സുഹൃത്തുക്കള്‍ രണ്ടുപേരും വൈകുന്നേരം നടക്കാനിറങ്ങിയതാണ്. നല്ല അന്തരീക്ഷം ഒരാള്‍ പറഞ്ഞു, "എത്ര സുന്ദരമായ സന്ധ്യ…"
"ശരിയാ…പക്ഷേ തണുത്തകാറ്റടിക്കുന്നുണ്ട്. ചിലപ്പോള്‍ മഴപെയ്തേക്കാം." രണ്ടാമന്‍ പറഞ്ഞു.
അവര്‍ കുറച്ചുദൂരം ചെന്നപ്പോള്‍ നിറഞ്ഞു പൂത്തു നില്‍ക്കുന്ന പനിനീര്‍ച്ചെടി കണ്ടു.
"ഹായ് എത്ര മനോഹരമായ റോസാപുഷ്പങ്ങള്‍." ആദ്യത്തെ സുഹൃത്തു പറഞ്ഞു.
"ശരിയാ… പക്ഷേ അതിനിടയില്‍ നില്‍ക്കുന്ന കൂര്‍ത്തമുള്ളുകണ്ടോ? ശ്രദ്ധിച്ചില്ലേ കൈയില്‍ കൊള്ളും."
കുറച്ച് കഴിഞ്ഞപ്പോള്‍ അവരുടെ നടത്തം വയല്‍ വരമ്പിലൂടെയായി.
"നല്ല നെല്‍പ്പാടം. നല്ല വിളവ് കിട്ടും." ആദ്യത്തെ സുഹൃത്ത് പറഞ്ഞു.
"ഉം… പക്ഷേ അതിനിടയില്‍ നില്ക്കുന്ന കളകള്‍ നീ ശ്രദ്ധിച്ചില്ലേ."
നമ്മുടെ സ്വഭാവം എപ്പോഴും ഈ രണ്ടു സുഹൃത്തുക്കളില്‍ ഒരാളുടേതുപോലെയായിരിക്കും. എന്തിലും നന്മകാണാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിത്വം. ഏതിലും ക്ലേശങ്ങള്‍ കണ്ടു പിടിക്കുന്ന മറ്റൊരുതരം വ്യക്തിത്വം.
ജീവിതം സുഖവും ദുഃഖവും ഇടകലര്‍ന്നതാണ്. നാം എങ്ങനെ അതിനെ നേരിടുന്നു എന്നതിലാണ് കാര്യം. പ്രശസ്തനായ ഒരു വാഗ്മി പറയുകയുണ്ടായി. "നിങ്ങളുടെ പ്രാര്‍ത്ഥന മാറ്റം വരുത്തുന്നത് ഈശ്വരനിലല്ല നിങ്ങളില്‍ തന്നെയാണ്." നമ്മുടെ കാഴ്ചപ്പാട് മാറണം, മാറ്റണം ഏതിലും നല്ലതു കാണാന്‍, ശുഭപ്രതീക്ഷ പുലര്‍ത്താന്‍ ശീലിക്കണം. ജീവിതം അപ്പോള്‍ സുഖപ്രദമാകും. നന്മ പ്രതീക്ഷിക്കുന്നവനേ നന്മ ലഭിക്കൂ.
No comments:
Post a Comment