03/09/2013

ക്ഷമിക്കാന്‍ കഴിയുന്നതാണ് കൂടുതല്‍ മേന്മ.


അമേരിക്കന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന രണ്ടു ശക്തന്മാരാണ് സെനറ്റര്‍ ജെ.പി.ബഞ്ചമിനും, സീവാര്‍ഡും. ഒരിക്കല്‍ ബഞ്ചമിന്‍ അതിരൂക്ഷമായി സിവാര്‍ഡിനെ വിമര്‍ശിച്ചു. ഒടുവില്‍ വിമര്‍ശനം വൃക്തിപരമായി മാറി. ആക്രോശം കഴിഞ്ഞ് ബെഞ്ചമിന്‍ കിതച്ചുകൊണ്ട് സീറ്റില്‍ ഇരുന്നു.

എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സീവാര്‍ഡ് പുഞ്ചിരിയോടെ എഴുന്നേറ്റു. പിന്നെ പറഞ്ഞു, "പ്രിയ സുഹൃത്തേ, എനിക്കൊരു സിഗരറ്റ് തരൂ… താങ്കളുടെ പ്രസംഗം അച്ചടിച്ചാല്‍ രണ്ടു കോപ്പിയും എനിക്കു തരണം." അദ്ദേഹം പ്രതിയോഗിയില്‍ നിന്നും സിഗരറ്റ് വാങ്ങി വലിച്ചു രസിച്ചു കൊണ്ട് വീണ്ടും ഇരുന്നു.

ക്ഷമിക്കാന്‍ കഴിയുന്നവനാണ് ക്ഷമിക്കപ്പെട്ടവനേക്കാള്‍ കൂടുതല്‍ മേന്മ. കാരണം അയാള്‍ കോപത്തെ അകറ്റുന്നു. കോപം ശരീരത്തെ വിഷമയാക്കുന്നുണ്ട് ഉദരം, തലച്ചോറ്, മനോനില, നാഡീവ്യൂഹം എന്നിവയെ കോപം ഉളവാക്കുന്ന രാസവസ്തുക്കള്‍ താറുമാറാക്കുന്നു. നിരന്തരം കോപിക്കുന്ന ഒരുവന്‍ വളരെ വേഗം ദുര്‍ബലനും ക്ഷീണിതനും രോഗിയുമായി തീരും.

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത എഴുത്തുകാരനായിരുന്നു താക്കറേയും ഡിക്കന്‍സും. ഇവരും ‘ശത്രുക്കളായിരുന്നു’ ഒരിക്കല്‍ ലണ്ടനില്‍ വച്ച് അവര്‍ കണ്ടുമുട്ടി. ഡിക്കന്‍സ് ഒഴിഞ്ഞുമാറി. പക്ഷേ താക്കാറെ ഡിക്കന്‍സിന്റെ കൈപിടിച്ച് കുലുക്കി. അതോടെ വൈരം മഞ്ഞുമലപോലെ ഉരുകി. ഇതു കഴിഞ്ഞ് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ താക്കറെ മരിച്ചു. അന്ന് ഉള്ളില്‍ തട്ടി ഡിക്കാന്‍സ് പറഞ്ഞു "അന്ന് മിണ്ടാതെ പോയിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കാന്‍ എനിക്കു തന്നെ കഴിയുമായിരുന്നില്ല."

നാളെ നാമോ, "നമ്മുടെ ശത്രുവോ" ഉണ്ടാകുമോ എന്ന് ആര്‍ക്കറിയാം. അതിനാല്‍ നമുക്കിപ്പോള്‍ ക്ഷമിക്കാം. ശത്രുവിനോട് ചിരിക്കുക അപ്പോള്‍ ശത്രു മിത്രമായി വേഷം മാറുന്നതു കാണാം.

No comments: