.' ഇതുകേട്ട ഉടന്‍തന്നെ 'അതു വച്ചിരിക്കുന്ന സ്ഥലം പറഞ്ഞുതന്നാല്‍ ഇപ്പോള്‍ത്തന്നെ പോയി എടുത്തുകൊണ്ടുവരാം. യാതൊരു വിഷമവുമില്ല. ഇവിടെയിരുന്നു വിശ്രമിച്ചുകൊണ്ടാല്‍ മതി.' എന്നു നാരായണഗുരുസ്വാമികള്‍ പറഞ്ഞു. 'വെളിച്ചവുമില്ല. കൂരിരുട്ടുമാണല്ലൊ', എന്നായി സ്വാമിതിരുവടികള്‍. അതൊന്നും സാരമില്ല. ഇപ്പോള്‍തന്നെ കൊണ്ടുവരാം' എന്നുപറഞ്ഞ് പൊതിക്കെട്ടുവച്ചിരുന്ന സ്ഥലം ഏതാണ്ടൊന്നു ചോദിച്ചുമനസ്സിലാക്കി നാരായണഗുരുസ്വാമികള്‍ യാത്രയായിക്കഴിഞ്ഞു. കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വാമിതിരുവടികള്‍ തിരികെ വിളിച്ച് 'പോകേണ്ട, നാം ഉദ്ദേശിച്ച സ്ഥലത്തേക്കുതന്നെ പോകാം' എന്നുപറഞ്ഞ് അവര്‍ ഒരുമിച്ച് മുന്നോട്ടുതന്നെ യാത്രയായി. ആയിടയ്ക്കു സ്വാമിതിരുവടികളുടെ അടുക്കല്‍ നാരായണഗുരുസ്വാമികള്‍ ഉപദേശത്തിനുവേണ്ടി നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യത്വം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ആളിനെ ഒന്നു പരീക്ഷിക്കാനായിരുന്നു സ്വാമികള്‍ ആ പൊതിയുടെ കാര്യം പറഞ്ഞത്. നാരായണഗുരുസ്വാമികള്‍ ആ പരീക്ഷയില്‍ വിജയിയായി. അദ്ദേഹം ധീരനും ഉപദേശാര്‍ഹനുമാണെന്നു സ്വാമികള്‍ക്കു മനസ്സിലായി.

പിന്നേയും അവര്‍ ഒന്നിച്ചുതന്നെ കഴിഞ്ഞുവന്നു. അതിനിടയ്ക്ക് ഒരു വെളുത്ത ഷഷ്ഠിദിവസം സന്ധ്യ കഴിഞ്ഞ് വാമനപുരം ആറ്റുകരയിലുള്ള ഒരു മണല്‍തിട്ടയില്‍വച്ച് ബാലാസുബ്രഹ്മണ്യമെന്നു സുപ്രസിദ്ധമായിട്ടുള്ള ചതുര്‍ദ്ദശാക്ഷരിമന്ത്രം നാരായണഗുരുസ്വാമികള്‍ക്ക് സ്വാമിതിരുവടികള്‍ ഉപദേശിച്ചുകൊടുത്തു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ തുടര്‍ച്ചയായി വളരെനാള്‍, സ്വാമിതിരുവടികളോടുകൂടി ശുശ്രൂഷാതല്പരനായി വാമനപുരം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ചിരുന്നു.

അക്കാലത്താണ് നാരായണഗുരുസ്വാമികളെ യോഗവേദാന്താദികള്‍, സ്വാമിതിരുവടികള്‍ പരിശീലിപ്പിച്ചത്. ഖേചരി മുതലായ യോഗമുദ്രകളും തമിഴിലും സംസ്‌കൃതത്തിലുമുള്ള വേദാന്തശാസ്ത്രങ്ങളും മഹാബുദ്ധിമാനായ നാരായണഗുരുസ്വാമികള്‍ വളരെ വേഗത്തില്‍ ഗ്രഹിച്ചു. സത്താസാമാന്യബോധത്തില്‍ ആ ഗുരുശിഷ്യന്മാര്‍ക്ക് അനുഭവസാമ്യം സിദ്ധിച്ചതോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ തുല്യനിലയില്‍ തന്നെ കരുതിയിരുന്നു. പ്രായത്തിലും അവര്‍ക്ക് വലിയ അന്തരമുണ്ടായിരുന്നില്ല. അന്ന് അവര്‍ രണ്ടുപേരും ഒന്നിച്ച് പല ഗ്രന്ഥപ്പുരകളിലും പോയി പുതിയ പുതിയ ഗ്രന്ഥങ്ങള്‍ എടുത്തു പരിശോധിച്ചുകൊണ്ടിരുന്നു. കൂടാതെ സ്വാമി തിരുവടികള്‍ ഗീതം, വാദ്യം മുതലായ അന്യകലകളില്‍ക്കൂടി പ്രാവീണ്യം സമ്പാദിച്ചു. എന്നാല്‍ നാരായണഗുരുസ്വാമികള്‍ക്ക് അതുകളില്‍ രസബോധമുണ്ടായിരുന്നെങ്കിലും, പരിശീലനവാസനയോ പരിശ്രമമോ ഉണ്ടായിരുന്നില്ല.

അക്കാലത്ത് അവര്‍ രാപകലൊഴിവില്ലാതെ മരുത്വാമല മുതലായ വനപ്രദേശങ്ങളിലും മറ്റും സഞ്ചരിക്കാറുണ്ടായിരുന്നു. ഒരു ദിവസം നെയ്യാറ്റിന്റെ തീരത്തെത്തി. നല്ല വേനല്‍ക്കാലമായിരുന്നതിനാലും ചന്ദ്രികയുള്ള രാത്രിയായിരുന്നതുകൊണ്ടും ആ മണല്‍പ്പുറംവഴി മേല്‌പോട്ട് ഒരു യാത്രചെയ്യാമെന്ന് അവര്‍ തീരുമാനിച്ച് ഇടയ്ക്കിടയ്ക്കു വിശ്രമിച്ചും നടന്നും കിടന്നും നേരം വെളുത്തപ്പോഴേയ്ക്ക് ഒരു അരുവിസ്ഥലത്ത് ചെന്നുചേര്‍ന്നു. അവിടെ സ്‌നാനാദികള്‍ കഴിച്ച് മലമുകളിലുള്ള ഒരു നല്ല ശിലാതലത്തില്‍ ഇരുന്നു വിശ്രമിച്ചു. തലേദിവസത്തെ നടപ്പും ഉറക്കമിളപ്പും അവരെ വളരെ ക്ഷീണിപ്പിച്ചിരുന്നു. അടുക്കലെങ്ങും ജനവാസമില്ലാതിരുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ കിട്ടുവാനും സൗകര്യമുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കും നല്ലതുപോലെ വിശന്നു. ഏകദേശം പകല്‍ 11 മണി സമയമായതോടുകൂടെ സ്വാമിതിരുവടികളെ അവിടെയിരുത്തിയിട്ടു നാരായണഗുരുസ്വാമികള്‍ അവിടെനിന്നും പോയി അകലെ എവിടെയോനിന്നു കുറെ ഭക്ഷണപദാര്‍ത്ഥങ്ങളും കൊണ്ട് രണ്ടുമണിക്കുശേഷം തിരിയെവന്ന് ആ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ സ്വാമിതിരുവടികളുടെ സന്നിധിയില്‍ സമര്‍പ്പിച്ചു. അപ്പോള്‍ ധീരനായിരുന്ന നാരായണഗുരുസ്വാമികളുടെ നേത്രങ്ങളില്‍നിന്നു ധാരധാരയായി കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു. കരുണാശീതളസ്വാന്തനായ സ്വാമിതിരുവടികള്‍ ആ കണ്ണുനീരിനുള്ള കാരണം ചോദിച്ചപ്പോള്‍ 'അവിടുന്ന് ഇത്രയും സമയം വിശന്നിരിക്കേണ്ടിവന്നല്ലോ, എന്നു വിചാരിച്ചാണ്' എന്നു നാരായണഗുരുസ്വാമികള്‍ മറുപടി പറഞ്ഞു. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട്, വിനോദപ്രിയനായിരുന്ന പരമഗുരുപാദര്‍ നാരായണഗുരുസ്വാമികള്‍ ഇരിക്കുന്ന സദസ്സുകളില്‍ പല നേരമ്പോക്കുകളും പറയുമായിരുന്നു.

അന്ന് ആ ഭക്ഷണം അവര്‍ രണ്ടുപേരും തൃപ്തികരമായിക്കഴിച്ച് അവിടെത്തന്നെ വിശ്രമിച്ചു. അങ്ങിനെ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ഥലത്തിന്റെ നാതിദൂരപരിസരങ്ങളില്‍ പാര്‍ത്തിരുന്ന കുറെ ഈഴവരും മറ്റും അവിടെവന്ന് ആ മഹാത്മാക്കളെ സന്ദര്‍ശിച്ചു. ഇവര്‍ അമാനുഷപ്രഭാവരായ രണ്ടു യതീശ്വരന്മാരാണെന്നു മനസ്സിലാക്കിയ ആ ഭക്തന്മാര്‍ അവര്‍ക്കു വിശ്രമിക്കാന്‍ യോഗ്യമായ പര്‍ണ്ണശാലയും മറ്റു സൗകര്യങ്ങളും അവിടെ ഉണ്ടാക്കിക്കൊടുത്തു. അതിനെത്തുടര്‍ന്നു മൂന്നുമാസക്കാലത്തോളം അവര്‍ രണ്ടുപേരും ആ സ്ഥലത്തുതന്നെ കഴിച്ചൂകൂട്ടി. ഈ വിവരം നാടൊട്ടുക്കു പരക്കുകയാല്‍ നാട്ടിന്റെ നാനാഭാഗങ്ങളില്‍നിന്നും അനവധി ഭക്തന്മാര്‍വന്ന് ആ പരിപൂതചരണന്മാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടിരുന്നു. ബ്രഹ്മവിദ്വരന്മാരായ ആ പൂജ്യപാദന്മാരുടെ വിശ്രമസങ്കേതമായിരുന്ന ആ സ്ഥലമാണ് സുപ്രസിദ്ധമായ അരുവിപ്പുറം. അന്നായിരുന്നു സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ ഈഴവസമുദായോന്നമനത്തിനൂകൂടി പ്രേരിപ്പിച്ചത്. ആ വിഷയത്തെപ്പറ്റി കരുവാ കൃഷ്ണനാശാന്‍ അവര്‍കള്‍ ഇങ്ങനെ പറയുന്നു. 'ഈഴവരുടെ വംശത്തിനു എന്തെങ്കിലും ഉയര്‍ച്ച ഉണ്ടാക്കുവാനായി ശ്രമിക്കുന്നതിനു നാരായണഗുരുസ്വാമികളെ പ്രേരിപ്പിച്ച മഹാപുരുഷന്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണ്. അത് ഈഴവര്‍ മറക്കത്തക്കതല്ല, നാരായണഗുരുവിനെ ക്ഷേത്രപ്രതിഷ്ഠ നിര്‍വ്വഹിക്കാന്‍ പഠിപ്പിച്ചതു ചട്ടമ്പിസ്വാമികളാണ്. അരുവിപ്പുറത്ത് നാരായണഗുരു ആദ്യമുണ്ടാക്കിയ ക്ഷേത്രത്തില്‍ ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത് ചട്ടമ്പിസ്വാമികള്‍ കുറേക്കാലം വിശ്രമിച്ച സ്ഥലത്താണ്. അവിടെയൊരു അമ്പലമുണ്ടാക്കണമെന്നു പറഞ്ഞു പ്രതിഷ്ഠിക്കാനുള്ള സ്ഥാനം കാണിച്ചുകൊടുത്തതുപോലും ചട്ടമ്പിസ്വാമികളായിരുന്നു എന്ന് എനിക്കു നല്ലതുപോലെയറിയാം.'[2] ഇതില്‍നിന്നും ഈഴവസമുദായോദ്ധാരണത്തിനു സ്വാമി തിരുവടികള്‍ക്ക് എത്രമാത്രം താല്പര്യമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലൊ.

അങ്ങനെ അരുവിപ്പുറത്തു വിശ്രമിച്ചുവരവെ ഓവര്‍സീയര്‍ ശ്രീ കേശവപിള്ള അവര്‍കളുടെ ആളുകള്‍ അന്വേഷിച്ചുവന്നു സ്വാമിതിരുവടികളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. നാരായണഗുരുസ്വാമികളും അനുഗമിക്കാന്‍ തയ്യാറായി. എന്നാല്‍ അവരെ ഉപചരിച്ചുകൊണ്ടിരുന്ന ഭക്തന്മാര്‍ക്ക് അതു വളരെ സങ്കടകരമായി തോന്നുകയാല്‍ 'നാരായണന്‍ ഇവിടെ താമസിക്കും. ഞാന്‍ ഒരു മാസം കഴിഞ്ഞു തിരിയെവരാം' എന്നുപറഞ്ഞിട്ടായിരുന്നു സ്വാമിതിരുവടികള്‍ പിരിഞ്ഞത്. നാരായണഗുരുസ്വാമികള്‍ ബ്രഹ്മജ്ഞാനത്താല്‍ നിര്‍മ്മമനായിരുന്നെങ്കിലും തന്റെ ഗുരുനാഥന്റെ വേര്‍പാട് അദ്ദേഹത്തിനു വളരെ ക്ലേശകരമായിരുന്നു.

പരുമഗുരുപാദരാകട്ടെ തിരുവനന്തപുരത്തു ചെന്നപ്പോള്‍, കേശവപിള്ള ഓവര്‍സിയരവര്‍കള്‍ക്കു മൂവാറ്റുപുഴയ്ക്കു സ്ഥലംമാറ്റമാണെന്നും, അദ്ദേഹത്തോടൊന്നിച്ചു സ്വാമിതിരുവടികളും അങ്ങോട്ടു ചെല്ലണമെന്നു നിര്‍ബന്ധമായിരിക്കുന്നു എന്നും അവിടുത്തേക്കറിയാന്‍ കഴിഞ്ഞു. അങ്ങനെ അവരെല്ലാം ഒന്നിച്ച് തിരുവടികള്‍ മൂവാറ്റുപുഴയ്ക്കുതന്നെ പോയി. കുറച്ചുകഴിഞ്ഞു ശ്രീനാരായണഗുരുസ്വാമികള്‍ അരുവിപ്പുറത്തുനിന്ന് കാല്‍നടയായി മൂവാറ്റുപുഴവന്നു, സ്വാമിതിരുവടികളെ സന്ദര്‍ശിച്ചു. അവര്‍ ഒരുമിച്ചു മൂവാറ്റുപുഴ, ആലുവാ, പറവൂര്‍ മുതലായ സ്ഥലങ്ങളില്‍ കുറച്ചുനാള്‍ വിശ്രമിച്ചു. അന്നാണ് വടക്കന്‍ തിരുവിതാംകൂറിലെ ഈഴവപ്രമാണികള്‍ക്കു നാരായണഗുരുവിനെ പരിചയപ്പെടുവാന്‍ കഴിഞ്ഞത്. ശ്രീ ചട്ടമ്പിസ്വാമിപാദങ്ങള്‍ക്കു തെക്കന്‍ തിരുവിതാംകൂറിലും പല ശിഷ്യന്മാരും ഉണ്ടായിരുന്നു. ശ്രീ പെരുംനെല്ലി കൃഷ്ണന്‍വൈദ്യന്‍, ശ്രീ വെളുത്തേരി കേശവന്‍ വൈദ്യന്‍ മുതലായ പ്രസിദ്ധന്മാര്‍ അക്കൂട്ടത്തില്‍പ്പെട്ടവരാണ്. അന്നത്തെ കാലത്തു തീണ്ടലുള്ളവരെന്നു ഗണിക്കപ്പെട്ടിരുന്നവരുടെ ഗൃഹങ്ങളില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനു സ്വാമിതിരുവടികള്‍ക്കു യാതൊരു മടിയുമില്ലായിരുന്നു എന്നുള്ളത് അവിടുത്തെ സമബുദ്ധിയെയാണ് പ്രഖ്യാപനം ചെയ്യുന്നത്.

ഇത്രയും പ്രസ്താവിച്ചതില്‍നിന്നു നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികമായ സകല ഉല്‍ക്കര്‍ഷത്തിനും കാരണഭൂതനായിരുന്നതു പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണെന്നും, നാരായണഗുരുസ്വാമികളുടെ സന്ന്യാസപരമ്പര ചട്ടമ്പിസ്വാമി തിരുവടികളില്‍നിന്നുണ്ടായതാണെന്നും വ്യക്തമായല്ലൊ.

എന്നാല്‍ നാരായണഗുരുസ്വാമികളുടെ ഗുരു, ശ്രീ ചട്ടമ്പിസ്വാമിതിരുവടികളല്ലെന്നു സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നതായിക്കാണുന്നു. അത് അടിസ്ഥാനരഹിതമായ ശ്രമമാണെന്നുള്ളതിന് ഗുരുശിഷ്യന്മാരായ അവര്‍രണ്ടുപേരുടെയും വാക്കുകള്‍തന്നെ പ്രമാണങ്ങളാണ്. ബ്രഹ്മശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ എഴുതിയിട്ടുള്ള 'ദേവാര്‍ച്ചപദ്ധതി' എന്ന ഗ്രന്ഥത്തിനു 10.04.1092 ല്‍ ആലുവയില്‍വെച്ച് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ ഒരു ഉപോദ്ഘാതം എഴുതിയിട്ടുണ്ട്. അതില്‍ യോഗജ്ഞാനപാരംഗതയ്ക്ക് യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്ത് ആരൂഢപദത്തിലെത്തുന്നതിന് അനേകസംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാരായണഗുരു എന്നുപറയുന്ന ആള്‍ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെ ഇടയില്‍ ദേവാര്‍ച്ചാദിയെ പുരസ്‌കരിച്ചു ബഹുവിധകാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ മറ്റൊരു സമുദായത്തിനു സ്വയം കൃതാനര്‍ത്ഥനിലയില്‍ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്യുവാന്‍ ദ്വിതീയശിഷ്യന്‍ (ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍) ഇങ്ങനെ ഗ്രന്ഥകരണാദിയില്‍ പ്രവര്‍ത്തിക്കുന്നത് ഗൗണാത്മതാദ്ധ്യാസദൃഷ്ട്യാ ചാരിതാര്‍ത്ഥ്യജനകമായിരിക്കുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ, സ്വാമിതിരുവടികള്‍ 'മോക്ഷപ്രദീപഖണ്ഡനം' എഴുതാന്‍ തുടങ്ങിയപ്പോള്‍, 'അവിടുന്ന് ആ ഗ്രന്ഥമെഴുതരുതേ!' എന്നു കാണിച്ച് ആലത്തൂര്‍ ശിവയോഗിയുടെ ശിഷ്യന്മാരായ തെക്കേടത്തു രാമന്‍പിള്ള മുതലായ മാന്യന്മാര്‍ കടുത്തുരുത്തിയില്‍നിന്ന് 26.01.1090 ല്‍ ഒരു എഴുത്തയച്ചിരുന്നു. [3]അതില്‍, 'അവിടുത്തെ ശ്രമങ്ങള്‍ക്കൊന്നിനും മോക്ഷപ്രദീപമാകട്ടെ അതിന്റെ കര്‍ത്താവാകട്ടെ എതിരായി നില്‍ക്കുന്നില്ല. ഈ സ്ഥിതിക്ക് അവിടുന്ന് മോക്ഷപ്രദീപത്തെ എതിര്‍ക്കുന്നതിന് എന്തു ന്യായയുക്തതയാണുള്ളത്? നാരായണഗുരുസ്വാമിയുടെ ക്ഷേത്രസ്ഥാപനങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടാക്കുന്നതിനൊരുമ്പെട്ടിരുന്ന ചില ഈഴവര്‍ക്ക് മോക്ഷപ്രദീപം ഒരു സഹായമായി ഭവിച്ചിരിക്കാം. അതിനിടയ്ക്ക് അവിടുന്നെന്തിനു ചാടിവീഴുന്നു? നാരായണഗുരുസ്വാമിതന്നെ നേരിടട്ടെ! വാദിക്കട്ടെ! ജയിക്കട്ടെ! അഥവാ തോല്ക്കട്ടെ! നാരായണഗുരുസ്വാമി, അവിടുത്തെ ആശ്രിതനോ ശിഷ്യനോ സഹപാഠിയോ ആയിരിക്കാം. ആയിരിക്കട്ടെ! അവിടുത്തോടു വല്ലസംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കണം. അല്ലാതെ നാരായണഗുരുസ്വാമിയെ അവിടുന്നു മാറ്റിനിറുത്തിയിട്ട് അവിടുന്നു നേരിടണമോ?' എന്നു ചോദിച്ചിട്ടുള്ളതിന് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ അയച്ച മറുപടിയില്‍ ഇങ്ങനെ കാണുന്നു; [4]ഞാനും, മുമ്പ് യോഗജ്ഞാനവിഷയങ്ങളില്‍ എന്റെ ശിഷ്യനായിരുന്നതുകൊണ്ടു നാരായണഗുരു സ്വാമിയെന്ന ആളും, ഈഴവരില്‍ ചിലരും തങ്ങളില്‍ പഴയ പരിചയക്കാരാണ്. അവര്‍ സ്വജനക്ഷേമാര്‍ത്ഥം ക്ഷേത്രപ്രതിഷ്ഠ മുതലായവ നടത്തുന്നതായി കേള്‍വി ഉണ്ട്. ടി ആളിന് (നാരായണഗുരു സ്വാമികള്‍ക്ക്) മതവാദത്തിനിറങ്ങേണമെന്നു തോന്നുന്ന കാലത്ത് അതിലേക്കായിട്ടു മറ്റൊരുത്തരുടെ സഹായമോ ഉപദേശമോ വേണ്ടതായി വരുമെന്നു തോന്നുന്നില്ല.'

നാരായണഗുരുസ്വാമികളുടെ ജീവിതകാലത്തുതന്നെ സ്വാമിതിരുവടികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പ്രസ്താവനകളില്‍നിന്നും അവിടുത്തെ സുസമ്മതനായ ഒരു ശിഷ്യപ്രധാനനാണ് നാരായണഗുരുസ്വാമികളെന്നു സിദ്ധിക്കുന്നു.

ഇതുപോലെ തന്നെ ശ്രീനാരായണഗുരുസ്വാമികള്‍ നവമഞ്ജരികാസ്‌തോത്രത്തില്‍ തന്റെ ഗുരുനാഥനായ ചട്ടമ്പിസ്വാമിതിരുവടികളെ സ്മരിച്ചുകാണുന്നു. അതിങ്ങനെയാണ്.

'ശിശുനാമഗുരോരാജ്ഞാം
കരോമിശിരസാവഹന്‍
'നവമഞ്ജരികാം' ശുദ്ധീ-
കര്‍ത്തുമര്‍ഹന്തികോവിദാഃ'

ഇതിലെ 'ശിശുനാമ' പദം 'കുഞ്ഞന്‍' എന്ന പദത്തിന്റെ സംസ്‌കൃതരൂപമാണ്. ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ 'അദൈ്വതപാരിജാതം' എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ 'ശിശുനാമമുനേഃ പദാരണീം.......' എന്നു തുടങ്ങിയ പദ്യവും അദ്ദേഹത്തിന്റെ 'ശിശുഭഗവത്പഞ്ചകം' എന്ന സ്‌തോത്രവും ഇതിനു തെളിവാണ്.

എന്നാല്‍ ഇക്കൊല്ലം വര്‍ക്കലനിന്ന് 'ശ്രീനാരായണധര്‍മ്മപ്രചരണസഭ'ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 'ഗുരുതിരുനാള്‍സോവനീര്‍' എന്ന പുസ്തകത്തില്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശ്രീനാരായണഗുരുസ്വാമികളുടെ സതീര്‍ത്ഥ്യനാണെന്ന് 'ശിശുനാമ' ഗുരുപദംകൊണ്ടു സ്ഥാപിക്കാന്‍ വളരെ പണിപ്പെട്ടിട്ടുള്ളതായിക്കാണുന്നു. സോവനീറില്‍ പറയുന്ന ഭാഗം ഇങ്ങനെയാണ്. 'കുറെക്കഴിഞ്ഞപ്പോള്‍ സ്വാമി (നാരായണഗുരുസ്വാമി) പുതുപ്പള്ളില്‍ ശ്രീമാന്‍ കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ ശിഷ്യത്വം സ്വീകരിക്കയും ഉപരിഗ്രന്ഥങ്ങള്‍ വായിക്കയും ചെയ്തതായി ജീവചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തു സ്വാമി രചിച്ചിട്ടുള്ള സംസ്‌കൃതകൃതികളുടെ ഒടുവില്‍ക്കാണുന്ന സംസ്‌കൃതക്കുറിപ്പില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട്. 'ബാലരാമാന്തേവാസിനാ നാരായണേന വിരചിതം' ഇങ്ങനെയാണ് ആ കുറിപ്പു കാണുന്നത്. ഇക്കൂട്ടത്തില്‍ 'നവമഞ്ജരി'യുടെ ആരംഭത്തില്‍ 'ശിശുനാമഗുരോരാജ്ഞാം' എന്നു തുടങ്ങിയ ഒരു 'അനുഷ്ടുപ്പ്' ഉണ്ട്. കുഞ്ഞന്‍പിള്ളച്ചട്ടമ്പി പറഞ്ഞിട്ടെഴുതിയതാണ് ആ മഞ്ജരിയെന്ന് മനസ്സിലാക്കാം. 'ചട്ടമ്പി' എന്ന വാക്ക് ഒരു ഗുരുവിന്റെ കീഴില്‍ പ്രധാനനായ ഒരു വിദ്യാര്‍ത്ഥിക്കുള്ള 'ടൈറ്റില്‍' ആണ്. പക്ഷെ അത് ആശാന്‍ (ഗുരു) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചു കാണുന്നത്. ശ്രീചട്ടമ്പിസ്വാമികളുടെ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്വാമി സ്‌നേഹിച്ചു ബഹുമാനിച്ചിരുന്നു. പലേ മഹാന്മാരുമായി സ്വാമിയെ പരിചയപ്പെടുത്തിയിരുന്ന ചട്ടമ്പിസ്വാമികള്‍ തന്നെയാണ് തിരുവനന്തപുരം റസിഡന്‍സിയിലെ സൂപ്രണ്ടായിരുന്ന ശ്രീ തയ്ക്കാട്ടയ്യാവവര്‍കളേയും പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു രണ്ടുപേരും യോഗാഭ്യാസമാര്‍ഗ്ഗങ്ങള്‍ കുറേക്കാലം ശീലിച്ചിരുന്നു. പിന്നീടു രണ്ടുപേരും ഒന്നിച്ചു പല സ്ഥലങ്ങളിലും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.'

