04/09/2013

ജാതിപ്പേർ പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിച്ചാൽ


ജാതിക്കോമരം

സഹോദരരേ,

ആരെങ്കിലും നിങ്ങളെ ജാതിപ്പേർ പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിച്ചാൽ നിരാശരാവാതിരിക്കുക. അപമാനിക്കപ്പെടുന്നത് അങ്ങനെ വിളിക്കുന്നവരാണ്. വിളിക്കപ്പെടുന്നവരല്ല . ഇനി എന്നെങ്കിലും , പോയ കാലത്തിന്റെ നാറിയ ഫ്യൂഡൽ വ്യവസ്ഥ മനസ്സിൽ കൊണ്ട് നടക്കുന്ന ഏതെങ്കിലും അലവലാതികൾ നിങ്ങളോട് ജാതി പറഞ്ഞു മേനി നടിക്കുമ്പോൾ നട്ടെല്ല് നിവർത്തി നിന്ന് അവരോട് പറയുക - അന്യന്റെ വിയർപ്പിൽ ജീവിച്ച അനങ്ങാക്കള്ളന്മാർ ആയിരുന്നില്ല നിങ്ങളുടെ അപ്പനപ്പൂപ്പന്മാർ . കുഴിമടിയന്മാരുടെ പാരമ്പര്യം ഇല്ലാത്തതിൽ നിങ്ങൾ അഭിമാനിക്കുന്നു എന്ന് മുഖത്ത് നോക്കി പറയുക .

സഹോദരരരെ , വിദ്യാഭ്യാസവും , ചിന്താസ്വാതന്ത്ര്യവും നമ്മുടെ പൂർവികർക്കു നിഷേധിക്കുക വഴിയാണ് , മെയ്യനങ്ങി ജീവിക്കാത്ത ദുഷ്പ്രഭുത്വം അവർക്ക് മേൽ മേൽക്കോയ്മ നേടിയത് . അല്ലാതെ , നമ്മളിലും വ്യത്യസ്തരായി തലയിൽ രണ്ടു കോമ്പോ, കക്ഷത്തിൽ ചിറകോ, സിരകളിൽ ഓറഞ്ചൊ നീലയോ രക്തമോന്നും ഇവർക്കില്ല. ആരും ആരുടേയും മുകളിലോ താഴെയോ അല്ല . മേല്ജാതി എന്നോ കീഴ്ജാതി എന്നോ ഒന്നുമില്ല . നമ്മുടെ പൂർവികർക്കു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം നമ്മൾ നേടി എടുക്കുക . അറിയാനുള്ള ഒരവസരവും പാഴാക്കാതിരിക്കുക . അറിവ് നേടാനുള്ള താല്പര്യം നമ്മുടെ കുഞ്ഞുങ്ങളിൽ വളർത്തി എടുക്കുക . മാനസികമായി നമ്മെ ബന്ധിച്ചിരിക്കുന്ന ചങ്ങലകളിൽ നിന്നും അറിവിന്റെ ശക്തി ഉപയോഗിച്ച് സ്വതന്ത്രരാവുക . നിങ്ങളുടെ ചിന്തകൾക്ക് സ്വാതന്ത്രം ലഭിച്ചാൽ ഒരു ഫ്യൂഡൽ പിശാചിനും, ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ വ്യവസ്ഥാപിത മതങ്ങളിലെ ഒരുത്തനും നിങ്ങളുടെ രോമത്തെ പോലും അപമാനിക്കാൻ കഴിയില്ല . ശരീരബലം നമുക്ക് വേണ്ടുവോളമുണ്ട് . പകലന്തിയോളം വിശ്രമിക്കാതെ അധ്വാനിച്ചിരുന്ന നമ്മുടെ പൂർവികർ നമുക്ക് നല്കിയ സമ്പത്താണ്‌ അത്. അവരിൽ നിന്നും ലഭിച്ച സ്ഥിരോത്സാഹവും നമ്മിലുണ്ട് . അറിവിന്റെയും , സ്വതന്ത്രചിന്തയുടെയും മാനസികബലം കൂടി നമ്മൾ നേടിയെടുത്താൽ ഏതൊരു ശക്തിക്ക് കഴിയും നമ്മളെ അടിച്ചമർത്താൻ? ഏതൊരു ശക്തിക്ക് കഴിയും നമ്മളെ കാൽക്കീഴിൽ ഒതുക്കാൻ ?

അല്ലയോ സഹജരേ, ഒന്ന് കൂടി നിങ്ങൾ മനസ്സിലാക്കുക . നമ്മുടെ ചരിത്രത്തിൽ നമ്മൾ അഭിമാനിച്ചാൽ , നമ്മുടെ കരുത്ത് നമ്മൾ മനസ്സിലാക്കിയാൽ , നമ്മളെ നമ്മൾ തിരിച്ചറിഞ്ഞാൽ നൂറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ ജാതിവ്യവസ്ഥയുടെ ചീട്ടുകൊട്ടാരം കാറ്റിൽ പറക്കും എന്നും , മാനസികമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെയും സവർണതയുടെയും മേൽക്കോയ്മ ഇല്ലാതാവും എന്നും അറിയുന്ന ചിലരുണ്ട് നമുക്ക് ചുറ്റും . ആനയെ ചെറിയൊരു തോട്ടി കാണിച്ചു വശത്തിൽ നിർത്തുന്നത് പോലെ അവർ പല തന്ത്രങ്ങളും പയറ്റും , നാം നമ്മെ അറിയാതിരിക്കാൻ .

ബ്രാഹ്മണ്യത്തിന്റെയും സവർണതയുടെയും ബിംബങ്ങളായ , മുപ്പതു വർഷം മുൻപ് കേട്ട് കേൾവി പോലും ഇല്ലാതിരുന്ന അക്ഷയതൃതീയയും , രാമായണമാസവും , ശോഭായാത്രയുമൊക്കെ നിങ്ങൾക്കിടയിൽ എന്ത് കൊണ്ട് ചിലർ ബുദ്ധിപൂർവ്വം വിറ്റഴിച്ചു എന്ന് ഒന്നാലോചിച്ചു നോക്കുക . നിങ്ങളുടെ പൂർവികർക്കു മനുഷ്യരാണ് എന്ന പരിഗണന പോലും കൊടുക്കാതിരുന്ന സവർണരുടെ സംഘടനകളായ , ബ്രാഹ്മണ്യത്തെ നിലനിർത്തുക എന്ന ഒറ്റലക്ഷ്യം മാത്രമുള്ള RSS, VHP തുടങ്ങിയ സംഘടനകൾ എന്ത് കൊണ്ട് വിശാലഹിന്ദുത്വം പറഞ്ഞ് നിങ്ങളുടെ വാതിലിൽ വന്ന് മുട്ടുന്നു എന്ന് ചിന്തിക്കുക . ഇങ്ങനെ വരുന്നവരോട് നിസ്സാരമായ ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിച്ചാൽ മതി അവരുടെ പുറംപൂച്ച്‌ പോളിയുവാൻ . ആദ്യത്തേത് വിവാഹം തന്നെ . ഒരു പുലയനോ പറയനോ നമ്പൂതിരിയെയോ നായരെയോ , എന്തിനു അവർണനായ ഈഴവനെ പോലും വിവാഹം ആലോചിച്ചാൽ തകർന്നടിഞ്ഞു നിലം പൊത്തുന്നതാണ് ഈ വിശാലഹിന്ദുത്വം. രണ്ടാമത് വൈദീകത - ഗുരുവായൂരിലെ കൃഷ്ണനോ , കോടികൾ ആസ്തിയുള്ള പത്മനാഭനൊ, ജാതിമതവർഗ ഭേദം ഇല്ലാത്ത ശബരിമല അയ്യപ്പനൊ പൂജ ചെയ്യാൻ ഇന്നും ബ്രാഹ്മണർ തന്നെ വേണം . അബ്രാഹ്മണൻ പൂജിച്ചാൽ വാർന്നു പോകുന്നതായിരിക്കും ഈ വിശാല ഹിന്ദുത്വം പ്രസംഗിക്കുന്നവരുടെ മനസ്സിലെ ദൈവചൈതന്യം.

ചിന്തിക്കുക സഹജരെ . അറിവ് നേടി മാനസിക അടിമത്തത്തിൽ നിന്നും സ്വയം മോചിതരാകുക . ഒരുമിച്ചു നിന്ന് അടിവെച്ചു അടിവെച്ചു മുന്നോട്ട് നീങ്ങുക . ഒരാൾക്ക്‌ മറ്റൊരാൾ താങ്ങാവുക . ആരൊക്കെയോ ചേർന്ന് ഈഴവർക്ക് പതിച്ചു കൊടുത്തെങ്കിലും ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ആർക്കും മാർഗദർശി ആകുന്നവയാണ് .

" വിദ്യ കൊണ്ട് പ്രബുദ്ധരാകുക -സംഘടന കൊണ്ട് ശക്തരാകുക "

No comments: