തിരുവിതാംകൂറില്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് ക്ഷേത്രപ്രവേശനവിളംബരം കൊണ്ടാടാന്‍ തിരുവനന്തപുരത്തു കൂടിയ ഒരു യോഗത്തില്‍ ചെയ്ത പ്രസംഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസ്താവിച്ചു:
ചെറുപ്പത്തില്‍ ഞാന്‍ അനേകം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മാതാപിതാക്കന്മാര്‍ എന്റെ മനസ്സിലുളവാക്കിയ ഭക്തിയും ഈശ്വരവിശ്വാസവുമാണ് അതിനു കാരണം. പക്ഷെ, ഈയിടെയായി ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല. അയിത്തോച്ചാടനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനുശേഷം, തൊട്ടുകൂടാത്തവര്‍ എന്ന് വിളിക്കപ്പെടുന്നയാളുകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറി നിന്നിട്ടുണ്ട്. അതുകൊണ്ട് ക്ഷേത്രപ്രവേശനവിളംബരത്തിനു ശേഷം ആദ്യമായി ക്ഷേത്രം സന്ദര്‍ശിച്ച നിരവധി അവര്‍ണ്ണഹിന്ദുക്കള്‍ക്ക് ഉണ്ടായിരിക്കാനിടയുള്ള അതേ നൂതനമായ അനുഭൂതിതന്നെയാണ് ഇന്ന് രാവിലെ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ എനിക്കും ഉണ്ടായത്. ഭാവനയിലൂടെ എന്റെ മനസ്സ് പിന്തിരിഞ്ഞ് കല്ലിലും ലോഹത്തിലും കൂടി, ക്ഷേത്രങ്ങള്‍ ഈശ്വരന്റെ സന്ദേശം പകര്‍ന്നുകൊടുക്കാന്‍ ആരംഭിച്ച ചരിത്രത്തിനും അപ്പുറത്തുള്ള ആ കാലത്തേക്ക് യാത്ര ചെയ്തു. പുരോഹിതന്‍ തനിക്കറിയാവുന്ന ഹിന്ദി ഭാഷയില്‍ ഓരോ ബിംബത്തെക്കുറിച്ചും പറഞ്ഞുതന്നപ്പോള്‍, അതെല്ലാം ഈശ്വരനാണെന്നു എടുത്തുപറയാന്‍ ഒരുങ്ങിയില്ല എന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അദൃശ്യനും അജ്ഞേയനും അനിര്‍വചനീയനുമായ ഈശ്വരനെയും അനന്തമായ സമുദ്രത്തിലെ അതിക്ഷുദ്രമായ കണികപോലുള്ള നമ്മളെയും പരസ്പരം യോജിപ്പിക്കുന്ന പാലങ്ങളാണ് ക്ഷേത്രങ്ങള്‍ എന്ന്, പുരോഹിതന്‍ പ്രത്യേകിച്ച് എടുത്തുപറഞ്ഞില്ലെങ്കില്‍ കൂടി, എനിക്ക് അപ്പോള്‍ ബോധ്യപ്പെട്ടു. മനുഷ്യവര്‍ഗ്ഗത്തില്‍പ്പെടുന്ന നാമെല്ലാം തത്ത്വദര്‍ശികള്‍ അല്ല. നാം ഭൂമിയോട് ബന്ധപ്പെട്ട കേവല ജീവികളാണ്. അതുകൊണ്ട് അദൃശ്യനായ ഒരു ഈശ്വരനെ ധ്യാനിക്കുന്നതുകൊണ്ടുമാത്രം നാം സംതൃപ്തരാകുന്നില്ല. സ്പര്‍ശിക്കാവുന്നതായി, കാണാവുന്നതായി, നമസ്കരിക്കാന്‍ പറ്റുന്നതായി എന്തെങ്കിലുമൊന്നു നമുക്കുണ്ടായിരിക്കണം. അതൊരു ഗ്രന്ഥമോ ശൂന്യമായ ഒരു ശിലാമന്ദിരമോ ഒട്ടേറെ ബിംബങ്ങള്‍ പതിച്ച ഒരു ശിലാമന്ദിരമോ എന്തായാലും മതി. ചിലരെ ഗ്രന്ഥം സംതൃപ്തരാക്കും, മറ്റുചിലര്‍ക്ക് ശൂന്യമായ മന്ദിരം സംതൃപ്തി നല്‍കും, മറ്റുവളരെപ്പേരെ സംബന്ധിച്ചിടത്തോളം ആ ശൂന്യമന്ദിരങ്ങളില്‍ ആരെങ്കിലുമൊക്കെ കുടിയേറിപ്പാര്‍ക്കുന്നത് കണ്ടില്ലെങ്കില്‍ അവര്‍ക്കൊരിക്കലും സംതൃപ്തിയുണ്ടാവില്ല. ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ക്ക് പ്രതിനിധീഭവിക്കുന്നവയാണ് ക്ഷേത്രങ്ങള്‍ എന്ന സങ്കല്‍പ്പത്തോടെ നിങ്ങള്‍ അവയെ സമീപിക്കരുതെന്നു ഞാന്‍ പറയട്ടെ. വിശ്വാസപൂര്‍വം അവയെ സമീപിക്കുകയാണെങ്കില്‍, ദര്‍ശനം നടത്തിയിട്ടു മടങ്ങിവരുന്ന ഓരോ സന്ദര്‍ഭത്തിലും കൂടുതല്‍ പരിശുദ്ധി നേടിയതായി നിങ്ങള്‍ക്ക് അനുഭവപ്പെടും; ചൈതന്യപൂര്‍ണ്ണനായ ഒരു ഈശ്വരനിലുള്ള വിശ്വാസം കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചു വരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും.
കടപ്പാട് : ഗാന്ധി സാഹിത്യം , വാല്യം 6 - തത്ത്വചിന്തയും മതവും.
No comments:
Post a Comment