മേല്‍ കാണിച്ച പ്രസ്താവനയുടെ ആദ്യഭാഗംകൊണ്ട്, ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളുമൊന്നിച്ച് കുമ്മമ്പിള്ളി ആശാന്റെ കീഴില്‍ പഠിച്ചിരുന്നു എന്നും അന്നത്തെ 'മോണിറ്റര്‍' സ്ഥാനം സ്വാമിതിരുവടികള്‍ക്കായിരുന്നെന്നുമാണ് സോവനീര്‍കാര്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നു തോന്നുന്നു. പക്ഷേ 'ബാലരാമാന്തേവാസിനാ നാരായണേന വിരചിതം' എന്നുള്ളതുകൊണ്ട് ആ ഉദ്ദേശ്യം സഫലമായി എന്നു തോന്നുന്നില്ല.

സ്വാമിതിരുവടികള്‍ പഠിച്ചത് കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെയല്ലെന്നും പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കൂടെയാണെന്നും മേല്പറഞ്ഞ ചരിത്രഭാഗങ്ങള്‍ കൊണ്ടറിയാവുന്നതാണ്. എന്നുമാത്രമല്ല, കുമ്മമ്പിള്ളിയാശാന്റെ കളരിയിലെ 'ചട്ടമ്പി' നാരായണഗുരുസ്വാമികളായിരുന്നെന്നു മി. മൂര്‍ക്കോത്തു കുമാരനെഴുതിയ നാരായണഗുരുസ്വാമികളുടെ ജീവചരിത്രം ഒന്നാംഭാഗം 94-ാം പേജില്‍ കാണുന്നുമുണ്ട്. വാദത്തിനുവേണ്ടി സോവനീര്‍കാരുടെ അഭിപ്രായം സ്വീകരിച്ചാല്‍തന്നെയും, തന്റെ ഗുരുനാഥനെന്നു പറയപ്പെടുന്ന കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, ആ ഗ്രന്ഥം രചിച്ചതെങ്കില്‍ അദ്ദേഹത്തെ സ്മരിക്കാതെ ക്ലാസ്സിലെ മോണിറ്ററെ ഗുരുവാക്കുന്ന ആളാണു ശ്രീ നാരായണഗുരുസ്വാമികളെന്ന് ബുദ്ധിയുള്ളവര്‍ക്കു വിചാരിക്കാന്‍ കഴിയുന്നതല്ല. ഇതില്‍നിന്നും ഗ്രഹിക്കേണ്ടത് നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെകൂടെ സംസ്‌കൃതം പഠിച്ചിട്ടുണ്ടെങ്കിലും നവമഞ്ജരിക മുതലായവ എഴുതിയത് ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ശിഷ്യനായതിനുശേഷമാണെന്നാണ്.

നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെ അടുക്കല്‍നിന്നു പഠിത്തം നിറുത്തിപ്പോന്നത് 1055-ാമാണ്ടാണെന്നും ശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ കാണുന്നത് (1058ലാണ് അവര്‍ തമ്മില്‍ കണ്ടതെന്ന് ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികളില്‍ നിന്നറിയുന്നു.)[5] 1060-ാമാണ്ടാണെന്നും 'നവമഞ്ജരിക' യെഴുതിയത് 1084-ാമാണ്ടാണെന്നും ശ്രീ നാരായണഗുരുസ്വാമികളുടെ ജീവചരിത്രങ്ങളില്‍ പറഞ്ഞുകാണുന്നുണ്ട്.

'ഗുരുതിരുനാള്‍ സോവനീറില്‍' പറയുന്നപ്രകാരം ശ്രീചട്ടമ്പിസ്വാമികള്‍ക്ക് തൈക്കാട്ട് അയ്യാവ് അവര്‍കളില്‍നിന്ന് ഹഠയോഗവിഷയകമായി ചില പരിശീലനങ്ങള്‍ സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണഗുരുസ്വാമികളുടെ യോഗജ്ഞാനോപദേഷ്ടാവ് പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്ന് ആ മഹാത്മാക്കള്‍ രണ്ടുപേരും സമ്മതിച്ചിട്ടുള്ളതിനാല്‍ ശ്രീ നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികഗുരു തൈക്കാട്ട് അയ്യാവ് ആണെന്ന് സോവനീര്‍കാര്‍ പറയുന്നത് ശരിയല്ല. തൈക്കാട്ട് അയ്യാവ് അവര്‍കള്‍ ഒരു ഹഠയോഗി മാത്രമായിരുന്നു. അദ്ദേഹത്തിന് ജ്ഞാനയോഗം ഹിതവും വശവും അല്ലാതിരുന്ന കഥ അദ്ദേഹത്തെ പരിചയമുണ്ടായിരുന്ന പല പണ്ഡിതന്മാരില്‍നിന്നും എനിക്കറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീ ചട്ടമ്പിസ്വാമികളോ ശ്രീനാരായണഗുരുസ്വാമികളോ ഹഠയോഗം മോക്ഷസാധനമായി കരുതിയിരുന്നില്ല. ഹഠയോഗമാര്‍ഗ്ഗത്തിലും രാജയോഗമാര്‍ഗ്ഗത്തിലും ഉള്ള പല അഭ്യാസങ്ങളും ആദ്യകാലങ്ങളില്‍ സിദ്ധവല്‍കരിച്ചിരുന്ന ആ മഹാത്മാക്കള്‍ സാക്ഷാല്‍ മോക്ഷസാധനമായിട്ടു കരുതിയിരുന്നത് അദൈ്വതജ്ഞാനത്തെ മാത്രമായിരുന്നുവെന്ന് ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടി അവരെ സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ശ്രീനാരായണഗുരുസ്വാമികള്‍ വിരചിച്ചിട്ടുള്ള, 'ആത്മോപദേശശതകം', 'ദര്‍ശനമാല' മുതലായ അദൈ്വതവേദാന്തശാസ്ത്രഗ്രന്ഥങ്ങള്‍ അദ്ദേഹം ഒരു ജ്ഞാനാചാര്യനായിരുന്നുവെന്ന വാസ്തവത്തെ പ്രഖ്യാപനം ചെയ്യുന്നു. ആ സമ്പ്രദായം അദ്ദേഹം എവിടെനിന്നെങ്കിലും പരിശീലിച്ചതായിരിക്കണം. ശ്രീ അയ്യാവ് അവര്‍കളില്‍നിന്ന് ആരും വേദാന്തം അഭ്യസിച്ചിതായിട്ടറിയുന്നില്ല. ശ്രീചട്ടമ്പിസ്വാമികള്‍, ചാടിയറ ശ്രീ മാധവന്‍പിള്ള, മണക്കാട് ശ്രീ കൃഷ്ണപിള്ളവൈദ്യന്‍, ഒരു ഗണകന്‍, ഇത്രയും പേര്‍ ഹഠയോഗവിഷയത്തില്‍ ശ്രീ തൈക്കാട്ട് അയ്യാവ് അവര്‍കളുടെ ശിഷ്യന്മാരാണ്. ഇവരില്‍ ശ്രീ ചട്ടമ്പിസ്വാമിപാദങ്ങളും പൂജപ്പുര ശ്രീ ചാടിയറ മാധവന്‍പിള്ള അവര്‍കളും മാത്രമേ വേദാന്തികളായിരുന്നുള്ളൂ. ശ്രീ ചട്ടമ്പിസ്വാമികളുടെ വേദാന്താഭ്യസനം ഈ ലേഖനത്തില്‍തന്നെ വെളിവാക്കീട്ടുണ്ടല്ലോ. സുപ്രസിദ്ധനായ രാമബ്രഹ്മസ്വാമികളില്‍നിന്നാണ് ചാടിയറ മാധവന്‍പിള്ള അവര്‍കള്‍ വേദാന്തം അഭ്യസിച്ചത്. ഇതില്‍നിന്ന് അയ്യാവ് അവര്‍കള്‍ക്ക് മഹാജ്ഞാനിയായ ഒരു ശിഷ്യനെ സമ്പാദിക്കാന്‍ ലേശവും കഴിവില്ലായിരുന്നുവെന്ന് വ്യക്തമായല്ലോ. ശ്രീനാരായണഗുരുസ്വാമികള്‍ക്ക് അയ്യാവിനെ പരിചയപ്പെടുത്തിക്കൊടുത്തത് ചട്ടമ്പിസ്വാമികളാണെന്നുള്ളകാര്യത്തില്‍ ആരും വിസമ്മതിക്കുന്നില്ല. നാരായണഗുരുസ്വാമികള്‍ സമീപിക്കുന്ന കാലത്തുതന്നെ ചട്ടമ്പിസ്വാമികള്‍ യോഗജ്ഞാനവിഷയങ്ങളില്‍ അപാരപാണ്ഡിത്യം സമ്പാദിച്ചിരുന്നതായി നാരായണഗുരുസ്വാമികളുടെ ജീവചരിത്രകാരന്മാര്‍പോലും രേഖപ്പെടുത്തിക്കാണുന്നു. ആ സ്ഥിതിക്ക് യോഗജ്ഞാന പരിശീലനത്തിനുവേണ്ടി ശ്രീ നാരായണഗുരു അയ്യാവിനെ ആശ്രയിച്ചുവെന്ന് പറയുന്നത് ശരിയല്ല. 'വാഴവിളമറ്റത്ത്' ജി. നാണു എന്ന മാന്യന്‍ എഴുതിയ ശ്രീനാരായണ പരമഹംസചരിതം വഞ്ചിപ്പാട്ടില്‍,

'ഷണ്‍മുഖപാദം ഭജിച്ചനന്തപുരത്തമര്‍ന്നൊരു
ഷണ്‍മുഖദാസാഹ്വയനാം യോഗിയെക്കണ്ടു
സ്വാഗതോക്തികളും ചൊല്ലിയാഗമജ്ഞനോടുചേര്‍ന്നു
യോഗവിദ്യാഭ്യാസവും ചെയ്തമര്‍ന്നദ്ദേഹം.'

എന്നും കിഴക്കേകല്ലട ശീവേലിക്കര എം.സി.കുഞ്ഞുരാമന്‍ വൈദ്യന്‍ അവര്‍കളാല്‍ എഴുതപ്പെട്ട ശ്രീനാരായണഗുരുസ്വാമിചരിതം താരാട്ടില്‍,

'ഷണ്‍മുഖദാസനെന്നുള്ള - മഹാ-
നിര്‍മ്മലനാം യോഗിയേകന്‍,
ചെമ്മേയനന്തപുരത്തു - സര്‍വ്വ-
സമ്മതനായന്നമര്‍ന്നാന്‍.
യോഗതന്ത്രത്തില്‍ സമര്‍ത്ഥനായ
യോഗിയാമദ്ദേഹത്തോട്
ലോകഗുരുസ്വാമിയക്കാലത്തു
യോഗാഭ്യാസാദി പഠിച്ചു.
ഊണുറക്കം ക്ലിപ്തമായിന്നിടം
വേണമെന്നുള്ളതില്ലാതെ
നാണുഗുരുസ്വാമി, യോഗിയോടും
വാണുകുറേക്കാലമുണ്ണി.'

എന്നും പ്രസ്താവിച്ചുകാണുന്നതില്‍നിന്നു ശ്രീനാരായണഗുരുസ്വാമികളുടെ യോഗാചാര്യന്‍ ഷണ്മുഖദാസനെന്ന അപരാഭിധാനത്താലറിയപ്പെടുന്ന ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്നു സ്പഷ്ടമാകുന്നുണ്ട്. 1088-ാമാണ്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് 'ശ്രീനാരായണ ഗുരുസ്വാമിചരിതം താരാട്ട്' എന്ന പുസ്തകം. അതില്‍ അയ്യാവും നാരായണഗുരുസ്വാമികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി,

ദിക്കില്‍ പുകള്‍ പൊങ്ങിടുന്ന - നല്ല
തൈയ്ക്കാട്ടയ്യാവെന്ന മാന്യന്‍
ഇഗ്ഗുരുനാഥനനുഗ്രഹങ്ങ-
ളക്കാലം നല്‍കിയിട്ടുണ്ട്.

എന്നു മാത്രമേ എഴുതിയിട്ടുള്ളൂ. ഈ താരാട്ടിലെ കഥാഭാഗത്തിന് പറയത്തക്ക യാതൊരു മാറ്റവും വരുത്താതെ തന്നെയാണു ശ്രീ.കെ.ദാമോദരന്‍ ബി.എ.യും ശ്രീ മൂര്‍ക്കോത്തു കുമാരനും നാരായണഗുരുസ്വാമികളുടെ ജീവചരിത്രം എഴുതിയത്. എന്നാല്‍ അവര്‍ എഴുതിയ ജീവചരിത്രത്തില്‍ ചട്ടമ്പിസ്വാമികളും നാരായണഗുരുസ്വാമികളും സതീര്‍ത്ഥ്യന്മാരാണെന്നുമാത്രം ഒരു ഭേദം ചെയ്തുകാണുന്നു. ശ്രീ മൂര്‍ക്കോത്തുകുമാരന്‍ എഴുതിയ ജീവചരിത്രത്തില്‍ ശ്രീ കരുവാ കൃഷ്ണനാശാന്‍, സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ മുതലായ മാന്യന്മാര്‍ നാരായണഗുരുസ്വാമികളെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാമാണ്യം കൊടുത്തിട്ടുണ്ട്. എന്നാല്‍ ശ്രീ കരുവാ കൃഷ്ണനാശാനും, മൂലൂര്‍ പത്മനാഭപണിക്കരും, ശ്രീനാരായണഗുരുവിന്റെ ഗുരു ചട്ടമ്പിസ്വാമികളാണെന്നു പ്രസ്താവിച്ചിട്ടുള്ള കാര്യം ശ്രീ മൂര്‍ക്കോത്തുകുമാരന്‍ താനെഴുതിയ പുസ്തകത്തില്‍ ചേര്‍ക്കാഞ്ഞതിന്റെ രഹസ്യം മനസ്സിലാകുന്നില്ല. ചട്ടമ്പിസ്വാമികളുടെ സമാധി സംബന്ധിച്ച് സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എഴുതിയ കവിതയില്‍,

'ശ്രീനാരായണഗുരുസ്വാമിയും ഗുരുവാക്കി
മാനിച്ച മഹാഭാഗ്യം തികഞ്ഞ ദിവ്യഗാത്രം.'

എന്നും ശ്രീ കൃഷ്ണനാശാന്‍ എഴുതിയ സ്മരണയില്‍, 'ഇടക്കാലത്തു നാരായണഗുരുവിന്റെ ഗുരുസ്ഥാനം ചട്ടമ്പിസ്വാമിതിരുവടികളില്‍ നിന്നും ചോര്‍ത്തി എടുത്ത് അത് തൈക്കാട്ട് അയ്യാവിന്റെ തലയില്‍ കെട്ടിവെയ്പാന്‍ ശ്രമിച്ചതായി ഞാന്‍ അറിയുന്നു. ഇത്രമാത്രം ഗുരുദ്രോഹമായ ഒരു കര്‍മ്മം വേറെ, ഇല്ല' എന്നും എഴുതിയിട്ടുണ്ട്.

No comments: