03/09/2013

വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് കാര്യമില്ല


അച്ഛന് പ്രായമേറെയായി. കിടപ്പിലുമാണിപ്പോള്‍. മക്കള്‍ക്ക് ഭാരവും തോന്നിത്തുടങ്ങി. അക്കാര്യം പിതാവിനും അറിയാം. പക്ഷേ എന്തുചെയ്യാനാണ്? അദ്ദേഹം മൗനം പൂണ്ടു കിടന്നു. രണ്ട് ആണ്‍മക്കളാണുള്ളത്. അവര്‍ അച്ഛന്റെ കാര്യത്തെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചു. ഒടുവില്‍ മക്കള്‍ രണ്ടും ഒരു തീരുമാനത്തിലെത്തി. ഗംഗാസ്നാനത്തിനെന്നും പറഞ്ഞ് അച്ഛനെ കെണ്ടുപോകുക. നല്ല ഒഴുക്കുള്ള ദിക്കില്‍ മുക്കുക, എന്നിട്ട് പിടിവിടുക. അങ്ങനെ പുണ്യമായ ഗംഗയില്‍ അച്ഛന്‍ ലയിച്ചു ചേര്‍ന്നു കൊള്ളും. ശുഭമായ അന്ത്യം.

മൂത്തമകന്‍ പിതാവിനോട് ചോദിച്ചു: “അച്ഛാ, നമുക്ക് ഗംഗാസ്നാനത്തിന് പോയാലോ?” രണ്ടാമത്തെ മകന്‍ ഗംഗാസ്നത്തിന്റെ മേന്മകള്‍ വര്‍ണിച്ചു. അദ്ദേഹത്തിന് മക്കളുടെ ഉദ്ദേശ്യം മനസ്സിലായി. പക്ഷേ ഒന്നും മിണ്ടിയില്ല. ഗംഗാസ്നാനത്തിന് പോകാമെന്ന് സമ്മതിച്ചു. പിറ്റേ ദിവസം മക്കള്‍ പിതാവിനേയും എടുത്തു കൊണ്ട് ഗംഗാതീരത്തെത്തി.

നല്ല ഒഴുക്കുള്ള ഭാഗത്ത് അവര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പിതാവ് പറഞ്ഞു. “മക്കളെ കുറിച്ചു കൂടി മുകളിലേക്ക് പോയാല്‍ നല്ലതായിരിക്കും.അവിടെ ഇതിനേക്കള്‍ നല്ല ഒഴുക്കുണ്ട്.” അച്ഛന് തങ്ങളുടെ പദ്ധതി മനസ്സിലായോ എന്ന അന്ധാളിപ്പോടെ അവര്‍ അച്ഛന്റെ മുഖത്തോക്ക് നോക്കി. അപ്പോള്‍ അദ്ദേഹം നിര്‍വികാരത്തോടെ പറഞ്ഞു, “അവിടെയാ ഞാന്‍ എന്റെ അച്ഛനെ വയസ്സുകാലത്ത് ഗംഗാസ്നാനത്തിന് കൊണ്ടുവന്നത്.”

നാം നമുടെ മാതാപിതാക്കള്‍ക്ക് കൊടുക്കുന്നതേ, നമ്മുടെ മക്കളും നമുക്ക് നല്കൂ. നാം വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് എന്ത് കാര്യം ? നമ്മുടെ മക്കള്‍ നമ്മെ അനുസരിക്കണമെങ്കില്‍, പരിചരിക്കണമെങ്കില്‍ അതിന് നാം അര്‍ഹതനേടണം. ആ അര്‍ഹത നാം നമ്മുടെ പിതാക്കളെ സ്നേഹിക്കുന്നതിലൂടെ, പരിചരിക്കുന്നതിലൂടെ മാത്രമേ നേടാനാകൂ.

No comments: