03/09/2013

സുകൃതിയുടെ ലക്ഷണം

ദാനം വാങ്ങാത്തവന് ആരോടും ഒരു കടപ്പാടുമില്ല. അയാള്‍ നിരപേക്ഷനും സ്വതന്ത്രനുമാകുന്നു. അയാളുടെ മനസ്സ് നിര്‍മ്മലമായിത്തീരുന്നു. ഓരോ ദാനം സ്വീകരിക്കുമ്പോഴും ദാതാവിന്റെ പാപംകൂടി സ്വീകരിക്കേണ്ടിവരും. അതു സ്വീകരിക്കാത്തപ്പോള്‍ മനസ്സു നിര്‍മ്മലമാവുന്നു. അതിന്റെ ആദ്യസിദ്ധി പൂര്‍വ്വജന്മസ്മരണയാകുന്നു. അപ്പൊഴേ യോഗി തന്റെ വ്രതത്തില്‍ സ്ഥിരനിഷ്ഠനാകുന്നുള്ളു. താന്‍ പല തവണയും ഗതാഗതം (ജനിക്കയും മരിക്കയും) ചെയ്തിട്ടുണ്ടെന്ന് അയാള്‍ കാണുന്നു. അതുകൊണ്ട് ഇത്തവണ താന്‍ മുക്തിനേടുമെന്നും, ഇനിയൊരിക്കലും ജനനമരണങ്ങള്‍ക്കു വിധേയനായി പ്രകൃതി വശഗനാകയില്ലെന്നും ദൃഢനിശ്ചയം ചെയ്യുന്നു.

ബാഹ്യാഭ്യന്തരശൗചങ്ങള്‍ ശരിക്കുണ്ടാകുമ്പോള്‍ സ്വന്തം ദേഹത്തില്‍ ഉപേക്ഷ തോന്നുകയും അതിനെ കമനീയമാക്കി വെയ്ക്കണമെന്ന വിചാരം ഇല്ലാതാവുകയും ചെയ്യുന്നു. അതിസുന്ദരമെന്നു മറ്റുള്ളവര്‍ പുകഴ്ത്തുന്ന മുഖം ആത്മചൈതന്യത്തെ പ്രകാശിപ്പിക്കുന്നതാണെങ്കില്‍, അതു സ്വര്‍ഗ്ഗീയമായിട്ടാണു യോഗി കരുതുക. ശരീരതൃഷ്ണയാണു മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദോഷം. അതുകൊണ്ട്, ശൗചത്തില്‍ സംസിദ്ധനായി എന്നതിന്റെ പ്രഥമലക്ഷണം, നിങ്ങള്‍ ഒരു ശരീരമാണെന്നു വിചാരിക്കുന്നതില്‍ അനാസ്ഥ ജനിക്കുകയാണ്. ശുചിത്വം ശരിക്കുണ്ടാകുമ്പൊഴേ ദേഹാത്മബുദ്ധി നമ്മെ വിട്ടുപോവൂ.

ശൗചംകൊണ്ടുതന്നെ സത്ത്വത്തിനു പ്രാബല്യവും മനഃപ്രസാദവും ചിത്തത്തിന് ഏകാഗ്രതയുമുണ്ടാകും. നിങ്ങള്‍ സാത്ത്വികനായിത്തീരുന്നതിന്റെ മുഖ്യലക്ഷണം പ്രസന്നതയാണ്. മുഖം മ്ലാനമായിരിക്കുന്നെങ്കില്‍ അതിനു ഹേതു അഗ്‌നിമാന്ദ്യമാവണം. അതു സാത്ത്വികതയല്ല. സൗഖ്യം തോന്നുകയാണു സത്ത്വലക്ഷണം. സാത്ത്വികനായ പുരുഷന് എല്ലാ വസ്തുക്കളും സുഖകരമത്രേ. ഈ അനുഭവമുണ്ടായിത്തുടങ്ങുമ്പോള്‍ നിങ്ങള്‍ യോഗനിഷ്ഠനായിത്തുടങ്ങി എന്നു കരുതാം. ദുഃഖമെല്ലാം തമസ്സുനിമിത്തമാണുണ്ടാകുന്നത്. അതിനാല്‍ അതിനെ ത്യജിക്കണം. ബലവും ദേഹദാര്‍ഢ്യവും യൗവനവും ആരോഗ്യവും തികഞ്ഞ ധീരന്മാര്‍ക്കേ യോഗികളാവാന്‍ യോഗ്യതയുള്ളു. യോഗിക്കു സര്‍വ്വവും ആനന്ദകരം: അയാള്‍ ദര്‍ശിക്കുന്ന എല്ലാ മുഖങ്ങളും അയാള്‍ക്കു സുഖാവഹം. അതാണു സുകൃതിയുടെ ലക്ഷണം. ദുഃഖത്തിനു കാരണം ദുഷ്‌കൃതമാണ്, മറ്റൊന്നുമല്ല. നിങ്ങളെന്തിനു ദുര്‍മ്മുഖം വെച്ചുകൊണ്ടിരിക്കുന്നു? അതു ഭയങ്കരമാണ്. നിങ്ങളുടെ മുഖം ഇരുണ്ടിരിക്കുന്നെങ്കില്‍ അന്നു പുറത്തേക്കു പോകരുത്. വാതിലടച്ചു മുറിയില്‍ ഇരുന്നുകൊള്ളുക. ഈ വ്യാധിയെ ലോകരുടെയിടയില്‍ കൊണ്ടുനടക്കാന്‍ നിങ്ങള്‍ക്കെന്തധികാരം? മനസ്സു സ്വാധീനമായാല്‍ ശരീരം മുഴുവന്‍ സ്വാധീനമാവും. നിങ്ങള്‍ ഈ ദേഹയന്ത്രത്തിനു ദാസ്യം വഹിക്കുന്നതിനുപകരം അതു നിങ്ങളുടെ ദാസ്യം വഹിക്കും. അത് ആത്മാവിന്റെ അധോഗതിക്ക് ഉപകരിക്കുന്നതിനുപകരം ഊര്‍ദ്ധ്വഗതിക്കു സഹായിക്കും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 331-333]

No comments: